55 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൃത്യമായി അറിയാമായിരുന്നു: ബാക്കിയുള്ളവ കറക്കിക്കുത്തലായിരുന്നുവെന്ന് ശിവരഞ്ജിത്ത്

0
18

 

തിരുവനന്തപുരം: പി.എസ്.സി. സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ 55 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൃത്യമായി അറിയാമായിരുന്നെന്നും ബാക്കിയുള്ളവ കറക്കിക്കുത്തിയാണ് എഴുതിയതെന്നും യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത് പൊലീസിനോട് പറഞ്ഞു. അതേസമയം, പഠിച്ചാണ് പി.എസ്.സി പരീക്ഷയെഴുതിയതെന്ന് നസീമും മൊഴി നല്‍കിയിട്ടുണ്ട്.

കേസില്‍ പ്രതിയായ ശിവരഞ്ജിത്തിന് പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയത് വിവാദമായിരുന്നു. ഇതുസംബന്ധിച്ച് പി.എസ്.സി. അന്വേഷണം നടത്തുകയാണ്. 78.33 മാര്‍ക്കാണ് ഈ പരീക്ഷയില്‍ ശിവരഞ്ജിത്ത് നേടിയത്. 29.67 ആയിരുന്നു കട്ട് ഓഫ് മാര്‍ക്ക്. സ്പോര്‍ട്‌സ് ക്വാട്ടയിലെ മാര്‍ക്ക് കൂടി കണക്കിലെടുത്ത് 90 മാര്‍ക്കിന് മുകളിലാണ് ശിവരഞ്ജിതിന് ലഭിച്ചിട്ടുള്ളത്. രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. ജൂലായ് ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. ലിസ്റ്റില്‍ പേരുള്‍പ്പെട്ടവരുടെ നിയമന ശുപാര്‍ശ ഒരു മാസത്തിനകം അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് ഇരുവരും കേസില്‍ പ്രതികളാകുന്നത്.