ഡല്‍ഹി അര്‍പ്പിത് ഹോട്ടലില്‍ തീപിടുത്തം: 17 മരണം: മരിച്ചവരില്‍ കൊച്ചി സ്വദേശിനിയും

0
139

 

ഡല്‍ഹി കരോള്‍ബാഗിലെ ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ 17 പേര്‍ മരിച്ചു. മരിച്ചവരില്‍ കൊച്ചി ചോറ്റാനിക്കര സ്വദേശിയുമുള്ളതായി അഗ്നിശമന സേന അറിയിച്ചു. കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലില്‍ ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് തീപിടുത്തമുണ്ടായത്.
അപകടസമയത്ത് ഹോട്ടലില്‍ 40 താമസക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 35 പേരെ രക്ഷപ്പെടുത്തി. പൊള്ളലേറ്റവരുടെ നില ഗുരുതരമാണ്. രാവിലെ ഏഴുമണിവരെയും ഹോട്ടലിന്റെ മുകളിലെ നിലയില്‍ നിന്ന് കനത്ത പുകയും തീയും ഉയര്‍ന്നിരുന്നു.
ഇരുപതോളം ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് തീയണച്ചത്. പുലര്‍ച്ചെയാണ് വിവരം ലഭിച്ചതെന്നും അതിനകം തന്നെ തീ ആളിപ്പടര്‍ന്നിരുന്നുവെന്നും ഡല്‍ഹി അഗ്നിശമനസേന ഡയറക്ടര്‍ ജി.സി. മിശ്ര പറഞ്ഞു.
തീപിടുത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. 20 അഗ്നി രക്ഷാ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.