കെ.എസ്.ആര്‍.ടി.സി.യില്‍ 1565 എം.പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

0
900

 

കെ.എസ്.ആര്‍.ടി.സി.യിലെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. 1565 താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിടാനാണ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. 2013ലെ പിഎസ്്‌സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആര്‍.ടി.സി. അപ്പീല്‍ നല്‍കും.
2455 വേക്കന്‍സികളില്‍ പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്ളവരെ നിയമിക്കണം. ഇവരെ നിയമിക്കാനുള്ള അഡൈ്വസ് മെമ്മോ എത്രയും പെട്ടെന്ന് നല്‍കണം. ഈ മാസം 30-നകം ഇത് സംബന്ധിച്ച് എടുത്ത നടപടികളെല്ലാം ചേര്‍ത്ത് തല്‍സ്ഥിതിവിവരറിപ്പോര്‍ട്ട് നല്‍കണം. പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്ള ഉദ്യോഗാര്‍ഥികളാണ് നിയമനനടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അതേസമയം, ഹൈക്കോടതിയുടെ പുതിയ ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയേക്കുമെന്നാണ് സൂചന. ഹൈക്കോടതിയുടെ ഉത്തരവ് കെ.എസ്.ആര്‍.ടി.സിയെ വന്‍നഷ്ടത്തിലേക്ക് നയിക്കുമെന്ന് എംപാനല്‍ഡ് സമരസമിതി നേതാവ് ദിനേശ് ബാബു പ്രതികരിച്ചു.