ജീവിതം പകുത്തുവച്ച് അഖിലേഷ് യാത്രയായി

0
60

 

തിരുവനന്തപുരം: കണ്ണും കരളും ഒപ്പം വൃക്കകളും പകുത്തുനല്‍കി അഖിലേഷ് എന്ന കലാകാരന്‍ യാത്രയായി. ചിത്രകലയിലും ബോഡിബില്‍ഡിംഗിലുമായിരുന്നു അഖിലേഷിന് താത്പര്യം. കൊല്ലം കരിക്കോട് അഭിലാഷ് ഭവനില്‍ ഉല്ലാസിന്റെയും അനിതയുടെയും രണ്ടാമത്തെ മകനായി അയാള്‍ തന്റെ മേഖലകളില്‍ കാലിടാറാതെ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു വാഹനാപകടത്തിലൂടെ ജീവന്‍ പൊലിയുന്നത്. ചായക്കൂട്ടുകളിലെ വര്‍ണങ്ങളെ അഖിലേഷി(22) ന്റെ സ്വപ്നങ്ങള്‍ക്കൊപ്പം പാകപ്പെടുത്തിയെടുക്കുന്നതിന് അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം ഒന്നടങ്കം പിന്തുണ നല്‍കിയിരുന്നു. സിനിമയിലെ സ്റ്റോറിബോര്‍ഡും അഖിലേഷ് ചെയ്യുമായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് അഖിലേഷിന്റെ ജീവന്‍ കവര്‍ന്ന അപകടമുണ്ടായത്. കൊല്ലം കല്ലുംതാഴത്തിനു സമീപം പാല്‍ക്കുളങ്ങര ക്ഷേത്രത്തിനടുത്തുവച്ച് അഖിലേഷ് യാത്ര ചെയ്തിരുന്ന ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ യുവാവിനെ അടുത്ത ദിവസം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവച്ചാണ് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്.

ട്രാന്‍സ്പ്ലാന്റ് പൊക്യുവര്‍മെന്റ് മാനേജര്‍ ഡോ മുരളിയുടെ നേതൃത്വത്തില്‍ അവയവദാനത്തെക്കുറിച്ച് ബന്ധുക്കളോട് സംസാരിക്കുകയും അവര്‍ അനുവാദം നല്‍കുകയുമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മസ്തിഷ്‌ക്ക മരണാനന്തര അവയവദാന ഏജന്‍സിയായ മൃതസഞ്ജീവനി വഴിയാണ് അവയവ വിന്യാസം നടത്തിയത്. കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രോഗികള്‍ക്കും ഒരു വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിയ്ക്കും കോര്‍ണിയ കണ്ണാശുപത്രിയിലും നല്‍കി. മകന്റെ വിയോഗം ഒരു വിങ്ങലായി മാതാപിതാക്കളുടെ നെഞ്ചിലുണ്ടെങ്കിലും അവനിലൂടെ ഏതാനുംപേര്‍ക്ക് ജീവിതം തിരിച്ചു ലഭിച്ചത് അവര്‍ക്ക് മനഃശാന്തി നല്‍കുന്നു. അഭിലാഷ് അഭിലേഷിന്റെ മൂത്ത സഹോദരനാണ്.