നിപ സ്ഥിരീകരിച്ച യുവാവ് രോഗമുക്തി നേടി ആശുപത്രി വിട്ടു:എറണാകുളം ജില്ലയെ നിപ വിമുക്തമായി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

0
173

കൊച്ചി: കേരളത്തില്‍ രണ്ടാംവട്ടം നിപ കണ്ടെത്തിയ എറണാകുളം ജില്ലയെ നിപ വിമുക്തമായി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നിപ സ്ഥിരീകരിച്ച യുവാവ് രോഗമുക്തി നേടി ആശുപത്രി വിടുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. 54 ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് പറവൂര്‍ സ്വദേശിയായ യുവാവ് ഇന്ന് രാവിലെ ആശുപത്രി വിട്ടത്. യുവാവ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആസ്റ്റര്‍ മെഡിസിറ്റിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആരോഗ്യമന്ത്രിയ്ക്ക് പുറമേ ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ആസ്റ്റര്‍ മെഡിസിറ്റി ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചികിത്സാരംഗത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ കൈകോര്‍ത്തു പിടിച്ചതിന്റെ വിജയമുഹൂര്‍ത്തമാണിതെന്ന് മന്ത്രി പറഞ്ഞു. രണ്ട് തവണയാണ് നിപ മൂലം സംസ്ഥാനം ഉത്കണ്ഠയിലായത്. എന്നാല്‍, സര്‍ക്കാര്‍ സംവിധാനത്തിന്റെ പിന്തുണയില്‍ സ്വകാര്യമേഖലയുമായി സഹകരിച്ച് ആവിഷ്‌കരിച്ച പ്രതിരോധനടപടികള്‍ ഫലം കണ്ടു. ലോകത്തിന്റെ തന്നെ പ്രശംസയ്ക്കും കേരളത്തിന്റെ ആരോഗ്യസംവിധാനം ഇതോടെ അര്‍ഹമായി -മന്ത്രി ചൂണ്ടിക്കാട്ടി.