മഹാകാവ്യപ്രസ്ഥാനവും അപചയവും

0
3617

          മഹാകാവ്യപ്രസ്ഥാനം കാവ്യശാഖയില്‍ നിന്ന് ഉത്ഭവിച്ചതാണ്. മലയാളത്തില്‍  ഈ പ്രസ്ഥാനം സംസ്‌കൃതസാഹിത്യത്തില്‍ നിന്നും ഉണ്ടായതാണ്. ആദികാവ്യമായ രാമായണം പില്‍ക്കാലകവികള്‍ക്ക് പ്രചോദനമായെങ്കിലും രാമായണം ലക്ഷണമൊത്ത മഹാകാവ്യമല്ല. സംസ്‌ക-ത സാഹിത്യത്തിലെ പഞ്ചമഹാകാവ്യങ്ങള്‍ രഘുവംശം, കുമാരസംഭവം ( കാളിദാസന്‍), കിരാതാര്‍ജ്ജുനീയം (ഭാരവി), ശിശുപാലവധം (മാഘന്‍), നൈഷധീയചരിതം (ശ്രീഹര്‍ഷന്‍) എന്നിവയാണ്. അശ്വഘോഷന്റെ ''ബുദ്ധചരിതം'' ബൃഹത്തായ ഒരലങ്കൃതിയാണ്. ഇതില്‍ ഇരുപത്തെട്ടു സ്വര്‍ഗ്ഗങ്ങളും എണ്ണായിരം ശ്ലോകങ്ങളുമുണ്ട്. മഹാകാവ്യപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് അശ്വഘോഷനാണെങ്കിലും അതിനെ അഭിവൃത്തിപ്പെടുത്തി സൗന്ദര്യവല്‍ക്കരിച്ച് ഉദാത്തമാക്കി മാറ്റിയത് കാളിദാസനാണ്.
പരിപൂര്‍ണ്ണമായ ഒരു മഹാകാവ്യത്തിന് കൃത്യമായ ലക്ഷണമുണ്ട്. ആചാര്യദണ്ഡി 'കാവ്യാലങ്കാരം' എന്ന കൃതിയിലും വിശ്വനാഥന്‍ 'സാഹിത്യദര്‍പ്പണം' എന്ന കൃതിയിലും ലക്ഷണങ്ങള്‍ ചേര്‍ത്തിരിക്കുന്നു. കൂടാതെ ഭാമഹന്‍, ഭോജരാജന്‍ (സരസ്വതീകണ്ഠാഭരണം) എന്നിവര്‍ നേരിയ വ്യത്യാസത്തോടെയും മഹാകാവ്യ ലക്ഷണം നിര്‍വ്വഹിച്ചിരിക്കുന്നു. എല്ലാ ലക്ഷണ ശാസ്ത്രങ്ങളുടെയും സംക്ഷിപ്തമായ ഒരു ആശയം ചുവടെ ചേര്‍ക്കുന്നു. ഇവയെല്ലാം കൂട്ടിച്ചേര്‍ത്ത ലക്ഷണങ്ങള്‍ ഒറ്റപ്പദ്യത്തിലും ഉണ്ട്. മഹാകാവ്യത്തിലെ ഓരോ അദ്ധ്യായത്തിന് സര്‍ഗ്ഗം എന്ന് പേര്‍. നായകന്‍ ധീരോദാത്തനതിപ്രതാപഗുണവാന്‍  ആയിരിക്കണം. ശൃംഗാരം, വീരം, ശാന്തം ഇവയില്‍ ഏതെങ്കിലും രസം അംഗിയായിരിക്കണം. കഥ വസ്തുത സമ്മതിയോ ഐതിഹാസികമോ ആയിരിക്കണം. എട്ടിലധികം സര്‍ഗ്ഗങ്ങളുണ്ടാകണം. ഓരോ സര്‍ഗ്ഗവും വ്യത്യസ്ത വൃത്തങ്ങളിലായിരിക്കണം തുടക്കം. സര്‍ഗ്ഗാന്ത്യത്തില്‍ വൃത്തം മാറ്റിയിരിക്കണം. പ്രഭാതം, പ്രദോഷം, രാത്രി, പകല്‍, സൂര്യചന്ദ്രന്മാര്‍, മദ്ധ്യാഹ്നം, വേട്ട, പര്‍വ്വതഋതുക്കള്‍, വനം, സമുദ്രം, സംഭോഗവിയോഗം, മുനി, സ്വര്‍ഗ്ഗം, നരകം, യജ്ഞം, യുദ്ധം, യാത്ര, വിവാഹം, മന്ത്രം, കുമാരജനനം, അഭ്യുദയം എന്നിവ വര്‍ണ്ണിച്ചിരിക്കണം. മഹാകാവ്യത്തിന്റെ പേര്‍ കവിയുടേതാകാം. ചരിത്രനായകന്റേതുമായിരിക്കാം.
          ഉദ്യാനസലിലക്രീഡ, മധുപാനരഥോത്സവം, വിപ്രലംഭം, നഗരാര്‍ണ്ണവം, ഉപവനം, പുരം, ആശ്രമം എന്നിവയും വര്‍ണ്ണനയില്‍ ഉള്‍പ്പെടുത്താം. അഞ്ച് സന്ധികള്‍ ഉണ്ടായിരിക്കും. മുഖം, പ്രതിമുഖം, ഗര്‍ഭം, അവമര്‍ശം (വിമര്‍ശം), നിര്‍വ്വഹണം ഇവയാണ് ആ അഞ്ചു സന്ധികള്‍.
സൂക്ഷ്മമായ വിശകലനത്തില്‍ ഭോജന്റെ മഹാകാവ്യവും പ്രബന്ധകാവ്യവും ഒരേ സ്വഭാവം പുലര്‍ത്തുന്നുവെന്നും കാണാം. വിവിധരീതിയില്‍ കാവ്യാലങ്കാരികന്മാര്‍ മഹാകാവ്യനിര്‍വ്വചനം നടത്തിയിട്ടുണ്ടെങ്കിലും ആചാര്യദണ്ഡിയുടെ വിശകലനമാണ് ഏറെക്കുറെ അംഗീകൃതമായിരിക്കുന്നത്. ജീവിതത്തിന്റെ സമഗ്രമായ പ്രതിപാദനമാണ് മഹാകാവ്യം. ഏതാണ്ട് പഴയകാലനോവല്‍ രചനപോലെ. 
        സുകുമാരകവിയുടെ ''ശ്രീകൃഷ്ണവിലാസം'' (എ.ഡി.പന്ത്രണ്ടാം നൂറ്റാണ്ട്) അതുലന്‍ അഥവാ തോലന്റെ 'മൂഷികവംശം' (എ.ഡി.പത്താം ശതകം),  ദാമോദരാചാര്യാരുടെ 'ശിവവിലാസം' ശങ്കരകവിയുടെ 'ശ്രീകൃഷ്ണ വിജയം' രാമപാണിവാദന്റെ 'രാഘവീയം' (കൊല്ലവര്‍ഷം 860- 940) നാരായണന്റെ 'സുഭദ്രാഹരണം' (കൊ:വ: 600-700) അജ്ഞാത കര്‍തൃകമായ 'കുശാഭ്യുദയം' 'യഥുനാഥചരിതം' 'പാണ്ഡവോദയം' രാമവര്‍മ്മ യുവരാജാവിന്റെ 'ഭാരതസംഗ്രഹം' കൃഷ്ണകവിയുടെ 'ഭാരതചരിതം' അരൂര്‍ മാധവന്‍ അടിതിരിയുടെ  'ഉത്തരനൈഷധം' (940-1011), ഭാസ്‌കരന്‍ മൂത്തതിന്റെ (980-1050), 'വസുദേവചരിതതം, കൊടുങ്ങല്ലൂര്‍ വിദ്വാന്‍ ഇളയതമ്പുരാന്റെ 'രാമചരിതം, കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ 'രാമചരിതം പൂരണം' 'ഉത്തരരാമചരിതം' 'രാമവര്‍മ്മകാവ്യം' (1858- 1926) കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ 'വിശാഖവിജയം' (1845- 1914) എ.ആറിന്റെ ആംഗലസാമ്രാജ്യം' (1863- 1918) എം. കുഞ്ഞന്‍ വാര്യരുടെ 'രാമവര്‍മ്മ വിജയം' (1872- 1943) വെള്ളാനശ്ശേരിവാസുണ്ണി മൂസതിന്റെ (1030- 1089) ശ്രീമാനവിക്രമസാമൂതിരി 'മാഹാരാജചരിതം' പ്രൊഫ: കെ.ബാലരാമപണിക്കരുടെ 'ശ്രീ നാരായണ വിജയം' (1910- 1978) പ്രൊഫ: പി.സി.ദേവസ്യയുടെ 'ക്രിസ്തുഭാഗവതം' ഡോ.കെ.എന്‍.എഴുത്തച്ഛന്റെ 'കേരളോദയം' എന്നിവയാണ് കേരളീയ സംസ്‌കൃത മഹാകാവ്യങ്ങള്‍.
മലയാളത്തിലെ മഹാകാവ്യങ്ങള്‍
ശ്രീകൃഷ്ണചരിതം മണിപ്രവാളം (കുഞ്ചന്‍നമ്പ്യാര്‍), രാമചന്ദ്രവിലാസം (അഴകത്തു പത്മനാഭക്കുറുപ്പ്), വിജയോദയം (പന്തളം കേരളവര്‍മ്മ), പാണ്ഡവോദയം (കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍), വഞ്ചീശവംശം (കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍), ഗോശ്രീശാദിത്യ ചരിതം (കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍), സാവിത്രീ മാഹാത്മ്യം (കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍), മലയാംകൊല്ലം, (കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍), ചിത്രയോഗം, (വള്ളത്തോള്‍), ശ്രീയേശുവിജയം (കട്ടരായത്തിന്‍ ചെറിയാന്‍ മാപ്പിള), കേശവീയം (കെ.സി.കേശവപിള്ള), ഉമാകേരളം (ഉള്ളൂര്‍), രാഘവാഭ്യുദയം (1891-1970) (വടക്കുംകൂര്‍ രാജരാജവര്‍മ്മ), രഘുവീരവിജയം (വടക്കുംകൂര്‍ രാജരാജവര്‍മ്മ), ഉത്തരഭാരതം (വടക്കുംകൂര്‍ രാജരാജവര്‍മ്മ), വേദവിഹാരം (കെ.വി. സൈമണ്‍), ശ്രീചിത്രോദയം (കുമ്മനം ഗോവിന്ദപിള്ള), രത്‌നപ്രഭ (പന്തളത്തുരാമവര്‍മ്മത്തമ്പുരാന്‍), ഇസ്രയേല്‍വംശം (പി.എം. ദേവസ്യ)
കേരളസംഭവം (പാണ്ടനാട്ടില്‍ പി.ആര്‍.ഗോപാലവാര്യര്‍),
ശ്രീകൃഷ്ണാഭ്യുദയം (റ്റി. ആര്‍. നായര്‍), മാധവന്റെ മഹാകാവ്യം (മാടശ്ശേരി മാധവവാര്യര്‍), വിശ്വദീപം (പുത്തന്‍കാവ് മാത്തന്‍ തരകന്‍) ആര്യാമൃതം (അയ്യപ്പചരിതം), ശ്രീമഠം പരമേശ്വരന്‍ നമ്പൂതിരി നളോദയം(വിദ്വാന്‍ പി.ജി.നായര്‍), ഗുരുപഥം (കിളിമാനൂര്‍ രമാകാന്തന്‍) എന്നിവയാണ്.
മലയാള സാഹിത്യം പഴമയില്‍ നിന്ന് പുതുമയിലേക്കുള്ള വഴിത്തിരിവിലാണ് മഹാകാവ്യങ്ങളുടെ നില. ഒരു കാലഘട്ടത്തിന്റെ അവസാനവും മറ്റൊന്നിന്റെ തുടക്കവും. കൈരളിയ്ക്ക് സമ്പത്തും സൗകുമാര്യവും വര്‍ദ്ധിപ്പിച്ച ഉദ്ബുദ്ധമഹാകവികളുടെ കരവിരുത്. ഒരു കവിക്ക് തന്റെ വാസനാസമ്പന്നമായ ബൗദ്ധികതയുടെയും തികഞ്ഞ കരവിരുതിന്റെയും സാദ്ധ്യതകള്‍ പ്രകടിപ്പിക്കാന്‍ മഹാകാവ്യരചനപോലെ മറ്റൊന്നില്ല. എന്നാല്‍ കൈത്തഴക്കവും രചനാതന്ത്രവും സിദ്ധിയും ഒത്തിണങ്ങിയതും ജീവിതവീക്ഷണം ഉത്കൃഷ്ടമാര്‍ന്നതുമായ കൃതികളേ സഹൃദയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളൂ. കഥാകഥന പ്രധാനമായ മഹാകാവ്യമാതൃക ലോകസാഹിത്യത്തില്‍ പ്രാചീനകാലം മുതലേ ഉണ്ടായിട്ടുണ്ട്. മലയാളത്തില്‍ സംസ്‌കൃതസാഹിത്യത്തിന്റെ അടിത്തറയില്‍ നിന്നാണ് അത് കെട്ടി യുയര്‍ത്തിയത്. ഹോമറുടെ ഇലിയഡും ഒഡീസിയും മഹാകാവ്യത്തിന്റെ ഉത്തമ മാതൃകകളാണ്. ഹൃദയപൂര്‍വ്വകമായ പരിശ്രമശീലവും ജന്മസിദ്ധമായവ്യുല്‍പ്പത്തിയും കലാപാടവും ഒരുമിച്ചു ചേരുമ്പോഴെ മഹാകാവ്യം ആസ്വാദ്യമാകുകയുള്ളൂ. അഖണ്ഡ ജീവിത പ്രതിപാദകമാണത്. അത്തരം ജീവിതം നോവലിലാണ് കാണുക. വായനയുടെ ലാഘവമാണ് നോവലിന്റെ പ്രത്യേകത. നോവലിന്റെ വളര്‍ച്ചയും സാര്‍വ്വജനീനതയും മഹാകാവ്യങ്ങളുടെ തളര്‍ച്ചയ്ക്കുകാരണമാകാം. മറ്റൊന്ന് മഹാകാവ്യരചനയില്‍ പുലര്‍ത്തേണ്ട ബാദ്ധ്യതകളൊന്നും നോവല്‍ രചനയ്ക്കു ആവശ്യമില്ല എന്നുള്ളതാണ്. ഇതിനര്‍ത്ഥം, നോവല്‍ രചന നിസ്സാരമാണ് എന്നല്ല. നോവലുകള്‍ പ്രചാരത്തിലാകും മുമ്പ് കവികളുടെ സാഹിത്യക്കളരിയില്‍ പയറ്റാനുള്ള അടവുകളില്‍ പ്രധാനപ്പെട്ട ഇനമാണ് മഹാകാവ്യരചന എന്നുകാണാം. മലയാള കവികള്‍ തന്നെ സംസ്‌കൃത മഹാകാവ്യങ്ങളും മലയാള മഹാകാവ്യങ്ങളും രചിച്ചിരുന്നു. എങ്കിലും സംസ്‌കൃതത്തില്‍ തങ്ങളുടെ പാടവം തെളിയിക്കാന്‍ ഒരു പാണ്ഡിത്യപ്രകടനമാണെന്നു കരുതാവുന്നതാണ്. മലയാളഭാഷയ്‌ക്കെന്തു പ്രസക്തി എന്ന് ചിന്തിച്ചിരുന്ന ഒരു കൂട്ടം കവികളും നമുക്കുണ്ടായിരുന്നതായി കാണാം. എന്നാല്‍ കുഞ്ചന്‍നമ്പ്യാര്‍ തുടങ്ങിയ കവികള്‍ സംസ്‌കൃതത്തില്‍ പ്രാവീണ്യമുണ്ടായിട്ടു കൂടി മഹാകാവ്യം മലയാളത്തില്‍ എഴുതാനാണ് തീരുമാനിച്ചത് എന്നത് ശ്രദ്ധേയമാണ്. മഹാകവിയാകാന്‍ മഹാകാവ്യരചന ആവശ്യമായിരുന്നല്ലോ (എന്നാണ് അലിഖിത നിയമം). ഒരേ വിഷയം തന്നെ മഹാകാവ്യരചനയ്ക്കു സ്വീകരിച്ചിരിക്കുന്നതും കാണാം. 
''കവികള്‍ മനുഷ്യജീവിത കഥാനുഗായികള്‍'' എന്നതില്‍ നിന്ന് വ്യത്യസസ്തമായി ഇതിഹാസപുരാണങ്ങളിലേക്കു ഇറങ്ങിച്ചെന്ന് കഥകള്‍ കണ്ടെടുക്കുക എന്നത് സര്‍വ്വസാധാരണമായി. മറ്റൊന്ന് മഹാകാവ്യങ്ങള്‍ രചിക്കാതെയും മഹാകവിയാകാം എന്ന് കുമാരനാശാന്റെ കാലത്ത് ആശാന്‍ തന്നെ തെളിയിച്ചു. സംസ്‌കൃതവൃത്തങ്ങളില്‍ അലയടിച്ചുയര്‍ന്ന മഹാകാവ്യങ്ങള്‍ വായിച്ച് അതിലേക്കിറങ്ങിച്ചെന്ന് അര്‍ത്ഥങ്ങളും ആശയങ്ങളും കണ്ടെടുക്കുക എന്നത് ശ്രമകരമായ ഒരു പണിയാണ്, മഹാകാവ്യങ്ങള്‍ വായനക്കാരന് പകര്‍ന്നു നല്‍കുന്നത്. വായന അനായാസമാകുന്ന മറ്റു സാഹിത്യശാഖകള്‍ ഭാഷയില്‍ വളര്‍ന്നുവന്നു എന്നത് മഹാകാവ്യങ്ങളെ വായനയില്‍ നിന്ന് പിന്തിരിപ്പിച്ചു എന്ന് കരുതാവുന്നതാണ്. വിഷയവൈവിദ്ധ്യം രചനാവൈവിദ്ധ്യം ആശയവൈവിദ്ധ്യം എന്നിവ ഏതുവായനക്കാരനും ആഗ്രഹിക്കുക സ്വാഭാവികമാണല്ലോ. മഹാകാവ്യങ്ങള്‍ പലതും ഇവ ദീക്ഷിക്കുന്നതില്‍ അലംഭാവം കാട്ടിയിട്ടുണ്ട് എന്ന് പറയാതെ വയ്യ!
വള്ളത്തോളിന്റെ 'ചിത്രയോഗം' ഉള്ളൂരിന്റെ 'ഉമാകേരളം' എന്നീ മഹാകാവ്യങ്ങള്‍ക്ക് ശേഷം ഭാഷയില്‍ പിന്നെയും മഹാകാവ്യങ്ങളുണ്ടായിട്ടുണ്ട്. അന്നത്തെ പണ്ഡിതന്മാരുടെ കൃത്യമായ സംശോധനയ്ക്കുശേഷമാണ് ചിത്രയോഗം പ്രസിദ്ധീകരിച്ചത്. എങ്കിലും ധാരാളം വിമര്‍ശനങ്ങളും ചില അനുമോദനങ്ങളും വായനക്കാരില്‍ നിന്നുണ്ടായി. അതില്‍ പ്രധാനം കുമാരനാശാന്‍ ''വിവേകോദയ'ത്തിലെഴുതിയ മുഖപ്രസംഗമാണ്. ക്ഷേത്രങ്ങളില്‍ കെട്ടി എഴുന്നള്ളിക്കാറുള്ള നെടും കുതിരയോടാണ് ചിത്രയോഗത്തെ കുമാരനാശാന്‍ ഉപമിച്ചത്. (കൊല്ലവര്‍ഷം 1091 കന്നി ലക്കം) മുളയും, കമുകും കെട്ടിയുയര്‍ത്തി മുപ്പതും നാല്‍പ്പതും അടി ഗോപുരം പോലെ ഉയരത്തില്‍ പൊടിപ്പും തൊങ്ങലുംവിവിധ നിറങ്ങളും ചേര്‍ത്തണച്ച് മുമ്പിലും പിറകിലും തലയും വാലും ചാര്‍ത്തിച്ച് ചെറുപ്പക്കാര്‍ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ഇത്തരം കെട്ടുകുതിരയുടെ കാലം കഴിഞ്ഞിരിക്കുന്നുവെന്നും, ചില സംസ്‌കൃതകൃതികളിലെ അനുകരണമുണ്ടെന്നും ഇക്കാലത്ത് ഇത്തരം കൃതികള്‍ക്ക് പ്രസക്തി ഇല്ലെന്നും ആശാന്‍ വാദിച്ചു. ഇങ്ങനെ ഒരു ബ്രഹ്മാണ്ഡകൃതി ഉണ്ടാക്കുന്നതിനെക്കാള്‍ ഭേദം ഒരു സംസ്‌കൃതകാവ്യം മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യുകയാണെന്നും എഴുതി. പിന്നീടുവന്ന പ്രതിഭാധനരായ പല മലയാള കവികളും മഹാകാവ്യചരനയോട് ആഭിമുഖ്യം പുലര്‍ത്തിയിട്ടില്ല.
       എന്നാല്‍ കെ. രാമകൃഷ്ണപിള്ള ആത്മപോഷിണിയില്‍ കാവ്യത്തെ പ്രശംസിച്ചുകൊണ്ടാണെഴുതിയത്. ഭാവനകലയുടെ അത്ഭുതപൂര്‍വ്വമായ ഒരു പ്രദര്‍ശന വിശേഷമായും രചനാവൈജാത്യം, കല്പനാവൈചിത്ര്യം, ഭാവനാവൈശദ്യം എന്നിവകൊണ്ട് അപൂര്‍വ്വ സൂക്ഷ്മതയുള്ള ഒരു കാവ്യമാണ് ചിത്രയോഗമെന്ന് അദ്ദേഹം പ്രശംസിക്കുന്നു. വി. ഉണ്ണികൃഷ്ണനും കാവ്യത്തെ പ്രശംസിച്ചുകൊണ്ടെഴുതി. ഇതുകൂടി കണ്ടുകൊണ്ട് കുമാരനാശാന്‍ ചിത്രയോഗത്തിന് വിശദമായ ഒരു നിരൂപണം എഴുതുകയുണ്ടായി. വര്‍ണ്ണനകളുടെ അനൗചിത്യം കാവ്യദോഷങ്ങള്‍ എന്നിവയൊക്കെ അതില്‍ വിശദമാക്കി. കാവ്യലക്ഷണം അനുസരിച്ചാണ് ചിത്രയോഗം രചിച്ചിരിക്കുന്നത്. മറ്റ് കൃതികളോടും സാഹിത്യമഞ്ജരിയോടും താരതമ്യം ചെയ്യുമ്പോള്‍ ചിത്രയോഗത്തിന്റെ സ്ഥാനം മികച്ചതല്ല.
മഹാകാവ്യങ്ങള്‍ക്കു ''അകാലികത്വം'' പിടിപെട്ടിരിക്കുകയാണ്. ആധുനികസാഹിത്യകാരന്മാരുടെ അനുഭവസമ്പന്നമായ സാഹിത്യരചനകള്‍ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ കവിതകളായും, കഥകളായും, നോവല്‍, നാടകം, ചെറുകഥ തുടങ്ങിയ രൂപത്തിലും പുറത്തുവരാന്‍ തുടങ്ങി.
നാനാഭാവ സമ്മിശ്രമായ ജീവിതം അനായാസമായി ചിത്രീകരിക്കപ്പെടുകയാണല്ലോ നോവലില്‍. ഇതിവൃത്തം പെട്ടെന്നു മനസ്സിലാക്കാം. അനായാസം നോവലിന്റെ പ്രചാരണം മഹാകാവ്യത്തെ തളരുവാനേ സഹായിച്ചിട്ടുള്ളു എന്നതു നിസ്തര്‍ക്കമാണ്. അടഞ്ഞ ഒരദ്ധ്യായമാണ് മഹാകാവ്യം എന്ന് വിശ്വസിക്കുന്നവരുണ്ട്. പറയാനുള്ളത് സ്പഷ്ടമായും വിശദമായും ശ്രവണസുഖദമായും പറയുക. അലങ്കാരങ്ങള്‍ വ്യംഗ്യഭംഗിയോടെ അവതരിപ്പിക്കുക. ധാര്‍മ്മികതയും ആനന്ദവും നല്‍കുക ഇവയൊക്കെ മഹാകാവ്യങ്ങള്‍ അനുഷ്ഠിക്കുന്നുണ്ട്. മഹാകാവ്യങ്ങളിലെ അന്തരീക്ഷം ആര്‍ഷഭാരതസംസ്‌കൃതിയാണ്. മഹാകാവ്യകാരന്‍ വര്‍ണ്ണനയുടെ ഒരു പ്രപഞ്ചം തന്നെ സൃഷ്ടിക്കുന്നു. സംഗീതാത്മകമായ കവിതയെ വൃത്തത്തിലും അലങ്കാരത്തിലും ഒളിപ്പിച്ചുകൊണ്ട് രാഗ താള ലയ സമൃദ്ധമായ സംഗീത സമൃദ്ധിയുണ്ടാക്കാന്‍ കവിതയ്‌ക്കേ കഴിയൂ. കവിതിലകന്‍ പി. ശങ്കരന്‍ നമ്പ്യാര്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു. '' മഹാകാവ്യമെന്നത് വാസ്തവത്തില്‍ ഒരു മുറജപസദ്യയാണ്. അതിലില്ലാത്ത വിഭവങ്ങളില്ല. ഏതു രുചി വിശേഷക്കാര്‍ക്കും ആസ്വദിച്ചു സുഖിക്കുവാനുള്ള വക അതിലുണ്ട്. വേണ്ടതെടുക്കുക. ഒന്നുമാത്രം വേണം- ക്ഷമ.''
മഹാകാവ്യപ്രസ്ഥാനത്തിന്റെ അപധത്തിലേക്ക് വീണ്ടും മടങ്ങിവരാം. ഗതാനുഗതികത്വമെന്ന ദോഷം പ്രസ്ഥാനത്തെ മുരടിപ്പിക്കാന്‍ പ്രധാന കാരണമായി. ഒരേചട്ടക്കൂട്ടില്‍ ഒരുക്കിനിര്‍ത്തിയിരുന്ന മഹാകാവ്യങ്ങള്‍ പ്രാണവായുവിന്റെ അഭാവം കൊണ്ട് മരിക്കുക സ്വാഭാവികമാണ്. പൂര്‍വ്വികന്മാര്‍ പറഞ്ഞ് വച്ചിട്ടുള്ള ലക്ഷണശാസ്ത്രം എന്ന വൃത്തത്തില്‍  അവ പെട്ടുപോയി. അങ്ങനെ അവ ജീര്‍ണ്ണതയുടെ പ്രാകൃതപ്രതിഭാസമായി നിന്ദിക്കപ്പെടാനും കാരണമായി. ലക്ഷണമൊപ്പിക്കാനുള്ള അന്ധമായ വൃഗ്രതയും അനുകരണഭ്രമവും മഹാകാവ്യപ്രസ്ഥാനത്തെ പരാജയപ്പെടുത്തി. കുറേ ആട്ടക്കഥകളും മഹാകാവ്യങ്ങളും കലാകൗശലത്തെക്കാളേറെ കരകൗശലം കൊണ്ട് നിറഞ്ഞവയാണ്. ഒപ്പം അവ ജീവിതഗന്ധിയുമല്ല. ഒരുകാലത്ത് കവിതയ്ക്ക് സ്ഥിരം സദസ്സും ആസ്വാദകരും ഉണ്ടായിരുന്നു. കോവിലകങ്ങളും കൊട്ടാരങ്ങളും സ്ഥിരം വേദികള്‍ നിറഞ്ഞവയായിരുന്നു. ഫ്യൂഡലിസ തകര്‍ച്ചയോടെ കവിതാപരിചയത്തിന്റെ സ്ഥിതിയാകെ മാറി. ശാസ്ത്രത്തിന്റെ പുരോഗതിയോടെ കവിത നല്‍കുന്ന മാനസികമായ അനുഭൂതി റേഡിയോ, സിനിമ, ടെലിവിഷന്‍ മുതലായവ കൈയടക്കി. വര്‍ണ്ണനാപ്രധാനങ്ങളായ പരാജയങ്ങള്‍ക്ക് മിതഭാഷികള്‍ ഇല്ല എന്നത് മറ്റൊരു പോരായ്മയായി. ഒപ്പം ഗദ്യസാഹിത്യത്തിന്റെ അസാധാരണമായ വളര്‍ച്ചയും. ഒക്‌ടോബര്‍ വിപ്ലവത്തിനുശേഷം നമ്മുടെ ചിന്തകന്മാര്‍ക്കു മനസ്സില്‍ വിപ്ലവാത്മകതയുടെ വേലിയേറ്റമുണ്ടായി. ആ മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ ലക്ഷണത്തിന്റെ ചട്ടക്കൂട്ടിലൊതുങ്ങുന്ന മഹാകാവ്യങ്ങള്‍ക്കു  കഴിയാതെപോയി.  ആഢ്യത്വവും ബൗദ്ധികതയും വേരൂന്നിപ്പിടിച്ചുപോയ ആവിഷ്‌ക്കാരമാണല്ലോ മഹാകാവ്യത്തിന്റെ മൗലികത. അതുകൊണ്ട് മഹാകാവ്യങ്ങള്‍ ഒരു ന്യൂനപക്ഷത്തിന്റേതു മാത്രമായൊതുങ്ങി. ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന നായികാനായകന്മാരെ മഹാകാവ്യങ്ങളില്‍ കണ്ടെത്താന്‍ കഴിയില്ല. കുറെ നൂറ്റാണ്ടുകളുടെ പഴമയെ പുല്‍കണമെങ്കില്‍ ആ കൃതി അത്രയേറെ സാരവത്തായിരിക്കണം. പുതിയ വിദ്യാഭ്യാസരീതിയുടെ സ്വാധീനം മഹാകാവ്യങ്ങള്‍ക്കു സ്ഥാനം നല്‍കാതെയുള്ളതാണ്. മഹാകവികള്‍ സാരാംശത്തില്‍ കൈവയ്ക്കാതെ അക്ഷരാംശത്തില്‍ കൈവച്ചതും മറ്റൊരു ഘടകമാണ്. ഇംഗ്ലീഷ് സ്വാധീനത്തിലൂടെ കടന്നുവന്ന ഖണ്ഡകാവ്യപ്രസ്ഥാനം മഹാകാവ്യങ്ങള്‍ക്കു ശക്തമായ തിരിച്ചടി നല്‍കികൊണ്??