കൊല്ലത്ത് ആളുമാറി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

0
792

 

ആളുമാറി മര്‍ദ്ദനത്തെ തുടര്‍ന്ന് ഐ.ടി.ഐ. വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലം ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീതാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. തേവലക്കര അരിനല്ലൂര്‍ ചിറക്കാലക്കോട്ട് കിഴക്കതില്‍ രാധാകൃഷ്ണപിള്ളയുടെയും രജനിയുടെയും മകന്‍ രഞ്ചിത് (18) ആണ് മരിച്ചത്.
ഫെബ്രുവരി 16 നാണ് സംഭവം നടക്കുന്നത്. പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ ഒരു സംഘം വീട്ടില്‍ നിന്ന് പിടിച്ച് പുറത്തിറക്കിയ ശേഷം തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കാന്‍ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്ന് പല തവണ പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല.
ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ തിരുവനന്തപുരത്തെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറേ ദിവസം അത്യാഹിത വിഭാഗത്തില്‍ കിടന്ന രഞ്ജിത്ത് ഇന്നലെയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം കൊല്ലം അരിനെല്ലൂരിലെ വീട്ടിലെത്തിച്ച് മൃതദേഹം സംസ്‌കരിക്കും.