എന്തുകൊണ്ട് തോറ്റു?ഒരു താത്വിക വിശകലനം

0
241

 

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി 19 സീറ്റിലും വന്‍ പരാജയം ഏറ്റുവാങ്ങിയതിന്റെ പ്രധാനകാരണമെന്ത്? വോട്ടുചെയ്ത ജനങ്ങള്‍ക്ക് അത് വ്യക്തമാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാരണം മനസ്സിലായില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാരിനെതിരായ ശക്തമായ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രത്തില്‍ ബി.ജെ.പി. ഭരണം അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ച ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്തുവെന്നാണ്‌കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ബി.ജെ.പി.ക്കെതിരായി ഇടതുപക്ഷം നടത്തിയ പ്രചാരണത്തിന്റെ ഫലമായി കോണ്‍ഗ്രസ് ജയിച്ചു എന്ന തിയറിയും മുഖ്യമന്ത്രി അവതരിപ്പിക്കുന്നു.
എന്തുകൊണ്ട് തോറ്റു എന്ന ലളിതമായ ചോദ്യത്തിന് ഉത്തരമല്ല, മുഖ്യമന്ത്രിയുടേയും പാര്‍ട്ടിസെക്രട്ടറിയുടേയും താത്വികമായ ഉത്തരങ്ങള്‍ ”പിടിച്ചു ഞാനവനെ കെട്ടി; കൊടുത്തു ഞാനവനെനിക്കിട്ട് രണ്ട്” എന്ന് പറഞ്ഞതുപോലെയായി ഇടതുനേതാക്കളുടെ പ്രതികരണം.
ജനങ്ങള്‍ നല്ല പ്രഹരം നല്‍കി. നിലത്തുവീണു കിടക്കുകയാണ്. എന്നിട്ടും മനസ്സിലായ കാര്യം മനസ്സിലായ മട്ടില്ല. തോല്‍വിക്ക് ഒന്നാമത്തെ കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ അഹന്തമുറ്റിയ ഭരണം. രണ്ടാം കാരണം ശബരിമലയും പ്രളയദുരന്തവും കുട്ടിച്ചോറാക്കിയതാണ്. ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ചെറുപ്പക്കാരെയടക്കം തുണ്ടം തുണ്ടം വെട്ടിനുറുക്കിക്കൊന്ന താലിബാനെ നാണിപ്പിക്കുന്ന ഭീകരതയ്‌ക്കെതിരേ ജനം വോട്ടുചെയ്തു. നാടുനീളെ സി.പി.ഐ.(എം) ചമഞ്ഞ് നടത്തുന്ന ഭീഷണിപ്പിരിവും തോന്ന്യാസങ്ങളും തോല്‍വിയുടെ ആഘാതം കൂട്ടി.
ഇതൊക്കെയല്ലേ സഖാക്കളെ യഥാര്‍ത്ഥ കാരണങ്ങള്‍. നേതാക്കള്‍ ബൂത്തുതലം മുതല്‍ പരിശോധിക്കുമെന്നാണ് പറയുന്നത്. പരിശോധിച്ചു കഴിയുമ്പോഴേക്കും ( ഉപതെരഞ്ഞെടുപ്പുകളും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമൊക്കെ കഴിഞ്ഞ് കേരളത്തിലെ നിയമാസഭാ തെരഞ്ഞെടുപ്പു വരും. അപ്പോഴും പരിശോധന തുടരണം. അതാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരുടെ സ്വയം വിമര്‍ശനവും തിരുത്തലും.