മാതൃഭാഷയെ സ്‌നേഹിക്കുവിന്‍

0
204

       സംസാരിച്ചു തുടങ്ങുന്ന കുഞ്ഞ് അമ്മയുടെ മുലപ്പാല്‍ നുകര്‍ന്നുകൊണ്ട് ആദ്യമായി ഉച്ചരിക്കുന്നത് അമ്മയെന്ന രണ്ടക്ഷരമാണല്ലോ. അത് കേരളമാതാവ് നല്‍കുന്ന മുലപ്പാലാണ്. അതു നമ്മുടെ ജീവനാണ്. സംസ്‌കാരവും ചൈതന്യവുമാണ്. കേരള ഭാഷ ഉള്‍ക്കൊണ്ടാലേ കേരളീയനാകൂ. കുറേക്കാലം മുമ്പുവരെ കേരളീയര്‍ ആകമാനം ഇങ്ങനെതന്നെ വിശ്വസിച്ചിരുന്നു. അതനുസരിച്ച്, പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥയ്ക്ക് വലിയ മാറ്റം സംഭവിച്ചിരിക്കുകയാണ്.
വിദ്യാലയത്തില്‍ ഒരു മലയാള വാക്ക് ഉച്ചരിച്ചുപോയാല്‍ അത് വലിയ ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണെന്നുവന്നിരിക്കുന്നു; ചിലര്‍ക്കെങ്കിലും. അവര്‍ കുട്ടികളുടെ തല മൊട്ടയടിക്കുന്നു. തോന്നിയ പിഴയിടുന്നു. മറ്റു പലതരം ശിക്ഷകള്‍ നടപ്പാക്കുന്നു. മാറിമാറിവരുന്ന ഭരണക്കാരില്‍ ആര്‍ക്കുംതന്നെ ഇതില്‍ ലവലേശം ലജ്ജയില്ല. ഇങ്ങനെയുള്ള വിദ്യാഭ്യാസ രീതിയില്‍ ഏറെ അഭിമാനിക്കുന്നവരാണ് ഇന്ന് എത്രയോ രക്ഷകര്‍ത്താക്കള്‍. അവരുടെ കുട്ടികളോ? മലയാളാക്ഷരം കൂടി പഠിക്കുന്ന കുട്ടികളേക്കാള്‍ എത്രയോ മേലെയാണ് തങ്ങളെന്ന്, അവര്‍ കുരുന്നിലേ വിശ്വസിക്കുന്നു. രക്ഷകര്‍ത്താക്കള്‍ അവരെ അങ്ങനെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു.
കേരളഭാഷയോടും, കേരളസംസ്‌കാരത്തോടും കൂറില്ലാത്ത ഒരു തലമുറ ഇങ്ങനെ വളര്‍ന്നുവരുന്നു. എന്നാല്‍, തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലെയും, കര്‍ണ്ണാടകത്തിലെയും കഥ നേരെ മറിച്ചാണെന്ന് ഓര്‍ക്കുക. അവരുടെ മാതൃഭാഷാസ്‌നേഹത്തെ അന്ധമെന്ന് പറഞ്ഞ് പുച്ഛിക്കാന്‍ നമ്മളില്‍ മിക്കവര്‍ക്കും ഒരു മടിയുമില്ല. 
    ഇംഗ്ലീഷ് വിശ്വഭാഷയാണ്. അതു പഠിക്കേണ്ടതുതന്നെ. എന്നാല്‍ അത് മാതൃഭാഷയെ അപ്പാടെ ഉപേക്ഷിച്ചുകൊണ്ടുവേണമെന്നുണ്ടോ? ഇംഗ്ലീഷ് പഠിച്ച് ലോകം മുഴുവന്‍ കീഴടക്കാമെന്ന മോഹം ഉപേക്ഷിക്കണമെന്നില്ല. മാതൃഭാഷ കൂടി പഠിച്ചുപോയാല്‍, എന്താണ് കുഴപ്പം? 
    ത്രിഭാഷാപദ്ധതി ഏറെ വിജയിച്ചുകഴിഞ്ഞ സംസ്ഥാനമാണ് കേരളം. അടുത്തകാലത്ത് ശക്തി പ്രാപിച്ച മാതൃഭാഷാവര്‍ജ്ജനക്കമ്പം മാത്രമാണ് അതിനൊരു പ്രതിബന്ധം. മൂന്ന് ഭാഷ കുഞ്ഞുങ്ങള്‍ക്കു ഭാരമല്ലേ എന്നു ചോദിക്കുന്നവരുമുണ്ട്. ഇത് ഒട്ടും ശരിയല്ല, മുതിര്‍ന്നവര്‍ക്ക് തോന്നുന്ന പ്രയാസങ്ങള്‍ ഒന്നും കുഞ്ഞുങ്ങള്‍ക്കില്ലതന്നെ.
    രക്ഷകര്‍ത്താക്കള്‍, അദ്ധ്യാപകര്‍, കൂട്ടുകാര്‍ ഉള്‍പ്പെടെയുള്ള സമൂഹം- ഇത്രയുമാണ് കുട്ടികളുടെ ഭാഷയെ സ്വാധീനിക്കുന്ന മുഖ്യഘടകങ്ങള്‍. രക്ഷകര്‍ത്താക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും ഭാഷയാണ് ആദ്യകാലത്ത് കുട്ടികളെ സ്വാധീനിക്കുന്നത്. കുട്ടി സ്വന്തം ഭാഷയെക്കുറിച്ച് ശ്രദ്ധിച്ചു തുടങ്ങുന്ന അടുത്ത ഘട്ടത്തില്‍, അധ്യാപകരുടെയും ഭാഷ സ്വാധീനിക്കുന്നു. ഇവിടം മുതല്‍ കുട്ടികളുടെ ഭാഷ നന്നാക്കാനുള്ള കടമ ഏറെയും അധ്യാപകരില്‍ നിക്ഷിപ്തമാണെന്നത്രെ സാമാന്യധാരണ. ഇതുതെറ്റാണെന്ന് പറഞ്ഞുകൂടാ. എങ്കിലും രക്ഷകര്‍ത്താക്കളുടെ കര്‍ത്തവ്യം ഒട്ടും കുറയുന്നില്ല എന്നത് എടുത്തുപറയേണ്ടതുണ്ട്. 
    രക്ഷകര്‍ത്താക്കളില്‍ പലര്‍ക്കും മാതൃഭാഷയിലെ തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവുണ്ടെന്നു വരില്ല. കഴിവുള്ളവര്‍ക്കാട്ടെ, വേണ്ടുന്ന സമയം ലഭിച്ചെന്നും വരില്ല. ഇനി, കഴിവും സമയവുമുണ്ടെങ്കിലോ? പലര്‍ക്കും ഇല്ല, വേണ്ടത്ര ശ്രദ്ധയോ താല്പര്യമോ. ഇത് ഒരു പ്രധാന വസ്തുതയാണ്. ഈ അവസ്ഥ മാറ്റിയെടുക്കാന്‍ രക്ഷകര്‍ത്താക്കള്‍ ബോധപൂര്‍വ്വം ശ്രമിച്ചേ പറ്റൂ. ഭാഷയില്‍ പിടിപാടുകുറഞ്ഞവര്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ടി മന:പൂര്‍വ്വം പഠിക്കണം. പഠിക്കാനും പഠിപ്പിക്കാനും ആവശ്യമുള്ള സമയം എങ്ങനെയും ഉണ്ടാക്കണം. ഇങ്ങനെ പഠിപ്പിക്കുന്ന എത്രയോ രക്ഷാകര്‍ത്താക്കള്‍ ഉണ്ട്. അച്ഛനന്മാര്‍ കൂടി പഠിപ്പിക്കുക. ഇളം പ്രായത്തില്‍ കുട്ടികള്‍ക്ക് വളരെ ആഹ്ലാദപ്രദമായിരിക്കും.
    അധ്യാപകര്‍ പറഞ്ഞുകൊടുക്കുന്നതിനെയാണ് കുട്ടികള്‍ അധികം ആദരത്തോടെ മാതൃകയാക്കുകയെന്നുള്ളതും യാഥാര്‍ത്ഥ്യമാണ്. ' ഞങ്ങളുടെ ടീച്ചര്‍ പറഞ്ഞത് ഇങ്ങനെയാണ്' 'ലീലാമ്മ ടീച്ചര്‍ ചൊല്ലുന്നത് ഇങ്ങനെയാണല്ലോ' -എന്നല്ലാമല്ലേ ഏതുകുട്ടിയും പറയുക.
    ഭാഷശുദ്ധിയുടെ കാര്യത്തില്‍ ഉച്ചാരണം ഒരു വലിയ ചിന്താവിഷയമാണ്. കഴിവു കുറഞ്ഞ രക്ഷകര്‍ത്താക്കള്‍ പഠിച്ച് പഠിപ്പിക്കണമെന്നു പറഞ്ഞല്ലോ. ഇതുപക്ഷേ, ഉച്ചാരണത്തിന്റെ കാര്യത്തില്‍ ഒട്ടും പ്രയോഗികമല്ല. കാരണം, ശരിയായ ഉച്ചാരണം വായിച്ച് പഠിക്കാനാവില്ല എന്നത് തന്നെ. ഇങ്ങനെ നോക്കുമ്പോള്‍, കുട്ടികളുടെ ഉച്ചാരണം കുറ്റമറ്റതാക്കിയെടുക്കാന്‍ ഏറിയകൂറും അധ്യാപകര്‍ക്കേ കഴിയൂ എന്ന് കാണാം. തെറ്റായ ഏത് ഉച്ചാരണവും മാറ്റിയെടുക്കാന്‍, ശരിയായ ഉച്ചാരണം ആവര്‍ത്തിച്ച് കേള്‍ക്കുകയും, ആവര്‍ത്തിച്ച് പറയുകയും വേണം.
    ഭാഷ, ഭാര്യ, ഭാരതം, ഭീഷണി തുടങ്ങിയ വാക്കുകള്‍ ബാഷ, ബാര്യ, ബാരതം ബീഷണി ഇങ്ങനെ ചില കുട്ടികള്‍ ഉച്ചരിക്കുന്നത് രക്ഷകര്‍ത്താക്കളോ, അധ്യാപകരോ അങ്ങനെ ഉച്ചരിച്ചുകേള്‍പ്പിച്ചതുകൊണ്ടുതന്നെയാകണം. 
    മേല്‍പ്പറഞ്ഞ വാക്കുകള്‍ മറ്റൊരു രീതിയിലും തെറ്റായി ഉച്ചരിക്കുന്നുണ്ട്. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും, 'ഭ' എന്നക്ഷരം ഇംഗ്ലീഷിലെ എഫ് പോലെ ഉച്ചരിക്കുന്നു എന്നതാണ് ഈ തെറ്റ്. എന്നുവച്ചാല്‍, ''എഫ്.എ.എ— എന്നിങ്ങനെ ഇംഗ്ലീഷില്‍ 'എഫ്' എന്നക്ഷരത്തിലുള്ള ഉച്ചാരണം മലയാളത്തില്‍ ഇല്ല. ചില അധ്യാപകരും ചില പ്രഭാഷകരും ഈ വിധത്തില്‍ തെറ്റായി ഉച്ചരിക്കുന്നത് കേട്ടിട്ടുണ്ട്. ഇങ്ങനെ ഉച്ചരിക്കുന്ന അധ്യാപകനോ, അധ്യാപികയോ എത്രയെത്രെ കുട്ടികളെയാണ് ഈ തെറ്റായ ഉച്ചാരണം പരിശീലിപ്പിക്കുക, അതു തെറ്റാണെന്ന് അറിയാതെ.
    അധ്യാപകരുടെ ഉച്ചാരണം തിരുത്തി പറഞ്ഞു കൊടുക്കാന്‍ ആര്‍ക്കാണ് കഴിയുക! 
    ചില സാധാരണ തെറ്റുകള്‍ കൂടി പറയാം. എത്രയോ പേര്‍ 'യാത്ര ചിലവ്, 'വീട്ടു ചിലവ്, എന്നൊക്കെ ഉച്ചരിക്കുന്നു. വരുന്നതു 'വരവും' ചെല്ലുന്നത് 'ചെലവും' ആണ് എന്ന് മനസ്സിലാക്കിയാല്‍ പിന്നെ 'ചെലവ്' എന്നേ ആരും പറയൂ. 'നീചപ്രവര്‍ത്തി' തെറ്റാണ്. 'പ്രവൃത്തി' ആണ് നാമരൂപം. പ്രവര്‍ത്തിച്ചു' ശരി. കാരണം ക്രിയാരൂപം അങ്ങനെയാണ്. ചില വാര്‍ത്താവായനക്കാരും പ്രഭാഷകരും ആശ്രമം, വിശ്രമം, സ്വാശ്രയം, ശ്രീമാന്‍ എന്നീ വാക്കുകള്‍ ആസ്രമം, വിസ്രമം, സ്വാസ്രയം, സ്രീമാന്‍ – ഇങ്ങനെ ഉച്ചരിക്കുന്നു. 'ശ' എന്നക്ഷരം 'സ' ആക്കി ഉച്ചരിക്കുന്നത് തെറ്റുതന്നെയാണ്. ഇങ്ങനെ തെറ്റായി ഉച്ചരിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്'ശ','സ'- രണ്ടും ചേര്‍ന്ന വാക്കുകള്‍ വെവ്വേറെ ഉച്ചരിപ്പിച്ചു കേള്‍പ്പിച്ചാലേ അവരെ തിരുത്താന്‍ കഴിയൂ. അവര്‍ സ്വയംതിരുത്താന്‍ മന:പൂര്‍വ്വം ശ്രമിക്കുകയും വേണം. അധ്യഷ്ഷന്‍, വിധ്യാര്‍ത്തി, അദ്യാപകന്‍- ഇവ തെറ്റാണ്. അധ്യക്ഷന്‍, വിദ്യാര്‍ത്ഥി, അധ്യാപകന്‍ ഇവയാണ് ശരി. ഇവിടെയും ശരിയായ ഉച്ചാരണം കേള്‍പ്പിച്ചുകൊണ്ടേ തിരുത്താന്‍ കഴിയൂ. 
    ഇങ്ങനെയെത്രയെത്രെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുണ്ട്! ആര്‍ക്കും തെറ്റും വരാം എന്ന വിചാരം വേണം. സ്വന്തം ഭാഷയില്‍ വല്ല തെറ്റും വരുന്നുണ്ടോ എന്ന പരിശോധന എല്ലാവര്‍ക്കും ആവശ്യമാണ്. തെറ്റ് തിരുത്തുന്നതിന് മൂന്നുകാര്യങ്ങള്‍ കൂടിയേ തീരൂ. ഒന്ന്- തെറ്റ്, തെറ്റാണെന്ന് അറിയണം. രണ്ട്- ആ സ്ഥാനത്തുവേണ്ടുന്ന ശരി ഏതാണെന്ന് അറിയണം. മൂന്ന്- ശരിയായ ഭാഷയെ പറയൂ, എഴുതൂ എന്ന നിര്‍ബന്ധബുദ്ധിയും വേണം. ഇതിനുവേണ്ടി തെറ്റും ശരിയും വേര്‍തിരിച്ചുകാണിക്കുന്ന പുസ്തകങ്ങള്‍ വായിക്കുക, അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കുക, നല്ല ഭാഷയില്‍ രചിച്ചിട്ടുള്ള ഗ്രന്ഥങ്ങള്‍ ശ്രദ്ധയോടെ വായിക്കുക.