കേച്ചേരിപ്പാട്ടുകളിലെ അലങ്കാരചാരുത

0
142

          പ്രഭാതശീവേലി തൊഴുത പതിനാലാം രാവെന്ന വിശേഷണത്തിനര്‍ഹനായ യൂസഫലികേച്ചേരിയെ ക്കുറിച്ച് ഇതിനകം ഒരു കവിയെന്ന നിലയ്ക്കും ഗാനരചയിതാവെന്ന നിലയ്ക്കും പല അനുസ്മരണങ്ങളും വന്നിട്ടുണ്ട്. എന്നാല്‍ അദ്ദേഹം തന്റെ ചലച്ചിത്രഗാനങ്ങളിലൂടെ കാവ്യശാസ്ത്രപഠനത്തിന് നല്‍കിയ സംഭാവനകളെക്കുറിച്ച് ആരും അനുസ്മരിച്ചു കണ്ടില്ല. അദ്ദേഹത്തിന്റെ ചലച്ചിത്രഗാനങ്ങളില്‍ കാണപ്പെടുന്ന ചില പ്രധാന അലങ്കാരങ്ങളെയും കാവ്യശാസ്ത്ര തത്ത്വങ്ങളെക്കുറിച്ചുമുള്ള അന്വേഷണമാണ് ഈ ലേഖനം. 
മലയാള വ്യാകരണ പഠനത്തിന്റെ ഭാഗമായിരുന്ന അലങ്കാരങ്ങളുടെ ലക്ഷ്യമായിരുന്നു യൂസഫലിയുടെ ഓരോ ചലച്ചിത്രഗാനവും. 'മാലോപമ' എന്ന ഒരു അലങ്കാരം ''ഒരുപമേയത്തെ പല ഉപമാനങ്ങളോട് ഉപമിക്കുന്നത് മാലോപമ'' എന്നാണ്. കേരള പാണിനി എ.ആര്‍.രാജ രാജവര്‍മ കോയിത്തമ്പുരാന്‍ നല്‍കിയിട്ടുള്ള ലക്ഷണം. അദ്ദേഹം ലക്ഷ്യമായി നല്‍കിയിട്ടുള്ളത്.
കാര്‍ കൊണ്ടുമിങ്ങാത്തൊരു കൊണ്ടല്‍ പോലെ
കല്ലോലമില്ലാതെഴുമാഴിപോലെ
കാറ്റില്‍പ്പെടാദ്ദീപവുമെന്നപോലെ
ഈ ലക്ഷ്യം ഓര്‍ത്തിരിക്കാന്‍ പ്രാപ്തമായ ഒരു ചലച്ചിത്രഗാനമാണ്.
''അമ്പലക്കുളത്തിലെ ആമ്പല്‍പോലെ
കണ്വാശ്രമത്തിലെ മാന്‍ പോലെ
അന്നൊരിക്കല്‍ ഞാന്‍ കണ്ട പെണ്‍കിടാവോ
നീ കൗമാരം കസവിട്ട പൂനിലാവോ (ചിത്രം : ശരപഞ്ജരം)
ഇവിടെ അന്നൊരിക്കല്‍ കണ്ട പെണ്‍കിടാവാകുന്ന ഉപമേയത്തെ ആമ്പല്‍,മാന്‍ എന്നീ ഉപമാനങ്ങളോടാണ് സാദൃശ്യപ്പെടുത്തുന്നത്. ഹൈസ്‌കൂള്‍ ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ മനസ്സില്‍പ്പോലും വളരെ വേഗം ഈ ലക്ഷ്യം പതിയുമെന്നതിന് തെളിവുണ്ട്. ഇതേ ഗാനത്തിന്റെ ചരണങ്ങളില്‍ 'വിഷമം' എന്ന അലങ്കാരത്തിന്റെ സാന്നിദ്ധ്യവുമുണ്ട്.
''വിഷമം ചേര്‍ച്ചയില്ലാത്ത
രണ്ടിനെച്ചേര്‍ത്തു ചൊല്ലുകില്‍'' എന്നാണ് കേരള പാണിനി 'വിഷമാ' ലങ്കാരത്തിനു നല്‍കിയിട്ടുള്ള ലക്ഷണം.
''നിതാന്തം നിസ്സാരം ബത; മൃഗമതിന്‍ ജീവനെവിടെ? 
കൃതാന്താ ദൈത്യാനം തവ ച കുടുംബാണങ്ങളെവിടെ'' ഈ ലക്ഷ്യത്തെത്തന്നെയല്ലേ
''വിണ്ണിന്‍ വിശുദ്ധിയുള്ള കണ്ണില്‍ ഇന്ന്-
വീഞ്ഞിന്റെ ലഹരി വന്നതെങ്ങിനെ''  
എന്ന് യൂസഫലി ഉപയോഗിച്ചിട്ടുള്ളത്.
''സത്രത്തില്‍ ഒരു രാത്രി'' എന്ന ചിത്രത്തിലെ ഒരു പ്രശസ്ത ഗാനമാണ്. ''പ്രഭാതശീവേലി തൊഴുതുമടങ്ങുമ്പോള്‍ എന്നു തുടങ്ങുന്നത്. ആ ഗാനത്തിന്റെ ചരണത്തിലെ ഉദാത്തമായ രൂപക പ്രയോഗത്തെ അവഗണിക്കാന്‍ ആര്‍ക്കു കഴിയും? 
''അവര്‍ണ്യത്തോടുവര്‍ണ്യത്തി-
ന്നഭേദം ചൊല്‍ക രൂപകം'' എന്നാണല്ലോ രൂപക ലക്ഷണം. പുനം നമ്പൂതിരിയുടെ പ്രശസ്തമായ ''താരില്‍ തന്വീ'' മുക്തകമാണ് എ.ആര്‍. രൂപകത്തിന്റെ ലക്ഷ്യമായി നല്‍കിയിരിക്കുന്നത്. ഇവിടെ മേല്‍ സൂചിപ്പിച്ച ഗാനത്തിന്റെ ചരണത്തില്‍
''താരകനിര്‍മ്മാല്യം മാറ്റിയ തെളിവാനം
തങ്കത്തിന്‍ കതിര്‍മാല ചൂടി'' എന്നീ വരികള്‍ വായിക്കുമ്പോള്‍ ''ഇന്നലെ രാവുപയോഗിച്ച പൂക്കളാകുന്ന താരങ്ങളടിച്ചു വാരി'' (പ്രഭാത ഗീതം- വള്ളത്തോള്‍ ) എന്നത് ഓര്‍ക്കുമെങ്കിലും യൂസഫലി കേച്ചേരി വള്ളത്തോളിനെ അനുകരിക്കുന്നില്ല. മറിച്ച്, വളളത്തോളിന്റെ 'പൂക്കളാകുന്ന താരങ്ങളെ' ക്കാള്‍ ഉദാത്തമായ രൂപകമാണ് ഇവിടത്തെ 'താരകനിര്‍മ്മാല്യത്തിന്. അതുകൊണ്ടു തന്നെ ശക്തിയും ഓജസ്സും കൂടുതല്‍ കൈവന്നു. ഒരു ദേവാലയത്തില്‍ കഴിഞ്ഞ ദിവസത്തെ മാലമാറ്റി പുതിയ മാല അണിയിക്കുന്ന പ്രതീതിയാണ് യൂസഫലി സൃഷ്ടിച്ചത്. ഇത് വള്ളത്തോളിന്റെ കാവ്യ സങ്കേതത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് വ്യക്തമാണല്ലോ.
'ഖദീജ' എന്ന ചിത്രത്തിലെ
''അനന്ത ശയനാ
അരവിന്ദ നയനാ
അഭയം നീയേ ജനാര്‍ദ്ദനാ
കദനമാകും കാളിയനല്ലോ
കരളിന്‍ യമുനയില്‍ വാഴുന്നു'' എന്ന ഗാനത്തില്‍ എ.ആര്‍. തമ്പുരാന്റെ നിര്‍വചന പ്രകാരം ഒരു രൂപകത്തെ സാധിപ്പാന്‍ വേണ്ടി വേറൊരു രൂപകം ചെയ്യുന്നതിനാല്‍ ഇവിടെ പരമ്പരിത രൂപകമാണെന്നു കണ്ടെത്താന്‍ വിഷമമില്ല, 'കദനമാകും കാളിയന്‍', 'കരളിന്‍ യമുന, 'മാനസമാകും തേര്' എന്നെല്ലാം തുടര്‍ച്ചയായി രൂപകാലങ്കാരങ്ങള്‍ കവി പ്രയോഗിച്ചിട്ടുണ്ട്.
'വൃതിരേകം' എന്ന അര്‍ത്ഥാലങ്കാരത്തിന് രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍ 'ഭാഷാഭൂഷണത്തില്‍ ഇങ്ങനെയാണ് ലക്ഷണം കൊടുത്തിട്ടുള്ളത്.
''വിശേഷം വൃതിരേകാഖ്യം
വര്‍ണ്യാവര്‍ണ്യങ്ങള്‍ തങ്ങളില്‍
ഈ ലക്ഷണത്തിന്റെ ലക്ഷ്യമായി ''അംഗത്തിലെങ്ങുമണിയാത്തൊരു ഭൂഷണം താന്‍''
ഇതുതന്നെയല്ലേ, ''മാരന്‍ കൊരുത്തമാല'' (ചിത്രം: അലാവുദ്ദീനും അത്ഭുതവിളക്കും) എന്ന ഗാനത്തിന്റെ അടുത്ത വരിയിലുള്ള ''നുകരാത്ത രാസ ലീല'' എന്ന പ്രയോഗം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മഹാകവി വള്ളത്തോള്‍ 'എന്റെ ഗുരുനാഥനനില്‍ രാഷ്ട്രപിതാവിനെ ''പാമ്പുകള്‍ തീണ്ടിടാത്ത മഹാ നിധി'' എന്ന് വൈശിഷ്ട്യമുള്ള  ഉപമാനമാക്കിയതിന് തത്തുല്യമാണ് ഈ ''നുകരാത്ത രാസ ലീല''.
'സസന്ദേഹം' എന്ന അലങ്കാരത്തെ എ.ആര്‍. നിര്‍വ്വചിക്കുന്നത് സ്മൃതിമാന്‍, ഭ്രാന്തിമാന്‍ എന്നിവയോടൊപ്പമാണ്.
സാദൃശ്യത്താല്‍ സ്മൃതി ഭ്രാന്തി
സന്ദേഹങ്ങള്‍ കഥിക്കുകില്‍
സ്മൃതിമാന്‍ ഭ്രാന്തിമാന്‍ പിന്നെ
സസന്ദേഹവുമായിടും – എന്നാണ് തമ്പുരാന്റെ ലക്ഷണം.
ഇതില്‍ ഭ്രാന്തിമാന്റെ ലക്ഷ്യമായി കൊടുത്തിരിക്കുന്നത്, പ്ലാശിന്‍ മൊട്ടെന്നളിതാനാശിച്ചെത്തുന്നു പൈങ്കിളിക്കൊക്കില്‍ കിളിയും ഞാവല്‍ പഴമെന്നളിയെക്കൊത്താനൊരുങ്ങുന്നു എന്നാണ്. എന്നാല്‍ ഇതിന് വളരെ ലളിതമായ കേച്ചേരിപ്പാട്ടുണ്ട്. എന്റെ പേരു വിളിക്കയാണോ? നിന്റെ കയ്യിലെ കങ്കണം.
ചുംബനം യാചിക്കയാണോ! തേന്‍ തുളുമ്പും ചുണ്ടുകള്‍ (ചിത്രം വര്‍ണക്കാഴ്ചകള്‍) എന്നാണ്. ഇവിടെ കാമുകിയുടെ കൈവളക്കിലുക്കം കേള്‍ക്കുമ്പോള്‍ അത് തന്റെ പേര് വിളിക്കുകയാണോന്നും, കാമുകിയുടെ തേന്‍ തുളുമ്പുന്ന ചുണ്ടുകള്‍ കാണുമ്പോള്‍ ചുംബനം യാചിക്കുകയോണോന്നും സംശയിക്കുന്നത് ഭ്രമം കൊണ്ടാണ്. അഥവാ ഭ്രാന്തുകൊണ്ടാണ്. വിശ്വ മഹാകവി വളരെ മുമ്പേ പറഞ്ഞിട്ടുള്ളതാണല്ലോ കവിക്കും കാമുകനും അരവട്ടാണെന്ന്. ആ നിലയ്ക്ക് നായികയുടെ സാന്നിധ്യം നായകനെ ഭ്രാന്തനാക്കുന്നു. എന്തുക്കൊണ്ടും ''ഭ്രാന്തിമാന്റെ'' ലക്ഷണത്തിന് അനുയോജ്യമായ ലക്ഷണമാണ് ''എന്റെ പേര് വിളിക്കയാണോ? '' എന്ന ഗാനമെന്നതില്‍ അശേഷം സംശയമില്ല. 
ഇനി സസന്ദേഹത്തിന്റെ ലക്ഷ്യമായി ''ഭാഷാഭൂഷണ''ത്തില്‍ കൊടുത്തിട്ടുള്ളത് ഇരയിമ്മന്‍ തമ്പിയുടെ പ്രശസ്തമായ താരാട്ടു പാട്ടാണെന്ന് എല്ലാവര്‍ക്കുമറിയാം.
ഓമനത്തിങ്കള്‍ കിടാവോ…. നല്ല കോമളത്താമരപ്പൂവോ…
ഈ ലക്ഷ്യം തന്നെയാണ് പ്രശസ്തമായ തന്റെ ഗാനങ്ങളിലൂടെ യൂസഫലി കേച്ചേരി കാണിച്ചു തരുന്നത്.
''വെണ്ണയോ- വെണ്ണിലാവുറഞ്ഞതോ
വെളുത്ത പെണ്ണേ നിന്റെ പൂമേനി
കവിതയോ കവിയുമിന്ദ്രജാലമോ
കറുത്ത കണ്ണില്‍ കണ്ട പൂത്തോണി'' ( ഇതാ ഇവിടെ വരെ) എന്നും.
''മുറുക്കിചുവന്നതോ- മാരന്‍
മുത്തിച്ചുവപ്പിച്ചതോ………'' (ഈറ്റ) എന്നുമൊക്കെ അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത് സസന്ദേഹം എന്ന അര്‍ത്ഥാലങ്കാരത്തിന്റെ ലളിതീകരിച്ച രൂപമാണ്. യൂസഫലി കേച്ചേരി തന്റെ ചലച്ചിത്ര ഗാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള പ്രശസ്തമായ അര്‍ത്ഥാലങ്കാരം ''സസന്ദേഹമാണ്ണ്.
കാളിദാസ കാവ്യമോ! ത്യാഗരാജഗീതമോ!
പെണ്‍വടിവില്‍ വന്നത്- എന്മുന്നില്‍ വന്നത് ( ചിത്രം : പുത്തരിയങ്കം) എന്നെഴുതിയതും ഇതേ ലക്ഷ്യത്തിലാണ്. പുതിയ കാലത്ത് അദ്ദേഹം രചിച്ച ''വൈശാഖ സന്ധ്യയോ… നിശയുടെ ചേങ്ങിലയോ'' എന്ന ഗാനത്തിനു പിന്നിലും ഈ ലക്ഷ്യം തന്നെയാണ്.
''ഉല്ലേഖമൊന്നിനെത്തന്നെ
പലതായി നിനയ്ക്കുകില്‍'' എന്ന ഉല്ലേഖ നിര്‍വചനത്തെ അനുസരിക്കുന്ന ഗാനമുണ്ട് 'ആ നിമിഷം' എന്ന ചിത്രത്തിലെ ''മനസ്സേ നീയൊരു മാന്ത്രികനോ.'' ഇവിടെ മനസ്സിനെ മാന്ത്രികനും ചെകുത്താനുമൊക്കെയായി കവി ഉല്ലേഖിക്കുന്നു.
യൂസഫലി കേച്ചേരിയുടെ ചലച്ചിത്ര ഗാനങ്ങളിലെ അര്‍ത്ഥാലങ്കാരങ്ങളുടെ അന്വേഷണം ഉള്ളൂര്‍ കവിതയുടെ അലങ്കാരങ്ങളുടെ പഠനം പോലെ തന്നെ എളുപ്പമല്ല . അത്രമാത്രം വിശാലമാണ്. ഓര്‍മ്മയില്‍ വന്ന ചില ഗാനങ്ങളിലെ അലങ്കാര പ്രയോഗങ്ങളെ കണ്ടെത്താനാണ് ഇവിടെ ശ്രമിച്ചത്.