ഇടതുപക്ഷം പിന്നിട്ട ഒരു വര്‍ഷം കൊണ്ട് ശരിയാക്കി എടുത്തത്‌

0
268

     യുഡിഎഫിന്റെ അഴിമതിയില്‍ പൊറുതിമുട്ടിയ ജനം രോഷാകുലരായി എല്‍.ഡി.എഫ് പോലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം അവര്‍ക്ക് നല്‍കി ഭരണത്തിലെത്തിച്ചു. എല്‍.ഡി.എഫ് ആകട്ടെ ജിഷാവധം മുതലാക്കിയും സരിത- ബാര്‍ക്കോഴ മുതലായ വിഷയങ്ങളില്‍ പുകമറ സൃഷ്ടിച്ചും എല്‍.ഡി.എഫ് വരും എല്ലാം ശരിയാകുമെന്ന പ്രതീക്ഷ നല്‍കും വിധം വിവിധതലങ്ങളില്‍ പരസ്യകോലാഹലങ്ങള്‍ സൃഷ്ടിച്ചും ഭരണത്തിലെത്തിയിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ എല്‍.ഡി.എഫ് ശരിയാക്കിയ കേരളത്തിന്റെ അവസ്ഥ എന്തായിരിക്കുന്നുവെന്ന് ചിലകാര്യങ്ങള്‍ എടുത്തു പറഞ്ഞ് പരിശോധിക്കുകയാണ്. 
         ദീര്‍ഘകാലം സേവനം ചെയ്തിട്ട് ജീവിതം അളമുട്ടികൊണ്ടിരുന്ന അംഗന്‍വാടി അധ്യാപകര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചുകൊടുത്തതാണ് എല്‍.ഡി.എഫ് ഒരു വര്‍ഷം ചെയ്തതില്‍ വച്ച് ഏറ്റവും മഹത്തായകാര്യം. ക്ഷേമപെന്‍ഷന്‍കാര്‍ക്ക് കുടിശ്ശിക തീര്‍ത്ത് പണം വീട്ടിലെത്തിച്ചപ്പോഴും കേരളത്തില്‍ 5 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കൃഷിചെയ്തും മറ്റ് ജോലികള്‍ ചെയ്തും ജീവിക്കാനാവശ്യമായ ഭൂമിയും പാര്‍പ്പിടവുമില്ലാതെ ജിഷയുടെ കുടുംബം കഴിഞ്ഞുകൂടിയതുപോലെ കഴിഞ്ഞുപോരുന്നു. ഇവരെ അടിസ്ഥാനപരമായി ഉയര്‍ത്തികൊണ്ടണ്ടുവരുന്നതിനുപകരം യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതുപോലുള്ള ക്ഷേമപ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നു. ഭൂമാഫിയകളില്‍ ഭൂമി നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. കണ്ണന്‍ദേവന്‍, ഹാരിസണ്‍ മുതലായ ഏതാനും കോര്‍പ്പറേറ്റ് കൊള്ളക്കാര്‍, അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ഭൂമി കൊളോണിയല്‍ കാലത്തിന്റെ തുടര്‍ച്ചയായി ഇന്നും കൈവശം വച്ചിരിക്കുന്നത് പിടിച്ചെടുക്കാന്‍ ഒരു ശ്രമവും നടത്തുന്നില്ല. 
    ലാഭകരമല്ലെന്ന പേരില്‍ യു.ഡി.എഫ് അടച്ചുപൂട്ടാന്‍ ഉദ്ദേശിച്ച സ്‌കൂളുകള്‍ എല്‍.ഡി.എഫ് നിലനിര്‍ത്തികൊണ്ട് പോകുന്നു. മറുവശത്ത് വിദ്യാഭ്യാസമേഖല നിലനിന്നിരുന്നതിനെക്കാള്‍ കൂടുതല്‍ മോശപ്പെട്ട വിദ്യാഭ്യാസ മേഖലയായിതീര്‍ന്നു. പുരോഗമനപരമായി സാമൂഹികനീതിയില്‍ അധിഷ്ഠിതമായി ഒന്നും ചെയ്തിട്ടില്ല. സ്‌കൂള്‍ പാഠ്യപുസ്തകങ്ങള്‍ പതിവിലും നേരത്തെ അച്ചടിച്ചുവെന്ന് പറയുമ്പോഴും അനാദായകരമല്ലാത്ത നിലയിലേക്ക് സര്‍ക്കാര്‍ സ്‌കൂളുകള്‍ എത്തിക്കൊണ്ടിരിക്കുകയും അവയ്ക്ക് സ്വാഭാവിക മരണം സംഭവിച്ചുകൊണ്ടുമിരിക്കുന്നു. ധനകാര്യ മൂലധന റിയല്‍ എസ്റ്റേറ്റ് മാഫിയ കൂട്ടുകെട്ടിന്റെ ആസ്ഥാനമായ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുന്ന നിലപാടുകള്‍ എടുത്തുകൊണ്ടിരിക്കുന്നു. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പാമ്പാടി നെഹ്‌റുകോളേജില്‍  ഉയര്‍ന്ന പ്രക്ഷോഭങ്ങളിലും തിരുവനന്തപുരം ലോ അക്കാദമിയില്‍ ലക്ഷ്മി നായരുടെ പീഡനങ്ങള്‍ക്കെതിരായ സമരങ്ങളിലും സ്വാശ്രയ മാനേജ്‌മെന്റിനു അനുകൂലമായ നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ലാ അക്കാദമി അനധികൃതമായി ഭൂമി കൈവച്ചിരിക്കുന്നതായി പരാതി ഉയര്‍ന്നപ്പോള്‍ അവിടെ ഭൂമി പരിശോധന സാധ്യമല്ലെന്ന് പ്രഖ്യാപിച്ചു. സ്വാശ്രയ വിദ്യാഭ്യാസ മുതലാളി കൃഷ്ണദാസിനെ സംരക്ഷിക്കാന്‍ വേണ്ടി സി.പി.എം നോടൊപ്പം ഉറച്ചുനിന്ന ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ തള്ളി പറഞ്ഞു. മകന്‍ നഷ്ടപ്പെട്ട് വിങ്ങിപ്പൊട്ടുന്ന മനസുമായി നില്‍ക്കുന്ന ഒരമ്മയുടെ  മുഖത്ത് നോക്കി ഈ സമരം കൊണ്ട് എന്ത്് നേടിയെന്ന തറചോദ്യം കേട്ട് കേരളത്തിലെ വിവരമുള്ളവര്‍ ഞെട്ടി. എം.ബി.ബി.എസിനും പി.ജി മെഡിസിനും സാമൂഹിക നീതിയില്‍ അധിഷ്ഠിതമല്ലാത്തവിധം സ്വാശ്രയ മാനേജ്‌മെന്റിനെ സഹായിക്കുന്ന രീതിയില്‍ ഫീസ് വര്‍ദ്ധിപ്പിച്ചുകൊടുത്തു. പരീക്ഷയുടെ ചോദ്യങ്ങള്‍ പുറത്തായി.
    അഴിമതിമുക്തമായ പോലീസിനും സിവില്‍ ഭരണത്തിനുമായി യത്‌നിക്കുന്നുവെന്ന് പറയുമ്പോള്‍ തന്നെ എല്ലാം ശരിയാക്കിയതിനു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി പ്രിയപ്പെട്ടവനായ ബെഹ്‌റയെ ഡി.ജി.പി യാക്കി. ഇതിനെതിരെയുള്ള സെന്‍കുമാറിന്റെ കേസില്‍ സര്‍ക്കാര്‍ തോറ്റു തൊപ്പിയിട്ടു. ആരോപണങ്ങളുടെ കരിനിഴലില്‍ നില്‍ക്കുന്ന രമണ്‍ ശ്രീ വാസ്തവയെ ആഭ്യന്തരവകുപ്പില്‍ ഉപദേശകനായി നിയമിച്ചു. സ്വജനപക്ഷപാതം കാണിച്ചത് പുറത്തായപ്പോള്‍ മന്ത്രിസഭയിലെ രണ്ടാമന്റെ മന്ത്രിസ്ഥാനം തെറിച്ചു. ഒരു പ്രകോപനവുമില്ലാതിരുന്നിട്ടും നിലമ്പൂര്‍ വനത്തില്‍ രണ്ട് മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചു കൊന്നതിനുശേഷം വ്യാജ ഏറ്റുമുട്ടല്‍ പറഞ്ഞു. പുറത്തു നിന്നപ്പോള്‍ യുഎപിഎ എതിര്‍ത്തവര്‍ അധികാരത്തിലെത്തിയപ്പോള്‍ അതേ ഭീകരനിയമം ഉപയോഗിച്ച് കേസുകള്‍ എടുത്തു. കമല്‍.സി ചവറയെ അദ്ദേഹത്തിന്റെ തന്നെ പുസ്തകത്തിലെ ചിലവരികള്‍ ഫെയ്‌സ് ബുക്കില്‍ അദ്ദേഹം പോസ്റ്റ് ചെയ്തതിന് പോലീസ് സ്റ്റേഷനില്‍ ഇരുത്തി പീഡിപ്പിക്കുന്നതറിഞ്ഞ് പോലീസ് സ്റ്റേഷനില്‍ എത്തിയ നദീറമിനെ മാവോയിസ്റ്റാണെന്ന് പറഞ്ഞ് യുഎപിഎ ചുമത്തി കേസെടുത്തു. മാവോയിസ്റ്റിനെതിരെ ശക്തമായ ലേഖനം മാതൃഭൂമി ആഴ്ചപതിപ്പില്‍ എഴുതിയ നദീറാമിനെയാണ് മാവോയിസ്റ്റായി ചിത്രീകരിച്ച് യുഎപിഎ ചുമത്തി കേസെടുത്തത്. രാഷ്ട്രീയ കൊലപാതകം വര്‍ദ്ധിച്ചു. നിരവധി സാധാരണക്കാര്‍ക്ക് പോലീസിന്റെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റു. ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരില്‍ പോലും സാധാരണക്കാര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റു. മാണിയുടെ ബാര്‍ക്കോഴ ഉയര്‍ത്തി ഭരണത്തില്‍ വന്നവര്‍, മാണിയുടെ ബാര്‍ അഴിമതി കേസുകള്‍ മാനിപ്പുലേറ്റു ചെയ്തു ബന്ധവത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്ന കാഴ്ചയും കേരള ജനത കണ്ടുകൊണ്ടിരിക്കുന്നു. അടുത്തൊരു തുടര്‍ഭരണമാണ് അതിലൂടെ ലക്ഷ്യമിടുന്നത്. പക്ഷേ ഇത്തരം അധാര്‍മ്മിക മാര്‍ഗ്ഗത്തിലൂടെ ഭരണം നേടാന്‍ സിപിഐ കൂട്ടുനില്‍ക്കുമെന്ന് തോന്നുന്നില്ല. യു.ഡി.എഫ.് ബാലകൃഷ്ണപിള്ളയെ മുന്നോക്കകമ്മിഷന്‍ ചെയര്‍മാനാക്കിയപ്പോള്‍ അഴിമതിയില്‍ ശിക്ഷിച്ചവനെ പുറത്ത് നിര്‍ത്തണമെന്ന് ശക്തമായി പ്രതികരിച്ചവര്‍തന്നെ അദ്ദേഹത്തെ അതേസ്ഥാനം നല്‍കി പൂവിട്ട് വാഴിച്ചിരിക്കുന്നു.
         വികസനപദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. അതിന്റെ ഭാഗമായി കോര്‍പ്പറേറ്റുകളുടെ പ്രിയപ്പെട്ടവളായ ഗീതാഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പുന്നപ്ര രക്തസാക്ഷി മണ്ഡപത്തില്‍ വച്ച് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. ‘വികസനവിരോധികളെ എന്തുവിലകൊടുത്തും നേരിടുമെന്നായിരുന്നു. അതായത് ധനകാര്യമൂലധന ശക്തികളുടെ ചൂഷണത്തിനും കൊള്ളയ്ക്കു തടസ്സം സൃഷ്ടിക്കുന്ന എന്തിനെയും ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങള്‍ ഉപയോഗിച്ച് നേരിടുമെന്നാണ് വിവക്ഷ. ധനകാര്യ-ഗുണ്ട-മാഫിയ നേതൃത്വങ്ങളുടെ കടന്നാക്രമണങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ക്കായി കേരളത്തില്‍ സുരക്ഷാകവചം തീര്‍ത്തുകൊണ്ടിരിക്കുന്നു.
         പൊതുവിപണിയില്‍ വിലകയറ്റം തടയാന്‍ സിവില്‍ സപ്ലെസിന് 150 കോടി രൂപ മാറ്റിവച്ചു. തരിശ്ശിട്ട നെല്‍പാടങ്ങളില്‍ നെല്‍കൃഷി പുന:രാരംഭിച്ചു. പച്ചക്കറി കൃഷിക്ക് ഊന്നല്‍ നല്‍കുന്നു. സര്‍ക്കാര്‍ ഭൂമി കയേറ്റങ്ങളില്‍ ഇടപെടുമെന്ന് പ്രഖ്യാപിക്കുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിനുശേഷം വിപണിയില്‍ എല്ലാ സാധനങ്ങള്‍ക്കും ഇരട്ടിയോളം വിലകുതിച്ചു ഉയര്‍ന്നിരിക്കുന്നു. ഇതിനു തടയിടാനായി വ്യാപാരികളെ നിയന്ത്രിക്കുകയോ, അവരുടെ സ്റ്റോക്കും വില്‍പ്പനയും തിട്ടപ്പെടുത്തുകയോ, അവരുടെ സംഭരണശാലകള്‍ പരിശോധിക്കുകയോ ചെയ്യാന്‍ ഒരു ചെറുവിരല്‍പോലും അനക്കിയിട്ടില്ല.    
         കുരിശിനെ കയ്യേറ്റ ആയുധമാക്കി മലിനപ്പെടുത്തിയ കയ്യേറ്റ മാഫിയകള്‍ക്ക് നേരെ കയര്‍ക്കുന്നതിനുപകരം മുഖ്യമന്ത്രി നടത്തിയ പ്രസ്താവന കയ്യേറ്റ മാഫിയയെ സംരക്ഷിക്കുന്നതിനു ഉപകരിച്ചു. ഭൂമാഫിയ കയ്യേറ്റ ഉപകരണമായി ഉപയോഗിച്ച കുരിശിനെ പിഴുതെടുത്ത് തങ്ങളുടെ കടമ നിര്‍വ്വഹിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതിനു പകരം അവരെ ശകാരിക്കുകയാണുണ്ടായത്. ഇടതുപക്ഷരാഷ്ട്രീയ കാഴ്ചപ്പാട് ഇല്ലായ്മ ചെയ്യുന്നതിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന കാനം രാജേന്ദ്രനെ ഒരു പ്രശ്‌നക്കാരനായിട്ടാണ് സി.പി.എം. കാണുന്നത്.
         അശരണ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിക്ക് 10 കോടിരൂപ മാറ്റിവച്ചിരിക്കുന്നു. സ്ത്രീശാക്തീകരണത്തിനായി നിലകൊള്ളുമെന്ന് വിളിച്ചു പറയുന്നു. ഇങ്ങനെ സ്ത്രീ ശാക്തീകരണം പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് വെറുമൊരു ഫോണ്‍ കോളിലൂടെ ഒരു സ്ത്രീയെ ലൈംഗിക ഉപകരണമാക്കി മാറ്റാന്‍ ശ്രമിക്കുന്നൊരു മന്ത്രിയുടെ ഭഗീരഥപ്രയത്‌നം നമുക്ക് കേള്‍ക്കാനായത്. കാര്യങ്ങള്‍ പുറത്തായപ്പോള്‍ മന്ത്രിക്ക് തന്നെ പുറത്ത് പോകേണ്ടിവന്നു. ഇന്ത്യന്‍ ജനാധിപത്യം അനുവദിക്കുന്ന തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ അധികാരത്തിലെത്തി മാര്‍ക്‌സിയന്‍ പ്രത്യായശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഭരണം നടത്താന്‍ കഴിയുമെന്നാണ് ഇ.എം.എസ് മുതലുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ആചാര്യന്‍മാര്‍ പറഞ്ഞത്. എന്നാല്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ പറയുന്നു ‘അങ്ങനെയൊരു സംവിധാനത്തിലൂടെ ഭരണത്തില്‍ വന്നാല്‍ കമ്മ്യൂണിസം വരില്ലെന്നാണ്.’
         ഒരു ഇടതുപക്ഷ ബദല്‍ കാഴ്ചപ്പാട് നഷ്ടപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക-ക്ഷേമ മാമാങ്കങ്ങള്‍ ഇടതുപക്ഷവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇടതുപക്ഷം ഇപ്പോള്‍ അവകാശപ്പെടുന്ന നേട്ടങ്ങളുടെ അതേകാര്യങ്ങള്‍ ഇതിനെക്കാള്‍ തീവ്രതയോടെയാണ് ഉമ്മന്‍ചാണ്ടി ചെയ്തുകൊണ്ടിരുന്നത്. യു.ഡി.എഫിന്റെ പ്രവര്‍ത്തനശൈലിയും എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനശൈലിയും വലിയ വ്യത്യാസങ്ങളില്ല. അടിസ്ഥാനപരമായി യു.ഡി.എഫ് നിലപാടുകളില്‍ നിന്നും നയങ്ങളില്‍ നിന്നും എല്‍.ഡി.എഫിനു വ്യത്യസ്ത സമീപനങ്ങളില്ലെന്ന് കാണാം. വ്യത്യസ്തതയില്ലെന്ന് പറയുന്നതും ശരിയല്ല. ഒരു കാര്യത്തിലുണ്ട് യുഡി.എഫിന്റെ കുറച്ചുപ്രവര്‍ത്തകര്‍ കാര്യസാധ്യതകള്‍ക്കായി നാട്ടുകാരില്‍ നിന്നും പണം പിടുങ്ങി, കാര്യങ്ങള്‍ സാധിച്ചുകൊടുക്കാനായി സെക്രട്ടറിയേറ്റിലും പരിസരത്തും തമ്പടിച്ചിരിക്കുന്നതും കറങ്ങി നടക്കുന്നതുമായ ശല്യം ഇപ്പോള്‍ ഇല്ലാതായിട്ടുണ്ട്.
         എല്‍.ഡി.എഫ,് യു.ഡി.എഫിനെ പോലെ വിമാനത്താവളം, അതിരപ്പള്ളി, അതിവേഗ പാത തുടങ്ങിയ കോര്‍പ്പറേറ്റ് പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുകയും 40 ലക്ഷത്തോളം വരുന്ന ഭൂരഹിതരും പാര്‍പ്പിടരഹിതരുമായ ആദിവാസി – ദളിത് ജനവിഭാങ്ങളുടെ ദുരിതം കാണാതെ പോകുകയുമാണ് ചെയ്യുന്നത്. ഭൂമി വികസനം, വിദ്യാഭ്യാസം മുതലായവയില്‍ ജനപക്ഷ നിലപാടുകളില്‍ ഊന്നിനിന്നുകൊണ്ടുള്ള പ്രവര്‍ത്തനം എല്‍.ഡി.എഫ് കാഴ്ചവെയ്ക്കുന്നില്ല. ഭൂമാഫിയകളെ സംരക്ഷിക്കുന്ന നിലപാടാണ് മൂന്നാറില്‍ അവിടത്തെ സി.പി.എം നേതാക്കള്‍ എടുത്തുവരുന്നത്. ഇനിവരും നാളുകളില്‍ കേരളത്തെ ഏതുവിധം എല്‍.ഡി.എഫ് ശരിയാക്കുമെന്നത് നമുക്ക് കാത്തിരുന്നു കാണാം.