തിരുവനന്തപുരം: ഇടതുവോട്ടുമറിയും ശശിതരൂരിന് നേട്ടം

0
394

 

തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ പോരാട്ടം മുറുകി. മൂന്നുമുന്നണികളിലെ സ്ഥാനാര്‍ത്ഥികളും മികച്ച പ്രകടനമാണ് നടത്തുന്നത്. ഒപ്പത്തിനൊപ്പമാണ് മുന്നണികള്‍. ബി.ജെ.പി. മുന്നണിയിലെ കുമ്മനം രാജശേഖരന്റെ വിജയസാദ്ധ്യത ഉയര്‍ന്നതോടെ ഇടതുമുന്നണിയിലെ ഒരു വിഭാഗം ശശിതരൂരിന് വോട്ടുചെയ്യും. ബി.ജെ.പി. ഭയത്താല്‍ ന്യൂനപക്ഷ സമുദായങ്ങളും ശശിതരൂരിനൊപ്പമാണ്. ഈ സാഹചര്യത്തില്‍ ശശിതരൂരിന്റെ വിജയസാദ്ധ്യത ഉയരുകയാണ്.
2009-ലെ ആദ്യമത്സരത്തിന് ശശിതരൂര്‍ 3,26,725 വോട്ടുനേടിയെങ്കിലും 2014-ല്‍ 2,97,806 വോട്ടായി കുറഞ്ഞു. 2014-ല്‍ 2,82,336 വോട്ടുമായി ഒ.രാജഗോപാല്‍ രണ്ടാമതെത്തി. ഇടതുമുന്നണിയിലെ ബെനറ്റ് എബ്രഹാം 2,48,941 വോട്ടുകള്‍ നേടി മൂന്നാമതായി. 2009-ല്‍ ഇടതുമുന്നണിയിലെ പി. രാമചന്ദ്രന്‍ നായര്‍ നേടിയത് 2,26,727 വോട്ടുകളായിരുന്നു. ഇതില്‍ നിന്നും ശരാശരി രണ്ടരലക്ഷം വോട്ടുകളാണ് ഇടതുമുന്നണിക്ക് ഇവിടെ ലഭിക്കുകയെന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ കുമ്മനം രാജശേഖരന്‍ വിജയത്തോടടുക്കുമ്പോള്‍ ഇടതുമുന്നണിയിലെ ഒരുവിഭാഗം ശശിതരൂരിന് വോട്ടുചെയ്യും. ഇതായിരിക്കും മണ്ഡലത്തില്‍ നിര്‍ണ്ണായകമാവുക.
ബി.ജെ.പി.യുടെ തിരുവനന്തപുരത്തെ ഏറ്റവും വലിയ സ്‌കോര്‍ 2014-ല്‍ ഒ. രാജഗോപാല്‍ നേടിയ 2,82,336 വോട്ടുകളാണ്. ഇത്തവണ സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്‍ ഒ. രാജഗോപാലിനൊപ്പം പ്രവര്‍ത്തനത്തില്‍ മുന്നേറ്റം കാഴ്ച വച്ചു. ശബരിമല വിഷയവും തിരുവനന്തപുരത്തെ വോട്ടര്‍മാരെ സ്വാധീനിക്കും. കുമ്മനം ജയിക്കുമെന്ന സാഹചര്യം ഉരുത്തിരിഞ്ഞതോടെയാണ് ഇടതുപക്ഷത്തിലെ കടുത്ത ബി.ജെ.പി. വിരോധികള്‍ കൈപ്പത്തിയില്‍ വോട്ടുചെയ്യാന്‍ സന്നദ്ധമാവുന്നത്. ഇത് ശശിതരൂരിന്റെ വിജയസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.