സ്ത്രീ ശാക്തീകരണം

0
16688

ജിജിജോസ്‌

പരിമിതികളില്‍ പെട്ടുഴറാതെ സ്വയം തീരുമാനമെടുത്തു മുന്നേറുവാന്‍ സ്ത്രീയെ ശക്തമാക്കേണ്ടത് രാജ്യത്തിന്റെ സമഗ്രവികസനത്തിന് അനിവാര്യമാണ്. നമ്മുടെ ഭരണഘടന സമത്വത്തെ അവകാശമായിട്ടാണ് കാണുന്നത്. ലിംഗ വിവേചനം അനുഭവിക്കുവാതിരിക്കുവാനുള്ള അവകാശവും അത് ഉറപ്പു നല്‍കുന്നു. എന്നിരിക്കിലും ഇന്ത്യന്‍ സമൂഹത്തില്‍ പ്രാചീനകാലം മുതല്‍ തന്നെ ലിംഗ വിവേചനം നിലനില്‍ക്കുന്നു. എന്നത് വസ്തുതയാണ്.
സ്ത്രീ പുരുഷ സമത്വത്തിലധിഷ്ഠിതമായ ഒരു സമൂഹത്തിനു മാത്രമേ സുസ്ഥിതി ആര്‍ജ്ജിക്കുവാന്‍ കഴിയൂ. സ്ത്രീ – പുരുഷ സമത്വം പക്ഷിയുടെ രണ്ടുചിറകുപോലെയാണ്. സമൂഹത്തില്‍ സ്ത്രീ- പുരുഷ സമത്വത്തില്‍ അധിഷ്ഠിതമായ വ്യവസ്ഥിതി സംജാതമാകണമെങ്കില്‍ ശക്തമായ നിയമനിര്‍മ്മാണം ആവശ്യമാണ്. സാമൂഹ്യനന്മക്കും നീതിയുടെ പരിപാലനത്തിനും സാംസ്‌കാരിക അഭ്യുന്നതിക്കും കരുത്തേകാന്‍ സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തണം. വിദ്യാഭ്യാസ, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ സ്ത്രീ മുന്നേറ്റം ദ്രുതഗതിയില്‍ സാധ്യമാകണം ‘സ്ത്രീ ശാക്തീകരണം’ സ്ത്രീ- പുരുഷ സമത്വത്തിന് മാത്രമല്ല, സമൂഹത്തിന്റെ സമഗ്രമായ ഉയര്‍ച്ചയ്ക്കും സാമൂഹീക മാറ്റത്തിനും വഴിയൊരുക്കും. സാമൂഹിക വിജ്ഞാന വിശകലനങ്ങള്‍ വിവിധതരത്തില്‍ അവതരിപ്പിക്കുന്ന ദര്‍ശനമാണ് ശാക്തീകരണം. സ്ത്രീയില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവ്, സര്‍ഗാത്മകത ആര്‍ജ്ജിച്ചിട്ടുള്ള പ്രാവീണ്യം എന്നിവ കണ്ടെത്തി പരിപോഷിപ്പിക്കുകയും ആത്മവിശ്വാസത്തോടെ എല്ലാമേഖലകളിലും പ്രവര്‍ത്തിക്കുവാന്‍ സ്ത്രീയെ സജ്ജമാക്കുകയാണ് സ്ത്രീ ശാക്തീകരണത്തിന്റെ ലക്ഷ്യം.
ഗവണ്‍മെന്റ് തലത്തില്‍ ധാരാളം പദ്ധതികള്‍ സ്ത്രീ ശാക്തീകരണത്തിനായി ആവിഷ്‌കരിച്ചിട്ടുണ്ട്. നീതി, സമത്വം, സാമൂഹിക പരിരക്ഷ, സാമ്പത്തിക സുരക്ഷിതത്വം തുടങ്ങിയവ ഉറപ്പുവരുത്തുന്ന വിവിധ കര്‍മ്മ പദ്ധതികളിലൂടെ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്നവയാണിത്. എല്ലാതലത്തിലും സ്ത്രീ ശാക്തീകരണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം. വിവിധ മേഖലകളില്‍ സ്ത്രീ ശാക്തീകരണം അനിവാര്യമാണ്.
സാമൂഹികതലത്തിലും വ്യക്തിതലത്തിലും ശാക്തീകരണം നേടണം. രാഷ്ട്രീയ, സാമ്പത്തീക, ബൗദ്ധിക, സാംസ്‌കാരിക തലങ്ങളില്‍ സ്ത്രീകള്‍ ശക്തിയാര്‍ജ്ജിക്കണം. നീതിക്കുവേണ്ടി പോരാടുവാനും അവകാശങ്ങള്‍ സംരക്ഷിക്കുവാനും സ്ത്രീകള്‍ ശക്തരാകണമെങ്കില്‍ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങളെപ്പറ്റിയും സംരക്ഷണോപാധികളെപ്പറ്റിയും സ്ത്രീകള്‍ ബോധവതികളായിരിക്കണം. ലഭ്യമായ കഴിവ്, വിവരം, വിജ്ഞാനം എന്നിവ ഉപയോഗപ്പെടുത്തി സാമ്പത്തിക ബോധവതികളായിരിക്കണം. കൂടാതെ സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കുവാനും കഴിയണം.
ഇന്ത്യന്‍ ഭരണഘടന, മൗലിക അവകാശങ്ങളില്‍ ഉള്‍പ്പെടുത്തി സ്ത്രീക്കും പുരുഷനും തുല്യസ്ഥാനം നല്‍കുന്നു. അതിനാല്‍ തുല്യത സ്ത്രീയുടെ മൗലിക അവകാശമാണ്. പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കുവാനും പൊതുസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും ലിംഗാടിസ്ഥാനത്തിലുള്ള യാതൊരു വിവേചനവും പാടില്ലെന്ന് ഇന്ത്യന്‍ ഭരണഘടന നിഷ്‌ക്കര്‍ഷിക്കുന്നു. ജാതി, വര്‍ഗ്ഗം, വര്‍ണ്ണം, ജനനസ്ഥലം എന്നിവയുടെ പേരില്‍ വിവേചനം പാടില്ല.
നിയമത്തിന്റെ മുമ്പില്‍ സമത്വം തുല്യജോലിയ്ക്ക് തുല്യവേതനം, അവസരസമത്വം, അഭിപ്രായസ്വാതന്ത്ര്യം എന്നിവയും ഭരണഘടന ഉറപ്പുനല്‍കുന്നു. നിയമവാഴ്ചയുടെ ദുര്‍ബലാവസ്ഥ സമൂഹത്തെ നശിപ്പിക്കും അതിനാല്‍ കൂടുതല്‍ കാര്‍ക്കശ്യമുള്ള നിയമങ്ങള്‍ ഉള്‍പ്പെടുത്തിയും, പ്രത്യേക വനിതാകോടതികള്‍ സ്ഥാപിച്ചും നീതി ന്യായ വ്യവസ്ഥിതി വിപുലപ്പെടുത്തണം. ശാസ്ത്രീയമായ കുറ്റാന്വേഷണവും വേഗത്തിലുള്ള വിചാരണയും നീതി നടപ്പാക്കുന്നതിനുള്ള കര്‍ത്തവ്യബോധ്യവും സുതാര്യതയും നീതി ന്യായ വ്യവസ്ഥിതിക്ക് ഉണ്ടാകണം.
നീതിക്കുവേണ്ടി പോരാടാനും അവകാശങ്ങള്‍ സംരക്ഷിക്കുവാനും സ്ത്രീ സുരക്ഷ ഉറപ്പാക്കാനും ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങളെപ്പറ്റിയും സംരക്ഷണമാര്‍ഗ്ഗങ്ങളെപ്പറ്റിയും സ്ത്രീകള്‍ ബോധവതികള്‍ ആകണം. ലഭ്യമായ സമയം, കഴിവ്, വിവരം, വിജ്ഞാനം എന്നിവ ഉപയോഗപ്പെടുത്തി സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കുവാനും കഴിയണം.
സാമ്പത്തികദായകമായ തൊഴില്‍ പ്രാപ്തി കൂടുതല്‍ സ്ത്രീകള്‍ കൈവരിക്കുമ്പോള്‍ അത് അവരുടെയും കുടുംബത്തിന്റെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനും ആരോഗ്യസംരക്ഷണത്തിനാവശ്യമായ തുക കണ്ടെത്താനും അവരെ സജ്ജരാക്കുന്നു. ന്യായമായ നിരക്കിലുള്ള വായ്പാലഭ്യത സ്ത്രീകളുടെ സംരഭകത്വ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മൈക്രോ ഫിനാന്‍സ് സംവിധാനങ്ങളുടെ പിന്തുണയും സ്വയം സഹായ സംഘങ്ങളുടെ സഹകരണവും ഉറപ്പാക്കി പുതിയ വാണിജ്യ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അവര്‍ക്ക് കഴിയുന്നു.
ഭൂരിപക്ഷം ഭവനങ്ങളിലും വേതനം ലഭിക്കുന്ന മാസാരംഭം ദിനങ്ങളില്‍ അമിതചെലവുകള്‍ സംഭവിക്കുകയും, അതിനെത്തുടര്‍ന്ന് മാസാന്ത്യത്തില്‍ അതി തീവ്രമായ സാമ്പത്തിക ഞെരുക്കം ഉണ്ടാവുകയും ചെയ്യുന്ന പ്രവണതയുണ്ട്. ഭവനങ്ങളില്‍ വിശിഷ്യ സ്ത്രീഗൃഹനാഥയായ കുടുംബങ്ങളില്‍ ഔപചാരികസമ്പാദ്യ അവസരങ്ങള്‍ ഗുണപരമായി പ്രയോജനപ്പെടുത്തുന്നതിന് വളരെ പ്രാധാന്യമുണ്ട്. അത് അവരെ മാസത്തിലുടനീളം, സാമ്പത്തികക്രയശേഷി നിലനിര്‍ത്താനും, സമ്പാദ്യ പദ്ധതികളുടെ ഗുണഫലം അനുഭവിക്കാനും പ്രാപ്തരാക്കുന്നു.
ഇന്ത്യയിലെ സാമ്പത്തിക സേവനങ്ങളുടെ വ്യാപാരത്തിന്റെ ദൈര്‍ഘ്യം അളക്കാന്‍ കഴിയുന്ന മറ്റൊരു സൂചികയാണ് ഇന്‍ഷുറന്‍സ് മേഖലയുടെ വളര്‍ച്ച. സുരക്ഷ ബീമയോജന, സ്വാസ്ത്യ ബീമായോജന എന്നിവ ഇന്‍ഷുറന്‍സ് പോളിസികള്‍ ആരോഗ്യ- അപകട സാഹചര്യങ്ങളില്‍ ആവശ്യമായ സംരക്ഷണം ഉറപ്പാക്കുന്നവയാണ് അടല്‍ പെന്‍ഷന്‍ യോജന പോലുള്ളവയ്ക്ക് വാര്‍ധക്യകാലത്ത് ഭര്‍ത്താവിനെയോ മക്കളെയോ സാമ്പത്തികാവശ്യങ്ങള്‍ക്ക് ആശ്രയിക്കാതെ നിലനില്‍ക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നു. അപ്രതീക്ഷിത ചെലവുകള്‍ നേരിടാന്‍ വനിതകള്‍ക്ക് ആവശ്യമായ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ഇ- ബാങ്കിംഗിന്റെ വ്യാപനം സാധ്യമാക്കാനും വിവിധ പദ്ധതികളിലൂടെ ഗവണ്‍മെന്റ് ശ്രമിക്കുന്നുണ്ട്.
മുസ്ലീം സ്ത്രീകള്‍ക്ക് സ്വതന്ത്ര വ്യക്തിത്വമായിരിക്കുക എന്ന സാഹചര്യം പലപ്പോഴും നിഷേധിക്കപ്പെടുകയാണ്. ഇതരസമുദായത്തിലുള്ള സ്ത്രീകളെപ്പോലെയാണ് മുസ്ലീം സമുദായത്തിലെ സ്ത്രീകളും എന്ന് നിര്‍വ്വചിക്കപ്പെടണം. മതം അവര്‍ക്ക് ഏറ്റവും ഉദാത്തമായ സ്ഥാനം നല്‍കുന്നുണ്ടെങ്കിലും സമുദായം അവര്‍ക്കുള്ള സ്ഥാനം അനുവദിക്കുന്നില്ല. വിശുദ്ധ ഖുര്‍ ആന്‍ പ്രകാരം മുസ്ലീം സമുദായത്തില്‍ സ്ത്രീയ്ക്ക് പുരുഷനൊപ്പമാണ് സ്ഥാനം നല്‍കേണ്ടത്. എന്നാല്‍ എവിടെയാണ് സമത്വം? ഖുര്‍ ആനും പ്രവാചകനും സ്ത്രീകള്‍ക്ക് വേണ്ടി വിഭാവനം ചെയ്ത മാന്യതയും പദവിയും എവിടെ? ആഗോളതലങ്ങളില്‍ തന്നെ ഇക്കാലത്ത് മുസ്ലീം സ്ത്രീകള്‍ തങ്ങളുടെ വ്യക്തിത്വത്തെ നിഷേധിക്കുന്നു. അടിച്ചമര്‍ത്തലിന്റെ സംസ്‌കാരത്തില്‍ നിന്നുള്ള മോചനത്തിനായി എന്തുകൊണ്ട് പോരാടുന്നു? എന്തുകൊണ്ട് അവര്‍ ഇപ്പോഴും മുദ്രചെയ്യപ്പെട്ട്, അടിച്ചമര്‍ത്തപ്പെട്ട പല അവകാശങ്ങളും നിഷേധിക്കപ്പെടുന്ന നിലയില്‍ തുടരുന്നു? ദുര്‍ബല വിഭാഗത്തിലെ ലിംഗ അസമത്വം തുടരുന്നു? ദുര്‍ബ്ബലവിഭാഗത്തിലെ ലിംഗ അസമത്വം നേരിടുന്നവരുടെ സ്ഥിതി വ്യാപകമായി വീക്ഷിക്കപ്പെടുകയും, തിരിച്ചറിയുകയും ചെയ്യുന്നു. മുസ്ലീം സ്ത്രീകള്‍ വികാസ പരിണാമത്തില്‍ നിന്ന് എന്തുകൊണ്ട് അകന്നുപോകുന്നു?
പ്രവാചകന്റെ പ്രബോധനങ്ങള്‍ സമൂഹത്തില്‍ വലിയ ചലനമുണ്ടാക്കി. സമൂഹം അകപ്പെടുത്തിയിരുന്ന നിരാശയുടെ പടുകുഴിയില്‍ നിന്ന് സ്ത്രീയെ ഉയര്‍ത്തി അവകാശങ്ങള്‍ നല്‍കി. ആദ്യമായി സ്വത്തവകാശം. അതുവഴി സ്ത്രീശാക്തീകരണത്തിന്റെ ഒരു മാര്‍ഗ്ഗം ഖുര്‍ ആന്‍ തുറന്നു തന്നു. എന്നാല്‍ അതൊരു ദിശാസൂചികയായി പരിഗണിക്കുന്നതിനു പകരം മറ്റുവിധത്തിലാണ് മുസ്ലീം പുരുഷാധിപത്യത്തിന്റെ ചിന്ത ചെന്നെത്തിയത്. പ്രവാചകന്റെ വചനങ്ങള്‍ അതേ അര്‍ത്ഥത്തില്‍ ഉള്‍കൊള്ളാതെ അതിന്റെ വ്യാഖ്യാനങ്ങളെ മാത്രം ആശ്രയിച്ചു തുടങ്ങി.
സംരഭകത്വവികസനം, വരുമാനം നേടിത്തരുന്ന മറ്റുജോലികള്‍ എന്നിവയാണ് സ്ത്രീ ശാക്തീകരണത്തിന് വഴിതെളിക്കുന്ന രണ്ട് പ്രധാനവഴികള്‍. സ്വന്തം താല്പര്യത്തിനനുസരിച്ച് സ്ത്രീകള്‍തന്നെ മുന്നോട്ടുവന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനുള്ള സ്വാതന്ത്ര്യവും അവസരവും ലഭിക്കുമ്പോഴാണ് ശാക്തീകരണം സാധ്യമാകുന്നത്. ഓരോ സ്ത്രീയും അവരവരുടെ ലക്ഷ്യം എന്താണെന്ന് കണ്ടെത്തി ആ ലക്ഷ്യപ്രാപ്തിക്കായി പ്രവര്‍ത്തിക്കുക, ലിംഗപരമായി ആത്മാഭിമാനം ഉയര്‍ത്തുക, തൊഴില്‍ ശേഷിയില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക എന്നിവയൊക്കെയാണ് ശാക്തീകരണത്തിനാവശ്യം.
വനിതകളുടെ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതില്‍ സ്വയം സഹായസംഘങ്ങള്‍ക്കും മൈക്രോ ഫിനാന്‍സിംഗ് സംവിധാനങ്ങള്‍ക്കും നിര്‍ണ്ണായക പങ്കുണ്ട്. ദാരിദ്രത്തോട് പടപൊരുതാനുള്ള ഏകമാര്‍ഗ്ഗം ഇതാണ് എന്ന നിലയ്ക്കല്ല, മറിച്ച് അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാനുള്ള അവസരങ്ങളിലൊന്നായി സംരംഭങ്ങളെ കാണാവുന്നതാണ്.
സ്വയം സഹായ സംഘങ്ങള്‍ ഗ്രാമീണ വനിതകളെ സംബന്ധിച്ച ഒരു അനുഗ്രമാണെന്ന് പല സംസ്ഥാനങ്ങളും തെളിയിച്ചു കഴിഞ്ഞു. ഇത് സ്ത്രീകളുടെ വരുമാനത്തിനൊപ്പം അവരുടെ സാമൂഹിക നിലയും ഉയര്‍ത്തുന്നു. എല്ലാമേഖലയിലും പുരോഗതികൈവരിക്കാന്‍ സ്ത്രീശാക്തീകരണം, ലിംഗസമത്വം എന്നിവ അനിവാര്യമാണെന്ന് ആഗോളമായിത്തന്നെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ലിംഗസമത്വവും സ്ത്രീശാക്തീകരണവും സാധ്യമാക്കാന്‍ ചെറുകിട സംരംഭങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. സ്വയം സഹായ സംഘങ്ങള്‍ സമൂഹത്തിന്റെ വിവിധതലങ്ങളില്‍ ഇടപെടുന്നുണ്ട്.