സ്ത്രീശാക്തീകരണം- ദേശീയവീക്ഷണത്തില്‍

0
2692

                  സ്ത്രീശാക്തീകരണം, സ്ത്രീസ്വാതന്ത്ര്യം, സ്ത്രീസുരക്ഷ, സ്ത്രീ-പുരുഷ സമത്വം എന്നിവ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഉപരിതലത്തിലുള്ള ചര്‍ച്ചകളും, പാശ്ചാത്യ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളും പലപ്പോഴും ശരിയായ വസ്തുതകളെ തമസ്‌കരിക്കുകയാണ് ചെയ്യുന്നത്. നാം ജീവിക്കുന്ന പരിതസ്ഥിതിയില്‍, പശ്ചാത്തലത്തിലും കൂടാതെ സംസ്‌കാരം, മതം, ഭരണഘടനാമൂല്യങ്ങള്‍, ചരിത്രം ഇവയുടെ പിന്‍ബലത്തിലും ചര്‍ച്ചയുണ്ടാവണം. എല്ലാവരെയും തുല്യരായി കാണുന്ന ഒരു ഭരണഘടനയും, നിരവധി സ്ത്രീസുരക്ഷാ നിയമങ്ങളും ഉണ്ടായിട്ടും ഭാരതസ്ത്രീ ശാക്തീകരിക്കപ്പെടുന്നില്ല. മാത്രമല്ല അവള്‍ സുരക്ഷിതയുമല്ല. സ്വന്തം ഗൃഹാന്തരീക്ഷത്തില്‍പ്പോലും സുരക്ഷിതത്വബോധം സൃഷ്ടിക്കാന്‍ നമുക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ അവലോകനം ഈ വിഷയത്തില്‍ ഉണ്ടാവണം.
                 സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കേവലം രാഷ്ട്രീയ ആശയങ്ങളുടെ പശ്ചാത്തലത്തില്‍ നിന്ന് നോക്കി കാണുന്നതില്‍ അര്‍ത്ഥമില്ല. സ്ത്രീയെയും, പുരുഷനെയും രണ്ടു വര്‍ഗ്ഗങ്ങളായി കാണുന്ന സമീപനവും ശരിയല്ല. എന്നാല്‍ മതവും ഭരണകൂടവും അടിച്ചേല്‍പ്പിക്കുന്ന ഇരുമ്പ് ചട്ടക്കൂട് തകര്‍ക്കാതെ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമാകില്ല. സെമിറ്റിക് മതങ്ങള്‍ സ്ത്രീകള്‍ക്ക് തുല്യസ്ഥാനം നല്‍കുന്നില്ല. പുരുഷകേന്ദ്രീകൃത പൗരോഹിത്യ വ്യവസ്ഥ സ്ത്രീയെ കൂടുതല്‍ ദുര്‍ബലയാക്കി. പതിനഞ്ചാം നൂറ്റാണ്ടിനുശേഷം യൂറോപ്പില്‍ ഉണ്ടായ നവോത്ഥാനവും, മതനവീകരണവും സ്വാതന്ത്ര്യത്തിന്റെ പുതിയ വാതായനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. മതേതരത്വബോധവും ജനാധിപത്യ ആശയങ്ങളും പ്രബലമായി. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ ആശയങ്ങള്‍ ജനകീയമായി. അമേരിക്കന്‍ വിപ്ലവവും, ഫ്രഞ്ച് വിപ്ലവവും ജനാധിപത്യയുഗത്തിന് വേദി ഒരുക്കി. എന്നിരുന്നാലും ഈ വ്യവസ്ഥയില്‍പോലും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും, വോട്ടവകാശവും നല്‍കിയിരുന്നില്ല. ഉദാഹരണത്തിന് അമേരിക്കന്‍ ഭരണഘടന നിലവില്‍ വന്ന് നൂറ്റിമുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സ്ത്രീകള്‍ക്ക് വോട്ടവകാശം അവിടെ ലഭിക്കുന്നത്. ഈ രാജ്യങ്ങളില്‍ വിദ്യാഭ്യാസ അവകാശവും, സ്വത്തവകാശവും നിഷേധിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. പാശ്ചാത്യ ഫെമിനിസ്റ്റ് ആശയങ്ങള്‍ യൂറോപ്പിനു പുറത്ത് ചലനം ഉണ്ടാക്കിയില്ല. കൂടാതെ സ്ത്രീയെ സ്വതന്ത്രയാക്കാന്‍ മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ക്കും കഴിഞ്ഞില്ല. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയില്‍പോലും സ്ത്രീ പങ്കാളിത്തം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. ഉദാഹരണത്തിന് സോഷ്യല്‍ ഭരണക്രമം ഒരുകാലത്ത് സ്വീകരിച്ച സോവിയറ്റ് ഏഷ്യ, കിഴക്കന്‍ ജര്‍മ്മനി, പോളണ്ട്, ചെക്കോസ്ലോവാക്യ, ഹങ്കറി, യൂഗോസ്ലോവിയ,അല്‍ബേനിയ, റുമേനിയ, ചൈന, ഉത്തരകൊറിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വസ്ഥാനത്തെയോ, പോളിറ്റ്ബ്യൂറോയിലോ, ഭരണരംഗത്തോ സ്ത്രീ കടന്നുവന്നില്ല. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ നേതൃത്വസ്ഥാനത്തും സ്ത്രീകള്‍ക്ക് കടന്നുവരാന്‍ കഴിഞ്ഞിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളും സ്ത്രീശാക്തീകരണത്തില്‍ പരാജയപ്പെട്ടു എന്നതാണ്. പശ്ചിമേഷ്യന്‍ ഇസ്ലാമിക ലോകത്തില്‍ സ്ത്രീയ്ക്ക് യാതൊരുതരത്തിലുമുള്ള ഭരണപങ്കാളിത്തവും ഇല്ല. വസ്ത്രധാരണത്തില്‍പ്പോലും നിയന്ത്രണങ്ങള്‍ ഉണ്ട്. തൊഴിലിടങ്ങളിലും ഏറെ നിയന്ത്രണങ്ങള്‍ ഉണ്ട്.
               സ്ത്രീയെ സംബന്ധിച്ചുള്ള ഇന്ത്യന്‍ സങ്കല്പം ചര്‍ച്ച ചെയ്യുമ്പോള്‍ ചരിത്ര പശ്ചാത്തലം ഏറെ പ്രസക്തമാണ്. പൗരാണിക കാലഘട്ടം, ഇസ്ലാമിക ആധിപത്യ- പാശ്ചാത്യ കൊളോണിയന്‍ കാലഘട്ടം, നവോത്ഥാന- സ്വാതന്ത്ര്യ സമരകാലഘട്ടം, സ്വതന്ത്രഭാരതം എന്നിങ്ങനെ നാലായി തിരിച്ച് അവലോകനം ചെയ്യാം. ഭാരതീയ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയ ഭരണക്രമമല്ല ഇവിടെയുണ്ടായിരുന്നത്. ഏതാണ്ട് ആയിരം വര്‍ഷം ഭാരതത്തെ ഭരിച്ചത് പശ്ചിമേഷ്യന്‍ ഇസ്ലാമിക ശക്തികളും തുടര്‍ന്ന് യൂറോപ്യന്‍ കോളനി ശക്തികളുമാണ്. ഭാരതീയ ചിന്താപദ്ധതികള്‍ കുറെയൊക്കെ സംരക്ഷിക്കപ്പെട്ടു എങ്കിലും, ഭരണകൂടം തികച്ചും വിദേശശക്തികളുടെ കൈകളിലായിരുന്നു. സ്വാഭാവികമായും ഇന്ത്യന്‍ ചിന്താപദ്ധതികള്‍ക്ക് പരിമിതിയുണ്ടായി. നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയും, സ്വാതന്ത്ര്യസമരത്തിലൂടെയും നിര്‍വചിക്കപ്പെട്ട ആശയങ്ങളാണ് സ്ത്രീശാക്തീകരണത്തില്‍ നമുക്ക് ചൂണ്ടിക്കാണിക്കുവാന്‍ കഴിയുന്നത്.
             ഭാരതീയ ചിന്താപദ്ധതിയില്‍ സ്ത്രീ ശക്തിയാണ്; ജനനിയാണ്; മാതാവാണ്; അറിവിന്റെ ദേവതയാണ്. സ്ത്രീയെയും പുരുഷനെയും ഒരുപോലെ കാണുന്ന അര്‍ദ്ധനാരീശ്വര സങ്കല്പവും ഇവിടെ എടുത്തുപറയേണ്ടതുണ്ട്. വേദകാലഘട്ടത്തിലും, ഇതിഹാസ കാലഘട്ടത്തിലും പുരാണങ്ങളിലും സ്ത്രീയ്ക്ക് ഉന്നതസ്ഥാനമാണ് ഉണ്ടായിരുന്നത്. എന്നാല്‍ സ്മൃതികളുടെ കാലഘട്ടത്തില്‍ സ്ത്രീയ്ക്ക് മാന്യത നല്‍കിയെങ്കിലും വിദ്യാഭ്യാസത്തിനും, സ്വത്തിനുമുള്ള അവകാശം നിഷേധിച്ചു. തുടര്‍ന്ന് ഒരായിരം വര്‍ഷം ഭാരതം വൈദേശിക അടിമത്വം പേറി എല്ലാ മൂല്യങ്ങളെയും ചവിട്ടിമെതിച്ച യുഗത്തിലേക്ക് കടന്നു. വൈദേശിക മുസ്ലീം ഭരണാധികാരികളും, തുടര്‍ന്നുവന്ന കൊളോണിയന്‍ ഭരണവും ഭാരതീയ സാമൂഹ്യവ്യവസ്ഥയുടെ അടിസ്ഥാനശിലകളെ തകര്‍ത്തു. ഇസ്ലാമിക ഭരണത്തില്‍ സ്ത്രീ പൊതുമണ്ഡലത്തില്‍ നിന്നുതന്നെ അപ്രത്യക്ഷമായി. ഹിന്ദുസമൂഹത്തിന്റെ അസംഘടിതാവസ്ഥയും, അനാചാരങ്ങളും, നേതൃത്വരാഹിത്യവും വിദേശഭരണവും ഒത്തുചേര്‍ന്നതോടെ ഭാരതീയ സാമൂഹിക വ്യവസ്ഥ ശിഥിലമായി. ശരിയും തെറ്റും തിരിച്ചറിയാനോ, ശരിയായ വഴിയ്ക്ക് നയിക്കാനുള്ള ഭരണകൂടമോ ഇല്ലാതെ അന്ധകാരത്തിന്റെ യുഗത്തിലേയ്ക്ക് ഒരു സമൂഹം ആനയിക്കപ്പെട്ടു. സത്രീ പര്‍ദയ്ക്കുള്ളിലായി. ശൈശവ വിവാഹം, സതി തുടങ്ങിയ ദുരാചാരങ്ങള്‍ സ്ത്രീയെ കൂടുതല്‍ ദുര്‍ബലയാക്കി. സ്വത്ത്, വിദ്യാഭ്യാസം എന്നിവയില്‍ നിന്ന് അകറ്റിയതോടെ സ്ത്രീകള്‍ പൂര്‍ണ്ണമായും അടുക്കളയില്‍ ഒതുങ്ങി. ഭക്തിപ്രസ്ഥാനത്തിന്റെ കാലഘട്ടത്തില്‍  ചെറിയ മാറ്റം ഉണ്ടായെങ്കിലും ഹിന്ദുക്കള്‍ സംഘടിത സമൂഹമല്ലാത്തതുകൊണ്ടും, ഭരണകൂടത്തിന്റെ പിന്തുണയില്ലാത്തതുകൊണ്ടും സമൂഹം കൂടുതല്‍ വിഭജിക്കപ്പെടുകയും, അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും, അയിത്തവും മുഖമുദ്രയാവുകയും ചെയ്തു. 
            19-ാം നൂറ്റാണ്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങളാണ് സ്ത്രീശാക്തീകരണത്തിന് വേദി ഒരുക്കിയത്. കൊളോണിയല്‍ ഭരണകൂടം സാമൂഹിക വ്യവസ്ഥയില്‍ ഇടപെടാന്‍  തയ്യാറല്ലായിരുന്നു. രാജറാം മോഹന്റോയിയുടെ ശ്രമംകൊണ്ടാണ് സതിസമ്പ്രദായം നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. നവോത്ഥാന പ്രസ്ഥാനങ്ങളാണ് സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തത്തിന് ശക്തിപകര്‍ന്നത്. രാജാറാംമോഹന്റോയി, ഈശ്വരചന്ദ്രവിദ്യാസാഗര്‍, സ്വാമി വിവേകാനന്ദന്‍, ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, മഹാത്മാഗാന്ധി തുടങ്ങിയ മഹാപുരുഷന്മാര്‍ സ്ത്രീശാക്തീകരണത്തിന്റെയും, സ്ത്രീവിദ്യാഭ്യാസത്തിന്റെയും വക്താക്കളായിരുന്നു. സിസ്റ്റര്‍ നിവേദിത, ആനിബസന്റ്, സരോജിനിനായിഡു തുടങ്ങിയ മഹതികള്‍ മാതൃകകളായി.
സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ വിപരീതമാണെങ്കിലും, ഭാരതീയ ദര്‍ശനങ്ങളില്‍ 'സ്ത്രീ' ശക്തിയുടെ പ്രതീകമാണ്. മാതൃശക്തിയാണ്. ഏറ്റവും മഹനീയമെന്നും, സ്ത്രീ ദൗര്‍ബല്യത്തിന്റെ പര്യായമല്ല എന്നും ഉറക്കെ പറയാന്‍ കഴിഞ്ഞത് ഭാരതീയ ദര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ്. സ്ത്രീശാക്തീകരണത്തിന് സമഗ്രമായ പദ്ധതി മുന്നില്‍ വച്ചത് സ്വാമി വിവേകാനന്ദനാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സ്ത്രീ പുരുഷന്റെ ശക്തി സ്രോതസ്സാണ്. സ്ത്രീ ഒരു സാമൂഹിക ശക്തിയാണ്. ആ ശക്തി പുരുഷനേക്കാള്‍ കൂടുതല്‍ ക്രിയാത്മകവും ശക്തിമത്തുമാണ്. ആത്മാര്‍ത്ഥത, സ്ഥിരോത്സാഹം, ക്ഷമ ഇവ സ്ത്രീയെ ശക്തിയുള്ളവളാക്കുന്നു. സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തില്‍ സ്ത്രീ പിന്നിലായത് അവര്‍ക്ക് വിദ്യാഭ്യാസം, സ്വത്ത്, സ്വാതന്ത്ര്യം, പുനര്‍വിവാഹം ഇവ നിഷേധിച്ചതുകൊണ്ടാണ്. യഥാര്‍ത്ഥത്തില്‍ അറിവാണ് ശക്തി. അറിവില്ലായ്മയാണ് അടിമത്വത്തിലേയ്ക്ക് നയിച്ചത്. അന്ധവിശ്വാസം, അടിമത്വം, വിദേശാക്രമണം, ഇവ ഇന്ത്യന്‍ സമൂഹത്തെ പൊതുവിലും, സ്ത്രീകളെ പ്രത്യേകിച്ചും ബാധിച്ചു. ഈ പശ്ചാത്തലത്തില്‍ പുരാതനകാലത്ത് സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന സ്ഥാനം വീണ്ടെടുക്കുകയാണ് വേണ്ടത്.
           യഥാര്‍ത്ഥത്തില്‍ സ്ത്രീശാക്തീകരണത്തിന് സ്ത്രീകള്‍ തന്നെ മുന്നില്‍ വരണം. സ്ത്രീകളുടെ പ്രശ്‌നം സ്ത്രീകള്‍ തന്നെ പരിഹരിക്കണം. അതിന് സ്വയം ശക്തിയാര്‍ജ്ജിക്കണം. സ്ത്രീശാക്തീകരണത്തിനുള്ള വഴി വിദ്യാഭ്യാസം മാത്രമാണ്. എന്നാല്‍ നിലവിലുള്ള വിദ്യാഭ്യാസം സമഗ്രമല്ല. ബുദ്ധി, മനസ്സ്, ശരീരം, ആത്മാവ് ഇവയെ പ്രചോദിപ്പിക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് ഉണ്ടാവേണ്ടത്. സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തില്‍ വിദ്യാഭ്യാസത്തില്‍ നിന്ന് ലഭിക്കുന്ന നാല്  ശക്തി സ്തംഭങ്ങള്‍ ഉണ്ട്. അവ അറിവ്, ശക്തി, നിര്‍ഭയത്വം, കരുണയും ഹൃദയവിശാലതയും എന്നിവയാണ്. ഇത്തരം ഒരു വിദ്യാഭ്യാസം ലഭിച്ചാലേ ശരിയായ വ്യക്തി നിര്‍മ്മാണം നടക്കൂ. സമൂഹത്തെ പ്രബുദ്ധതയിലേക്ക് ആനയിക്കുന്നത് വിദ്യാഭ്യാസമാണ്. സാമൂഹിക തിന്മകള്‍ക്കുള്ള കാരണം ആ തരത്തില്‍ വിദ്യാഭ്യാസ പദ്ധതി ക്രമീകരിക്കാത്തതുകൊണ്ടാണ്. ശരിയായ സ്വാതന്ത്ര്യവും, ശാക്തീകരണവും ഉണ്ടാവണമെങ്കില്‍ ഈ വ്യക്തി നിര്‍മ്മാണം നടക്കണം. അടിമത്വം വ്യക്തിത്വത്തെ താഴ്ത്തലും, സ്വാതന്ത്ര്യം ഉയര്‍ത്തലുമാണ്. വ്യക്തിയ്ക്കും രാഷ്ട്രത്തിനും ഇത് ഒരുപോലെ ബാധകമാണ്. യഥാര്‍ത്ഥത്തില്‍ സ്ത്രീകളെ വാതിലിനു പിന്നില്‍ തളച്ചിടുന്ന വ്യവസ്ഥിതിയാണ് മാറേണ്ടത്. 
സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തില്‍ സ്ത്രീ ശാക്തീകരിക്കുമ്പോള്‍ അവള്‍ക്ക് മേധാവിത്വവും, മൃദുലതയും, മാതൃവാത്സല്യവും ഒപ്പം പരിശുദ്ധമായ പത്‌നീസ്ഥാനവും വേണം. സ്വാതന്ത്ര്യം എന്ന് വ്യക്തിയുടെ ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കപ്പെടണം. കടമകളെ നിരാകരിക്കാന്‍ പാടില്ല. സ്ത്രീ ശാക്തീകരിക്കപ്പെടുമ്പോഴും സ്വധര്‍മ്മത്തിന്റെ തലത്തിലാണ് ശാക്തീകരിക്കേണ്ടത്. 
സ്ത്രീകളുടെ അവസ്ഥ ശരിയായി വിലയിരുത്തിക്കൊണ്ട് സ്വാമി വിവേകാനന്ദന്‍ പറയുന്നത് ശ്രദ്ധേയമാണ്. ഇവിടെ സ്ത്രീകള്‍ക്ക് നല്‍കിയിരിക്കുന്ന നിസ്സഹായതയുടെയും, പരാശ്രയത്തിന്റെയും പരിശീലനം മാത്രമാണ്. പ്രതിസന്ധികളില്‍ അവള്‍ക്ക് കരയാന്‍ മാത്രമാണ് അറിയുക. ഈ അവസ്ഥയാണ് മാറേണ്ടത്. പ്രതിസന്ധികളില്‍ പതറാത്ത വ്യക്തിത്വം ആര്‍ജ്ജിക്കണം. പ്രാര്‍ത്ഥനയും, ഭാഗ്യാന്വേഷണവും എല്ലാം വിധി എന്ന വിലാപവും മാറണം. വേണ്ടത് പ്രവര്‍ത്തനവും, ശ്രദ്ധയും, കരുതലും ഒപ്പം ദൈവഭയവുമാണ്. ഈശ്വരഭക്തി എന്നാല്‍ ശരിയായ മൂല്യബോധമാണ്. ഈ മൂല്യബോധമാണ് ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കുന്നത്. കര്‍മ്മവും, ഈശ്വരഭക്തിയും ഒരുപോലെ ഉണ്ടാവണം. സ്വയം പ്രതിരോധിക്കണം എന്ന ആശയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം എന്ന് ആദ്യം പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്.
ഒരു സമൂഹം പ്രബുദ്ധ സമൂഹം എന്ന് പറയുന്നതിന്റെ അളവുകോല്‍ സ്ത്രീ എങ്ങനെ മാനിക്കപ്പെടുന്നു, സ്ത്രീകളോടുള്ള മനോഭാവം എന്നിവയുടെ അടിസ്ഥാനത്തിലാണ്. തികഞ്ഞ സ്ത്രീത്വം ആര്‍ജ്ജിക്കുന്നതാണ് പൂര്‍ണ്ണ സ്വാതന്ത്ര്യം അഥവാ സ്ത്രീ സ്വാതന്ത്ര്യം. സ്ത്രീശാക്തീകരണത്തിന് രണ്ടുമാര്‍ഗ്ഗങ്ങളാണുള്ളത്. ഒന്ന്, കഴിവുകളേയും, വാസനകളെയും ഉപയോഗപ്പെടുത്തി ആത്മവിശ്വാസം വളര്‍ത്തണം. രണ്ട്, നിയമപരമായ സംരക്ഷണം ഇന്നെവിടെയൊക്കെ വേണോ, അവിടെയൊക്കെ നല്‍കണം. എന്നാല്‍ കേ വലം നിയമംകൊണ്ടുമാത്രം സംരക്ഷണം ഉറപ്പാക്കാന്‍ കഴിയില്ല. സമൂഹം ആ തരത്തില്‍ ഉയര്‍ന്ന സംസ്‌കാരത്തിലേക്കും പ്രബുദ്ധതയിലേക്കും ഉയരണം. സംസ്‌കാരത്തിന്റെ ശാക്തീകരണത്തിലൂടെയേ സ്ത്രീശാക്തീകരണം സാദ്ധ്യമാകൂ. ഭാരതീയസ്ത്രീയ്ക്ക് ഉണ്ടായിരുന്ന അവകാശങ്ങളും, അധികാരവും, മാന്യതയും പുന:സ്ഥാപിക്കുകയാണ് വേണ്ടത്. അതിന് വിദ്യാഭ്യാസം, സമ്പത്ത്, പൊതുമണ്ഡലത്തിലും, അധികാരകേന്ദ്രങ്ങളിലുമുള്ള പങ്കാളിത്തം ഇവ ഉറപ്പാക്കണം. എന്നിരുന്നാലും ഈ ഭൗതിക അവസ്ഥ സംരക്ഷിക്കപ്പെടണമെങ്കില്‍ ഉന്നതമായ സാസ്‌കാരികഭൂമിക സൃഷ്ടിക്കപ്പെടണം. അതായത് സംസ്‌കാരത്തിന്റെ സംരക്ഷണത്തിലുടെ മാത്രമേ സ്ത്രീ സുരക്ഷിതയാവൂ; സ്ത്രീശാക്തീകരണം പൂര്‍ണ്ണമാകൂ.