കെ.എം.മാണി അന്തരിച്ചു

0
443

 

കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവ് കെ.എം.മാണി (86) അന്തരിച്ചു. എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശരോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
കേരള രാഷ്ട്രീയത്തിലെ അപൂര്‍വ്വ പ്രതിഭാസമാണ് കെ.എം. മാണി. മത്സരിച്ച 12 അസംബ്ലി തെരഞ്ഞെടുപ്പുകളിലും വിജയിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത. എട്ടുതവണ സംസ്ഥാന മന്ത്രിസഭയില്‍ അംഗമായി. നിയമസഭാംഗമെന്ന നിലയില്‍ ഏറ്റവുംനാള്‍ പ്രവര്‍ത്തിച്ച റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്.

കരിങ്കോഴക്കല്‍ മാണി മാണി എന്ന രാഷ്ട്രീയ നേതാവ് ഏവര്‍ക്കും പ്രിയങ്കരനായ മാണി സാറായിരുന്നു. കോട്ടയം പാലയില്‍ തോമസ് മാണിയുടെയും, ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30-ന് ജനനം. കുട്ടിയമ്മയാണ് സഹധര്‍മ്മിണി. രാജ്യസഭാംഗമായ ജോസ് കെ.മാണി മകനാണ്. അഞ്ച് പെണ്‍മക്കളുണ്ട്. ഏല്‍സ, ആനി, ശാലി, ടെസി, സ്മിത. എന്നിവരാണ് പെണ്‍മക്കള്‍.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലായിരുന്നു രാഷ്ട്രീയത്തിലെ തുടക്കം. 1960-മുതല്‍ 1964 വരെ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. തുടര്‍ന്ന് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1965-ല്‍ പാലായില്‍ നിന്നും അസ്ലംബിയിലെത്തി. തുടര്‍ന്ന് ഇപ്പോഴത്തെ നിയമസഭ വരെയും നിയമസഭാംഗമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ കടുത്ത സാഹചര്യങ്ങളായിരുന്നു ജീവിത സായാഹ്‌നത്തില്‍ അദ്ദേഹം നേരിട്ടത്. ബാര്‍കോഴ വിവാദം അദ്ദേഹത്തിന്റെ പൊതുജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി. എങ്കിലും കേരളത്തിലെ കാര്‍ഷിക-ധനകാര്യ മേഖലകളില്‍ മിന്നുന്ന സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു കെ.എം.മാണി.