‘ചില മനുഷ്യരുടെ തീരുമാനങ്ങളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല.’
തന്റെ മകന്റെ ചികിത്സയ്ക്കായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ അനസ് അസ്നയ്ക്ക് സര്‍ക്കാരിന്റെ പിന്തുണ. മകന്റെ ചികിത്സ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
തന്റെ വിഷമത്തേക്കാള്‍ വലുത് അന്യന്റെ ദുരിതമാണെന്ന വികാരമാണ് അനസിനെ ഇങ്ങനൊരു പ്രവൃത്തിയിലേക്ക് നയിച്ചിട്ടുണ്ടാവുകയെന്ന് ടീച്ചര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. അനസുമായി ഫോണില്‍ സംസാരിച്ചതായും ടീച്ചര്‍ വ്യക്തമാക്കി.
ചില മനുഷ്യരുടെ തീരുമാനങ്ങളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
റീജ്യണല്‍ ക്യാന്‍സര്‍ സെന്ററില്‍ മകനെയും കൊണ്ട് അഡ്മിറ്റാകാന്‍ പോകുകയായിരുന്ന അനസ് പ്രളയദുരിതങ്ങളെക്കുറിച്ചറിഞ്ഞപ്പോള് താന്‍ ചികിത്സയ്ക്കായി സ്വരൂപിച്ച പണം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വരുന്ന വെള്ളിയാഴ്ചയാണ് അനസ് അസ്ന തന്റെ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പോകുന്നത്. റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലാണ് ചികിത്സ. ചികിത്സയ്ക്കായി കരുതി വെച്ചിരുന്ന പൈസയും, ചികിത്സയ്ക്ക് രണ്ടുപേര്‍ സഹായിച്ച പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചെന്നാണ് അനസ് അറിയിച്ചത്. മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരോളം വരില്ല തന്റെ ദുഖമെന്നാണ് അനസ് പറഞ്ഞത്.