ബി.ജെ.പി. ബി.ഡി.ജെ.എസ്. മുന്നണിയിലെ യുവത്വത്തിന്റെ മുഖമാണ് ബിജുകൃഷ്ണന്‍

0
348

 

ബി.ജെ.പി. ബി.ഡി.ജെ.എസ്. മുന്നണിയിലെ യുവത്വത്തിന്റെ മുഖമാണ് ബിജുകൃഷ്ണന്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സന്നദ്ധസേവന പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ് ബിജുകൃഷ്ണന്‍.
1969 മെയ് 20-ന് തൊടുപുഴയില്‍ ശ്രീ. കൃഷ്ണന്റേയും ശ്രീമതി. ഓമനയുടേയും മകനായി ജനനം. കേരളത്തിലെ ആദിവാസി മേഖലയില്‍ വികസന- ഭവന നിര്‍മ്മാണരംഗത്ത് വിസ്മയകരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി അഥവാ എച്ച്.ആര്‍.ഡി.എസ്സിന്റെ സെക്രട്ടറി അജികൃഷ്ണന്‍ സഹോദരനാണ്. എച്ച്.ആര്‍.ഡി.എസ്. പ്രോജക്ട് ഡയറക്ടര്‍ എന്ന നിലയില്‍ ആദിവാസി മേഖലയില്‍ 1500 വീടുകള്‍ സൗജന്യമായി നിര്‍മ്മിച്ചുനല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ബിജുകൃഷ്ണന്‍ നേതൃത്വം നല്‍കുന്നു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് വന്ന ബിജുകൃഷ്ണന്‍ എസ്.എഫ്.ഐ. ഇടുക്കി ജില്ലാ പ്രസിഡന്റായിരുന്നു. കെ.ആര്‍. ഗൗരിയമ്മയ്‌ക്കൊപ്പം പാര്‍ട്ടിവിട്ട ബിജുകൃഷ്ണന്‍, വിശ്വഹിന്ദു പരിഷത്ത് ജില്ലാപ്രസിഡന്റാണ്. 1995-ല്‍ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന വാശിയേറിയ മത്സരത്തില്‍ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയില്‍ ഇടുക്കിയുടെ വികസനത്തിന് നിരവധി സംഭാവനകള്‍ നല്‍കി. ഡിസ്ട്രിക് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അംഗമെന്ന നിലയിലും ടൂറിസം ടാസ്‌ക് ഫോഴ്‌സ് ചെയര്‍മാന്‍ എന്ന നിലയിലും വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി പ്രവര്‍ത്തിച്ചു.
എച്ച്. ആര്‍.ഡി.എസ്. പ്രോജക്ട് ഡയറക്ടര്‍ എന്ന നിലയില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി.
2005-ല്‍ എസ്.എന്‍.ഡി.പി. തൊടുപുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഗുരുദര്‍ശനങ്ങളുടെ പ്രചാരണത്തിനായി ആയിരത്തോളം കുടുംബ സംഗമങ്ങളും വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് പ്രോഗ്രാമുകളും സംഘടിപ്പിച്ചു. എസ്.എന്‍.ഡി.പി. യോഗത്തിന്റെ നേതൃത്വത്തില്‍ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ചു. അഞ്ചുകോടിയോളം രൂപയുടെ ധനസഹായം സ്വയം സഹായ സംഘങ്ങള്‍ക്ക് ലഭ്യമാക്കി.

ഇടുക്കി മണ്ഡലത്തിലെ ജനങ്ങളുമായുള്ള ഉറ്റബന്ധമാണ് ബിജുകൃഷ്ണന്റെ കൈമുതല്‍. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് അത്താണിയായി മാറിയ സേവന പ്രവര്‍ത്തനങ്ങളാണ് ബിജുകൃഷ്ണന്റെ കരുത്ത്. ഇടുക്കി മണ്ഡലത്തില്‍ അട്ടിമറി വിജയം പ്രതീക്ഷിക്കുകയാണ് ബി.ജെ.പി. മുന്നണി.