നെടുങ്കണ്ടം കസ്റ്റഡിമരണം: രണ്ട് പോലീസുകാര്‍ അറസ്റ്റില്‍

0
20

 

കോട്ടയം: നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയില്‍ വച്ച് രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എസ്.ഐ സാബു, സി.പി.ഒ സജീവ് ആന്റണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചത്തിനാണ് ഇവരുടെ അറസ്റ്റ്. അതേസമയം, അറസ്റ്റിനിടെ എസ്.ഐ സാബു കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. കേസില്‍ ഇന്ന് തന്നെ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനയുണ്ട്.

റിമാന്‍ഡിലിരിക്കെ രാജ്കുമാറിനെ പൊലീസ് മനുഷ്യത്വരഹിതമായി പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന ഉദ്യോഗസ്ഥര്‍ സ്റ്റേഷന് പുറത്തെ തോട്ടത്തില്‍ നിന്നുള്ള കാന്താരി മുളക് രാജ്കുമാറിന്റെ സ്വകാര്യ ഭാഗങ്ങളില്‍ തേച്ചെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ തെറ്റായ വിവരങ്ങള്‍ നല്‍കിയതാണ് പൊലീസുകാരെ പ്രകോപിപ്പിച്ചത്.

12ന് കസ്റ്റഡിയിലെടുത്ത ശേഷം നാല് ദിവസത്തോളം രാജ്കുമാറിനെ ഉറങ്ങാന്‍ പോലും അനുവദിച്ചില്ല. മദ്യപിച്ചെത്തിയ പൊലീസ് രാത്രിയും പുലര്‍ച്ചെയുമായിട്ടാണ് ചോദ്യം ചെയ്തിരുന്നത്. ആരോപണ വിധേയരായ പൊലീസുകാരുടെ മൊഴിയെടുത്തപ്പോഴാണ് മൂന്നാംമുറയുടെ വിവരങ്ങള്‍ ലഭിച്ചത്.

രാജ്കുമാറിനെ മര്‍ദ്ദിച്ച 12 മുതല്‍ 16 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു. ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് സമര്‍പ്പിക്കും.