വായ്പകള്‍ക്കുള്ള കുടിശ്ശിക ആനുകൂല്യം ഉയര്‍ത്തി; പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് 85 കോടി : മൊറട്ടോറിയം നീട്ടി

0
177

 

കാലവര്‍ഷക്കെടുതിയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും നോട്ട് നിരോധനം പോലുള്ള നടപടികള്‍ കമ്പോളത്തിലുണ്ടാക്കിയ പ്രതിസന്ധിയും ജി.എസ്.ടി നടപ്പാക്കിയതുമെല്ലാം കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് ഉള്‍ക്കൊണ്ട് ഇടപെടുന്ന സമീപനം ദേശീയാടിസ്ഥാനത്തില്‍ സ്വീകരിക്കാത്തതുകൊണ്ട് രാജ്യവ്യാപകമായിത്തന്നെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരികയാണ്.

ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. നേരത്തെ തന്നെ കര്‍ഷകരുടെ കടങ്ങള്‍ക്ക് പലിശ ഇളവ് ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍, കൃഷിക്കാരെ സഹായിക്കാന്‍ ഫലപ്രദമായ നടപടികളാണ് വേണ്ടത്. കര്‍ഷകരുടെ പ്രയാസം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇടുക്കി, വയനാട് ജില്ലകള്‍ക്കും കുട്ടനാടിനും വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ഇടപെടലും ഇതിന്റെ ഭാഗമാണ്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അടിയന്തരമായ ചില തീരുമാനങ്ങള്‍ മന്ത്രിസഭാ യോഗം എടുത്തിട്ടുണ്ട്.

1. പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക വായ്പകളിലേക്കുള്ള ജപ്തിനടപടികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. ഇത് കര്‍ഷകര്‍ എടുത്തിട്ടുള്ള എല്ലാ വായ്പകള്‍ക്കും 2019 ഡിസംബര്‍ 31 വരെ ബാധകമായിരിക്കും.

2. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ മുഖേന നിലവില്‍ വയനാട് ജില്ലയില്‍ 2014 മാര്‍ച്ച് 31 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കും മറ്റ് ജില്ലകളില്‍ 2011 ഒക്ടോബര്‍ 31 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്. പ്രസ്തുത തീയതി ഇടുക്കി, വയനാട് ജില്ലകളിലെ കൃഷിക്കാരുടെ 2018 ആഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്ക് ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തീരുമാനിച്ചു. മറ്റു ജില്ലകളില്‍ 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്കാവും ഈ ആനുകൂല്യം ബാധകമാവുക.

3. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ 50,000 രൂപയ്ക്കു മേലുള്ള കുടിശ്ശികയ്ക്ക് നല്‍കുന്ന ആനുകൂല്യം ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ടുലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു.

4. ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ 9 ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു വര്‍ഷം വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.

5. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്താമോ എന്ന കാര്യം പരിശോധിക്കാന്‍ കൃഷി-ആസൂത്രണ വകുപ്പുകളെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

6. പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് 85 കോടി രൂപ ഉടനെ അനുവദിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 54 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കും.

7. വിളനാശം മൂലമുള്ള നഷ്ടത്തിന് 2015 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നല്‍കുന്ന ധനസഹായം കുരുമുളക്, കമുക്, ഏലം, കാപ്പി, കൊക്കോ, ജാതി, ഗ്രാമ്പു എന്നീ വിളകള്‍ക്ക് നിലവിലുള്ള തുകയുടെ 100 ശതമാനം വര്‍ദ്ധന അനുവദിക്കാന്‍ തീരുമാനിച്ചു. ഈ ധനസഹായം ഇക്കഴിഞ്ഞ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കും നല്‍കും.