എം.പി. പോള്‍ തെമ്മാടിക്കുഴിയിലെ താജ്മഹല്‍

0
1202

          ഇരുപതാം നൂറ്റാണ്ടിലെ മലയാള സാഹിത്യത്തിലും മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിലും നവീന ഭാവുകത്വം സൃഷ്ടിച്ച സാഹിത്യവിമര്‍ശകനാണ് മേനാച്ചേരി പൗലോസ് പോള്‍ എന്ന എം.പി.പോള്‍. കേരള നവോത്ഥാനത്തിന്റെ മധ്യദശയില്‍ ഭൂജാതനായ എം.പി.പോള്‍ തന്റെ പാണ്ഡിത്യവും, വിമര്‍ശന നിലപാടുകളും അദ്ധ്യാപന പാടവവും കൊണ്ട് ഒരു കാലഘട്ടത്തെ മുഴുവന്‍ പരിഷ്‌കരിച്ചു. മോട്ടിലാല്‍ നെഹ്‌റുവിനെയും മഹാത്മാഗാന്ധിയെയും സന്ദര്‍ശിച്ച പോള്‍, തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് കോളേജിലും, തൃശൂര്‍ സെന്റ് തോമസ് കോളേജിലും ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു.  മദ്രാസില്‍ നിന്ന് എഫ്.എല്‍. പരീക്ഷ പാസ്സായ പോള്‍ ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ അഡീഷണല്‍ ലക്ചററായിരിക്കെ ജോലി രാജി വച്ച് ട്യൂട്ടോറിയല്‍ കോളേജ് തുടങ്ങി. 1944 ല്‍ പുരോഗമന സാഹിത്യ സംഘം പ്രസിഡന്റായി. 1945-ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം രജിസ്റ്റര്‍ ചെയ്തു. അതിന്റെ പ്രഥമ അദ്ധ്യക്ഷനായി സംഘം തെരഞ്ഞെടുത്തതും പോളിനെയായിരുന്നു. എന്നിട്ടും മലയാളിയുടെ സാഹിത്യ ജീവിതത്തെയും സാംസ്‌കാരിക ജീവിതത്തെയും നവീകരിച്ച പോളിന് തിരുവനന്തപുരം പാറ്റൂര്‍ പള്ളിയിലെ തെമ്മാടി കുഴിയില്‍ അന്ത്യവിശ്രമം കൊള്ളാനായിരുന്നു യോഗം,  അതും 48-ാമത്തെ വയസ്സില്‍. പളളിയേയും പട്ടക്കാരേയും അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ബിഷപ്പുമാര്‍ക്കേതിരെ കേസ് കൊടുക്കുകയും മറ്റും ചെയ്ത പോളിനോട് സഭയുടെ പ്രതികാര നടപടിയായിരുന്നു ആ തെമ്മാടിക്കുഴി.  പക്ഷെ എം.പി. പോള്‍ വിമര്‍ശന സാഹിത്യ ചരിത്രത്തിലെ ഒരു താജ്മഹളായി ചരിത്രത്തെ വിസ്മയിപ്പിച്ചുകൊണ്ട്  ഇന്നും ആ തെമ്മാടിക്കുഴിക്ക് മുകളില്‍ അജയ്യനായി നിലകൊള്ളുന്നു. 
          എല്ലാ കലയും മനുഷ്യന്റെ കൈയൊപ്പായും മനുഷ്യത്വത്തിന്റെ മുദ്രയായും പോള്‍ കണ്ടു. സത്യം പറയാന്‍ ആരുടെയും മുഖം നോക്കേണ്ടതില്ലെന്നും പോള്‍ ഉറച്ച് വിശ്വസിച്ചു. നിര്‍ഭയത്വം പോളിന്റെ മുഖമുദ്രയായിരുന്നു. അതുകൊണ്ടു തന്നെ സി.വി.രാമന്‍പിള്ളയുടെ മഞ്ചലെടുപ്പുകാരും, സ്തുതിപാഠകരുമായ തിരുവിതാംകൂറിലെ നായാന്മാരുടെ മുഖമടച്ചൊരു അടികൊടുക്കാന്‍ എം.പി.പോളിന് രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നില്ല. സി.വി.രാമന്‍പിള്ളയുടെ ചരിത്രനോവലായ ധര്‍മ്മരാജയെക്കുറിച്ച് പോള്‍ ഇങ്ങനെ എഴുതി. ''ധര്‍മ്മരാജ ഗദ്യത്തിലുള്ള ഒരു നായര്‍ മഹാകാവ്യമാകുന്നു. എന്നു പറഞ്ഞാല്‍ അത് വിമര്‍ശകന്റെ വര്‍ഗ്ഗീയമനസ്ഥിതികൊണ്ടല്ല. നോവല്‍ കര്‍ത്താവിന്റെ വര്‍ഗ്ഗീയ മനസ്ഥിതികൊണ്ടാണ്. തിരുവിതാംകൂര്‍ രാജ്യചരിത്രമാണ് ഈ കഥയിലെ പശ്ചാത്തലം. എന്നാല്‍  ഈ രാജ്യചരിത്രകഥയില്‍ സര്‍വ്വത്ര ഒരു വര്‍ഗ്ഗത്തിനാണ് പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത്'' തീര്‍ന്നില്ല പോള്‍ തുടര്‍ന്ന് ഇങ്ങനെ എഴുതുന്നു ''ഏതാനും നായര്‍ തറവാടുകളുടെ ചരിത്രമാണ് തിരുവിതാംകൂര്‍ ചരിത്രമെന്നു തോന്നും. അത് ചില നായര്‍ പ്രഭുക്കളുടെ ചരിത്രം മാത്രം. കൃഷി ചെയ്ത് പാടുപെട്ട് അന്നന്നു ജീവിച്ചിരുന്ന അനേകലക്ഷം നായന്മാരെപ്പറ്റി ഗ്രന്ഥകാരന് ഒന്നും പറയാനില്ല.  രാജസേവനം ജീവിതത്തിന്റെ പരമോദ്ദേശമായി കരുതി ഏതു വാണിജ്യാദി വ്യാപാരങ്ങളെക്കാളും അഭികാമ്യമായത് ഒരു മാസപ്പടി ഉദ്യോഗമാണെന്നുള്ള മൂഢപാരമ്പര്യത്തെ തിരുവിതാംകൂറില്‍ സൃഷ്ടിച്ച ചില 'ഇത്തികണ്ണി' പ്രഭുക്കളെയാണ് ഈ ഗ്രന്ഥത്തില്‍ ആരാധ്യപാത്രങ്ങളായി നമ്മുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അടിയന്‍, അടിയന്‍ എന്നു പറഞ്ഞ് തിരുമുമ്പില്‍ ഓച്ചാനിച്ചു നില്‍ക്കുന്ന ചില പരാന്നഭോക്താക്കളാണ് ഇതിലെ ആദര്‍ശപുരുഷന്മാര്‍. ഇതാണോ ജീവിത ദര്‍ശനം?
പോള്‍ ചോദിക്കുന്നതില്‍ വാസ്തവമുണ്ട്. അന്ധമായ രാജഭക്തിയും സ്വസമുദായ ഭക്തിയും സി.വി.യിലെ നോവലിസ്റ്റിനെ പരിമിതപ്പെടുത്തുന്നു. അതിശയോക്തി കലര്‍ന്ന പാത്രസൃഷ്ടിയിലൂടെ സത്യം വിസ്മരിക്കപ്പെടുന്നു. പോള്‍, കുഞ്ചന്‍ നമ്പ്യാരുടെ ഉദാഹരണം ചൂണ്ടിക്കാണിക്കുന്നു.  നമ്പ്യാരുടെ കൃതികളില്‍ അന്നത്തെ ജനങ്ങളുടെ ആകൃതിയും പ്രകൃതിയും നമുക്ക് ഏറെക്കുറെ മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ സി.വി.യുടെ ധര്‍മ്മരാജ ആമാനുഷ പുരുഷകേസരികളുടെ ഒരു നൃത്തരംഗമാണെന്ന് പോള്‍ പറയുന്നു.                                 അതിശയോക്തിയാല്‍ വിജൃംഭിതമായ ഒരു ഭാഷാശൈലിയാണ് ഗ്രന്ഥകാരന്‍ അത്യന്തം പ്രയോഗിച്ചിരിക്കുന്നത്. ഗ്രന്ഥകാരന്റെ ഭാഷ വക്രവും വൃഥാസ്ത്വലവുമാണെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ കഥാപാത്രങ്ങളുടെ സംഭാഷണ ശൈലിക്ക് അത്യന്തം മനോഞ്ജമായ തന്മയത്വമുണ്ട്. ഭഗവതി കൊച്ചമ്മയും ഉമ്മിണിപിള്ളയും മാമാവെങ്കിടന്‍ ചന്ദ്രക്കാരന്‍ മുതലായവരുടെ മുഖത്തുനിന്നും പുറപ്പെടുന്ന ശബ്ദങ്ങള്‍ വ്യക്തിപ്രകാശവും അന്യാദൃശവുമാണെന്നും സി.വി.വ്യക്തമാക്കുന്നു. സി.വി.യെ ഇത്രയും ശക്തിയോടെ എതിര്‍ക്കാന്‍ പോളിന് കഴിഞ്ഞത് തന്റെ വിമര്‍ശനത്തിന്റെ ധീരതയും സത്യസന്ധതയുംകൊണ്ടാണെന്നതില്‍ തര്‍ക്കമില്ല.
                                                              നോവല്‍ സാഹിത്യം
          നോവല്‍ സാഹിത്യത്തെക്കുറിച്ച് ഇത്രയും വിശദമായ ഒരു പഠനം എം.പി.പോളല്ലാതെ മറ്റാരും മലയാളത്തില്‍ നടത്തിയതായി അറിവില്ല. പോള്‍ നോവല്‍ സാഹിത്യം രചിക്കുമ്പോള്‍ വെറും 26 വയസ്സായിരുന്നു പ്രായം. അതും നോവല്‍ സാഹിത്യം തീരെ ശൈശവാവസ്ഥയില്‍ ഇരിക്കുന്ന ഒരു കാലഘട്ടത്തില്‍. പോളിന്റെ നോവല്‍ സാഹിത്യം മനസ്സിരുത്തി വായിക്കുന്നത് ഇപ്പോഴത്തെ മസ്സിലുപിടുത്തമുള്ള നോവലിസ്റ്റുകാര്‍ക്ക് ഉപകാരപ്രദമായിരിക്കും. കഥ, ഇതിവൃത്തം, പാത്രവിവരണം, ആദര്‍ശം ഇവയെക്കുറിച്ചൊക്കെ പോള്‍ വിശദമായി നോവല്‍ സാഹിത്യത്തില്‍ ചര്‍ച്ചചെയ്യുന്നു. എം.പി.പോള്‍ എന്ന അഗാധ പണ്ഡിതനെയും വിമര്‍ശകനെയും നമ്മള്‍ ശിരസ്സാ നമിച്ചുപോകും.
              നോവല്‍ സാഹിത്യം എഴുതി പ്രസിദ്ധപ്പെടുത്തി ഏറെ താമസിയാതെ ചെറുകഥാ പ്രസ്ഥാനവും പോള്‍ എഴുതി. തുടര്‍ന്ന് സാഹിത്യവിചാരം, ഗദ്യഗതി എന്നീ സാഹിത്യവിമര്‍ശന ഗ്രന്ഥങ്ങളും പോളിന്റേതായി കൈരളിക്കു കിട്ടി. സൗന്ദര്യ നിരീക്ഷണമാണ് 1947 ല്‍ പോളിന്റെ ജീവിതകാലത്ത് പ്രകാശിതമായ മറ്റൊരു ഗ്രന്ഥം. സാഹിത്യവിമര്‍ശകനായ പോള്‍ നല്ലൊരു സംഗീതജ്ഞന്‍കൂടിയായിരുന്നു. അതിനൊരുദാഹരണമാണ് അദ്ദേഹത്തിന്റെ 'സംഗീതമപി' എന്ന ലേഖനം. സൗന്ദര്യത്തിന്റെഅധിഷ്ടാനം, പ്രകൃതിസൗന്ദര്യവുംകലാസൗന്ദര്യവും, ചിത്രകലയുംകാവ്യകലയും, ആദര്‍ശവും യാഥാര്‍ത്ഥ്യവും എന്നിങ്ങനെ നാലു ലേഖനങ്ങളാണുള്ളത്. 'സൗന്ദര്യം' ആത്മപ്രതീതമോ, വസ്തുപ്രതീതമോ ഇതിലേതാണെന്നാണ് സൗന്ദര്യനിരീക്ഷണം ചര്‍ച്ച ചെയ്യുന്നത്.  
ഹാസ്യത്തിന്റെ ഉല്‍പ്പത്തി
ഹാസ്യത്തിന്റെ ഉല്‍പ്പത്തി എന്ന ലേഖനത്തില്‍ എം.പി.പോള്‍ എഴുതുന്നു ''ചിരിയെക്കുറിച്ചുള്ള ലേഖനം ചിരിപ്പിക്കുന്ന ലേഖനം ആയിരിക്കണമെന്നില്ല. നേരെ മറിച്ചാണ്.  ഇത്ര ദുര്‍ഘടമായ വിഷയം വേറെ അധികമില്ല. അരിസ്റ്റോട്ടില്‍ തുടങ്ങിയ പല ചിന്തകന്മാരെയും അത് വിഷമിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹം ചോദിക്കുന്നു ''ജീവിതത്തെ ആരെങ്കിലും തൃപ്തികരമായി നിര്‍വ്വചിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ചിരിയെയും നിര്‍വചിക്കാം. എന്നാല്‍ ഇന്നേവരെയുള്ള അനുഭവം വച്ചു നോക്കിയാല്‍ രണ്ടും അസാദ്ധ്യമായിട്ടാണ് കാണുന്നത്.
ഗാന്ധിജിയും പോളും
പോളും മഹാത്മാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പോളിന്റെ മകള്‍ റോസി തോമസ് ഇങ്ങനെ എഴുതുന്നു. 'ഗാന്ധിജി തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് വന്നപ്പോള്‍ ഗാന്ധിജിക്ക് കൊടുക്കുവാന്‍ ഒരു മംഗളപത്രം അപ്പന്‍ തയ്യാറാക്കി കൊടുത്തു. ഗാന്ധിജി അത് വായിച്ചിട്ട് ചോദിച്ചു, 'who wrote this?'  അപ്പോ അവിടെ പറഞ്ഞു ഇവിടെ സെന്റ് തോമസിലെ ഒരു യംങ് ഇംഗ്ലീഷ് ലക്ചര്‍ എം.പി.പോള്‍ എന്ന് പറയുന്ന ഒരു ആളുണ്ട് അയാള്‍ എഴുതിയതാണ് ഈ മംഗളപത്രം. 'I wish to see him'  എന്നു പറഞ്ഞു ഗാന്ധിജി. അപ്പോള്‍ അപ്പന് വല്ല  ഇരുപത്താറോ, ഇരുപത്തേഴോ വയസ്സ് കാണും. അപ്പനെ വരുത്തിയിട്ട് കണ്ട് വളരെ സ്‌നേഹമായിട്ടൊക്കെ സംസാരിച്ചു. അവസാനം പറഞ്ഞു 'you continue as an English teacher because the students in the coutnry need you. They want you to be their inspiration '  എന്ന് ഗാന്ധിജി അപ്പനോട് പറഞ്ഞുവത്രേ. എന്റെ ഓര്‍മ്മയിലും എന്റെ അറിവിലും അപ്പന്‍ഏറ്റവും വലിയൊരു മനുഷ്യനായി കാണുന്നത് മഹാത്മാഗാന്ധിയെയാണ്. 
പുരോഗമനസാഹിത്യവും എം.പി.പോളും
കോട്ടയത്തു നടന്ന പുരോഗമന സാഹിത്യ സമ്മേളനത്തിന്റെ ഉദ്ഘാടകന്‍ ''ശ്രീ.ഹരീന്ദ്രനാഥചതോപാഥ്യായയും അദ്ധ്യക്ഷന്‍ ശ്രീ.എം.പി.പോളും ആയിരുന്നു. തന്റെ അധ്യക്ഷപ്രസംഗത്തില്‍ സംസ്‌കൃതഭാഷയെ പോള്‍ കൈകാര്യം ചെയ്യുന്നത് നോക്കുക. ''അടിമത്വത്തെ ഇത്രമാത്രം മാനിക്കുന്ന മറ്റൊരു ഭാഷയുണ്ടോ? തമിഴില്‍ ഗ്രന്ഥമെഴുതുകയും പഠിക്കുകയും ചെയ്യുന്നതിനുമുമ്പ് സംസ്‌കൃതവ്യാകരണം ശരിയായി അഭ്യസിപ്പിച്ചിരിക്കണമെന്ന് ഒരു തമിഴനോട് പറഞ്ഞാല്‍ അയാള്‍ ചിരിക്കും. പക്ഷേ നമ്മോട് അങ്ങനെ പറഞ്ഞാല്‍ ആളുകള്‍ ചിരിക്കുകയല്ല തലകുലുക്കി സമ്മതിക്കുകയാണ് ചെയ്യുന്നത്. ഇംഗ്ലീഷ് ഭാഷയ്ക്ക് ലത്തീന്‍ ഭാഷയോടുള്ള കടപ്പാട് മലയാളത്തിന് സംസ്‌കൃതത്തിനോട് ഉള്ളതിനെക്കാള്‍ കുറവല്ല. എന്നാല്‍ ഷേക്‌സ്പിയര്‍ക്കും, കീറ്റ്‌സിനും, ബേണ്‍സിനും പറയത്തക്ക ലത്തീന്‍ പരിജ്ഞാനം കൂടാതെ തന്നെ ഒന്നാന്തരം കവിത എഴുതാന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ഭാഷയിലാകട്ടെ കവിത എഴുതുന്നതിനോ കവിത വായിച്ചു മനസ്സിലാക്കുന്നതിനോ പോലും ഒരു അന്യഭാഷയുടെ വ്യാകരണം പഠിച്ചിരിക്കണമെന്ന് വരുന്നത് ലജ്ജാവഹമായി നാം കരുതാത്തത് എന്തുകൊണ്ട്? പാമരന്മാരെ കുറിച്ചല്ല ഞാന്‍ പറയുന്നത്. സാമാന്യ വിദ്യാഭ്യാസം ഉള്ളവര്‍ക്കുപോലും നമ്മുടെ കവിതയില്‍ മുക്കാലേ അരക്കാലും അജ്ഞാതമായിട്ടാണ് ഇരിക്കുന്നത്. ടിപ്പണി കൂടാതെ വായിച്ചു മനസ്സിലാക്കത്തക്ക എത്ര പദ്യകൃതികള്‍ മലയാളത്തിലുണ്ട്. കവിത വായിക്കാന്‍ നിഘണ്ടു കൂടിയേ കഴിയുമെങ്കില്‍ മലയാള കവിത വായിക്കണമെന്നില്ല. ഹിബ്രുവിലും തുര്‍ക്കിഭാഷയിലുമുള്ള കവിതയും അങ്ങനെ വായിക്കാവുന്നതാണ്. നോക്കു, പോള്‍ എത്ര വസ്തുനിഷ്ഠമായാണ് തന്റെ വിമര്‍ശന ശരങ്ങള്‍ നിരത്തുന്നത്. അന്നത്തെ കാവ്യ പാരമ്പര്യത്തെ എത്ര സൂക്ഷ്മമായാണ് പോള്‍ പരിശോധിക്കുന്നത്. ഇന്ന് സംസ്‌കൃതത്തിനു പകരം ഇംഗ്ലീഷ് ഭാഷയും പാശ്ചാത്യസംസ്‌കാരവും സാഹിത്യത്തിനെയും സംസ്‌കാരത്തിനെയും വിഴുങ്ങിക്കൊണ്ടിരിക്കുന്നു. 
ഇതിനോട് ബന്ധപ്പെടുത്തികൊണ്ടു തന്നെ 'എന്റെ മാനസ്സികാവസ്ഥ' എന്ന  പോളിന്റെ ഒരു കുറിപ്പുകൂടി പരിശോധിക്കുന്നത് നന്നായിരിക്കും. 'ഇതാ മുപ്പത്തെട്ടാമത്തെ വയസ്സില്‍ ഞാന്‍ എന്റെ മാനസിക ജംഗമങ്ങളുടെ കണക്കെടുക്കാന്‍ ഭാവിക്കുകയാണ്. പഠിച്ചതു മറക്കുന്ന ഒരു പ്രവര്‍ത്തനമാണ് എന്നില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഞാന്‍ എന്താണെന്നോ എന്റെ പ്രവൃത്തിസ്ഥാനമെന്താണെന്നോ ഇവിടെനിന്ന് ഞാന്‍ എങ്ങോട്ടാണ് പോകുന്നതെന്നോ എനിക്കറിയില്ല. ഈ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം പറയാമെന്ന് ഭാവിക്കുന്ന മതങ്ങളുണ്ട്. പക്ഷേ യാതൊരു മതത്തിലും എനിക്ക് വിശ്വാസം തോന്നിക്കുന്നില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ കാലയാപനമാര്‍ഗ്ഗം ഒരു പ്രത്യേകമതവിഭാഗത്തിന്മേല്‍ ആശ്രയിച്ചിരുന്ന കാലത്ത് ഇന്ന് എനിക്ക് യാതൊരു സാധര്‍മ്മ്യവും കാണാന്‍ കഴിയാത്ത ഒരു സഭയുടെ നാമമാത്ര അംശമായിരുന്നു ഞാന്‍. എന്റെ മാതാപിതാക്കന്മാരും അനേകം തലമുറകളായിട്ടുള്ള പ്രാപിതാമഹന്മാരും ആ സഭയുടെ വിശ്വാസത്തില്‍ ജീവിച്ചിരുന്നു. പക്ഷേ എനിക്കത് നിരര്‍ത്ഥകമാണ്. അതിന്റെ സിദ്ധാന്തങ്ങള്‍ അതിന്റെ അധികാരി വര്‍ഗ്ഗം അതിന്റെ അച്ചടക്കം അതിന്റെ പുണ്യവാളന്മാര്‍ ഭൂതകാലത്തെപ്പറ്റിയുള്ള അതിന്റെ പിടിവാദങ്ങള്‍ ഭാവിയെക്കുറിച്ചുള്ള അതിന്റെ വാഗ്ദാനങ്ങള്‍ അതെല്ലാം എനിക്ക് വെറും ഭോഷ്‌കാണ്. എന്നെ ഞാന്‍ എന്നു വിളിക്കുന്ന ഈ 'ഞാന്‍' അവയിലൊന്നും വിശ്വസിക്കുന്നില്ല. നോക്കൂ, ക്രിസ്തുമതത്തെക്കുറിച്ചും സഭയെക്കുറിച്ചും പോളിനുണ്ടായിരുന്ന നിലപാടുകള്‍ എത്രമാത്രം വിപ്ലവകരമായിരുന്നു. 
                   തന്റെ പാണ്ഡിത്യത്തെപ്പറ്റിയും  ജോലിയെപ്പറ്റിയും പോള്‍ ഇങ്ങനെ എഴുതി. ''എന്നെ ഒരു പണ്ഡിതനെന്നു വിളിക്കുന്നവരുണ്ട്. അവര്‍ അത് വിശ്വസിക്കുന്നുണ്ടായിരിക്കാം. പക്ഷേ എന്റെ ഭീമമായ അജ്ഞതയെപ്പറ്റി അവര്‍ക്കൊരു രൂപവുമില്ല. പിടിച്ചടക്കാന്‍ വന്ന ഒരു ജനത അടിമവര്‍ഗ്ഗത്തിനുമേല്‍ അടിച്ചേല്‍പ്പിച്ച ഒരു ഭാഷ ഞാന്‍ പഠിപ്പിക്കുന്ന രീതിയെപ്പറ്റി അവര്‍ ബഹുമാനം പ്രകടിപ്പിച്ചിട്ടുണ്ട്. ഞാന്‍ ആ ഭാഷയെ (ഇംഗ്ലീഷ്) എത്രമാത്രം വെറുക്കുന്നുവെന്ന് അവര്‍ അറിയുന്നില്ല. കാലയാപനത്തില്‍ ന്യായമായ മറ്റൊരു മാര്‍ഗ്ഗവും തുറന്നു കാണാത്തതുകൊണ്ട് മാത്രമാണ് ഞാനത് പഠിപ്പിക്കുന്നത്. നോക്കൂ, എത്രമാത്രം സ്വയം വിമര്‍ശനം നടത്തിക്കൊണ്ടാണ് അദ്ദേഹം എഴുതുന്നത്.  
പുരോഗമന സാഹിത്യത്തെക്കുറിച്ച് അതിന്റെ തുടക്കത്തില്‍ പോള്‍ ഇങ്ങനെ എഴുതി, ''പുരോഗമന സാഹിത്യം കമ്മ്യൂണിസ്റ്റ്കാരുടെ ഒരു തന്ത്രമാണെന്ന് പലരും പറയുന്നുണ്ട്. സാഹിത്യത്തിന്റെ മറയില്‍ നിന്നുകൊണ്ട് റഷ്യയ്ക്കുവേണ്ടി പ്രചാരണം നടത്തുന്ന ഒരു വിദ്യയാണുപോലും പുരോഗമന സാഹിത്യം. ഒരു കാര്യം തീര്‍ച്ചയാണ്. പ്രകൃതി നല്‍കുന്ന വിഭവങ്ങളെ ന്യായമായി മനുഷ്യര്‍ക്കു വിഭജിച്ചുകൊടുക്കുക എന്നതാണ് ഇന്നത്തെ അവശ്യകര്‍ത്തവ്യം. അതു സാധിച്ചുകഴിഞ്ഞാല്‍ അല്ലാതെ മനുഷ്യര്‍ക്കു പുരോഗതി ഉണ്ടാകുകയില്ല. അത് സാധിച്ചു കഴിയുന്നതുവരെ സാഹിത്യകാരന്മാരും, സാഹിത്യഗന്ധം ഇല്ലാത്തവരും അതിനെപ്പറ്റി കോലാഹലം കൂടിക്കൊണ്ടിരിക്കും. അതുകൊണ്ട് ആര്‍ക്ക് ചേതം? കമ്മ്യൂണിസ്റ്റുകാര്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗമല്ല മറ്റൊന്നാണ് സ്വീകാര്യം എന്ന് നിര്‍ദ്ദേശിക്കുവാനും പുരോഗമന സാഹിത്യകാരന് അവകാശമുണ്ട്. എന്നാല്‍ സ്വതന്ത്രവും ശാസ്ത്രീയവുമായ ചിന്താസരണിയെ ത്യജിക്കുകയോ അത് പിന്തുടരുന്നതില്‍ ഭീരുത്വം പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നവരുടെ മനോഭാവത്തെ പുരോഗമനേച്ഛുവായ സാഹിത്യകാരനെ എതിര്‍ക്കാതെ തരമില്ല. എന്താണ് പുരോഗമന സാഹിത്യമെന്ന് ഇതില്‍ കൂടുതല്‍ വ്യക്തമായി എങ്ങനെയാണ് പറയുക. 
എം.പി.പോളിന്റെ ക്ലാസ്
എം.പി.പോളിന്റെ ഷേക്‌സ്പിയര്‍ ക്ലാസിനെക്കുറിച്ച് അദ്ദേഹത്തിന്റെ ശിക്ഷ്യനും, കോളേജ് അദ്ധ്യാപക സംഘടനയുടെ നേതാവും, സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന അഡ്വ.നരേന്ദ്രന്‍ പറയുന്നത് നോക്കുക. 'ഞാന്‍ അന്ന് ഇന്റര്‍മീഡിയേറ്റിന് പഠിക്കുന്നു. പോള്‍ സാറിന്റെ ക്ലാസ്സെന്നു പറഞ്ഞാല്‍ അതൊരു അനുഭവമാണ്. ഷേക്‌സ്പിയറിന്റെ നാടകങ്ങളെക്കുറിച്ച് ഷേക്‌സ്പിയറിനെക്കാളും നന്നായി ക്ലാസ്സെടുക്കാന്‍ പോള്‍സാറിനും കഴിഞ്ഞിരുന്നു. അതൊരു അനുഭൂതിവിശേഷമാണ്. പോള്‍ സാറില്‍ നിന്നാണ് ഞാന്‍ പ്രശസ്ത ചരിത്രകാരനായ അര്‍നോള്‍ഡ് ടോയിന്‍ബിയെക്കുറിച്ച് കേള്‍ക്കുന്നത്. പ്രൈവറ്റ് അദ്ധ്യാപകരുടെ അവകാശങ്ങളെക്കുറിച്ച് കേരളത്തില്‍ ആദ്യമായി ഉണ്ടായ ശബ്ദം എം.പി.പോളിന്റെതായിരുന്നു.         
ജീവചരിത്രം
1904 മേയ് 1 ഇന്നത്തെ ലോക തൊഴിലാളി ദിനത്തില്‍ വാരാപ്പുഴ പുത്തന്‍പള്ളിയില്‍ എം.പി.പോള്‍ എന്ന മേനാച്ചേരി പൗലോസ് പോള്‍ ജനിച്ചു. എറണാകുളം സെന്റ് ആല്‍ബര്‍ട്ട് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ ഫൈനല്‍ പാസ്സായി. 1922 ല്‍ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്??