ശ്രീറാമിനെ രക്ഷിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് ഒത്തുകളി: ആരോഗ്യമന്ത്രിക്കും പങ്ക്

0
225

 

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താനും, തെളിവുകള്‍ നശിപ്പിക്കാനും മെഡിക്കല്‍ കോളേജില്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ഗൂഢ ശ്രമം നടത്തുന്നു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദ്ദേശപ്രകാരമാണ് മെഡിക്കല്‍ ബോര്‍ഡ് കേസ് അട്ടിമറിക്കുന്നതെന്ന് ആരോപണമുണ്ട്. ശ്രീറാമിനോട് പ്രത്യേക താല്‍പര്യമുള്ള ആരോഗ്യമന്ത്രിയാണ് മെഡിക്കല്‍ ബോര്‍ഡിനെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മജിസ്‌ട്രേറ്റ് ജയിലിലേക്ക് അയച്ച ശ്രീറാമിനെ ഒരുമണിക്കൂറോളം സബ്ബ് ജയിലിനുമുന്നില്‍ ആംബുലന്‍സില്‍ കിടത്തിയ ശേഷമാണ് ജയില്‍ ഡോക്ടര്‍ പരിശോധിച്ചത്. ജയില്‍ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ തന്നെ ഇദ്ദേഹത്തിന് തലവേദനയും, വയറുവേദനയും ഉണ്ടെന്ന് ശ്രീറാം പറഞ്ഞതനുസരിച്ച് അദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജിലെ സെല്ലില്‍ പ്രവേശിപ്പിച്ച ഉടനെ ശ്രീറാം നെഞ്ചുവേദനയും, വയറുവേദനയും, തലവേദനയും ഉണ്ടെന്ന് ഡോക്ടറോട് പറഞ്ഞു. ഡോക്ടര്‍ എച്ച്.ഒ.ഡി.യെ വിളിച്ചുവരുത്തി. എച്ച്. ഒ.ഡി.യാണ് ഐ.സി യൂണിറ്റിലേക്ക് മാറ്റുവാന്‍ നിര്‍ദ്ദേശിച്ചത്. ശ്രീറാമിന്റെ കസ്റ്റഡി ഒഴിവാക്കാന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരും, ഡോക്ടര്‍മാരും ഗൂഢാലോചന നടത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചത്. ഇതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ആരോഗ്യമന്ത്രി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയും, പുറമേയ്ക്ക് അപകടത്തില്‍ മരിച്ച കെ.എം. ബഷീറിനൊപ്പമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം മെഡിക്കല്‍ ബോര്‍ഡ് കേസ് അട്ടിമറിക്കുന്നതിന് ഒത്താശനല്‍കി. ബോര്‍ഡ് ചേര്‍ന്ന ആദ്യയോഗത്തില്‍ തന്നെ 72 മണിക്കൂര്‍ അടിയന്തിര ചികിത്സ ഐ.സി. യൂണിറ്റില്‍ തന്നെ വേണമെന്ന് ബോര്‍ഡ് തീരുമാനിച്ചു. ഇതിന്റെ യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല.
അപകടം നടന്നശേഷം ശ്രീറാം വെങ്കിട്ടരാമന്‍ കാറില്‍ നിന്നിറങ്ങി ബഷീറിനെ എടുത്തുയര്‍ത്തി ഫുട്ട് പാത്തില്‍ കിടത്തിയിരുന്നത്. അപ്പോഴൊന്നും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രീറാം വെങ്കിട്ടരാമന് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസിനൊപ്പം നടന്നാണ് ശ്രീറാം വെങ്കിട്ടരാമന്‍ തൊട്ടടുത്തുള്ള മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പോയത്. ഇതിനുശേഷം ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുമ്പോഴും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രീറാമിന് ഉണ്ടായിരുന്നില്ല, എന്നാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇവിടെ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം പോയ ശ്രീറാമിന് പെട്ടെന്ന് രോഗം മൂര്‍ഛിച്ചതായി അഭിനയിക്കുകയായിരുന്നു. തുടര്‍ന്ന് കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒത്താശയോടെയാണ് രക്തപരിശോധന ഒഴിവാക്കാനുള്ള അട്ടിമറി നടത്തിയത്. ഇതിനെക്കുറിച്ച് ആക്ഷേപമുയര്‍ന്നപ്പോഴാണ് ശ്രീറാമിനെ വീണ്ടും മജിസ്‌ട്രേറ്റ് മുന്നില്‍ ഹാജരാക്കിയത്. മജിസ്‌ട്രേറ്റ് ശ്രീറാമിനെ പരിശോധിച്ചപ്പോള്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മനസ്സിലാക്കി ജയിലിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ശ്രീറാമിനെ ജയിലെത്തിക്കാന്‍ തിരുവനന്തപുരത്തെ ഐ.എ.എസ്, ഐ.പി.എസ്. ലോബി തയ്യാറായില്ല. മറിച്ച് ഗൂഢാലോചന നടത്തി ജയിലിനുമുന്നില്‍ തന്നെ ആംബുലന്‍സില്‍ ഒരുമണിക്കൂറോളം ശ്രീറാമിനെ കിടത്തിയശേഷം ജയില്‍ ഡോക്ടറെ വരുത്തി. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇതിനുശേഷവും ഐ.എ.എസ്, ഐ.പി.എസ്. ലോബി വെറുതെയിരുന്നില്ല. സെല്ലില്‍ കിടക്കുന്നതിനു പകരം ശ്രീറാമിനെ അടിയന്തിരമായി ഐ.സി.യൂണിറ്റിലേക്ക് മാറ്റിക്കാനും ഇവര്‍ക്ക് സാധിച്ചു. ഐ.സി. യൂണിറ്റില്‍ കഴിഞ്ഞ ശ്രീറാമിനെ പിറ്റേന്ന് മെഡിക്കല്‍ ബോര്‍ഡ് കൂടി 72 മണിക്കൂര്‍ നിരീക്ഷണത്തിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്തദിവസം ജാമ്യം കിട്ടിയില്ലെങ്കിലും അതിനടുത്തദിവസം വരെ സാവകാശം കിട്ടാനാണ് ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ ഗൂഢാലോചന നടത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ഷര്‍മ്മദ്, സര്‍ജറി വിഭാഗം മേധാവി അബ്ദുള്‍ ലത്തീഫ്, ഓര്‍ത്തോ വിഭാഗം മേധാവി ഡോ. അനില്‍ പീതാബരന്‍, മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ആര്‍.എം.ഒ. എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്. ഈ ഡോക്ടര്‍മാരെല്ലാം ഒത്തുചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് കേസ് തട്ടിമറിക്കുന്നതിന് ഒത്താശ നല്‍കിയത്. ഇതിനെത്തുടര്‍ന്ന് ജാമ്യം റദ്ദാക്കാനും, ശ്രീറാമിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് അംനേഷ്യ എന്ന നാടകവുമായി മെഡിക്കല്‍ ബോര്‍ഡ് രംഗത്തെത്തിയത്. ഇത് പച്ചയായ നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്ന ഡോക്ടര്‍മാര്‍ എന്തുപറഞ്ഞാലും, അത് വിശ്വസിക്കുക മാത്രമേ നിയമസംവിധാനത്തിനു കഴിയൂ. ആ അസൗകര്യം ഉപയോഗിപ്പെടുത്തി സത്യസന്ധമല്ലാത്ത മാര്‍ഗ്ഗത്തിലൂടെ മെഡിക്കല്‍ ബോര്‍ഡ് ഇപ്പോള്‍ മുമ്പോട്ടുപോകുന്നത്. ശ്രീറാമിന് ഗുരുതര രോഗമുണ്ടെന്നും, അംനേഷ്യയുണ്ടെന്നുമുള്ള മെഡിക്കന്‍ ബോര്‍ഡിന്റെ വാദം പച്ചക്കള്ളമാണ് ഒരു കുറ്റവാളിയെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന ഗൂഢസംഘം ഈ പദ്ധതി തയ്യാറാക്കിയത്.