സര്‍ക്കാര്‍ മേഖലയിലുള്ള രാജ്യത്തെ ആദ്യ ഡെന്റല്‍ ലാബ് പൂര്‍ണതയിലേക്ക്

0
0

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ രാജ്യത്തെ ആദ്യ ഡെന്റല്‍ ലബോറട്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പുലയനാര്‍കോട്ട നെഞ്ചുരോഗാശുപത്രിക്കു സമീപത്തെ കെട്ടിടം ഇതിനായി നവീകരിക്കുകയും ലബോറട്ടറിയിലേക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്ഥാപിച്ചു കഴിഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ചു വന്നിരുന്ന കൃത്രിമ പല്ല് നിര്‍മ്മാണം പൂര്‍ണമായും കണ്‍സര്‍വേറ്റീവ് ഡെന്റിസ്ട്രി വിഭാഗത്തിന്‍ കീഴിലുള്ള പുതിയ ലാബില്‍ ചെയ്യാനാകും.
ഡെന്റല്‍ ലബോറട്ടറിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കി പ്രത്യേക ഫണ്ട് ലഭ്യമാക്കിയതുകൊണ്ട് മാത്രമാണ് ഈ സ്ഥാപനം അതിവേഗം പൂര്‍ത്തിയായത്.നിലവില്‍ ഡെന്റല്‍ ചികിത്സാരംഗവുമായി ബന്ധപ്പെട്ട ക്രൗണ്‍, ബ്രിഡ്ജ്, ഇന്‍ലെ, ഓണ്‍ലെ തുടങ്ങിയ ലാബ് വര്‍ക്കുകള്‍ ഒരു പരിധി വരെ സ്വകാര്യ ലാബുകളെ ആശ്രയിച്ചാണ് നടത്തിവരുന്നത്. ലാബിന്റെ പ്രവര്‍ത്തനം പഠന-ഗവേഷണ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഗുണപ്രദവും രോഗികള്‍ക്ക് ആശ്വാസമേകുന്നതുമാണ്.
വജ്രജൂബിലി ആഘോഷവേളയില്‍ ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ചറുടെ അകമഴിഞ്ഞ സഹായവും ഇടപെടലും കൊണ്ട് നിശ്ചിതസമയത്തിനുള്ളില്‍ തന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ലാബിലേക്ക് വേണ്ട എല്ലാ ആധുനിക ഉപകരണങ്ങളും ലഭ്യമാക്കുകയും ചെയ്തു. ഡെന്റല്‍ ലാബി നായി രൂപീകരിച്ച സാങ്കേതിക കമ്മറ്റി അംഗങ്ങളായ ജോയിന്റ് ഡി എം ഇ ഡോ ജോളി മേരി വര്‍ഗീസ്, ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ അനിറ്റാ ബാലന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ ഹര്‍ഷകുമാര്‍, കണ്‍സര്‍വേറ്റീവ് ഡെന്‍ട്രിസ്റ്റി വിഭാഗം മേധാവി ഡോ സാം ജോസഫ്, പ്രോസ് തോഡോണ്ടിക്‌സ് വിഭാഗം മേധാവി ഡോ ലൈലജം (തൃശൂര്‍ ഡെന്റല്‍ കോളേജ്) എന്നിവരുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനവും ഏകോപനവും കൊണ്ടാണ് ലാബിന്റെ പ്രവര്‍ത്തനം എത്രയും വേഗം പൂര്‍ത്തീകരിക്കാനായത്. ഡെന്റല്‍ മെക്കാനിക്ക് അടക്കം പുതിയ ലാബിലേക്ക് ആവശ്യമായ ജീവനക്കാരെ കൂടി നിയമിക്കുന്നതോടെ ലാബിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.