ടൂറിസ്റ്റ് ബസുകളുടെ ചട്ടലംഘനങ്ങളില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉന്നതതലയോഗം ഇന്നുചേരും

0
606

 

അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളുടെ ചട്ടലംഘനങ്ങളില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉന്നതതലയോഗം ഇന്നുചേരും. ഗതാഗത മന്ത്രി വിളിച്ചയോഗത്തില്‍ ഗതാഗത കമ്മീഷണര്‍, ഡി.ജി.പി. കെ.എസ്.ആര്‍.ടി.സി. എം.ഡി. എന്നിവര്‍ പങ്കെടുക്കും. രാവിലെ പത്തുമണിയ്ക്കാണ് യോഗം.
സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന പരിശോധന ഇന്നുതുടരും. ‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്’ എന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.
തമ്പാനൂരിലെ ഒരു ഓഫീസിനുമാത്രമാണ് അംഗീകൃത ബുക്കിംഗ് ഏജന്‍സികള്‍ക്കുള്ള എല്‍.എ.പി.ടി. ലൈസന്‍സുള്ളത്. ഇവരുടെ ലൈസന്‍സില്‍പ്പെട്ട 20 ബസുകളില്‍ മാത്രമേ യാത്രക്കാരെ കൊണ്ടു പോകാന്‍ പാടുള്ളൂ. 2021 വരെ ഈ സ്ഥാപനത്തിന് പ്രവര്‍ത്തനാനുമതിയുണ്ട്.
കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തോടെയാണ് അന്തര്‍സംസ്ഥാന ബസുകാര്‍ക്കെതിരെ നടപടി കര്‍ശനമാക്കിയത്. എറണാകുളത്ത് നടന്ന വാഹന പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയെന്നും പത്തോളം വാഹനങ്ങള്‍ക്കെതിരേ കേസെടുത്തുവെന്നും ആര്‍.ടി.ഒ. ജോജി. പി. ജോസ് മാധ്യമങ്ങളോട് പറഞ്ഞു.