ഭാഷയില്‍ ചേക്കേറിയ പുതുചൊല്ലുകള്‍

0
187

        സ്വാതിതിരുനാളിന്റെയും ഇരയിമ്മന്‍തമ്പിയുടെയും കെ.സി. കേശവപിള്ളയുടെയും പന്തളം കെ.പി.യുടെയും ഏതാനും ഗാനങ്ങള്‍ മാത്രമാണ് മലയാളിയ്ക്ക് ഒരുകാലത്ത് പാടാനുണ്ടായിരുന്ന ഗാനങ്ങള്‍. ഹിന്ദിയിലുള്ള മാതിരി ഗസലുകളോ ധുംറിയോ നമുക്കില്ല. നാടന്‍പാട്ടുകള്‍ ചിത്രീകരിക്കുന്ന ജീവിത പശ്ചാത്തലം മാറിപ്പോകുമ്പോള്‍ ആ ഗാനങ്ങളുടെ പ്രസക്തിയും അസ്തമിക്കുന്നു. കുറെക്കാലം മാര്‍ഗ്ഗംകളിപ്പാട്ടുകളും മാപ്പിളപ്പാട്ടുകളും ഓണപ്പാട്ടുകളുമൊക്കെ ജനകീയസംഗീതത്തിന്റെ ധര്‍മ്മം ഒരളവുവരെ നിറവേറ്റിപ്പോന്നു. എന്നാല്‍ സാമൂഹികജീവിതത്തിന്റെ മാറ്റങ്ങള്‍ക്കനുരൂപമായ ഗാനങ്ങള്‍ നാടകങ്ങളും സിനിമയും തന്നെയാണ് മലയാളികള്‍ക്ക് നല്‍കിയത്. പുതിയ ജീവിതസന്ദര്‍ഭങ്ങളെ നിര്‍വ്വചിക്കാന്‍ അവയ്ക്കു സാധിച്ചു. അക്കാരണത്താല്‍ത്തന്നെ ഈ ഗാനങ്ങള്‍ നമ്മുടെ പൊതുബോധത്തില്‍ ഇടം നേടി. ഇവയിലൂടെ ജീവിതസന്ദര്‍ഭങ്ങളെ നിര്‍വ്വചിക്കാനും നാം ശീലിച്ചു. അതിന്റെ പ്രതിഫലനമാണ് ഗാനങ്ങളിലെ വരികള്‍. സ്വാതന്ത്ര്യം പ്രഖ്യാപിച്ച് നമ്മുടെ വ്യവഹാരഭാഷയില്‍ സ്വന്തമായ സ്ഥാനം നേടിയെടുക്കുന്നത്. പഴയകാലത്തുണ്ടായ ചൊല്ലുകള്‍ ഭാഷയിലെ പൊതുസ്വത്തായി തീരുന്നതുകണക്കെ ചലച്ചിത്രഗാനങ്ങളില്‍നിന്ന് പുതുകാലത്തെ അടയാളപ്പെടുത്താന്‍ പര്യാപ്തമായ വരികളും ആശയങ്ങളും ഭാഷയില്‍ ചേക്കേറുകയുണ്ടായി. ഇവയെയാണ് ഭാഷയില്‍ ചേക്കേറിയ പുതുമൊഴികളായി ഇവിടെ വിവക്ഷിക്കുന്നത്.
       പ്രേമത്തെപ്പറ്റിയും മനുഷ്യപ്രകൃതത്തെപ്പറ്റിയും ആധുനികകാലത്തിന്റെ കാപട്യങ്ങളെപ്പറ്റിയും, കാലത്തെപ്പറ്റിയും, ഭൂമിയെപ്പറ്റിയും ജീവിതാവസ്ഥകളെപ്പറ്റിയുമൊക്കെ സുവ്യക്തമായ നിരീക്ഷണങ്ങള്‍ വയലാര്‍ തന്റെ ഗാനങ്ങളിലൂടെ നടത്തിയിട്ടുണ്ട്. അവയില്‍ പലതും ഭാഷയിലെ സാമാന്യോക്തികളായി മാറുകയും ചെയ്തു. വെറുതെ ഒരാശയത്തെ സാമാന്യവത്കരിക്കുകയല്ല, വയലാര്‍ തന്റെ ഗാനങ്ങളില്‍ ചെയ്തിരിക്കുന്നത്. അര്‍ത്ഥമില്ലാതെയുള്ള സാമാന്യവല്‍ക്കരണങ്ങള്‍ പലപ്പോഴും അപക്വവും അപഹാസ്യവുമാകാറുണ്ട്. എന്നാല്‍ ജീവിതത്തെ സാന്ദ്രമായി അറിയുകയും, ദാര്‍ശനിക നിലപാടുകളിലൂടെ മനുഷ്യജീവിതസന്ദര്‍ഭങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരു കവിക്ക് ഗാനസന്ദര്‍ഭങ്ങളില്‍ ഇത്തരം നിരീക്ഷണങ്ങള്‍ സമര്‍ത്ഥമായി സന്നിവേശിപ്പിക്കാനാകും. പക്വമായ വ്യക്തിത്വത്തിന്റെ പിന്‍ബലമില്ലാതെ നടത്തുന്ന സാമാന്യവല്‍ക്കരണങ്ങള്‍ ലക്ഷ്യം കാണുകയില്ല. വയലാറിനെപ്പോലെ സുചിന്തിതവും വിപുലവുമായ ഒരാശയലോകം സ്വായത്തമാക്കിയ കവിയ്ക്കാകട്ടെ ജീവിതനിരീക്ഷണങ്ങള്‍ സ്വാഭാവികമായി ഉണ്ടായിവരും. അപ്പോഴാണ് അവ, ഗാനഗാത്രത്തില്‍ ജൈവസൗന്ദര്യത്തോടെ ഇഴുകിച്ചേരുന്നത്.
     ജൈവസൗന്ദര്യം ഉണ്ടാകണമെങ്കില്‍ കവിമനസ്സ് ഉള്‍ക്കാഴ്ചക്കൊണ്ടും തത്വചിന്തക്കൊണ്ടും ഗാഢമായ നിരീക്ഷണം കൊണ്ടും സമ്പന്നമായിരിക്കണം. ആ ജൈവസൗന്ദര്യം കൈവരുമ്പോള്‍ മാത്രമേ പുതുമൊഴികളായി മാറാന്‍ ആ ഗാനശകലങ്ങള്‍ക്ക് കെല്‍പുണ്ടാകൂ. ”മാനസമൈനേ വരൂ” എന്ന പ്രസിദ്ധഗാനത്തില്‍ ”കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ അടങ്ങുകില്ല” എന്ന് കേള്‍ക്കുമ്പോള്‍, കഥാസന്ദര്‍ഭത്തിന് ഏറ്റവും ഇണങ്ങുന്ന കടലിലെ ഓളങ്ങളെ കൂട്ടുപിടിച്ച കവികല്പനയുടെ ഔചിത്യം ശ്രദ്ധിയ്ക്കാതിരിക്കാന്‍ കഴിയില്ല. ചെമ്മീനിലെ കഥാഗതിയെ നിയന്ത്രിക്കുന്നതുതന്നെ ‘കരളിലെ മോഹ’മാണല്ലോ. 
ഔചിത്യമാണ് ഈ വരികളെ ആദ്യം ശ്രദ്ധേയമാക്കുന്നത്. പിന്നീടാണ് അവ സിനിമയുടെ സന്ദര്‍ഭത്തില്‍ നിന്ന് പറന്നുയര്‍ന്ന് സാമാന്യസംഭാഷണത്തില്‍ ചേക്കേറുക. ഓരോ പ്രാവശ്യം കേള്‍ക്കുമ്പോഴും പറയുമ്പോഴും ‘എത്ര ശരി’! എന്നു തോന്നിക്കാന്‍ കഴിഞ്ഞെങ്കിലേ പഴഞ്ചൊല്ലുകളെപ്പോലെ ഈ പുതുചൊല്ലുകള്‍ക്ക് ഭാഷയില്‍ വേരോട്ടമുണ്ടാകൂ.
    ജീവിതത്തെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍ ശ്രദ്ധിക്കാം;
    ‘ചലനം, ചലനം, ചലനം;
    മാനവജീവിതപരിണാമത്തിന്‍
    മയൂരസന്ദേശം.’
        മനുഷ്യചരിത്രത്തിന്റെ ചലനാത്മകതയെക്കുറിച്ചുള്ള സാമൂഹികാവബോധത്തില്‍ നിന്നാണ് ഈ സാമാന്യവത്കരണം ഉരുവാകുന്നത്. ചലനത്തെ സാര്‍വ്വത്രികതയും അധ്യഷൃതയും ആവശ്യകതയും ഉറപ്പാക്കാനായി, ചലനത്തെ ”പരിണാമത്തിന്റെ മയൂരസന്ദേശ’ മെന്ന് കവി വിശേഷിപ്പിക്കുന്നു. ‘ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളേ’ എന്നാരംഭിക്കുന്ന ഗാനത്തില്‍ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളിലൂടെ വലിയൊരു ജീവിതദര്‍ശനം വയലാര്‍ അവതരിപ്പിക്കുന്നുണ്ട്.
    ‘പകല്‍വാഴും പെരുമാളിന്‍
    രാജ്യഭാരം- വെറും
    പതിനഞ്ചുനാഴിക മാത്രം.’
    മറ്റൊരു ഗാനത്തില്‍ മനുഷ്യബന്ധങ്ങളിലെ നിഴലും വെളിച്ചവും, ഇണക്കവും പിണക്കവും, കവിയുടെ സാമാന്യവല്‍ക്കരണത്തിനു പാത്രമാകുന്നത് ഇങ്ങനെ;
    ‘ഇണക്കം, പിണക്കം – ഇതു
    മനുഷ്യകഥയുടെ ചുരുക്കം.
    ഒരുക്കം, മുടക്കം-ഇതു
    പ്രണയകഥയുടെ തുടക്കം.’
    ‘ഈടാര്‍ന്ന വായ്ക്കുമനുരാഗനദിയ്ക്ക്- വിഘ്‌നം 
    കൂടാത്തൊഴുക്കുക്കനുവദിക്കുകയില്ല ദൈവം’    
    എന്ന ആശാന്‍ വരികളെ ഇവ ഓര്‍മ്മിപ്പിക്കുന്നത് യാദൃച്ഛികമല്ല.
    പ്രണയത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളില്‍ പലതും കാലാതിവര്‍ത്തികളാണ്.
    ‘ചുംബിക്കാനൊരു ശലഭമുണ്ടെങ്കിലേ
    യൗവനം സുരഭിലമാകൂ……………….’
    എന്ന സാമാന്യതത്ത്വം ശ്രോതാവിന്റെ സ്മൃതിശാഖിയില്‍ ചേക്കേറുകതന്നെ ചെയ്യും. മറ്റൊരു ഗാനത്തില്‍ പ്രണയത്തിന്റെ അനശ്വരതയെക്കുറിച്ച് പറയുമ്പോള്‍ ഉദാത്തതയിലേക്ക് സ്ത്രീപുരുഷബന്ധത്തെ ഉയര്‍ത്തുന്നുണ്ട്.
    ”പ്രേമം; സ്ത്രീപുരുഷപ്രേമം- അത്
    ഭൂമിയുള്ള കാലംവരെയും
    പൂവിടുന്ന ലോലവികാരം.’
         ‘പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും’ എന്ന ആശയവും പുതിയകാലത്തിന്റെ പ്രണയപദാവലിയില്‍ സ്ഥിരമായി ഇടംനേടുകയുണ്ടായി. ‘എനിക്കുള്ള മറുപടിയാണോ നിന്റെ മൗനം?” എന്നും, ‘രാത്രി പകലിനോടൊന്നപോലെ യാത്ര ചോദിപ്പൂ’ എന്നുമൊക്കെയുള്ള പ്രസ്താവങ്ങള്‍ മനുഷ്യവികാരങ്ങളുടെ ആര്‍ജ്ജവമുള്ള പദാവലികളായി മാറിക്കഴിഞ്ഞു. മൗനത്തിലെ മറുപടി എത്ര ഭാവബന്ധുരമാണെന്ന് അറിയുന്നവര്‍ക്കും, ഒത്തുചേരാന്‍ കഴിയാത്തവിധം, രാത്രിയും പകലും പോലെ അകലാന്‍ വിധിക്കപ്പെട്ടവര്‍ക്കും ഈ ശീലുകള്‍ അന്തരംഗത്തില്‍ നിന്ന് ഉദ്ഗമിക്കുന്ന വൈകാരികപരമാര്‍ത്ഥങ്ങള്‍ തന്നെയാകുന്നു.~
    സ്ത്രീയിലെ മാതൃത്വത്തെക്കുറിച്ച് കവി പുലര്‍ത്തിയിരുന്ന ആശയങ്ങളും വിശ്വാസങ്ങളും നിരവധി ഗാനങ്ങളില്‍ സാമാന്യസത്യങ്ങളായി ആവിഷ്‌കരിക്കപ്പെടുന്നുണ്ട്.
    ‘എല്ലാ സ്ത്രീയിലും അന്തര്‍ല്ലീനമാ-
    ണമ്മയാകാനുള്ള ദാഹം’
    എന്നും,
    ‘അവരുടെ ശൈശവ സ്വപ്നങ്ങളില്‍- നമ്മള്‍
    മണ്‍പാവകളായിരുന്നു.’
    എന്നും,
        ‘അമ്മേ, അവിടുത്തെ മുന്നില്‍
        ഞാനാര്, ദൈവമാര്’
    എന്നും കേള്‍ക്കുമ്പോള്‍ മാതൃത്വത്തെക്കുറിച്ചുള്ള കവിയുടെ മനോജ്ഞ സങ്കല്പം വിടര്‍ന്നുനില്‍ക്കുന്നു.
    കുടുംബജീവിതത്തിലെ അവഗണന ഏറ്റുവാങ്ങുന്ന എല്ലാ സ്ത്രീകളുടെയും അവസ്ഥ, ‘ഭാര്യ’ എന്ന ചിത്രത്തിലെ ഈ വരികള്‍ എക്കാലത്തേക്കും വേണ്ടി സംക്ഷേപിക്കുന്നുണ്ട്.
    ‘എന്തു പറഞ്ഞാലും,
    എത്ര കരഞ്ഞാലും 
    എന്നും പിണക്കമേയുള്ളൂ’
    വിധിയെക്കുറിച്ചുള്ള വയലാര്‍ഗാനങ്ങളിലെ നിരീക്ഷണങ്ങളും പുതുമൊഴികളായി മാറിയവയാണ്.
    ‘വിധിയുടെ കൈകള്‍ക്കറിയില്ലല്ലോ
    വിരഹവേദന’
    എന്നത് ഒരു സര്‍വ്വകാലപ്രസക്തമായ നിരീക്ഷണം തന്നെയാണ്. ‘വിധിയുടെ ബലിമൃഗങ്ങള്‍’ എന്ന പ്രയോഗത്തിനും ഈവിധം പ്രചാരം സിദ്ധിച്ചു.
    ദൈവത്തെക്കുറിച്ചുള്ള നിശിതമായ അഭിപ്രായങ്ങള്‍ കവിതയിലെന്നപോലെ ഗാനങ്ങളിലും വ്യാപകമാണ്. ‘കണ്ണു തുറക്കാത്ത ദൈവങ്ങള്‍’ എന്ന വിശേഷണം വയലാര്‍ എന്നേക്കുമായി ഭാഷയ്ക്ക് സമ്മാനിച്ചു. ‘മാനത്ത് ദൈവമില്ല, മണ്ണിലും ദൈവമില്ല, മനസ്സിനുള്ളിലാണ് ദൈവം’ എന്ന ആശയവും, ഈശ്വരന്‍ ഹിന്ദുവല്ല, ഇസ്ലാമല്ല, ക്രിസ്ത്യാനിയല്ല എന്ന പ്രഖ്യാപനവും സിനിമാഗാനത്തിന്റെ അതിര്‍ത്തികളെ പണ്ടേ ഉല്ലംഘിക്കുകയുണ്ടായി.
    ‘മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുമ്പോള്‍
    മനസ്സില്‍ ദൈവം ജനിക്കുന്നു’
    എന്ന ഈരടി അഗാധതയില്‍ നിന്നുളവാകുന്ന ലാളിത്യംകൊണ്ട് അനുഗൃഹീതമാണ്. മതങ്ങള്‍ അനുശാസിക്കുന്ന  വ്യര്‍ത്ഥമായ ആചാരാനുഷ്ഠാനങ്ങള്‍ക്കെല്ലാമപ്പുറത്ത്, സ്‌നേഹത്തിലൂടെ മനുഷ്യമനസ്സില്‍ ജനിക്കുന്ന ദൈവം എന്ന ദാര്‍ശനികമായ ആശയം ഉപനിഷല്‍ജ്ഞാനത്തില്‍ നിന്നും പ്രദീപ്തമായ അനുഭൂതിയില്‍ നിന്നും മാത്രമേ ഉയിര്‍ക്കൊള്ളുകയുള്ളൂ. സാമാന്യോക്തിയായി രൂപാന്തരപ്പെട്ട ഒരു നാടകഗാനത്തിലെ ആശയം ഇതോടു ചേര്‍ത്ത് വായിക്കേണ്ടതാണ്.
    ‘ശബരിമലയിലും കല്ല്,
    ……കല്ലിനെ തൊഴുന്നവരേ…നിങ്ങള്‍
    കല്പണിക്കാരെ മറക്കരുതേ;”
    മതങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയുള്ള നിരീക്ഷണങ്ങള്‍ വയലാര്‍ഗാനങ്ങളുടെ ഒരു സവിശേഷതതന്നെയാണ്.
    ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
    മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു’
എന്ന വരികള്‍ സാമാന്യഭാഷയില്‍ പ്രതിഷ്ഠിതമായിക്കഴിഞ്ഞു. ‘പ്രവാചകന്മാരേ, പറയൂ പ്രഭാതമകലെയാണോ?’  എന്ന ചോദ്യവും സമൂഹത്തിന്റെ മനസ്സില്‍ നിന്ന് നിര്‍വ്യാജമായ ആശങ്കകൊണ്ട് ഉയരുന്നു.
കാലത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും വ്യത്യസ്തമായ മാനങ്ങളില്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു ഈ കവി.
    ”ഈ യുഗം കലിയുഗം,
    ഇവിടെയെല്ലാം പൊയ്മുഖം’
    എന്നത് വ്യാപകമായി അംഗീകരിക്കപ്പെട്ട പുതുമൊഴി.
    ‘കാലം ഒരു പ്രവാഹം-
ആലംബമില്ലാതെ മുങ്ങിയും പൊങ്ങിയും
അതിലലയുന്നൂ വ്യാമോഹം’
എന്ന വരികള്‍ മറ്റൊരുദാഹരണം. കാലത്തെക്കൊണ്ട് പ്രണയത്തിന്റെ മഹത്ത്വവും കവി വിളംബരം ചെയ്യിക്കുന്നു.
‘പ്രകൃതിയും കാലവും ഒരുമിച്ചു പാടി
പ്രേമം- ദിവ്യമാമൊരനുഭൂതി’
ജീവിതാവസ്ഥകളുടെ ഭാവസാന്ദ്രത സംവേദനം ചെയ്യാന്‍ വയലാര്‍ തെരഞ്ഞെടുത്ത പദാവലിയില്‍ പലതും ഇതിനകം ഭാഷയിലെ സാധാരണ പ്രയോഗങ്ങളായി മാറിയതിന്റെ മറ്റു ചില ഉദാഹരണങ്ങളാണ്;
‘കാറ്റു വന്നു കള്ളനെപ്പോെലെ, ‘ഓര്‍മ്മകള്‍ മരിക്കുമോ, ‘ഓളങ്ങള്‍ നിലയ്ക്കുമോ, ‘വളര്‍ന്നു വളര്‍ന്നു വളര്‍ന്നു നീയൊരു വസന്തമാവണം.’ ‘എന്തെന്തു മോഹങ്ങളായിരുന്നു, ‘പിരിഞ്ഞുപോകും നിനക്കിനിയിക്കഥ മറക്കുവാനേ കഴിയൂ, ‘മനസ്സമ്മതം തന്നാട്ടെ, മധുരം കിള്ളി തന്നാട്ടെ, ‘ഒന്നു ചിരിക്കൂ ഒരിക്കല്‍ക്കൂടി’ , ‘എത്രനാളെത്രനാള്‍ മൂടിവയ്ക്കും,’ ‘നിര്‍വ്വചിക്കാനറിയില്ലല്ലോ നിന്നോടെനിക്കുള്ള ഹൃദയവികാരം,’ ‘ഇവിടെക്കാറ്റിനു സുഗന്ധം,’ ‘കടലിനു തീപിടിക്കുന്നു,’ ‘കാറ്റിന് പേപിടിക്കുന്നു,’ ‘ചൊട്ടമുതല്‍ ചുടലവരെ ചുമടും താങ്ങി,’ ‘എന്നെ നിനക്കിഷ്ടമാണോ,’ ‘പൂവനങ്ങള്‍ക്കറിയാമോ ഒരു പൂവിന്‍ വേദന,’ ‘ഏഴു സുന്ദരരാത്രികള്‍,’ ‘ഏകാന്ത സുന്ദരരാത്രികള്‍,’ ‘ഉറങ്ങിക്കിടന്ന ഹൃദയം ഉമ്മവച്ചുമ്മവച്ചുണര്‍ത്തി,’ ‘താവകാംഗുലീ ലാളിതമൊരു താളമായിരുന്നെങ്കില്‍ ഞാന്‍,’ ‘ലക്ഷം നക്ഷത്രദീപങ്ങള്‍ കൊളുത്തി സ്വപ്നം കാണുന്ന രാത്രി,’ ‘ഈ മനോഹരതീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി,’ ‘കൊതിതീരും വരെ, ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ’ എന്നിങ്ങനെയുള്ള അസംഖ്യം ചൊല്ലുകള്‍.