ഫുട്‌ബോളോ സ്‌ക്കീസേഫീനിയ

0
145

എസ്. സുരേഷ്‌കുമാര്‍

”എന്റീശ്ശോയേ….. എനിക്കറിയാമ്മേലേ…. ഇതിയാന് ഇതെന്നാ പറ്റിയെന്ന്. മോളികുട്ടീടെ പൊരയില്‍ക്കൂടലിന് ഞാനൊരാഴ്ച ഇവിടുന്നൊന്ന് മാറി നിന്നതേയുള്ളൂ. ഇതിനിടയില്‍ എന്നാ മറിമായം സംഭവിച്ചതെന്ന് എനിക്കറിയാംമേലായേ….. തിരിച്ചു വന്നപ്പ…. ഇതിയാന്‍ ദേ!….. ഇങ്ങനെ……”
അന്നാമ്മ ചേടത്തി ആര്‍ത്തലച്ച് കൊണ്ട് ചട്ടയുടെ അറ്റം കൊണ്ട് മൂക്ക് പിഴിഞ്ഞ് ഡോക്ടറുടെ ദേഹത്ത് ഇറ്റിക്കാന്‍ തുടങ്ങുകയും ഡോക്ടര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തു. വേള്‍ഡ് കപ്പിന്റെ റീപ്ലേ കണ്ടുകൊണ്ടിരുന്ന ഡോക്ടര്‍ ടി.വി. ഓഫാക്കിയിട്ട് ചേട്ടത്തിയുടെ ഇതിയാനെ കസേരയില്‍ ഇരിക്കാന്‍ ആംഗ്യം കാണിച്ചു.
താന്‍ പറയുന്നത് അനുസരിക്കാന്‍ താനെന്റെ കോച്ചൊന്നും അല്ലല്ലോ എന്ന മട്ടില്‍ അവറാച്ചന്‍ ഡോക്ടറെ പുച്ഛത്തിലൊന്ന് കണ്ണെറിഞ്ഞു. എന്നിട്ട് വാംഅപ്പ് ചെയ്യുന്നത് മാതിരി ചെറുതായൊരു തുള്ളിച്ചാട്ടം.

പിന്നെ റൈറ്റ് വിംഗ് കോര്‍ണറിലോട്ട് പൊടുന്നനെയൊരു എയര്‍ ഡൈവ്. പെനാല്‍റ്റി ഷട്ടൗട്ടില്‍ ഗോള്‍ കണ്‍സീഡ് ചെയ്ത ഗോളി ഇനി എന്ത് ചെയ്യണമെന്നറിയാതെ അന്താളിച്ച് നില്‍ക്കുന്നത് പോലെ ഡോക്ടര്‍ക്ക് നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളൂ. അവറാന്‍ ആ ഗ്യാപ്പില്‍ മുറിയുടെ രണ്ട് ചുവരുകളിലും ഓടിചെന്ന് തൊടുകയും, റൂഫിലോട്ട് കുതിച്ചു മുഷ്ടി ചുരുട്ടി ആകാശത്തേക്ക് ഇടിക്കുകയും ചെയ്തുകൊണ്ടിരുന്നു.
”ഇതെന്നതാ ചേടത്തിയേ…?” എന്ന മട്ടില്‍ ഡോക്ടര്‍ ചേടത്തിക്ക് നീട്ടിയൊരു ത്രോഇന്‍ കൊടുത്തു. ”ഇതാണ് ഡോക്ട്ടറേ ഇതിയാന്റെ പ്രശ്‌നം” എന്ന് ചേട്ടത്തി തിരിച്ചൊരു റിട്ടേണ്‍ ഷോട്ടും. അപ്പോളേക്കും കാലകറ്റി മുതുകു വളച്ച് എന്തോ പിടിക്കാന്‍ നില്‍ക്കുന്ന പോസില്‍ അങ്ങോട്ടും ഇങ്ങോട്ടും ചന്തി ചലിപ്പിച്ചു കൊണ്ട് അവറാന്‍.
”എത്ര ദിവസമായി തുടങ്ങിയിട്ട്…..?”
”കഴിഞ്ഞ ജൂണ്‍ 14 മുതലാണ് ഡോക്ടര്‍”
ഇതു ഫുട്‌ബോളുമായി ബന്ധപ്പെട്ട എന്തോ പ്രശ്‌നമാണെന്ന് തോന്നിയ ഡോക്ടര്‍ വെറുതേയൊരു നമ്പറിട്ടു.
”പ്രിക്വാര്‍ട്ടര്‍ കഴിഞ്ഞ ശേഷമാണോ രോഗം ഇത്രയും വഷളായത്?”
അവറാന്‍ അമര്‍ത്തിയൊന്ന് മൂളി.
”ക്വാര്‍ട്ടറൊന്നും നമുക്ക് പറ്റുകേല ഡോക്ട്ടറെ അടിക്കുവാണേല്‍ ഫുള്ള്……”
”അതുകഴിഞ്ഞാല്‍ പള്ള്……..” ചേടത്തി ഇടയില്‍ കയറി ഇന്റര്‍സെപ്റ്റ് ചെയ്തു.
”നീ… മിണ്ണ്ട…. ര്‍ര്‍ദ്. നിന്റപ്പന്‍ കുശിനിക്കാരന്‍ ആ ചരുവില്‍ വക്കച്ചനല്ലിയോടി എന്നെയീ കിക്കോഫ് പടിപ്പിച്ചത്. അങ്ങനെയല്ലിയോടി ഞാന്‍ ഇങ്ങനെ ആയിപ്പോയത്.
”കുറച്ചു ദിവസങ്ങളായിട്ടാണ് സാറേ ഇതിയാന്റെ ഈ കോപ്രായം സഹിക്കാന്‍ മേലാണ്ടായത്. ഇതിയാന് ഇതെന്തിന്റെ കേടാന്ന് എനിക്കറിയാമ്മേലായേ…. ഈ ദണ്ണം ഒന്ന് മാറിക്കിട്ടുവാണേല് പോട്ടയി കൊണ്ടോയ് രണ്ടാഴ്ചത്തെ ധ്യാനം കൂടികൊള്ളാമേ…… എന്റെ ഗീവര്‍ഗ്ഗീസ് പുണ്യാളാ…..” ചേടത്തി അടുത്ത മൂക്ക് പിഴിച്ചിലിന് തയ്യാറെടുത്തപ്പോള്‍ ഡോക്ടര്‍ പൊടുന്നനെ കസേരവലിച്ചു പുറകോട്ടിട്ട് ഒരു ഉഗ്രന്‍ സേവ്.
”ആ….ഹ്……ഹാക്ക്…….ഹവ……ഹോ…..” ഏതോ ആദിമ ഗോത്രവര്‍ഗ്ഗത്തിന്റെ ലിപിയില്ലാത്ത ഭാഷയില്‍ ചില വിചിത്ര ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ട് അവറാന്‍ ഗോഷ്ടികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
”എന്റെ ഡോക്ടറെ കഴിഞ്ഞ ഒരു മാസമായ് ഇതിയാന് ഉറക്കമില്ലന്നേ. രാത്രീല് ടിവിയും വച്ച് വെളുക്കുവോളം ഒരൊറ്റ ഇരിപ്പാണ്. ഞാന്‍ രാവിലെ തൊഴിലുറപ്പിന് പോവുമ്പോ പോലും കിടക്കപ്പായീന്ന എണീക്കുകേല…..”
”എന്താ അവറാച്ചാ രാത്രീല് ഉറക്കമില്ലേ?”
”ഇല്ല ഡോക്ട്ടറെ എന്നെങ്കിലും ഫ്രീകിക്ക് ഉള്ള ദിവസം നേരത്തേയങ്ങ് ഉറങ്ങിപ്പോവും. അല്ലാത്തപ്പം ഉറക്കം തീരെ കൊറവാ”.
”അതെന്നതാ ഈ ഫ്രീകിക്ക്?” ഡോക്ടര്‍ ചേടത്തിയെ നോക്കി.
”അതേയ്….. കാശുള്ളപ്പോ ഇതിയാന്‍ എല്ലാ ദിവസവും ഫുള്‍ കിക്കായിട്ടേ വീട്ടിലേയ്ക്ക് വരൂ. ഏതെങ്കിലും കമ്പിനിയില്‍പെട്ട് ആരെങ്കിലും സ്‌പോണ്‍സര്‍ ചെയ്ത് ഓസിയില്‍ അടിച്ചു കിക്കാവുന്നതാണ് സാറേ ഈ ഫ്രീകിക്ക്.
”ഹഹ്ഹാ…… അതുകൊള്ളാമല്ലോ!”
ഡോക്ടറുടെ ഈ ചിരി അവറാന് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഇഷ്ടപ്പെട്ടില്ലെങ്കില്‍ പറയാനുള്ളത് ഒടേമ്പ്രാനോടാണേലും അവറാന്‍ പറഞ്ഞിരിക്കും.
”സാറു കേറിയങ്ങ് ഓഫ് സൈഡ് കളിക്കണ്ട കേട്ടോ. അവറാന്‍ അല്‍പ്പം മദ്യപിക്കും. നേരാ. പക്ഷേങ്കി കുടുമ്മ കാര്യങ്ങള്‍ നോക്കുന്നതില്‍ നമ്മളെപ്പോഴും ഫസ്റ്റ് ഇലവനില്‍ തന്നെയാ. സംശയണ്ടങ്കി ആ ചെല്‍സി മോളോടോ ആ ബാര്‍സിലോണോ മോളോടോ ചോയിച്ചു നോക്കിയേ. എന്ത് പ്രശ്‌നം വന്നാലും അവരുടെ അപ്പച്ചന്‍ സ്റ്റഡി ബാക്കായി സെന്ററില്‍ നിന്നല്ലിയോ കളിക്കുന്നതെന്ന്. എന്നാ പ്രശ്‌നമാണേലും നമ്മളാദ്യം അതിനെ ഡിഫന്റ് ചെയ്യാന്‍ പടിക്കണം. എന്നിട്ടതിനെ ഡ്രിബിള്‍ ചെയ്തു നീട്ടി ഒരു ലോഗ് പാസ് വെച്ചു കൊടുത്താല്‍ പ്രശ്‌നങ്ങള്‍ക്ക് ഒരു ബ്യൂട്ടിഫുള്‍ ക്ലിയറന്‍സ് കിട്ടും…. അല്ലിയോ.” അവറാച്ചന്‍ കണ്ണിറുക്കി ചിരിച്ചു.
”എവിടുന്നു കിട്ടി ഇത്രേം നല്ല ഇംഗ്‌ലീഷ്. അവറാന്‍ ഏതു വരെ പഠിച്ചു?”
”ഇംഗ്‌ലീഷൊന്നും വല്യ കാര്യോന്നുമല്ല സാറേ. വേണ്ടി വന്നാല്‍ നമ്മള്‍ സ്പാനിഷ് ലീഗോ ഇറ്റാലിയന്‍ ലീഗോ വേണേലും തട്ടിവിടും. പിന്നേ, സ്‌കൂള്‍ പഠിത്തമൊക്കെ ഒരു കണക്കാ സാറേ. ഈ മാഷമ്മാരൊക്കെ പടിപ്പിക്കുന്നതല്ല പ്രവര്‍ത്തിക്കുന്നത്. എല്ലാവര്‍ക്കും ജീവിതത്തില്‍ ഒരു ഗോള്‍ വേണം എന്നാണ് അവര്‍ പറയാറ്. എന്നാല്‍ ഫൈനല്‍ ടെസ്റ്റില്‍ നമക്കവര്‍ തരുന്നത് വെറും ഗോളങ്ങള്‍ മാത്രമാണ്. അന്നത്തെ നമ്മുടെ ടീമുകളൊക്കെ നല്ല യുണൈറ്റഡായിരുന്നു. സ്‌കൂളിന്റെ ലെഫ്റ്റ് ഔട്ട്‌സ്‌വിംങ്ങില്‍ നല്ല കത്തിച്ചാല്‍ കത്തുന്ന സ്വയമ്പന്‍ സാധനം കിട്ടുമായിരുന്നു. അന്തികൂരായ്പ്പ് കഴിയുമ്പോ ഞങ്ങള്‍ അടിച്ചു കിക്കായി ഗ്രൗണ്ടിന്റെ കോര്‍ണറില്‍ കിടക്കുമായിരുന്നു. അങ്ങനെയാണ് ഈ കോര്‍ണര്‍ കിക്ക് ഞാന്‍ പഠിച്ചേ….”
”ഇനിയെങ്കിലും ഈ മദ്യപാനം നിര്‍ത്തിക്കൂടെ അവറാച്ചന്?
”ഇന്റ ഡോക്ട്ടറെ നിങ്ങള്‍ എന്നെയങ്ങനെ വലിയ

മെത്രോപോലീത്തയൊന്നും ആക്കണ്ട. മദ്യം അമിതമായാല്‍ ലിവര്‍പൂള്‍ അങ്ങ് അടിച്ചു പോവും എന്നല്ലേ പറയാന്‍ വരുന്നത്. കാഞ്ഞിരപ്പള്ളി
ക്കാരനോട് മദ്യപിക്കരുതെന്ന് പറഞ്ഞാല്‍ കര്‍ത്താവു പൊറുക്കുകേല. ദാ…… ഇവിടെ നോക്കിയേ, എത്ര കിക്കായാലും നമ്മള്‍ നെഞ്ചും വിരിച്ചങ്ങ് നല്ല മാഞ്ചസ്റ്ററായി നടക്കുന്നത് കാണണോ……”
നടക്കാന്‍ എണീറ്റ അവറാന്‍ സമനില തെറ്റി മറിഞ്ഞതും മേശയുടെ കാലില്‍ തട്ടി തലയിടിച്ചു വീഴ്ന്നതും ഒരുമിച്ചായിരുന്നു.
”ചേയ്…… കുഴപ്പമൊന്നും ഇല്ലെന്നേ……. കാലൊന്ന് മെസ്സിയായതാ. എനിക്ക് ഒരു ഇഞ്ച്വറിയും ഇല്ല. മറിഞ്ഞപ്പോ ഞാനൊന്ന് ഡ്രോപ്പ് ചെയ്ത് ഹെഡ് ചെയ്തത് ഡോക്ട്ടര്‍ ശ്രദ്ധിച്ചോ?”
അവറാന്‍ ഉഷാറായി.
”നേരാ….. ഇതിന് മുന്നേ എത്ര എത്ര സര്‍വേകല്ലുകളെ ഇതിയാന്‍ ഹെഡ് ചെയ്ത് വീഴ്ത്തിയിരിക്കുന്നു.”
അന്നാമ്മ ചേടത്തിയുടെ ആവശ്യമില്ലാത്തൊരു മാന്‍ റ്റു മാന്‍ മാര്‍ക്കിംഗ് ആയിപ്പോയി അത്.
”എന്നാ അറിഞ്ഞിട്ടാടി നീ കെടന്ന് ചെലക്കുന്നേ. ഡോക്ട്ടറുടെ ഈ മേശയില്ലേ ഇവന്‍ ഫൗള്‍ കാണിച്ചിട്ടല്ലേ ഞാന്‍ മറിഞ്ഞ് വീണേ. ഈ മേശ എന്നെ കാലു കൊണ്ട് ഫൗള്‍ ചെയ്തതാ സാറേ….”
”അതു പോട്ടേ ഈ കാലില്‍ എന്നതാ തുണി ചുറ്റി കെട്ടിയിരിക്കുന്നേ?” ഡോക്ടര്‍ ഒന്നു പരിശോധിക്കാന്‍ ശ്രമിചപ്പോള്‍ അവറാന്‍ ശടേനെ കാല്‍ പുറകോട്ട് ഡ്രിബിള്‍ ചെയ്ത് മാറ്റി.
”സാറേ…… ഇരുട്ടത്ത് വരാന്തയേല് നമ്മുടെ കിടിലന്‍ എംബൗബൗ ഓഫ് സൈഡായി കേറി കിടക്കുവാര്‍ന്നേ….”
”ബൗ….ബൗ……വോ?”
”അതേന്നേ നമ്മുടെ കിലിയന്‍ എംബാബെ……. തൊട്ടടുത്ത ഇന്റര്‍ മിലാന്റെ സ്‌ട്രൈക്കര്‍”.
”അടുത്ത വീട്ടിലെ പട്ടിയെ പറയുവാ”.
”തണുപ്പത്ത് അവന്‍ ബോക്‌സിനുള്ളില്‍ കയറി ഒരു അണ്‍ അറ്റന്‍ഡഡ് ബോളു പോലെ ചുരുണ്ടങ്ങ് കിടക്കുവാ. ഞാനാരാ മോന്‍. ഗ്രീസ്മാനല്ലിയോ…… ഗ്രീസ്മാന്‍. ലെഫ്റ്റ് ഫൂട്ടില്‍ ഒരു ലോഗ് റേഞ്ചറങ്ങ് വച്ചു കൊടുത്തു. കാലുമടക്കി ഒരൊറ്റ കീറ്…….”
”എന്നിട്ട്…….”
”സാര്‍ കഥയറിയാതെ ആട്ടം കാണുവാന്നോ? ഞാന്‍ പറഞ്ഞില്ലിയോ ഒരൊറ്റ് കീറെന്ന്. ഗ്രില്ലിലെ കമ്പികൊണ്ട് കാല് ഒരൊറ്റ കീറ്. ഏഴു തുന്നലുണ്ടായിരുന്നു.
”അവറാച്ചനെ നിയന്ത്രിക്കാന്‍ വീട്ടിലാരുമില്ലേ….?”
”ദാ….. നിക്കുവല്ലിയോ…. എന്റെ കോച്ചും റഫറിയുമൊക്കെ ഈ നിക്കുന്ന വ്യാളിരൂപം തന്നല്ലിയോ? ചിലപ്പോഴൊക്കെ ഞാന്‍ എത്ര ശ്രമിച്ചാലും എന്റെ ഫോര്‍മേഷന്‍ തെറ്റിപോകും. കാലെടുത്ത് വയ്ക്കുമ്പോള്‍ ഫോര്‍ ത്രീ വണ്‍ എന്നൊക്കെയായിപ്പോവും. അപ്പോളേക്കും ഈ ചട്ടക്കാരി മദാമ്മ വിസിലൂതി നാട്ടുകാരെ വിളിച്ചു കൂട്ടും. ഇവക്കടെ കൂടെ ആ രണ്ട് ജൂനിയേഴ്‌സും കൂടി കൂടും. ആ കാന്താരി ചെല്‍സി പെണ്ണും ബാര്‍സിലോണയും. എന്നിട്ട് ഇതുങ്ങളൊക്കെക്കൂടി സെറ്റ്പീസ് കളിച്ച് എന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കും. എന്നിട്ടും രക്ഷയില്ലെന്ന് വരുമ്പോ ഇവള്‍ മഞ്ഞ കാര്‍ഡ് എടുത്ത് കാണിച്ച് എന്നെ വിരട്ടാന്‍ നോക്കും.”
”എടോ മനുഷ്യാ…. അതു റേഷന്‍കാര്‍ഡാ. മഞ്ഞ കവര്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നെന്നേയുള്ളൂ. വീട്ടില്‍ ഒരു മണി അരിയില്ലാതാവുമ്പോ എടുത്തു കാണിക്കുന്നതാ സാറേ ഈ കാര്‍ഡ്. പോയി റേഷന്‍ കടയില്‍ നിന്ന് എന്നതേലും മേടിച്ചോണ്ട് വരാന്‍. ഹും…… ഒടുവില്‍ എന്റെ അവസാനത്തെയടവിലാ ഇതിയാന്‍ ഒന്നടങ്ങിയത്.”
”അതെന്നതാ…..” ഡോക്ടര്‍ക്കും ആകാംഷയായി.
”അതു വല്ലാത്തൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കായിപ്പോയി ന്റ കര്‍ത്താവേ. ഈ രാക്ഷസി എന്നോട് പറയുവാ ഈ കളി ഇനിയും തുടര്‍ന്നാല്‍ എന്നെയിവള്‍ വിത്ഡ്രാ ചെയ്തിട്ട് സബ്സ്റ്റിട്ട്യൂട്ടിനെ ഇറക്കും പോലും. കുടുമ്മത്തി പെറന്ന നസ്രാണികള് പറയുന്ന വാക്കാണോ സാറേ ഇത്. അങ്ങനെയെങ്ങാനും ഇവള്‍ക്കൊരു പൂതിയുണ്ടെങ്കി കര്‍ത്താവാണെ ഞാനൊരു ബുള്ളറ്റ് ഷോട്ടെടുത്ത് ഇവക്കടെ നട്ടെല്ല് ഒടിക്കും.”
”ഓ…. ഒടിക്കാന്‍ ഇങ്ങ് വന്നേരെ….. ഞാന്‍ നിന്ന് തരാം”
രംഗം വഷളായി തുടങ്ങിയെന്ന് ഡോക്ടര്‍ക്ക് മനസ്സിലായി. അവറാനെ അടുത്തു വിളിച്ചിരുത്തി. വായ്ക്കകത്ത് ടോര്‍ച്ചടിച്ചു നോക്കി.
”അങ്ങനെയൊന്നും നോക്കിയിട്ട് കാര്യോല്ല ഡോക്ട്ടറേ. വിഎആറില്‍ നോക്കിയാലേ കാര്യങ്ങള്‍ അച്ചട്ടായി അറിയാന്‍ കഴിയൂ….”
ഡോക്ടര്‍ അവറാനെ നെടുങ്ങനെയങ്ങ് കിടത്തി. ഈസിജിയുടെ നോഡുകള്‍ ദേഹത്ത് ഫിറ്റു ചെയ്തപ്പോള്‍ തന്നെ ഇതിയാന്റെ ഫിറ്റൊക്കെയങ്ങ് മാറി. ട്യൂബും കുഴലുമൊക്കെ കണ്ടപ്പോ പാവം അങ്ങ് പേടിച്ചു പോയി. പിന്നെയങ്ങ് കൊച്ചുകുട്ടികളെപ്പോലെ കരയാന്‍ തുടങ്ങി.
”ന്റ ഡോക്ട്ടറെ ഞാന്‍ കുടുമ്മ സ്‌നേഹം ഇല്ലാത്തവനൊന്നുമല്ല. ഒന്ന് ചോദിച്ചു നോക്കിയേ….. മിനിയാന്ന് ഇവക്കട ഇളയ ചെക്കന്‍ അങ്ങ് പോര്‍ച്ചുഗലില്‍ മര്‍ച്ചന്റ് നേവിലായിരുന്ന റോനാല്‍ഡോ വിരുന്നിന് വന്നപ്പ ഞാന്‍ എങ്ങനാ സല്‍ക്കരിച്ചേ? ഒരു ക്ലബിലെ അംഗങ്ങളെപ്പോലെ എത്ര സ്‌നേഹത്തോടെയാ ഞാനവന് നെയ്മര്‍ വിളമ്പിക്കൊടുത്തത്.”
”നെയ്മറോ” ഡോക്ടര്‍ പരിശോധന നിര്‍ത്തി.
”നെയ്‌ച്ചോറിനെ പറയുവാ ഡോക്ട്ടറെ……” അന്നാമ്മയുടെ ക്ലോസ് ഇന്റര്‍സെപ്ഷന്‍.”

”ഊണ് കഴിഞ്ഞ് ഓരോരോ കുടുമ്മ കാര്യങ്ങളും പറഞ്ഞിരിക്കുമ്പളാ ഇവളെന്റെ അമ്മച്ചിക്കിട്ട് ഫൗള്‍ പറഞ്ഞത്. അരിശം കണ്‍സീഡ് ചെയ്യാന്‍ പറ്റാതായപ്പോള്‍ ഞാന്‍ ചോറുകലത്തിനിട്ട് ഒരു ലോങ്ങ് റേഞ്ചര്‍ എടുത്തത് സെക്കന്റ് പോസ്റ്റിന്റെ വെളിയിലൂടെ തൊട്ടപ്പുറത്തെ ലുഷ്‌നിക്കി പറമ്പിലേയ്ക്കായിപ്പോയി. വീടാവുമ്പോ ഈ ത്രോഇന്നും ത്രോഔട്ടുമൊക്കെയുണ്ടാവും. കുടുമ്മത്തിലേ പെണ്ണുങ്ങളല്ലേ ക്ഷമിക്കേണ്ടത്. പക്ഷേ ഇവള്‍ ക്ഷമിച്ചില്ല. പിന്നെ കേക്കണോ സാറേ…… ഇവളും ആ അളിയന്‍ ചെറുക്കനും കൂടി എന്നെ സോണല്‍ മാര്‍ക്ക് ചെയ്ത് എന്നെയങ്ങ് വട്ടം മിന്നുവാ. ഞാന്‍ പതിയെ മൈനസ് കളിച്ചിട്ട് ഇവക്കിട്ട് ഒരു ഡയഗണല്‍ ഷോട്ട് കൊടുക്കാന്‍ ശ്രമിച്ചു നോക്കിയതാ. പക്ഷേ അതു ഇന്‍ സ്വിംങ്ങിലായി ചെന്ന് പതിച്ചത് ആ അളിയന്‍ ചെറുക്കന്റെ ചെസ്റ്റിലാ .
പിന്നെ ബോക്കിസിനകത്തൊരു കൂട്ട പൊരിച്ചിലാര്‍ന്നു. അപ്പോളേക്കും ഞങ്ങടെ റൈറ്റ് വിംങ്ങില്‍ താമസിക്കുന്ന ആ ബൈജു ദാമോധരനും വേറെ രണ്ടെണ്ണവും കൂടെ അവിടെയെത്തി. എന്നാ പറയാനാ സാറേ. അവസാനം എല്ലാവരും കൂടി എനിക്ക് റെഡ് കാര്‍ഡ് കാണിച്ചു. അതു വകവയ്ക്കാതെ വീണ്ടും തള്ളിക്കയറുവാന്‍ ശ്രമിച്ച എനിക്ക് കിട്ടിയത് പെനാല്‍റ്റി ഷൂട്ടൗട്ട്. സെക്കന്റുകള്‍ കൊണ്ട് സെക്കന്റ് പോസ്റ്റില്‍ തൊട്ടും തൊടാതെയും ഞാന്‍ തെങ്ങിന്‍ കുഴിയില്‍. കൂട്ടിന് ആ ചോറുകലവും.
നെഞ്ചുപൊട്ടിക്കരയുന്ന അവറാനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഡോക്ടര്‍ അന്തരാളപെട്ട്‌പോയി.
”പോട്ടെ ചേട്ടാ….. ഇയാടെ മദ്യപാനമല്ലെ ഇതിനൊക്കെ കാരണം…. പോട്ടേ…… ഇതൊക്കെ എല്ലാ വീടുകളിലും ഉള്ളതല്ലേ…..”
”നേരാ ഡോക്ട്ടറെ. വീടാവുമ്പോ ഇതൊക്കെയുണ്ടാവും. എനിക്കതിലൊന്നും വിഷമമില്ല. പക്ഷേ ഞാന്‍ കണ്‍സീഡ് ചെയ്‌തെന്നറിഞ്ഞപ്പോ ആ ബൈജുദാമോധരന്‍ മറ്റവന്റെ കൂടെ ചേര്‍ന്ന് അലറി വിളിച്ചത് ഓര്‍ക്കുമ്പോ…..ഓ……എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല ഡോക്ട്ടറേ……”
”അയാള്‍ എന്നതാ വിളിച്ചു പറഞ്ഞേ…?”
”അതോര്‍ക്കുമ്പോള്‍ ഇപ്പോ പോലും ന്റെ ചെവിക്കല്ല് പൊട്ടിപോവുവാ…. അയാള്‍ വിളിക്കുവാ……. റോനാള്‍ഡോ…….ഒ….ഓഓ…….ഓ….ഓ…അവറാച്ചന്‍ ഈസ് ട്രൈലിങ്ങ്. നിങ്ങള്‍ക്ക് വിശ്വസിക്കാമോ……. നിങ്ങള്‍ക്ക് ഇത് വിശ്വസിക്കാമോ….. വളഞ്ഞിറങ്ങിയ ആ കിക്ക് കൃത്യമായി പറമ്പിന്റെ കോര്‍ണറില്‍ തന്നെ പതിച്ചിരിക്കുന്നു. റോനാള്‍ഡോ വന്തിട്ടേന്ന് സൊല്ല്……. തിരുമ്പി വന്തിട്ടേന്ന് സൊല്ല്……റൊനാള്‍ഡോ…..ക്രിസ്റ്റിയാനോ റോനാള്‍ഡോ……..ഡാ…….. വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിയാതെ, അവറാച്ചന്‍ ബോധരഹിതനായി നിലത്ത് വീണു.
ഒരാഴ്ച കഴിഞ്ഞ് അവറാച്ചന്റെ ഡിസ്ചാര്‍ജ് ഷീറ്റില്‍ ഡോക്ടര്‍ ഇങ്ങനെ കുറിപ്പെഴുതി.
”കഴിഞ്ഞ കുറേ നാളുകളായി കേരളത്തില്‍ ചിലയിടങ്ങളില്‍ കണ്ടു വരുന്ന ഫുട്‌ബോളോ സ്‌ക്കിസേഫീനിയ എന്ന ഒരു തരം വൈറസ് രോഗമാണിത്. രോഗം പൂര്‍ണ്ണമായി ചികില്‍സിച്ചുമാറ്റാന്‍ കഴിയുന്നതല്ല. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറല്‍ ആന്‍ഡ് ഇമ്മ്യൂണോളജി പറയുന്നത് പത്ത് ആമ്പ്യൂള്‍ റയല്‍ മാഡ്രിഡും ഫിഫ ട്വന്റി എയ്റ്റിനും കൂട്ടി ചേര്‍ത്ത് ഇന്‍ജക്റ്റ് ചെയ്താല്‍ രോഗത്തിന് അല്‍പ്പമൊന്ന് ശമനം കിട്ടുമെന്നാണ്. എന്നാല്‍ നാലു വര്‍ഷം കഴിയുമ്പോള്‍ ഈ വൈറസ് വര്‍ദ്ധിച്ച വീര്യത്തോടെ തിരിച്ചുവരാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെ വരുകയാണെങ്കില്‍ ഖത്തറിലെ സെയ്ല്‍ ആശുപത്രിയില്‍ മാത്രമേ ഇതിന് ചികില്‍സ ഉണ്ടാവുകയുള്ളൂ. മെഴുവേലി തെക്കേ കണ്ടത്തില്‍ ശ്രീ.അവറാച്ചന്‍ വൈറസ് അറ്റാക്കില്‍ നിന്നും വിമുക്തനായെങ്കിലും ശ്രീ.ബൈജുദാമോധരന്റെ അലര്‍ച്ചയില്‍ നിന്നും വിമുക്തമാകാന്‍ ഇനിയും വര്‍ഷങ്ങള്‍ എടുത്തേക്കും.