പ്രണയവും കാമവും തകഴിയുടെ സങ്കല്‍പ്പത്തില്‍

0
656

പാവപ്പെട്ട പച്ച മനുഷ്യരുടെ കഥകള്‍ തകഴി പച്ചമലയാളത്തിലാണ് എഴുതിയത്; അല്ല പറഞ്ഞത്. അക്ഷരം കൂട്ടിവായിക്കാവുന്നവര്‍ വീര്‍പ്പടക്കി തകഴിക്കഥകള്‍ വായിച്ചാസ്വദിച്ചു. ആദ്യകാല ചെറുകഥകളിലും നോവലുകളിലും ഒരു പ്രത്യേകതരം കാമാവിഷ്‌കാരമാണ് അദ്ദേഹം നടത്തിയത്. ആണും പെണ്ണും തമ്മിലുള്ള ബന്ധം മാംസനിബദ്ധമായിരുന്നു. അതിനപ്പുറത്തേക്ക് ആഴമോ പരപ്പോ ഉണ്ടായിരുന്നില്ല. പെണ്ണും പെണ്ണും തമ്മിലുള്ള സ്വവര്‍ഗ്ഗാനുരാഗത്തെപ്പോലും സാഹിത്യത്തില്‍ ആദ്യമായി ചിത്രീകരിച്ചത് തകഴിയാണ്. ഇരുപത്തിമൂന്നുകാരനായ തകഴി തിരുവനന്തപുരത്ത് ലോ കോളേജില്‍ പ്ലീഡര്‍ പരീക്ഷയ്ക്ക് പഠിക്കുന്ന കാലത്താണ് ആദ്യനോവല്‍ എഴുതിയത്. 'ത്യാഗത്തിനു പ്രതിഫലം'. അനുജനെ പഠിപ്പിക്കാന്‍ വേണ്ടി ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിതയായ ഒരു ചേച്ചിയുടെ കഥ. ആ കൃതി മറ്റുള്ളവരുടെ ദൃഷ്ടിയില്‍ ഒരു അശ്ശീല കഥയായിരുന്നു. പ്രഗത്ഭനായ മള്ളൂര്‍ ഗോവിന്ദപിള്ളയായിരുന്നു അന്ന് ലോ കോളേജ് പ്രിന്‍സിപ്പാള്‍. ഒറ്റ സാഹിത്യഗ്രന്ഥം പോലും രചിച്ചിട്ടില്ലെങ്കിലും അദ്ദേഹം അന്ന് തിരുവനന്തപുരത്തുള്ള സാഹിത്യപരിഷത്തുകളില്‍ സ്ഥിരം അദ്ധ്യക്ഷനായിരുന്നു. അങ്ങനെയുള്ള സാക്ഷാല്‍ മള്ളൂര്‍ പ്രഖ്യാപിച്ചു: ''ഇതുപോലെ പുസ്തകമെഴുതിയതിനു നിന്നെ ഞാന്‍ കോളേജില്‍ നിന്നു പുറത്താക്കും. കുന്തംപോലെ  തള്ളിനില്‍ക്കുന്ന തെറി ആ പുസ്തകത്തിലുണ്ട്.'' കെ.പി.ശങ്കരമേനോന്‍ ദേഷ്യം അടക്കാന്‍ കഴിയാതെ തകഴിയുടെ മുമ്പില്‍ വച്ചുതന്നെ ആ പുസ്തകം വലിച്ചുകീറി കഷണങ്ങളാക്കി നാലുപാടും വലിച്ചെറിഞ്ഞു. മറ്റുള്ളവരും അവരവരുടെ മനോവിലാസമനുസരിച്ച് വിമര്‍ശിച്ചു. പക്ഷേ ഇതൊന്നുംകൊണ്ട് തകഴിക്ക് ഒരു കൂസലുമുണ്ടായില്ല. മാത്രമല്ല അതോടെ താനൊരു നോവലിസ്റ്റായി അറിയപ്പെട്ടു എന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യ നോവല്‍ സൃഷ്ടിച്ച കോലാഹലത്തിന്റെ വഴിയിലൂടെയാണ് എഴുതി നീങ്ങിയത്. വ്യാകരണമൊന്നും നോക്കാതെ ചുറ്റും കാണുന്ന ജീവിതത്തെ, കഥാപാത്രങ്ങളെ കൊച്ചു കൊച്ചു വാചകങ്ങളില്‍ പച്ചയായി ആവിഷ്‌കരിക്കുക. തിളയ്ക്കുന്ന പ്രായത്തില്‍ തകഴി തെറ്റും തെറിയും നോക്കിയില്ല. 1934 മുതല്‍ അദ്ദേഹം സാഹിത്യരചനയുടെ പ്രയാണത്തിലായിരുന്നു. ചൂടപ്പം പോലെ തകഴിക്കൃതികള്‍ വിറ്റഴിഞ്ഞു.
    ആണും പെണ്ണും തമ്മിലുള്ള ബന്ധം കേവലം ലൈംഗികതയ്ക്കപ്പുറത്ത് ഒന്നുമായിരുന്നില്ല തകഴിക്ക്. വിശപ്പും കാമവും ചൂടുപിടിച്ച് ഇണചേര്‍ന്നാടിയിരുന്നു. അതിനു മേമ്പൊടിയായി ദാരിദ്ര്യവും. സ്വന്തമായി ഒരു പാത വെട്ടിത്തുറന്നാണ് തകഴി സാഹിത്യപ്പടികള്‍ ചവിട്ടിക്കയറിയത്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ആ കൃതികളില്‍ നിറഞ്ഞാടുന്ന കാമാവിഷ്‌കാരത്തെ പലരും വിമര്‍ശിച്ചത്. അതിനിടയ്ക്കാണ് കേസരിയുടെ ഒരു ഉപദേശം. തകഴിയുടെ സാഹിത്യ ഗുരുനാഥന്‍ കേസരി ബാലകൃഷ്പിള്ളയായിരുന്നു. പുതിയ പ്രവണതകളെയും വിദേശനോവലുകളെയും റിയലിസത്തെയും നാച്ചുറലിസത്തേയും മലയാളത്തിനു പരിചയപ്പെടുത്തിയ കേസരി മലയാള സാഹിത്യ പരിവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ മഹാനാണ്.
    കേസരി തകഴിയോടു പറഞ്ഞു: ''നീ നാല്‍പ്പതു വയസ്സുകഴിഞ്ഞ് പ്രണയകഥയെഴുതിയാല്‍ മതി'' രണ്ടിടങ്ങഴിയും തോട്ടിയുടെ മകനുമൊക്കെ എഴുതി തിളങ്ങിനില്‍ക്കുന്ന കാലം. തകഴിയുടെ മനസ്സില്‍ ഒരു സംശയമുണര്‍ന്നു. താനിതുവരെ എഴുതിയതൊന്നും പ്രണയ കഥകളല്ലേ? വിമര്‍ശകര്‍ പറഞ്ഞു. 'അല്ല അതൊക്കെ വെറും കാമാവിഷ്‌കാരങ്ങളാണ്. എതിര്‍പ്പിന്റെ അപ്പോസ്തലനായ കേശവദേവ് തകഴിയെ കടന്നാക്രമിച്ചു. ''എടാ നിനക്ക് നിന്റെ ഭാര്യയുടെ കാമുകനാകാന്‍ പോലും കഴിയില്ല. നിനക്കൊരിക്കലും ഒരു പ്രേമകഥയെഴുതാനുമാവില്ല'' ഇത് തകഴിയുടെ ചങ്കില്‍ കൊണ്ടു.
    തകഴി സത്യത്തില്‍ ആരെയും അഗാധമായി പ്രേമിച്ചിട്ടില്ല. അതുകൊണ്ട് പ്രണയത്തിന്റെ അനുഭവ പാഠവുമില്ല. കാമത്തിന്റെയും പ്രേമത്തിന്റെയും അതിര്‍വരമ്പേതാണ്. തകഴി ചിന്തിച്ചു. ഏതായാലും നാല്‍പ്പതു വയസ്സു കഴിഞ്ഞാണ് ചെമ്മീന്‍ എഴുതിയത്. കേസരിയുടെ പ്രവചനം ഫലിച്ചു. തകഴിയുടെ കാമാതുരമായ മനസ്സ് പ്രണയലോലുപമാകാനും മനസ്സിന് പക്വത വരാനും വേണ്ടിയാവാം കേസരി അങ്ങനെ പറഞ്ഞത്. നന്നായി. ആ കൃതിയെക്കുറിച്ച് പലരും പ്രശംസിച്ചു. അതിലെ പ്രേമസങ്കല്‍പ്പത്തെ പലരും വാനോളം പുകഴ്ത്തി. ഒന്നാംതരം പ്രേമകഥ! അങ്ങനെ ആ നോവല്‍ കാവ്യം ഉടലെടുത്തു.  ചെമ്മീനാണ് തകഴിയെ ലോകപ്രശസ്തനാക്കിയത്. സ്ത്രീ മനസ്സുകളെ ആഴത്തില്‍ തകഴി ആവിഷ്‌കരിച്ചിട്ടുണ്ട്. മകള്‍, ഭാര്യ, അമ്മ, കാമുകി, വേശ്യ എന്നീ നിലകളിലാണ് സ്ത്രീ കഥാപാത്രങ്ങളുടെ രൂപകല്‍പ്പന. ''എല്ലാ സ്ത്രീകളിലും ഒരു വേശ്യ ഒളിഞ്ഞിരിക്കുന്നു. എല്ലാ വേശ്യയിലും ഒരു സ്ത്രീയുമുണ്ട്. സ്ത്രീയിലെ വേശ്യയെ സമുദായം അമര്‍ത്തിവെച്ചിരിക്കുകയാണ്. വേശ്യാത്വം ഇല്ലാത്ത സ്ത്രീ വിരസയാണ്.'' തകഴിയുടെ തത്ത്വശാസ്ത്രം 'ബലൂണില്‍' അങ്ങനെ പ്രതിഫലിച്ചു. സ്ത്രീകളുടെ ലൈംഗികതകളുടെ കാണാപ്പുറങ്ങളാണ് അദ്ദേഹം പകര്‍ത്തിയത്.
    തികച്ചും വ്യത്യസ്തമായ രചനാസൗകുമാര്യമാണ് ചെമ്മീന്‍ എന്ന നോവലിനുള്ളത്. നോവലിനെക്കാള്‍ ശ്രേഷ്ഠമായി ചെമ്മീന്‍ എന്ന സിനിമ. ലോകം മലയാള ഭാഷയെ അറിഞ്ഞത് ചെമ്മീനിലൂടെയാണ്. എല്ലാഭാരതീയ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയ മറ്റൊരു ഗ്രന്ഥം വേറെയില്ല.
    ചെമ്മീനെന്ന പേരുകൊണ്ട് കടലിന്റെ ഏറ്റവും നല്ല വിള എന്ന അര്‍ത്ഥമായിരിക്കാം തകഴി ഉദ്ദേശിച്ചത്. പാകപ്പെടുത്തിയെടുക്കുമ്പോള്‍ വക്രത കാണിക്കുന്ന ഈ മത്സ്യം കടലില്‍ നിന്നു കോരിയെടുക്കുന്ന ധനമാണ്. ആര്‍ത്തലച്ചുവരുന്ന തിര കരയെ മുത്തം വെച്ച് മന്ദം മന്ദം കടലിലേക്കുതന്നെ തിരിച്ചുപോകുന്നു. അത്തരമൊരു പ്രവണതയാണ് മനോഹരമായ ഈ റൊമാന്റിക് നോവലില്‍ ഉടനീളം പ്രകടമാക്കുന്നത്. ചെമ്മീന്‍ വായിച്ച ഫ്രഞ്ചുകാര്‍ അഭിപ്രായപ്പെട്ടത് സുന്ദരമായ ഒരു ഇന്ത്യന്‍ പ്രേമകഥ എന്നത്രെ. വിശ്വസാഹിത്യത്തിന്റെ അപ്പോസ്തലന്മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന അവര്‍ പ്രണയശൃംഗാരങ്ങളുടെ ആവിഷ്‌കരണ കൗശലത്തില്‍ കേമന്മാരാണ്.
    കൈയ്യില്‍ കിട്ടിയത് എടുക്കാതെ പരക്കം പായുക, ഗത്യന്തരമില്ലാതെ വരുമ്പോള്‍ ആത്മഹത്യ ചെയ്യുക. ഇതാണ് ഇന്ത്യന്‍ പ്രേമകഥകളുടെ സവിശേഷത. കടപ്പുറത്തിന്റെ പഞ്ചാരമണലിലേക്ക് പറിച്ചുനട്ട പ്രേമകഥയാണ് ചെമ്മീന്‍.
    പ്രേമം കടപ്പുറത്തു നടക്കുന്നുണ്ടെങ്കിലും ചെമ്മീനില്‍ ശില്‍പ്പ ഭംഗിയുണ്ട്. കല പ്രചരണപരമാണെന്ന കമ്മ്യൂണിസ്റ്റ് നയത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ കൃതിയാണ് ചെമ്മീന്‍. എന്നാല്‍ മനോഹരമായ അന്ധവിശ്വാസത്തിന്റെ ആശയപ്രചരണവും ഈ നോവലില്‍ ഉണ്ട്. മുതിര്‍ന്നവരുടെ തീര്‍പ്പിനെതിരെ അമര്‍ഷം കൊള്ളുന്ന യുവതലമുറയേയും കാണാം. 
    തകഴിയുടെ കാലഘട്ടം വിലക്കപ്പെട്ട കൗമാരപ്രേമങ്ങളുടെ കാലമായിരുന്നു. ആശാനും വള്ളത്തോളുമെല്ലാം പെണ്‍കൊടിമാരുടെ പ്രേമ സ്വാതന്ത്ര്യത്തെ അനുവദിച്ചു കൊടുത്തവരാണ്. ഇവരുടെ കാലം കടന്ന് ഗദ്യസാഹിത്യകാരന്മാരുടെ കാലമെത്തിയപ്പോള്‍ സ്വാതന്ത്ര്യം എന്നത് വെറും ലൈംഗിക സ്വാതന്ത്ര്യമായി മാറി. മുക്കുവരുടെ രാജാവായ തുറയിലരയന്റെ വാക്കുകള്‍ പുറക്കാട്ടു കടപ്പുറത്തെ അലിഖിത നിയമങ്ങളാണ്. അതിനെ ഗംഭീരവല്‍ക്കരിച്ചുകൊണ്ടാണ് ചെമ്മീനിലെ വിവരണം. അത് ഫ്യൂഡലിസത്തെ അരക്കിട്ടുറപ്പിക്കുന്നതാണ്. ഒരു പെണ്ണിനു ഇഷ്ടമുള്ള പുരുഷന്റെ കൂടെ പോകാന്‍ വയ്യാത്ത അവസ്ഥ സമൂഹത്തിന്റെ ശക്തിയും വ്യക്തിയുടെ ദൗര്‍ബല്യവും ഫ്യൂഡലിസത്തിന്റെ മുഖമുദ്രയാണ്. വിഘ്‌നവും വിളംബവും സമ്മര്‍ദ്ദവുമാണ് പ്രേമത്തിന്റെ പൊതു സ്വഭാവം. അതുതന്നെയാണ് ചെമ്മീനിന്റെ കാര്യത്തിലും പ്രസക്തം. എല്ലാ കാര്യങ്ങളും വൈകി ചെയ്യുന്നവരാണ് ചെമ്മീനിലെ കഥാപാത്രങ്ങള്‍. ആദ്യം ചെയ്യേണ്ടത് അവസാനം ചെയ്യുന്നതുകൊണ്ട് ഒടുവില്‍ കടലില്‍ ചാടി ആത്മഹത്യചെയ്യേണ്ടിവരുന്നു.
    തകഴിയുടെ മൂല്യബോധം പാരമ്പര്യാധിഷ്ഠിതമായിരുന്നു. ഒരു പ്രേമകഥയ്ക്ക് മായികമായ സ്വപ്നഭൂമിയോടായിരിക്കും ബന്ധം. അമര്‍ത്തിവെച്ച നിലവിളികള്‍ കടപ്പുറത്തെ തിരകളില്‍ ചേര്‍ന്ന് അലിഞ്ഞുപോകുന്നു. സ്‌നേഹം നിഷേധിച്ചവരുടെ പ്രതിഷേധവും കടലലകളാണ് ഏറ്റെടുക്കുന്നത്. വെയിലില്‍ ഉരുകുന്ന മണലും നിഴലിലൊതുങ്ങാന്‍ ഇടംതേടുന്ന പക്ഷികളും ജീവിതത്തിന്റെ തുടിപ്പു നിലച്ചിട്ടില്ലെന്ന് ചെകിളയനക്കി വിളിച്ചു പറയുന്ന മത്സ്യങ്ങളും കരയ്ക്കുകയറ്റി വച്ച മഷിക്കറുപ്പാര്‍ന്ന വള്ളങ്ങളും സാക്ഷ്യം വഹിച്ച പ്രണയമായിരുന്നു കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും.
    മനുഷ്യമനസ്സ് ചിലപ്പോള്‍ പ്രക്ഷുബ്ധമായ കടല്‍പോലെയാണ്. മറ്റുചിലപ്പോള്‍ കരയ്ക്കിരുന്ന തോണിപോലെ ശാന്തവും. കടലിനെ ആരാധിക്കുന്നവരാണ് മുക്കുവര്‍. മുത്തുവാരാന്‍ ആഴക്കടലിലേക്ക് ശുദ്ധരായേ പോകാവൂ. ഉപ്പുരസമുള്ള കടലിലെ എണ്ണമിനുപ്പാര്‍ന്ന വള്ളത്തിന്റെ അമരക്കാരനായ അരയന്‍ അരയത്തിയുടെ പാതിവ്രത്യത്തിന്റെ ചൂണ്ടയില്‍ കൊരുത്തിരിക്കുന്ന ആത്മാവുമായാണ് തുഴഞ്ഞു നീങ്ങുന്നത്.
    സമുദ്രത്തിന്റെ ആഴത്തിലേക്കുവരെ വേരോട്ടം നടത്തിയ പ്രതിഭയാണ് ചെമ്മീന്‍. കടപ്പുറത്ത് വായ പിളര്‍ന്ന് കക്കാത്തോടുകളും ഞണ്ടിന്‍ പള്ളകളും കിടക്കുന്നു. കടലിന്റെ കാണാക്കയങ്ങളില്‍ നിന്ന് മത്സ്യങ്ങളെ വലവീശിപ്പിടിക്കുന്നതു മഹാപാപം ആണ്. ആ മൊതലു ഗുണമുള്ളതല്ല. മനുഷ്യന്റെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടമാണിവിടെ. പരമ്പരാഗതമായ ഒരു മുത്തിനെ മുത്തം വച്ചുകൊണ്ടുള്ള 'ചെമ്മീന്റെ' രചനാകൗശലത്തിനു മിഴിവേറെയുണ്ട്.
    ചെമ്മീന്‍ കാല്‍പ്പനികതയുടെയും യാഥാര്‍ത്ഥ്യത്തിന്റെയും സമ്മളിതഭാവം കൈക്കൊള്ളുന്ന പ്രേമകഥയാണ്. ചെമ്മീന്‍ എഴുതിയ ഭാഷ എന്ന നിലയിലാണ് പാശ്ചാത്യര്‍ മലയാളത്തെ അറിഞ്ഞത്. കേരള മലയാളത്തെ ലോക മലയാളമാക്കിയത് തകഴിയാണ്.
    പണം കൂമ്പാരിച്ചു വയ്ക്കുകയും കൂടെക്കൂടെ കൂട്ടിക്കൂട്ടി നോക്കുകയും ചെയ്യുന്നതില്‍ രസം കണ്ടെത്തുന്നവനാണ് ചെമ്പന്‍കുഞ്ഞ്. ഒടുവില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ പരക്കം പായുന്നു. കറുത്തമ്മയും ചക്കിയും പഞ്ചമിയുമെല്ലാം മണ്‍ചെരാതുകളാണ്. പ്രകൃതിശക്തികളുടെ മുന്നില്‍ തൊഴുകൈകളുമായി നിന്നു പ്രാര്‍ത്ഥിച്ചിരുന്നവരുടെ പിന്‍മുറക്കാരാണിവര്‍. ഓരോരുത്തരില്‍ നിന്നും മറ്റൊരാളിലേക്ക് കാലം വഴി മാറുന്നു.
    കടലിന്റെ രൗദ്ര താളവും ഗാംഭീര്യവും തിരകളുടെ പാല്‍പ്പുഞ്ചിരിയും സാന്ദ്ര സംഗീതമുതിര്‍ക്കുന്ന മണല്‍ത്തരികളും ചേര്‍ന്ന് ചെമ്മീന് ഒരു ഭ്രമാത്മകസൗന്ദര്യം നല്‍കുന്നു. ഇതരകൃതികളില്‍ നിന്നു വേറിട്ട ഒരു ഭാവസൗന്ദര്യം ചെമ്മീനില്‍ ഉടനീളമുണ്ട്. പരീക്കുട്ടിക്കും കറുത്തമ്മയ്ക്കും ജീവിതം നല്‍കിയത് തിരിച്ചടികള്‍ മാത്രമാണ്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളുടെ ഇത്തിരിവട്ടത്തിലുള്ള ഒരു ലോകത്താണ് അവര്‍ ജീവിച്ചത്. അതിനെ സങ്കീര്‍ണ്ണതകളുടെ ലോകം എന്നു പറയാം. കടലിന്നാഴങ്ങളിലേക്ക് മുങ്ങാംകുഴിയിട്ട് മുത്തു തേടിപ്പോയിരുന്നവരുടെ പിന്‍മുറക്കാര്‍. കടലമ്മ മുക്കുവര്‍ക്ക് മീനല്ലാതെ മുത്തും പവിഴവും കൊടുത്തതായി അറിയില്ല. അവര്‍ക്കുപിന്നാലെ വന്നവരുടെ വലിയ സ്വപ്നം സ്വന്തമായ വള്ളവും വലയും മാത്രമായിരുന്നു.
    നിറംകെട്ട ജീവിതത്തിന്റെ മുഷിവുള്ള മുഖവുമായി ജീവിച്ചിരുന്നവരാണ് ചക്കിയും ചെമ്പന്‍കുഞ്ഞുമെല്ലാം. ദാരിദ്ര്യവുമായി ഇഴുകിച്ചേര്‍ന്ന് മറ്റു ജീവിതങ്ങള്‍ക്കിടയ്ക്ക് ചെമ്പന്‍കുഞ്ഞ് സ്വപ്നം കണ്ടുയരാന്‍ ശ്രമിച്ചു. പ്രതീക്ഷയുടെ ചെറുതിരിവെട്ടം പോലും എത്തിപ്പിടിക്കാനാവാതെ ഇരുണ്ടുപോകുന്ന ജീവിതങ്ങള്‍ക്കിടയില്‍ നിന്നാണ് ചെമ്പരുന്തിനെപ്പോലെ പറന്നുയരാന്‍ അയാള്‍ ശ്രമിച്ചത്.
    പ്രണയം പ്രകാശധാരമായി പെയ്തിരുന്ന കൗമാരക്കാരില്‍ നിന്നാണ് ധനാര്‍ത്തി പൂണ്ട  ചെമ്പന്‍കുഞ്ഞ് തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി വിഭവസമാഹരണം നടത്തിയത്. പ്രണയം  പ്രാണവായുവാണെന്ന് തോന്നിയ പരീക്കുട്ടിക്ക് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. കരിന്തേളിന്റെ കുത്തേറ്റ് കനത്ത കാലടികളും പഴുതാര ഇഴഞ്ഞ നെഞ്ചിന്‍കൂട്ടിലേക്ക് വലിച്ചെറിഞ്ഞ കനല്‍ച്ചീളുകളും പ്രണയച്ചൂടില്‍ തിളച്ചുപൊന്തി.
    ഉള്ളില്‍ ഉറഞ്ഞുകൂടുന്ന ആശയവും ഭാവനയും ആവിഷ്‌കരിക്കാനേ താന്‍ ശ്രമിച്ചിട്ടുള്ളു എന്ന് തകഴി പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് തന്റെ സംശയങ്ങളും  പരമാര്‍ത്ഥവും 'പ്രേമവും ഞാനും കേസരിയും ദേവും' എന്ന ലേഖനത്തില്‍ തകഴി തുറന്നെഴുതിയിട്ടുണ്ട്. ചെമ്മീന്‍ നല്ല പ്രേമകഥയാണെന്നു വാഴ്ത്തപ്പെട്ടപ്പോഴാണ്, താനെഴുതിയത് പ്രേമകഥയാണെന്ന് അദ്ദേഹത്തിനു മനസ്സിലായത്. യൗവ്വനത്തിന്റെ ആവേശമടങ്ങി പക്വത പ്രാപിച്ചാലെ പ്രണയ കഥയെഴുതാനാവുകയുള്ളൂ എന്ന് പിന്നീട് തകഴിയും സമ്മതിച്ചു. ചെമ്മീന്‍ ഗംഭീരമായ ഒരു ദുരന്ത പ്രേമകഥയാണ്. മാര്‍ക്‌സില്‍ നിന്ന് ഫ്രോയിഡിലേക്കും അവിടെ നിന്ന് യുങിലേക്കുമുള്ള മാറ്റമാണെന്ന് നിരൂപകന്മാര്‍ വിശേഷിപ്പിച്ചു.
    ചെമ്മീന്‍ മനസ്സിനെ മഥിക്കുന്ന നോവലാണ്. തകഴി സംവേദനക്ഷമതയും അച്ചടക്കവും നിയന്ത്രണവുമുള്ള കലാകാരനാണ് എന്ന് ആര്‍.ഇ. ആഷര്‍ പറഞ്ഞിട്ടുണ്ട്. 'സുന്ദരമായി രൂപപ്പെടുത്തിയ കഥ, നിഷ്‌കൃഷ്ടമായി നിരീക്ഷണം ചെയ്ത പശ്ചാത്തലം, ഉജ്ജ്വലമായ മന:ശാസ്ത്രാവബോധം എന്നാണ് ടൈംസ് മാഗസീന്‍ ചെമ്മീനെ വിശേഷിപ്പിച്ചത്.
     പച്ചയായ കാമാവിഷ്‌കാരത്തില്‍ നിന്ന് പരിശുദ്ധമായ പ്രേമസങ്കല്‍പ്പത്തിലേക്കുള്ള തകഴിയുടെ തിരിച്ചുവരവാണ് ചെമ്മീനില്‍ പ്രകടമാകുന്നത്.