തിരഞ്ഞെടുപ്പ് രംഗത്തു തരംഗമായി രാഹുൽ ഗാന്ധി

0
79

കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗത്ത് തരംഗമുയര്‍ത്തിയാണ് വയനാട് ലോക്‌സഭാമണ്ഡലത്തില്‍ രാഹുല്‍ഗാന്ധിയുടെ വരവ്. രാഹുല്‍ഗാന്ധിയുടെ സാന്നിദ്ധ്യം വയനാട്ടില്‍ മാത്രമല്ല, കേരളത്തിലുടനീളമുള്ള യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ഉണര്‍വ്വേകി. തെരഞ്ഞെടുപ്പുഫലത്തിലും ഇത് പ്രതിഫലിക്കും.
രാഹുലിന്റെ ചരിത്രം ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടിയാണ്. മുതുമുത്തശ്ശന്‍ ജവഹര്‍ലാല്‍ നെഹ്‌റുവും, മുത്തശ്ശി ഇന്ദിരാഗാന്ധിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇതിഹാസങ്ങള്‍. അച്ഛന്‍ രാജീവ് ഗാന്ധിയും അമ്മ അമ്മ സോണിയയും ഭാരതത്തെ നയിച്ചവര്‍. രാജ്യത്തിനുവേണ്ടി രക്തലസാക്ഷികളായ മുത്തശ്ശിയേയും അച്ഛനേയും ഭാരതീയര്‍ അത്യദാരവോടെ സ്മരിക്കുന്നു.
കേരളീയര്‍ക്കും പ്രിയങ്കരനാണ് രാഹുല്‍ഗാന്ധി. എതിര്‍ രാഷ്ട്രീയക്കാര്‍ കുറ്റം പറയുമെങ്കിലും നിഷ്പക്ഷരെ സംബന്ധിച്ച് രാഹുല്‍ സ്വീകാര്യനാണ്. ചെറുപ്പക്കാരനായ എ.ഐ.സി.സി. അധ്യക്ഷനെന്ന നിലയില്‍. ഭാവി പ്രധാനമന്ത്രി എന്ന നിലയില്‍.
1970 ജൂണ്‍ 19-ന് ദില്ലിയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയുടേയും മകനായി ജനനം. ദില്ലിയും ഡെറാഡ്യൂണിലുമായി പ്രാഥമിക വിദ്യാഭ്യാസം. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസില്‍ ബിരുദം. തുടര്‍ന്ന് ലണ്ടനിലെ മാനേജ്‌മെന്റ് സ്ഥാപനത്തില്‍ ജോലിചെയ്തു.
മുംബൈ ആസ്ഥാനമായി ബാക്കപ്‌സ് സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ടെക്‌നോളജി ഔട്ട് സോഴ്‌സിംഗ് കമ്പനി ആരംഭിച്ചു.
രാഹുലിന് 14 വയസ്സുള്ളപ്പോഴാണ് 1984 ഒക്‌ടോബര്‍ 31-ന് മുത്തശ്ശി ഇന്ത്യന്‍ പ്രധാനമന്ത്രി, ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്. തുടര്‍ന്ന് അച്ഛന്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. രാഹുലിന് 21 വയസ്സുള്ളപ്പോള്‍, 1991 മെയ് 21-ന് അച്ഛന്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. 2004-ല്‍ രാഹുല്‍ഗാന്ധി അച്ഛന്റെ മണ്ഡലമായ അമേഠിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ച് വന്‍ഭൂരിപക്ഷത്തില്‍ വിജയം നേടി.
2009-ലും 2014 ലും വിജയം ആവര്‍ത്തിച്ചു. 2013-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായി. 2014-ല്‍ ലോകസഭാ തെരഞ്ഞെടുപ്പു പ്രചാരണം രാഹുല്‍ നയിച്ചു. എന്നാല്‍ പാര്‍ട്ടി 44 സീറ്റിലൊതുങ്ങി. എന്നാല്‍ പിന്നീടുനടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തിളക്കമാര്‍ന്ന വിജയം നേടി. 2017 ഡിസംബറില്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി.
വയനാട്ടില്‍ രാഹുലിന് വന്‍വിജയം ഉറപ്പാണ്. ഈ തരംഗം മറ്റുമണ്ഡലങ്ങളിലും യു.ഡി.എഫിന് ഉണര്‍വ്വുനല്‍കും. കോണ്‍ഗ്രസ് ദേശീയ നേതൃത്വം കേരളത്തിന് നല്‍കുന്ന അംഗീകാരം കൂടിയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം.