ധര്‍മ്മപുരാണം

0
235

അഡ്വ. ഹരിദാസ് ബാലകൃഷ്ണന്‍

ധര്‍മ്മപുരാണത്തെ അഭിസംബോധന ചെയ്യുക എന്ന സാഹസത്തിന് മുതിരുകയാണ് ഞാന്‍. 49 വര്‍ഷത്തിനു ശേഷം എന്റെ കപടസദാചാര ബോധം അതിനു അനുവദിക്കുന്നില്ലെങ്കിലും ലോകത്തെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കമ്മ്യൂണിറ്റ് ബൂര്‍ഷ്വാ മന്ത്രിസഭയേയും അതിന്റെ സവര്‍ണ്ണബൂര്‍ഷ്വാ മുഖ്യമന്ത്രിയായ ഇ.എം.എസ് നമ്പൂതിരിപ്പാടിനേയും ബൂര്‍ഷ്വാ കമ്മ്യൂണിറ്റ് ചരിത്രകാരന്മാരേയും ഞാന്‍ സ്മരിക്കുകയാണിവിടെ. കാരണം അവരും പ്രസരിപ്പിച്ച ചരിത്രമാലിന്യങ്ങള്‍ ധര്‍മ്മപുരിയുടെ ആകാശത്തിന്‍ കീഴില്‍ കുമിഞ്ഞുകൂടി കിടപ്പുണ്ടല്ലോ?
ധര്‍മ്മപുരാണത്തെ അഭിസംബോധന ചെയ്യുക എന്നാല്‍ അധികാരത്തിന് മുകളില്‍ കുമിഞ്ഞുകൂടിയ ചരിത്രമാലിന്യങ്ങളെ പരിശോധിക്കുക എന്നാണര്‍ത്ഥം. നാളിതുവരെ അതിനു ധൈര്യം കിട്ടാത്തതു കൊണ്ടോ, അപ്രിയമായ സത്യങ്ങളുടെ നേരെ കണ്ണാടിപ്രതിഷ്ഠ നടത്താന്‍ നമ്മുടെ സാഹിത്യകാരന്മാരുടേയും ബുദ്ധിജീവികളുടേയും സവര്‍ണ്ണബോധം സമ്മതിക്കാത്തതുകൊണ്ടോ, അതോ ധര്‍മ്മപുരാണത്തേയും വിജയനേയും മനസ്സിലാക്കാനുള്ള ബുദ്ധിപരമായ പക്വതയും, ധൈഷണികമായ വളര്‍ച്ചയും എത്താത്തതു കൊണ്ടോ എന്തോ ധര്‍മ്മപുരാണത്തെ അഭിസംബോധന ചെയ്യുക എന്ന സാഹസത്തില്‍ നിന്ന് അവര്‍ ബോധപൂര്‍വ്വം ഒഴിഞ്ഞു നിന്നു. ഒരു നോവല്‍ 49 വര്‍ഷത്തിനു ശേഷവും പ്രവചന സ്വഭാവമുള്ള വര്‍ത്തമാനകാല ലോകയാഥാര്‍ത്ഥ്യമായി നിലകൊള്ളുക എന്നതാണ് ധര്‍മ്മപുരാണത്തിന്റെ ഇന്നത്തെ പ്രസക്തി. അധികാരത്തെ ഇത്ര നിര്‍ദ്ദാക്ഷിണ്യവും നിര്‍ദ്ദിഷ്ടവുമായിട്ട് വിമര്‍ശനത്തിന് വിധേയമാക്കിയ ഒരു കൃതി മലയാളസാഹിത്യത്തിലെന്നല്ല ലോകസാഹിത്യത്തില്‍ തന്നെ അത്യപൂര്‍വ്വമാണ്, ഇല്ലെന്നു തന്നെ പറയാം.
നമുക്കൊരു ദുഖമന്ത്രിയും സര്‍വ്വസൈന്യാധിപനും ദേശീയപതാക കൊണ്ടു കോണകമുടുക്കുന്ന പ്രജാപതിയും അവരുടെ അസംഖ്യം ആണ്‍/പെണ്‍ വേശ്യകളും, കൂട്ടിക്കൊടുപ്പുകാരും, ദല്ലാളന്മാരും, അവരെ സ്തുതി പാടി ഉദ്ധരിക്കാന്‍ സത്യംവദയും പടിഞ്ഞാറന്‍ തരിശുവാര്‍ത്തകളും പിന്നെയും അസംഖ്യം മാധ്യമ നോക്കുകൂലി തൊഴിലാളികളും ഉണ്ട്. പോരാത്തതിന് എന്തിനും ഏതിനും ചുവന്ന താര്‍ത്താരീ കുടിയരശ്ശും കര്‍ക്കിടകവിപ്ലവവും വെള്ള സംയുക്ത നാടുകളുമുണ്ട് തീര്‍ന്നില്ല. സമര്‍ഖണ്ഡ് എന്ന സ്ഥിരം ശത്രുവും സഹകരണ യുദ്ധങ്ങളുമുണ്ട്. വെറുതെയല്ല സമര്‍ഖണ്ഡിന്റെ ഭരണാധികാരി പറഞ്ഞത് അധികാരത്തെ ഭോഗിക്കാന്‍ പ്രജാപതിയുടെ ലിംഗം വീണ്ടും ഉദ്ധരിക്കണമെന്ന്. സഹകരണ യുദ്ധങ്ങള്‍ക്ക് അത് പുതിയൊരു ദിശാബോധം നല്‍കുമത്രേ. അപ്പോഴും പട്ടാളക്കാരുടെ വിധവകളുടെ ശാപം ധര്‍മ്മപുരിയുടെ ആകാശത്തിനു കീഴെ കുമിഞ്ഞുകൂടിയ ചരിത്രമാലിന്യങ്ങളില്‍ വീഴുന്നതു കാണാനുള്ള കണ്ണുകള്‍ ജന്മനാ അന്ധനായ പ്രജാപതിക്ക് ഉണ്ടാകുമെന്ന് ആരും ധരിക്കുകയില്ലെന്ന് വിചാരിക്കുന്നു.
തൂറാത്തവന്‍ തൂറുമ്പോള്‍ തീട്ടം കൊണ്ടാറാട്ട് എന്നൊരു പഴഞ്ചൊല്ലുണ്ട് നാട്ടിന്‍പുറങ്ങളില്‍. പ്രജാപതിയുടെ തീട്ടവും ആ തീട്ടത്തിനു ചുറ്റു തീട്ടക്കണ്ടികള്‍ക്കു വേണ്ടി നാണംകെട്ടു ഓച്ഛാനിച്ചു നില്‍ക്കുന്ന പ്രതിപക്ഷ ചാത്തന്മാരും അവരുടെ ജനാധിപത്യത്തെ ധന്യമാക്കുന്ന ചരിത്ര ആഭാസങ്ങളും ഫലിതങ്ങളും ആസ്വദിക്കുകയും അവരെ ദേശീയസ്തുതിഗീതങ്ങള്‍ കൊണ്ട് ഉദ്ധരിക്കുകയും ചെയ്യുന്ന വിദേശി സ്വദേശി മാധ്യമങ്ങളും എല്ലാം ചേര്‍ന്നു നടത്തുന്ന അത്താഴവിരുന്നുകളില്‍ മനുഷ്യമാംസം കച്ചവടം ചെയ്ത് തടിച്ചുകൊഴുക്കുന്ന ആഗോളകുത്തകകള്‍ പ്രജാപതിയെ നോക്കുകുത്തിയാക്കി തീട്ടത്തിന്റെ ഹോള്‍സെയില്‍ ഡീലറാകുന്ന കാഴ്ച വിവരണാതീതമാണ്. കണ്ണേ മടങ്ങുക ….
രണ്ടാം ലോകമഹായുദ്ധവും അതിനെത്തുടര്‍ന്നുണ്ടായ അധികാര ധ്രുവീകീരണവും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും സ്വതന്ത്ര ഇന്ത്യയുടെ രണ്ടര ദശാബ്ദകാലത്തെ ഭരണപരിഷ്‌ക്കാരണങ്ങളും ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയും അതിനെ അനുകൂലിച്ച് സോവിയറ്റ് വിദേശനയം കാണിച്ച ഔദാര്യവും പങ്കാളിത്തവും എല്ലാം വിജയന്‍ എന്ന മനുഷ്യനില്‍ ഉണ്ടാക്കിയ അസ്വസ്ഥതകളുടേയും ധാര്‍മ്മികരോഷത്തിന്റേയും ഫലമാണ് ധര്‍മ്മപുരാണം. അധികാരത്തിന്റെ അശ്ലീലതകള്‍ക്ക് അതിര്‍ത്തികള്‍ ഇല്ലെന്ന് എഴുപതില്‍ തന്നെ ധര്‍മ്മപുരാണത്തിലൂടെ വിജയന്‍ പറഞ്ഞു.
ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയോടു സോവിയേറ്റ് വിദേശ നയം കാണിച്ച ഔദാര്യവും പങ്കാളിത്തവും സോവിയേറ്റ് യൂണിയനെ മോചകനായും സഖാവായും കണ്ട വിജയനെ രോഷം കൊള്ളിച്ചു. വിപ്ലവശുദ്ധിയിലുള്ള കടുത്ത മോഹഭംഗം. അതു കൊണ്ടു തന്നെ ധര്‍മ്മപുരാണം എഴുതിയതില്‍ താന്‍ ഖേദിക്കുന്നില്ലേന്ന് വിജയന്‍ തുറന്നു പറഞ്ഞു. കാരണം അത് ഒരു അനിവാര്യത ആയിരുന്നു. ചരിത്രം ആവര്‍ത്തിക്കുമെന്ന് നമുക്കറിയാം. ധര്‍മ്മപുരാണം ചരിത്രസാധ്യതകളുടെ എക്കാലത്തേയും വലിയ പ്രകാശനമായിരുന്നു. ഇന്നും ധര്‍മ്മപുരാണത്തെ അഭിമുഖീകരിക്കാന്‍ നമ്മുടെ സാഹിത്യ വിമര്‍ശകന്‍മാര്‍ക്കോ ബുദ്ധിജീവികള്‍ക്കോ കപട സദാചാരക്കാര്‍ക്കോ ധൈര്യമില്ല. എക്കാലത്തേയും അധികാരവര്‍ഗ്ഗത്തിന്റെ ആത്മകഥയാണ് ധര്‍മ്മപുരാണം. വെറുതെയല്ല കെ.പി. അപ്പന്‍ പറഞ്ഞത് ധര്‍മ്മപുരാണത്തിന് മറുപടി പറയുന്നതുവരെ രാഷ്ട്രീയത്തില്‍ നമുക്ക് ബുദ്ധിപരമായ ജീവിതമില്ല.
അധികാരത്തിനെതിരെ വിജയന്‍ നടത്തുന്ന ധീരമായ യുദ്ധമാണ് ധര്‍മ്മപുരാണം. ആ യുദ്ധത്തില്‍ കലിംഗയുദ്ധത്തില്‍ അശോകനുണ്ടായ പ്രായശ്ചിത്തത്തിന്റെ ബോധോദയമല്ല വിജയനുണ്ടാകുന്നത്. മറിച്ച് അധികാരത്തിന്റെ ചരിത്രമാലിന്യങ്ങള്‍ നിഷ്‌കാസനം ചെയ്യാന്‍ കഴിയാത്ത നിസ്സഹായനായ മനുഷ്യന്റെ വേദനകളെ സ്വന്തം ഹൃദയത്തില്‍ ഏറ്റുവാങ്ങുന്ന വിജയന്‍ അധികാരത്തിന്റെ ചരിത്രമാലിന്യങ്ങളില്‍ അഭിരമിക്കുന്ന മനുഷ്യനെ കാരുണ്യം കൊണ്ട് തിരുത്തുന്നു. അതിനു പുരാണങ്ങളും ഇതിഹാസങ്ങളും ദര്‍ശനങ്ങളും ചരിത്രവും മിത്തുകളുമെല്ലാം വിജയന്‍ ഉപയോഗിക്കുന്നു.
സ്‌നാനപ്പെട്ടവരുടെ സൈന്യം എന്ന ശീര്‍ഷകത്തില്‍ വിജയന്‍ ഒരു പട്ടാളക്കാരന്റെ ചിത്രം വിവരിക്കുന്നുണ്ട്. ഒരു കണ്ണും കാലുമില്ലാതെ യുദ്ധക്കളത്തില്‍ നിന്നും തിരിച്ചെത്തിയ പട്ടാളക്കാരന്‍ തന്റെ പെണ്ണിനെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി. തുടര്‍ന്ന് പട്ടാളക്കാരന്‍ പെണ്ണിനോട് ഇങ്ങനെ പറഞ്ഞു. പ്രിയമുള്ളവളേ ഇന്നു മുതല്‍ നീ സ്വതന്ത്രയാണ്. ആ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കാതിരുന്ന ഭാര്യ ഭര്‍ത്താവിനെ കൂടുതല്‍ മുറുക്കിപ്പിടിച്ചു കരഞ്ഞതേയുള്ളു. പതിന്നാലു നീണ്ട കൊല്ലത്തെ സഹനവും പരിക്കിന്റെ ക്ലേശവും കാരണം അയാള്‍ എന്തോ പുലമ്പുകയാണെന്നേ അവള്‍ ധരിച്ചുള്ളൂ. പട്ടാളക്കാരന്‍ വീണ്ടും സംസാരിച്ചു. പട്ടാളക്കാരന്‍ പറഞ്ഞു. പ്രിയമുള്ളവളേ ഞാന്‍ എന്തോ പുലമ്പുകയാണെന്നു നീ സംശയിക്കുന്നു. അങ്ങനെ സംശയിക്കുന്നത് അന്യായമാണ്. ചുമതലാബോധമുള്ള ഒരു ഉപദേഷ്ടാവാണ് ഞാന്‍. ചുമതലാബോധത്തോടെയാണ് ഞാന്‍ നിന്നോടു സംസാരിക്കുന്നത്. യുദ്ധരംഗത്തുണ്ടായ ഒരു പൊട്ടിത്തെറിയില്‍ എന്റെ ലിംഗം അറ്റുപോയി. നമ്മുടെ പ്രിയപ്പെട്ട മാതൃഭൂമിക്കുവേണ്ടി അവള്‍ ഒരു നിലവിളിയോടു ബോധമറ്റു നിലത്തു വീണു. ബോധം തെളിഞ്ഞപ്പോള്‍ പട്ടാളക്കാരന്‍ അവളുടെ തല തന്റെ മടിയില്‍ വെച്ച് അവള്‍ക്കു വീശിക്കൊടുക്കുകയായിരുന്നു. പട്ടാളക്കാരന്‍ പറഞ്ഞു. ഉണരുക, ഭാഗ്യവതീ, മാതൃഭൂമിക്കുവേണ്ടിയാണല്ലോ നിന്റെ പ്രിയതമന്‍ അവന്റെ ലിംഗത്തെ ത്യജിച്ചത്. ഒരു പരന്ന ചിരിയുമായി അവിടെ നിന്ന അധ്യാത്മകക്ഷി നേതാവ് അവരോടു സംസാരിച്ചു. അധ്യാത്മന്‍ പറഞ്ഞു. അഹോ വീരപത്‌നീ താങ്കള്‍ മഹാഭാഗ്യവതി തന്നെ, ഇത്തരമൊരു ത്യാഗത്തില്‍ പങ്കാളിയാവാന്‍ എത്ര പേര്‍ക്കു വിധിച്ചിട്ടുണ്ട്. പട്ടാളക്കാരന്‍ പറഞ്ഞു. നമ്മുടെ നേതാവ് സത്യം പറയുന്നു. നോക്കൂ ഭാഗ്യവതീ എന്റെയീ പൊക്കണം. അതില്‍ നിറയെ വീരശൃംഖലകളും കീര്‍ത്തിമുദ്രകളുമാണ്. മന്ദാകിനി മുന്നോട്ടു വന്നു. മന്ദാകിനി അവരോടു സംസാരിച്ചു. മന്ദാകിനി പറഞ്ഞു. നേതാവേ ഇതാ ഈ മനുഷ്യന്റെ ലിംഗം തിരിച്ചു കൊടുക്കാന്‍ തന്റെ മാതൃഭൂമിയോടു പറയാമോ. ആളുകള്‍ അമ്പരന്നു. അധ്യാത്മന്‍ പറഞ്ഞു. രാജ്യദ്രോഹം, മന്ദാകിനി പറഞ്ഞു, എന്തോ ആവട്ടെ, ഇതാ ഇതു നോക്കൂ, മന്ദാകിനി തന്റെ വസ്ത്രങ്ങളുയര്‍ത്തി തന്റെ യോനീമുഖം വിടര്‍ത്തിക്കാട്ടി. മന്ദാകിനി പറഞ്ഞു, ഇതാ ഇതിന്റെ ദാഹംകൊണ്ട് നിന്നെ ഞാന്‍ ശപിക്കുന്നു.
തുടര്‍ന്ന് മന്ദാകിനി പട്ടാളക്കാരനോടു പറഞ്ഞു എടോ പാവം മനുഷ്യാ, ഇതാ ഇതെടുത്ത് ഈ നേതാവിന്റെ ലിഗം മുറിച്ചു കളയുക. അയാള്‍ മാതൃഭൂമിയെപ്പറ്റി എന്തു പറയുമെന്നു കേള്‍ക്കട്ടെ. അധ്യാത്മന്റെ കൈയില്‍ നിന്ന് മാലയും ചെണ്ടും നിലത്തു വീണു. ലിംഗം മുറിഞ്ഞ ഭര്‍ത്താവു പറഞ്ഞു. രാജ്യദ്രോഹം, മന്ദാകിനി പറഞ്ഞു എന്തോ ആവട്ടെ, അവള്‍ കത്രി ഉയര്‍ത്തിപിടിച്ചു. മന്ദാകിനി ആള്‍ക്കൂട്ടത്തോടു സംസാരിച്ചു. മന്ദാകിനി പറഞ്ഞു ഇതാ ഇതുപയോഗിക്കാന്‍ ധൈര്യമുള്ളവര്‍ എത്രപേരുണ്ടിവിടെ ഒരു പറ്റം പെണ്ണുങ്ങള്‍ മുന്നോട്ടു വന്നു. അതിപ്പോള്‍ ഒരു പെണ്‍തിരയായി. പകയുടേയും ദുഖത്തിന്റേയും അലിവിന്റേയും വേലിയേറ്റം നീതിപാലനത്തിന്റെ ആ കൊച്ചുപകരണത്തെ ഏറ്റുവാങ്ങാന്‍ അസംഖ്യം കൈകള്‍ നീണ്ടു അധ്യാത്മന്‍ ഓട്ടമായി. യുദ്ധത്തില്‍ മരിച്ച പട്ടാളക്കാരുടെ വിധവകള്‍ക്ക് വീരശ്യംഖലകള്‍ക്കൊപ്പം അവര്‍ സമ്മാനിക്കുന്ന ചരിത്രമാലിന്യങ്ങളുടെ ഭീകരത എത്ര വലുതാണെന്ന് വിജയന്‍ എത്ര ഭംഗിയായിട്ടാണ് ധര്‍മ്മപുരാണത്തില്‍ വരച്ചുകാട്ടിയിരിക്കുന്നത്.
ഒരു വ്യവസ്ഥിതിയോടു കലഹിക്കുക എന്നത് ഒരു പുതിയ കാര്യമല്ല. പക്ഷേ ആ വ്യവസ്ഥിതിയുടെ അശ്ലീലതകളോട് ഏകനായി യുദ്ധം ചെയ്ത വിജയന്‍ അതിനെ നിന്ദയും പരിഹാസവും ജുഗുപ്‌സവും ക്ഷോഭവും കൊണ്ട് ചെറുത്തു എന്നതാണ് ധര്‍മ്മപുരാണത്തിന്റെ പ്രസക്തി. ഇന്ന് ഇന്ത്യ ആയാലും, ചൈന ആയാലും അമേരിക്ക ആയാലും ആഫ്രിക്കന്‍ രാജ്യങ്ങളായാലും ലോകത്തിലെ ഏതു രാജ്യമായാലും അധികാരത്തിന്റെ ഈ അശ്ലീലത യാഥാര്‍ത്ഥ്യമായി തീരുന്നതു കാണാം. ധര്‍മ്മപുരാണം ആധുനിക ലോക രാഷ്ട്രീയശരീരത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്. ഖസാക്കിന്റെ ഇതിഹാസം ഒരു നൂറ്റാണ്ടില്‍ സംഭവിക്കുന്നതാണെങ്കില്‍ ധര്‍മ്മപുരാണം എല്ലാ നൂറ്റാണ്ടുകളിലും സംഭവിക്കുന്നു. ധര്‍മ്മത്തിന് ക്ഷയം സംഭവിക്കുമ്പോള്‍ ഞാന്‍ അവതരിക്കുമെന്ന് ഭഗവാന്‍ പറഞ്ഞിട്ടുണ്ടല്ലോ. അധികാരത്തിന്റെ അശ്ലീലതയെ വിജയന്‍ കാരുണ്യം കൊണ്ടും ദീനാനുകമ്പ കൊണ്ടും, ജ്ഞാനം കൊണ്ടും പ്രാചീനമായ ശുദ്ധ സാത്വിക മന്ത്രങ്ങള്‍ കൊണ്ടും തിരുത്തുന്നു. വിജയന്റെ വാക്കുകള്‍ നോക്കുക.
പ്രജാപതിയുടെ ലിംഗോദ്ധാരണം അതിരുകളുടെ കാവല്‍ക്കാര്‍ എന്ന ശീര്‍ഷകത്തില്‍ വിജയന്‍ എത്ര മനോഹരമായാണ് പറഞ്ഞിരിക്കുന്നത്. ഉദ്ധരിക്കുന്ന ലിംഗത്തിന് അകമ്പടിയായി വിജയന്‍ ദേശീയതയുടെ കവി വള്ളത്തോളിന്റെ ഗാനം കടംകൊള്ളുന്നുണ്ട് പോരാ പോരാ നാളില്‍ നാളില്‍ ദൂരെ ദൂരമുയരട്ടെ, എന്തൊരു പരിഹാസമാണ് വിജയന്‍ നടത്തുന്നത്. തീര്‍ന്നില്ല പ്രക്ഷേപിണിയിലൂടെ പുരവാസികള്‍ ആ ഗാനം കേട്ട് സംതൃപ്തരായി തങ്ങളുടെ പ്രജാപതി വീണ്ടും വെല്ലുന്നത് അവര്‍ അറിഞ്ഞു എന്നു കൂടി വിജയന്‍ പറഞ്ഞു വെയ്ക്കുന്നു. അധികാരത്തിന്റെ അശ്ലീലതയേയും, പൊങ്ങച്ചത്തേയും വിജയന്‍ കണക്കിന് പരിഹസിക്കുന്നു ഇവിടെ. ഇളംകോവന്റെ മക്കളും മറ്റു ഓഹരിക്കാരും എന്ന ശീര്‍ഷകത്തില്‍ പ്രതിപക്ഷത്തെ വിജയന്‍ കണക്കിനു പരിഹസിക്കുന്നതു നോക്കുക. പ്രജാപതി വിളിച്ചു ചോദിക്കും, ആരാണെടാ അത് ? പ്രതിപക്ഷച്ചാത്തനാണേ, പ്രതിപക്ഷാംഗം പറയും ഏറാന്‍, പ്രജാപതി ചോദിക്കും ചാത്തന് എന്തു വേണം? പ്രതിപക്ഷാംഗം ഉത്തരം പറയുകയില്ല പകരം ഉച്ചത്തില്‍ കരഞ്ഞു തുടങ്ങും. അപ്പോള്‍ പ്രജാപതി കനിയും. പ്രജാപതി അന്വേഷിക്കും. ഇന്നു നീ ഭരണകൂടത്തെ വിമര്‍ശിച്ചുവോടാ? വിങ്ങിവിങ്ങി പ്രതിപക്ഷാംഗം പറയും ഏറാന്‍, പ്രജാപതി പറയും സാരമില്ല നിനക്ക് എന്തെങ്കിലും വേണമോടാ? പ്രതിപക്ഷാംഗം, തീ-തീ-തീ, പ്രജാപതി വീണ്ടും കല്‍പ്പിക്കും, പറയ്, പ്രതിപക്ഷാംഗം പറയും തീ-തീ-തീട്ടം, പ്രജാപതി പ്രസാദിക്കും പ്രജാപതി ഉത്തരവിട്ടു, ആരവിടെ? ഇതാ ചാത്തനു ഭണ്ഡാരത്തില്‍ നിന്നും ഒരുനുള്ള് പ്രസാദമെടുത്തു കൊടുക്ക്. തീട്ടം തിന്ന് രാജ്യത്തോടുള്ള പ്രതിബദ്ധത കാട്ടുന്ന പ്രതിപക്ഷത്തെ വിജയന്‍ എത്ര രൂക്ഷമായിട്ടാണ് കടന്നാക്രമിക്കുന്നത്. എന്നിട്ടു വിജയന്‍ തുടര്‍ന്നു പറയുന്നു ജനാധിപത്യം അര്‍ത്ഥവത്താകണമെങ്കില്‍ കൂട്ടുകച്ചവടം ഉണ്ടായേ തീരൂ. ഭരണപ്രതിപക്ഷ കൂട്ടുകച്ചവടത്തിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഉദ്ധരിച്ച് നമുക്ക് ലോകത്തോടു കാട്ടിക്കൊടുക്കാം. അധികാരം കൈയ്യാളിയിരുന്ന പ്രജാപതി വെറുമൊരു പുഴുവായിരുന്നെന്ന് അസ്വസ്ഥതയോടെ രാജാവ് നഗ്നനാണെന്നു പറഞ്ഞ കുട്ടിയെപ്പോലെ വിജയന്‍ ലോകത്തോടു വിളിച്ചു പറയുന്നു.
ചിത്രാംഗദ എന്ന ദാസിയോടു പ്രജാപതി ചോദിക്കുന്നു നീ ഇതിനു മുമ്പു എന്റെ കൂടെ കിടന്നിട്ടുണ്ടോ? കഴിഞ്ഞ അഞ്ചു കൊല്ലങ്ങള്‍ക്കിടക്ക് മൂന്നു പ്രാവശ്യം മാത്രമേ ഈയുള്ളവള്‍ക്ക് ആ ഭാഗ്യമുണ്ടായിട്ടുള്ളൂവെന്ന് ചിത്രാംഗദ മറുപടി പറയുന്നു. തുടര്‍ന്ന് പ്രജാപതി പറയുന്നു ഞാന്‍ പുഴുവാണ്. പുഴു നിന്നെ അറപ്പിക്കുന്നില്ലേ? സ്വാമിന്‍ അവിടുന്ന് അടിയനെ കാമാര്‍ത്തയാക്കുന്നു. അടിമപ്പെണ്ണിന്റെ പ്രാചീനമായ നുണ കേട്ട് പ്രജാപതി അവളെ മുഖത്തടിക്കുന്നു. തുടര്‍ന്ന് ഏട്ടിലെപട എന്ന ശീര്‍ഷകത്തില്‍ തന്റെ തിളങ്ങുന്ന ശവപ്പെട്ടിയില്‍ നിന്ന് സ്ഥാനാരുഢനായി പിപ്പലാദന്‍ വീണ്ടും പ്രജാപതിയായി മാറുന്നു. തുടര്‍ന്നു തന്റെ രഹസ്യതന്ത്ര പ്രതിനിധിയായ ശകുനിയെ പ്രജാപതി വിളിച്ചു വരുത്തുന്നു. പ്രജാപതിയും ശകുനിയുമായും നടക്കുന്ന സംഭാഷണത്തില്‍ ഒരിടത്ത് ശകുനി പറയുന്ന ഒരു വാചകമുണ്ട് ഈ യുദ്ധവും കൂട്ടക്കൊലയുമൊക്കെ അവിടത്തേക്ക് അനായാസം സംഭോഗം ചെയ്യാനുള്ള ഒരു പരിസരം സൃഷ്ടിക്കുന്നതിന് മാത്രമല്ലേ? രാഷ്ട്രമീംമാംസകള്‍ക്കു മാത്രമേ ഈ സത്യമറിയൂ.
എങ്കിലും പൊതുമനസ്സില്‍ താങ്കള്‍ ഇന്നും സസ്യഭോജിയാണ്. ആ സ്ഥിതിക്ക് ആ ആളിറച്ചിത്തീറ്റ ആരുമറിയരുത്. ഉദ്ധാരണത്തിന് വേണ്ടി പ്രജാപതി നടത്തുന്ന ഇളംമനുഷ്യമാംസ സംഭോഗം ആരും അറിയില്ലെന്ന് പ്രജാപതി ഉറപ്പിച്ചു പറയുന്നു, പക്ഷേ ശകുനി ഉടനെ പറയുന്നത് എന്ന് അങ്ങ് ധരിക്കുന്നത് ശരിയല്ല. ദിവസത്തില്‍ മൂന്നോ നാലോ ദാസിമാരും മന്ത്രിപത്‌നിമാരും മറ്റു പരസ്ത്രീകളും എന്ന കണക്കാണല്ലോ അങ്ങേക്ക് എന്നിട്ടും തുടര്‍ന്നു പറയുന്നു. പത്രബന്ധന നിയമങ്ങള്‍ കൊണ്ടൊന്നും അരമന രഹസ്യങ്ങളെ മൂടിവയ്ക്കാന്‍ കഴിയുകയില്ലെന്ന് ശകുനി തീര്‍ത്തു പറയുന്നു. തുടര്‍ന്ന് പ്രജാപതി ചോദിക്കുന്നുണ്ട് എത്ര പേര്‍ ഇതിനകം എന്റെ ധാതുക്ഷയത്തിന്റെ സത്യം അറിഞ്ഞിരിക്കുന്നെന്ന് ശകുനി പറഞ്ഞു പിപ്പലാദാ, പുഴുവേ നീ എന്തിന് നാണം കെടുന്നു? ധര്‍മ്മപുരിയുടെ പ്രജാപതിക്ക് നാണമോ ? അതൊരിക്കലും അരുത്. പ്രജാപതിയെ തന്റെ ഭടന്മാര്‍ പോലും അനുസരിക്കുന്നില്ല.
തുടര്‍ന്ന് ശകുനി വീണ്ടും പ്രജാപതിയെ അഭിസംബോധന ചെയ്യുന്നത് പിപ്പലാദാ എന്നാണ്. പ്രജാപതി വിതുമ്പി കരഞ്ഞുകൊണ്ട് പറയുന്നു. എനിക്ക് ഒന്നും ഓര്‍ക്കണ്ട ഞാന്‍ നിന്നെ കൊല്ലും, അതിന് ശകുനി മറുപടി പറയുന്നതു നോക്കുക നീ അങ്ങനെ ചെയ്താല്‍ സംയുക്തനാടന്‍ ചാരസംഘവും കുടിയരശ്ശു ചാരസംഘവും ചേര്‍ന്ന് നിന്നെ നിഷ്‌കാസനം ചെയ്യുമെന്നാണ്. അവിടെ ശകുനി പ്രജാപതിയെ സധൈര്യം നീ എന്ന് അഭിസംബോധന ചെയ്യുന്നു. വീണ്ടും പ്രജാപതി ശകുനിയോടു പറയുന്നു എനിക്ക് പരാശ്ശരനെ പേടിയാകുന്നു എന്നാണ്.
തുടര്‍ന്നു ശകുനി പറയുന്നു എന്തിനു പേടിക്കണം. അവന്റെ വിപ്ലവം ഏറെക്കുറെ തീര്‍ന്നിരിക്കുകയല്ലേ, അതിനു പ്രജാപതിയുടെ മറുപടി നോക്കുക അവനെയല്ല പേടി അവന്റെ രാജാവിനെ. ശകുനി അതിനു വിശദീകരണം പറയുന്നതു നോക്കുക തമ്പുരാനേ ഒന്നറിയണം എന്നും വെല്ലുന്നതും അധര്‍മ്മമാണ് ഏതെങ്കിലുമൊരു ചരിത്രപുസ്തകത്തിന്റെ താളില്‍ ഏതെങ്കിലുമൊരു ഭാവി തലമുറയില്‍ ഒരു നികൃഷ്ടനായ ചരിത്രകാരന്‍ സിദ്ധാര്‍ത്ഥനെ ന്യായീകരിക്കുകയും അങ്ങയെ അപലപി ക്കുകയും ചെയ്‌തേക്കാം. സാരമില്ല അന്നു നാമാരും അതു വായിക്കുവാനുണ്ടാകില്ല. പോരെങ്കില്‍ അന്നത്തെ അധര്‍മ്മം അന്നു കൊടികുത്തി വാഴുകയുമാവും. എത്ര ശരിയാണ് വിജയന്‍ പറഞ്ഞത്. വര്‍ത്തമാനകാല ഇന്ത്യയും വിദേശരാജ്യങ്ങളുമെല്ലാം ഈ വലിയ സത്യത്തിനുള്ളില്‍ വീണു കിടക്കുന്നതു കാണാം. തുടര്‍ന്ന് ഈ പ്രതിസന്ധികളെല്ലാം മറികടക്കാന്‍ അണുയുദ്ധമാണ് ഏക പോംവഴിയെന്ന് പ്രജാപതി പറയുന്നു. അതിനു മറുപടിയായി ശകുനി പറയുന്നതു യുദ്ധം ഒന്നുകൂടി പിരിമുറുക്കാന്‍ സമര്‍ഖണ്ഡിനോടു അപേക്ഷിക്കാം എന്നാണ്. പക്ഷേ പ്രജാപതി പറയുന്നത് ഫലമില്ല ശകുനി ആളുകള്‍ക്ക് ഉത്സാഹമില്ലാതായി തുടങ്ങുന്നു. വഴിയുണ്ടാക്കാം സമര്‍ഖണ്ഡ് സഹകരിച്ചാല്‍ നമുക്കൊരു അണുയുദ്ധം തുടങ്ങാം. അങ്ങനെ ചെയ്യാന്‍ പറ്റിയാല്‍ നന്നായി എന്നാണ് പ്രജാപതി പറയുന്നത്.
പിറ്റേ ആഴ്ച ധര്‍മ്മപുരിയിലേയും സമര്‍ഖണ്ഡിലേയും പത്രങ്ങളില്‍ അണുയുദ്ധത്തിനെക്കുറിച്ചുള്ള തലക്കെട്ടുകള്‍ വന്നു. ധര്‍മ്മപുരി സമര്‍ഖണ്ഡിനേയും സമര്‍ഖണ്ഡ് ധര്‍മ്മപുരിയേയും കുറ്റപ്പെടുത്തി അണുയുദ്ധവും അതുളവാക്കിയ ദേശസ്‌നേഹവും ഒരു മഹാജ്വരം പോലെ ഇരുരാജ്യങ്ങളിലേയും ജനതകളെ മൂടിപ്പിടിച്ചു. സംയുക്ത നാടന്‍ ചാരവകുപ്പിന്റെ ധര്‍മ്മപുരി പ്രതിനിധി ഇങ്ങനെ എഴുതി. നാം ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ പ്രസരമുണ്ടെന്ന് പേടിക്കേണ്ടതില്ല. കാരണം ഇവിടെ നടക്കുന്നതു ഒരു അണുയുദ്ധമല്ല. പ്രാകൃതമായ വെടിമരുന്നു പ്രയോഗമാണ്. നാം ഇക്കാര്യം തുറന്നു കാട്ടേണ്ടതുണ്ടോ? മേലധികാരത്തില്‍ നിന്ന് ഇങ്ങനെ മറുപടി വന്നു ധര്‍മ്മപുരിയും സമര്‍ഖണ്ഡും അണുയുദ്ധം നടക്കുന്നതായി അഭിനയിക്കുകയാണെങ്കില്‍ ആ അഭിനയത്തെ മുടക്കാനായി നാം ഒന്നും ചെയ്തുകൂടാ.
കുടിയരശ്ശു ചാരസംഘ പ്രതിനിധിയും ഏതാണ്ട് ഇപ്രകാരം തന്നെ തന്റെ മേലധികാരത്തിന് എഴുതുകയും അയാള്‍ക്കും ഇപ്രകാരത്തിലുള്ള ഒരു മറുപടി കിട്ടുകയും ചെയ്തു. എന്നാല്‍ അച്ചടക്കമില്ലാത്ത പാശ്ചാത്യമാധ്യമങ്ങള്‍ അഭിനയത്തിന് കൂട്ടുനില്‍ക്കാന്‍ തയ്യാറായില്ല. പടിഞ്ഞാറന്‍ തരിശുവാര്‍ത്ത എഴുതി, ധര്‍മ്മപുരിയുടേയും സമര്‍ഖണ്ഡിന്റേയും അണുയുദ്ധം ഒരു അന്താരാഷ്ട്ര ഫലിതമാണ്.
ധര്‍മ്മപുരിയിലാകട്ടേ സമര്‍ഖണ്ഡിലാകട്ടേ വിദേശപത്രങ്ങളൊന്നും തന്നെ സാധാരണപൗരന്റെ കണ്ണില്‍പ്പെടുക പതിവില്ലായിരുന്നു അവര്‍ അവരുടെ വാര്‍ത്താവിനിമയത്തിലും വിമോചിതമായ സത്യത്തിലും സ്വയം പര്യാപ്തമായിരുന്നു. മൃഗത്തിന്റേയും അതിന്റെ ജന്മവാസനകളുടേയും അറിവുകളെ വിജയന്‍ കാരുണ്യംകൊണ്ടും ബുദ്ധദര്‍ശനങ്ങളുടെ സാത്വികമന്ത്രങ്ങള്‍ കൊണ്ടും തിരുത്തുകയാണ് ധര്‍മ്മപുരാണത്തില്‍ ഇന്നും മനുഷ്യനെന്നത് ശാസ്ത്രത്തിന്റെ കണ്ണില്‍ ഹോമോസാപ്പിയന്‍സ് മാത്രമാണ്. നോവലിന്റെ അവസാനഭാഗത്ത് രാജാവിന്റെ ദര്‍ശനം എന്ന ശീര്‍ഷകത്തില്‍ സിദ്ധാര്‍ത്ഥന്‍ സേനാപതികളോടു ചോദിക്കുന്നു യുദ്ധം ആര്‍ക്കുവേണ്ടിയാണ്? അവര്‍ക്കു അതിന് ഉത്തരമില്ലായിരുന്നു അവര്‍ അദ്ദേഹത്തെ മുകള്‍ത്തട്ടിലേക്ക് പറഞ്ഞയക്കുന്നു സിദ്ധാര്‍ത്ഥന്‍ ഓരോ തട്ടിലേക്കും കയറി മുകളിലേക്ക് മുകളിലേക്ക് പോയ്‌ക്കൊണ്ടിരുന്നു. ആര്‍ക്കും ഉത്തരങ്ങളില്ലായിരുന്നു. അവസാനം ഏറ്റവും മുകളില്‍ അദ്ദേഹം ഒരു മൊച്ചക്കുരങ്ങനെ കണ്ടുമുട്ടുന്നു. കുരങ്ങന്‍ ചരിത്രത്തിന്റെ വൃദ്ധമായ ചുരുളുകള്‍ പിച്ചിച്ചീന്തി സിദ്ധാര്‍ത്ഥനു നേര്‍ക്കെറിഞ്ഞു. മൊച്ചക്കുരങ്ങന്റെ ചേഷ്ടകള്‍ സിദ്ധാര്‍ത്ഥനില്‍ പ്രാചീനമായ ഒരു ഭയം ജനിപ്പിച്ചു. രാജാവ് കല്‍പ്പടവുകളിറങ്ങി താഴോട്ടോടി ദൈവമേ സിദ്ധാര്‍ത്ഥന്‍ ഉള്ളിന്റെ ആഴങ്ങളില്‍ നിലവിളിച്ചു. ആര്‍ക്കും വേണ്ടാത്ത യുദ്ധം ആര്‍ക്കും ലാഭമില്ലാത്ത യുദ്ധം. മൊച്ചക്കുരങ്ങന്റെ യുദ്ധം ആ തിരിച്ചറിവില്‍ സിദ്ധാര്‍ത്ഥന്‍ ശാന്തനായി. ധര്‍മ്മപുരാണത്തെക്കുറിച്ച് വിജയന്‍ ഇങ്ങനെ എഴുതി.’ചരിത്രത്തെക്കുറിച്ചും മനുഷ്യന്റെ വിധിയെക്കുറിച്ചും ചിന്തിച്ചു പോകുന്നത് ഔദധ്യം കൊണ്ടോ, പ്രത്യേകമായ ഏതെങ്കിലും പ്രതിഭയുടെ അവകാശിയായതു കൊണ്ടോ അല്ല അന്ധസമ്മതികളുടെ നീള്‍ച്ചകള്‍ക്കിടയില്‍ അങ്ങിങ്ങ് അനുഭവപ്പെടുന്ന വെളിപാടുകളില്‍ പങ്കുചേരാത്തവര്‍ ആരും തന്നെയില്ല’.
‘പ്രത്യയശാസ്ത്രങ്ങളേയും ദാര്‍ശനിക സംഹിതകളേയും പടച്ച വലിയ മനുഷ്യന്മാര്‍ അറിഞ്ഞ അന്വേഷണ തീവ്രതകള്‍ നാമെല്ലാവരും തന്നെ അറിയുന്നു. ദാര്‍ശനികരുടെ അടിസ്ഥാനപരമായ ഈ ജനകീയതയാണ് എന്നെ ഈ നോവല്‍ എഴുതാന്‍ ധൈര്യപ്പെടുത്തിയത്. ഭരണത്തേയും യുദ്ധത്തേയും നേതൃത്വ സങ്കല്‍പ്പത്തേയും നോക്കിക്കണ്ട ഞാന്‍ അവ അസംബന്ധങ്ങളാണെന്ന് അറിഞ്ഞ് ഇതു പഠനത്തിന്റേയും തത്വത്തിന്റേയും അറിവല്ല. മറിച്ച് മൃഗത്തിന്റേയും അതിന്റെ ജന്മവാസനകളുടേയും അറിവു മാത്രമായിരുന്നു. മാനവപരിഷ്‌കൃതിയുടെ ഏതോ പാളിച്ചയില്‍ ഈ അറിവു സമൂഹത്തിന് നഷ്ടപ്പെട്ടു പോയിരിക്കണം. സമൂഹം എന്നു പറയുമ്പോള്‍ പരിഷ്‌കൃതിയുടെ മറ്റൊരു വൈരൂപ്യത്തിലേക്ക് തിരിഞ്ഞു നോക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു. സമൂഹത്തിന്റെ ചരിത്രപരമായ അധാര്‍മ്മികതകള്‍ നിയമവും ഭരണവുമായി പ്രതിഷഠിക്കപ്പെടവേ അതേ സമൂഹത്തിലെ ഒറ്റപ്പെട്ട വ്യക്തികള്‍ക്ക് അവയുടെ ധാര്‍മ്മികത പകല്‍വെളിച്ചം പോലെ തെളിഞ്ഞു കാണുകയും ചെയ്യുന്നു. ഈ വെളിച്ചത്തെ ഇരുട്ടാക്കുക എന്നതാണ് നാം അറിഞ്ഞിടത്തോളമുള്ള രാഷ്ട്രങ്ങളുടെ ചുമതല’. സമൂഹത്തിന്റെ അധാര്‍മ്മികതകളെ ഒറ്റപ്പെട്ട മനുഷ്യന്‍ എങ്ങനെയാണ് നേരിട്ടതെന്ന് വിജയന്‍ ധര്‍മ്മപുരാണത്തിലൂടെ കാണിച്ചു തന്നു. ധര്‍മ്മപുരാണം ആധുനിക ലോക രാഷ്ട്രീയശരീരത്തിന്റെ വൈരൂപ്യവും, ജുഗുപ്‌സയും, ക്ഷോഭവും തുറന്നു കാണിക്കുവാന്‍ വേണ്ടി മാത്രം എഴുതിയ നോവലാണ്. അധികാരം എല്ലാതരത്തിലുമുള്ള വൈരൂപ്യങ്ങളെയും സൃഷ്ടിക്കുന്നുവെന്ന് ഈ നോവല്‍ വിനയത്തോടെ നമ്മെ പഠിപ്പിക്കുന്നു.
പക്ഷേ ഈ നോവല്‍ പുറത്തു വന്നതോടു കൂടി വിമര്‍ശകരും സദാചാര അപ്പോസ്തലന്മാരും രൂക്ഷമായ ഭാഷയിലാണ് വിജയനെ വിമര്‍ശിച്ചത്. പക്ഷേ അങ്ങനെയുള്ള വിമര്‍ശകരും സദാചാരഅപ്പോസ്തലന്മാരും വിണ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിച്ചിരുന്നത് എന്ന് ഇപ്പോള്‍ നമുക്ക് മനസ്സിലാകുന്നു. ഏകനായ മനുഷ്യന്‍ ഒരു വ്യവസ്ഥിതിയോടു കലഹിക്കുമ്പോള്‍ ഉണ്ടായ അരക്ഷിതാവസ്ഥയില്‍ നിന്നാണ് ധര്‍മ്മപുരാണം ഉണ്ടാകുന്നത്. പ്രത്യേയ ശാസ്ത്രമോ ചരിത്രബോധം പോലുമോ ഇല്ലാതെയാണ് ഇത് എഴുതിയതെന്ന് വിജയന്‍ തുറന്നു സമ്മതിക്കുന്നു. പക്ഷേ ആ വിനയത്തിനുള്ളില്‍ അധാര്‍മ്മികതക്കെതിരെ മുഖം നോക്കാതെ പൊരുതുന്ന ഒരു വിപ്ലവകാരിയുടെ പരിഹാസത്തിന്റെ വാരിക്കുന്തം മറഞ്ഞിരിപ്പുണ്ടെന്ന് നമ്മള്‍ മറന്നു പോകരുത്.
സംസ്‌കാരമെന്ന അര്‍ദ്ധ സത്യങ്ങളുടെ സഞ്ചയത്തെ ചരിത്രമെന്ന പുകപ്പടര്‍പ്പിനെ നേരിട്ടുകൊണ്ട് മനുഷ്യരാശിയുടെ സനാതന സത്തയെ വീണ്ടെടുക്കാന്‍ വിജയന്‍ ശ്രമിച്ചതിന്റെ ഫലമാണ് ധര്‍മ്മപുരാണം. സിദ്ധാര്‍ത്ഥനും, ലാവണ്യയും, സുനന്ദയും, പരാശരനുമൊക്കെ ആ വീണ്ടെടുപ്പിന്റെ പ്രതിനിധികള്‍ മാത്രം. അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും കൊണ്ട് പടുത്തുയര്‍ത്തുന്ന മനുഷ്യവര്‍ഗ്ഗത്തിന്റെ സാമൂഹ്യപരീക്ഷണങ്ങളുടെ അടിത്തറ പരിശോധിച്ചു നോക്കിയാല്‍ ധര്‍മ്മപുരാണം ഓരോ രാജ്യത്തിന്റേയും കഥ കൂടിയാകും ഈ അറിവ് പ്രജ്ഞയുള്ള ഏതൊരു മനുഷ്യന്റേയും സ്വാസ്ഥ്യം നശിപ്പിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഈ അസ്വസ്ഥതകളില്‍ നിന്നും രക്ഷപ്പെടാന്‍ ഏകതാപ്രതിമയും ദേശസ്‌നേഹവും വര്‍ഗ്ഗബോധങ്ങളും പ്രത്യയശാസ്ത്രങ്ങളും ഉല്‍പ്പാദനവും സമ്പത്തും യുദ്ധവും ഭക്തിയും അന്ധവിശ്വാസങ്ങളും അയ്യപ്പനും രാമനുമൊക്കെ ആയുധങ്ങളായി രാഷ്ട്രീയശരീരത്തിന്റെ പ്രവേശിക്കുന്നു. അപ്പോള്‍ അത് വൈരൂപ്യവും, ജുഗുപ്‌സയും, ക്ഷോഭവുമൊക്കെ ആയിത്തീരുന്നത് സ്വാഭാവികം മാത്രം.
ഇങ്ങനെയുള്ള ക്ഷണിക സുഖങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവരുടെ അല്ലെങ്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ കഥ കൂടിയാണ് ധര്‍മ്മപുരാണം. ഈ നോവലില്‍ അടിയന്തിരാവസ്ഥ എന്ന വലിയൊരു വിപത്തിലേക്ക് വിജയന്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നുണ്ട്. 1972 ല്‍ ധര്‍മ്മപുരാണത്തിന്റെ നാലാം അധ്യായത്തിന് വിജയന്‍ കൊടുത്ത പേര് അടിയന്തിരാവസ്ഥ എന്നാണ്. 1975 ല്‍ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ധര്‍മ്മപുരാണം വിജയന്‍ പല ആവര്‍ത്തി മാറ്റി എഴുതി അതിനെ ന്യായീകരിച്ചു കൊണ്ട് വിജയന്‍ ഇങ്ങനെ എഴുതി ‘തിരുവനന്തപുരത്തിനടുത്തുള്ള പോത്തന്‍കോട് എന്ന കൊച്ചുഗ്രാമത്തിലുള്ള ശ്രീ ശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരു എന്ന ആചാര്യനുമായി ചെറുതായി സമ്പര്‍ക്കം പുലര്‍ത്താന്‍ എനിക്ക് ഇടവന്നു. ഈ സമ്പര്‍ക്കത്തിന്റെ ഫലമായി ഉണ്ടായ ഗുരുസങ്കല്‍പ്പം സിദ്ധാര്‍ത്ഥനെ ഗുരുവായും സിദ്ധാര്‍ത്ഥന്റെ വിപ്ലവസ്പര്‍ശത്തെ ഗുരുപ്രസാദമായും പരിവര്‍ത്തനപ്പെടുത്തി. ഈ പരിവര്‍ത്തനം കഥയിലൂടെയത്രയും പടരുകയും ഖണ്ണശ്ശ പ്രസിദ്ധീകരണ വേളയില്‍ അവ്യക്തങ്ങളായി കിടന്ന നിരവധി മാനങ്ങളെ തെളിയിക്കുകയും ചെയ്തു’, ‘തുടര്‍ന്ന് വിജയന്‍ പറയുന്നു ധര്‍മ്മപുരാണത്തിലെ സാങ്കേതിക അശ്ലീലത്തിനപ്പുറം വിളഞ്ഞു കിടക്കുന്ന അവതാര ദര്‍ശനങ്ങളുടെ സമൃദ്ധിയിലേക്ക് സാത്വിക മനസ്സുകള്‍ കടന്നു ചെല്ലാന്‍ വഴികള്‍ കാണുമെന്ന് ഞാന്‍ ധൈര്യപ്പെടട്ടേ എന്നാണ്’. ലാവണ്യയുടെ ഭര്‍ത്താവ് എന്ന ശീര്‍ഷകത്തില്‍ രുമണ്വാന്‍ ലാവണ്യയോടു പറയുന്നത് നോക്കുക തീട്ടം തിന്നാല്‍ മാത്രം പോരാ ലാവണ്യ പെണ്ണിനെ കാഴ്ച വക്കുകയും വേണം. ഈ രണ്ടു സമര്‍പ്പണങ്ങളുടേയും സംഗമമാണല്ലോ ചരിത്രം. ലാവണ്യ ചോദിച്ചു അപ്പോള്‍ വര്‍ഗ്ഗങ്ങളുടെ സമരമോ? രുമണ്വാന്‍ നിശബ്ദനായി, ലാവണ്യ പറഞ്ഞു ചരിത്രത്തിന്റെ ഹേതു മേല്‍പ്പറഞ്ഞ സമര്‍പ്പണമാണെങ്കില്‍ ചരിത്രത്തെ നാം ഉപേക്ഷിക്കണം. അതിന് രുമണ്വാന്‍ പറഞ്ഞു ചരിത്രത്തെ ഉപേക്ഷിക്കുകയോ? ചരിത്രമില്ലെങ്കില്‍ പിന്നെ രാഷ്ട്രമെവിടെ രാഷ്ട്രമില്ലെങ്കില്‍ പിന്നെ അതിര്‍ത്തിയെവിടെ? രുമണ്വാന്‍ തുടര്‍ന്നു രാഷ്ട്രമില്ലെങ്കില്‍ രാഷ്ട്രീയമുണ്ടോ? രാഷ്ട്രീയമില്ലെങ്കില്‍ അധികാരമുണ്ടോ? അധികാരമില്ലെങ്കില്‍ ഇതാ ഇങ്ങനെ തോന്നുമ്പോഴൊക്കെ നിന്നെപ്പിടിച്ച് തുണിയുരിയാന്‍ പറ്റുമോ? ലാവണ്യ തിരുത്തി അധികാരമില്ലെങ്കില്‍ സ്വന്തം പെണ്ണിനെ കൂട്ടിക്കൊടുക്കാന്‍ പറ്റുമോ?
സമര്‍ഖണ്ഡ് പ്രധാനമന്ത്രി തന്റെ വെപ്പാട്ടിയോടു പറയുന്നതു നോക്കുക ഗണികേ! എന്റെ സമയത്തിന് എന്തു മാത്രം വിലയുണ്ടെന്ന് നിനക്കറിയാമോ? നിന്റെ തുടകളിലും മുലകളിലും ഞാന്‍ താളം കൊട്ടുന്ന ഓരോ വിനാഴികയുടേയും വില ഒരു ശതലക്ഷം സ്വര്‍ണ്ണനാണ്യങ്ങളാണ് ഉടനെ വെപ്പാട്ടി പറഞ്ഞു മഹാത്മന്‍ അടിയന്റെ ആനന്ദം ചെറുതല്ല. നമ്മുടെ രാഷ്ട്രം ചിലവിടുന്ന ഈ ദശലക്ഷങ്ങളില്‍ ഒരംശമെങ്കിലും അടിയന്റെ ഉടലിനുമേലാണല്ലോ ചെലവഴിക്കപ്പെടുന്നത്. തുടര്‍ന്ന് പ്രധാനമന്ത്രി വെപ്പാട്ടി.യോടു പറയുന്നതു നോക്കുക നിന്നെ പീഡിപ്പിക്കണമെന്ന് എനിക്കൊരിക്കലും മോഹമില്ല മാത്രമല്ല നിന്റെ ഭര്‍ത്താവില്‍ നിനക്കുള്ള അപ്രിയം ഊഹിച്ചറിഞ്ഞ ഞാന്‍ ആദ്യം കരുതിയത് അവനെ തേരോടിച്ച് കൊന്നുകളയാന്‍ രഹസ്യവകുപ്പിന് നിയോഗിക്കണമെന്നായിരുന്നു. ഏതെങ്കിലും ഒരു പെരുവഴി അപകടത്തില്‍. വെപ്പാട്ടി പറഞ്ഞു. അല്ലയോ ജനാധിപത്യത്തിന്റെ രാജാവേ! എന്റെ മനസ്സ് ഭ്രമിച്ചു പോകുന്നു. ധര്‍മ്മപുരി ഭരിക്കുന്ന പരീശ്ശന്മാര്‍ ഇത്തരം അനീതികള്‍ നടത്താറുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ സമര്‍ഖണ്ഡും അങ്ങനെ ചെയ്യുമെന്നോ? സമര്‍ഖണ്ഢിന്റെ പാരമ്പര്യം അതിന്റെ ദൈവദത്തമായ നിയമങ്ങള്‍.
പ്രധാനമന്ത്രി പറഞ്ഞു നമ്മുടെ നിയമങ്ങള്‍ ദൈവദത്തമാണെന്ന് നീ തിരിച്ചറിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. തുടര്‍ന്ന് പ്രധാനമന്ത്രി പറയുന്നു ഞാന്‍ നിന്റെ ഭര്‍ത്താവിന്റെ വിഷയത്തിലേക്ക് തിരിച്ചു വരട്ടേ. വീണ്ടുവിചാരം ചെയ്തപ്പോള്‍ അവനെ ജീവിക്കാന്‍ അനുവദിക്കുകയാണ് ഉചിതമെന്നു എനിക്ക് തോന്നി. നിന്റെ ഭര്‍ത്താവ് ചത്തുകഴിഞ്ഞാല്‍ പിന്നെ നീയെന്റെ മാത്രമായിത്തീരും. നിന്നെ പ്രാപിക്കുമ്പോള്‍ മറ്റൊരു പുരുഷനെ വെല്ലുന്നതിലുള്ള സഫലത എനിക്കില്ലാതായിത്തീരും. അപ്പോള്‍ പിന്നെ ഞാന്‍ ഒരു രാഷ്ട്രീയ നേതാവും അധികാരസ്ഥനുമൊക്കെയായിട്ട് എന്തു കാര്യം? തുടര്‍ന്ന് വെപ്പാട്ടി പ്രധാനമന്ത്രിയുടെ ഭാര്യയെക്കുറിച്ച് അന്വേഷിക്കുന്നു. തമ്പുരാട്ടി എവിടെ പോയിരിക്കുകയാണ്? സമര്‍ഖണ്ഡിന്റെ ആഢംബരവസ്ത്രശേഖരവും വീഞ്ഞു ശേഖരവും ചിലവഴിച്ചു തീര്‍ന്നിരിക്കുകയാണ്. അവ വീണ്ടും പുഷ്ടമാക്കണം. ആഢംബര വസ്ത്രങ്ങളും വീഞ്ഞും കൊണ്ട് സംയുക്തനാടന്‍ കപ്പലുകള്‍ നമ്മുടെ തുറമുഖങ്ങളണയുന്നു. ചരക്കെടുക്കാന്‍ ഖജാനയില്‍ പണമില്ല. വെപ്പാട്ടിയെ ഈ ഉത്തരം അന്ധാളിപ്പിച്ചു വെപ്പാട്ടി പറഞ്ഞു ശരി തന്നെ പക്ഷേ തമ്പുരാട്ടി എവിടെയെന്നു പറയൂ? പ്രധാനമന്ത്രിയുടെ മുഖം വാടി പ്രധാനമന്ത്രി പറഞ്ഞു അവളെ ഇന്നു ഒരു സംയുക്ത നാടന്‍ വായ്പാസംഘടന ഭോഗിക്കുകയാണ്. സംഭ്രമത്തോടെ വെപ്പാട്ടി ചോദിച്ചു. ഒരു മുഴുവന്‍ സംഘടനയോ? പ്രധാനമന്ത്രി പറഞ്ഞു. അതേ ഒരു മുഴുവന്‍ സംഘടനയും അവളുടെ രാഷ്ട്രം ഒരു കൂട്ടിക്കൊടുപ്പുകാരനായി മാറുന്ന ആ ദൃശ്യം വെപ്പാട്ടിയെ മഥിച്ചു. അതിന്റെ സായുധവ്യൂഹങ്ങള്‍ വ്യോമസേന, കപ്പല്‍പ്പടയും ചാരന്മാരും ഭേദ്യക്കാരും, ന്യായാധിപന്മാരും, വിദ്യുത്സദസ്സുകളും ഉടമ്പടികളും വെട്ടിത്തിളങ്ങുന്ന മാമാങ്കങ്ങളും കൂട്ടിക്കൊടുക്കുന്ന ദേവമൂര്‍ത്തിയുടെ ആയിരം കൈകാലുകള്‍. വെപ്പാട്ടി വേദനിച്ചു. തന്റെ കാമുകനില്‍ അവളിപ്പോള്‍ തന്റേതിനേക്കാള്‍ വലുതായ ഒരു ദുഃഖം കണ്ടെത്തി. രാഷ്ട്രമീമാംസമുപയോഗിച്ച് ആ ദുഃഖിതനെ പുനര്‍ജീവിപ്പിക്കേണ്ടിയിരിക്കുന്നു. അതവളുടെ ഊഴമാണെന്നവള്‍ക്കു തോന്നി. ഒരു രാഷ്ട്രത്തേയും ആ രാഷ്ട്രം വീഞ്ഞിനും, ആഢംബര വസ്ത്രങ്ങള്‍ക്കും വേണ്ടി വ്യഭിചരിക്കേണ്ടി വരുന്ന ക്രൂരമായ ഫലിതം സമാനതകളില്ലാത്ത വണ്ണം വിജയന്‍ ധര്‍മ്മപുരാണത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.
അതുവരെ ആരും പ്രയോഗിക്കാത്ത പദങ്ങള്‍ വിജയന്‍ ധര്‍മ്മപുരാണത്തില്‍ ഉടനീളം പ്രയോഗിച്ചു. സൗന്ദര്യത്തിന് പകരം വൈരൂപ്യം കൊണ്ട് അധികാരത്തെ നിര്‍ദാക്ഷിണ്യം പ്രഹരിച്ചു കൊണ്ട് താന്‍ ജീവിച്ച കാലത്തേയും, മുന്‍കാലത്തേയും, വരുംകാലത്തേയും വിജയന്‍ മലയാള സാഹിത്യത്തില്‍ സമാനതകള്‍ ഇല്ലാത്തവണ്ണം അടയാളപ്പെടുത്തി. അതിന് വൈരൂപ്യങ്ങളും ജുഗുപ്‌സയും ധ്വനിപ്പിക്കുന്ന ബിംബങ്ങള്‍ പ്രയോജനപ്പെടുത്തി. അത് വിജയന്റെ കുറ്റമല്ല. വ്യവസ്ഥിതിയുടേയും അധികാരത്തിന്റേയും അശ്ലീലതയുടേയും കുറ്റമാണ്. സംസ്‌ക്കാരത്തിന്റെ മൊത്തകച്ചവടക്കാരായ മഞ്ചല്‍ എടുപ്പുകാര്‍ക്ക് ധര്‍മ്മപുരാണത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ചില കൃതികള്‍ കാലത്തിനു മുന്‍പേ നടക്കും. അത് ചരിത്രത്തിന്റേയും മനുഷ്യന്റേയും ഭാഗമാകുകയും ചെയ്യും.
ധര്‍മ്മപുരാണത്തില്‍ തന്നെ സംബന്ധിച്ചിടത്തോളം കാതലായ മൂന്നു ഘടകങ്ങള്‍ ഉണ്ടെന്ന് വിജയന്‍ തന്നെ പറയുന്നു. ഒന്ന് പ്രജാപതിയുടെ വിസ്സര്‍ജ്ജനം പ്രതീകങ്ങള്‍ കുറിക്കുന്ന ചരിത്ര മാലിന്യം, രണ്ട് സിദ്ധാര്‍ത്ഥനിലൂടെ ധര്‍മ്മപുരിയിലെത്തുന്ന ഗുരുസാന്നിദ്ധ്യം, മൂന്നു അവതരിക്കാമെന്ന ദൈവപ്രതിജ്ഞയില്‍ വീണ്ടും വീണ്ടും നിറവേറ്റപ്പെടുത്തുന്ന വിപ്ലവസത്ത.
വിജയന്‍ സിദ്ധാര്‍ത്ഥനെ അവതരിപ്പിക്കുന്നത് ഒരു അവദൂതന്റെ സ്പര്‍ശമുള്ള, ഗുരുസാന്നിധ്യമുള്ള ഒരു വഴിപ്പോക്കനായിട്ടാണ്. ധര്‍മ്മപുരിയിലെത്തുന്ന വഴിപോക്കനെ ധര്‍മ്മപുരിക്കാര്‍ സ്വീകരിക്കുന്നത് നടയടി കൊടുത്തുകൊണ്ടാണ്. വിജയന്‍ പറയുന്നു അവിധ്യയുടെ തിമിരത്തില്‍ പെരുകുന്ന ഭീതിയില്‍ പുരവാസികള്‍ അപരിചിതനു മേല്‍ വീണു പൊതിയുകയും അയാളെ തല്ലുകയും ചെയ്യുന്നു. അപ്പോഴേക്കും സന്ധ്യയായി പ്രജാപതിക്ക് തൂറാനുള്ള സമയമായി അപരിചിതനെ വിട്ട് പുരവാസികള്‍ ദേശീയഗീതികകള്‍ കേള്‍ക്കാന്‍ പ്രക്ഷേപിണിയുടെ ചുറ്റും കൂടി അവരുടെ രാജ്യസ്‌നേഹം നിറഞ്ഞൊഴുകി. ഇത് ലോകത്തുള്ള ഏതു രാജ്യത്തിന്റേയും ചരിത്രമാണ് അധികാരത്തിന്റേയും, അശ്ലീലതകളുടെയും, കോമാളിത്തതിന്റേയും ചരിത്രം.
ആധുനികതയുടെ ജനപദങ്ങളും ചരിത്രവും സംഭവിക്കുന്നതിന് മുന്‍പേ മിത്തിലും പുരാണങ്ങളിലും അശ്ലീലതയുടെ ബീഭത്സങ്ങളായ ബീജങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് നമ്മള്‍ കാണുന്നു. മഹാഭാരതം ഉത്തമഉദാഹരണമായി നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നു. രാജസദസ്സില്‍ വച്ച് രജസ്വലയായ ദ്രൗപദിയുടെ തുണി വലിച്ചുരിയുന്ന അശ്ലീലനാടകം അരങ്ങേറുന്നു. ഭീഷ്മപിതാമഹനും കര്‍ണ്ണനും അഞ്ചു ഭര്‍ത്താക്കന്മാരും മറ്റു സംപൂജ്യരായ ഗുരുജനങ്ങളും കാഴ്ചക്കാരായി നോക്കിനില്‍ക്കുന്നു. അധികാരം അശ്ലീലമായും അശ്ലീലം കോമാളിത്തമായും ഷണ്ഡത്വമായും പരിണമിക്കുന്നു. ലോകം മുഴുവന്‍ കീഴടക്കിയ അശോക ചക്രവര്‍ത്തി കലിംഗത്തിന്റെ പോര്‍മുനയില്‍ തട്ടിവീഴുന്നു. അധികാരത്തിന്റെ അശ്ലീലതകളില്‍ മനംനൊന്ത് അശോകന്‍ കുമ്പസാരിച്ച് ബുദ്ധനില്‍ അഭയം പ്രാപിക്കുന്നു. അശോകസ്തംഭങ്ങള്‍ അതിനു സാക്ഷിയായി ചരിത്രത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നു. ചരിത്രമാലിന്യങ്ങളും അധികാരവും സമ്പത്തും ഏകാകിയായ മനുഷ്യന്റെ അന്വേഷണത്തിന്റെ വലിയ സത്യങ്ങള്‍ക്കു മുന്നില്‍ ചോദ്യം ചെയ്യപ്പെടുന്നു. സിദ്ധാര്‍ത്ഥന്‍ ധര്‍മ്മപുരാണത്തില്‍ ചെയ്യുന്നതും ഇതു തന്നെ.
വിജയന്‍ നിഷ്‌കളങ്കതയുടെ മുക്തകം എന്ന ശീര്‍ഷകത്തിനു താഴെ ഇങ്ങനെ കുറിച്ചു. കറുത്തതും, തവിട്ടുമായ നരരാശികള്‍ക്കുമേല്‍ ആധിപത്യം അവസാനിപ്പിച്ച് പിന്‍വാങ്ങുന്ന സാമ്രാജ്യത്വങ്ങള്‍ അവരുടെ മുന്‍കാലങ്ങളിലെ അടിമകള്‍ക്ക് വിചിത്രങ്ങളായ വേഷം കെട്ടുകളും കാലഹരണപ്പെട്ട പടക്കോപ്പുകളും പതിച്ചുകൊടുത്തു. അങ്ങനെ ഈ പുതു രാഷ്ട്രങ്ങളില്‍ അത്രയും രാഷ്ട്ര സ്വരൂപത്തില്‍ നിന്നും മറ്റൊന്നും നേടാന്‍ ഇല്ലായ്കയാല്‍ അവസാനമില്ലാത്ത പരേഡുകള്‍ ഉണ്ടായി. ഏതു രാഷ്ട്രത്തിന്റേയും ചരിത്രം പരിശോധിച്ചാല്‍ ഇതു എത്ര ശരിയാണെന്ന് നമുക്ക് മനസ്സിലാകും. തുടര്‍ന്ന് വിജയന്‍ എഴുതുന്നു. ധര്‍മ്മപുരിയുടെ യുദ്ധങ്ങള്‍ ദു:ഖങ്ങളും പട്ടാളക്കാര്‍ ഉപദേഷ്ടാക്കളുമായിരുന്നതിനാല്‍ ധര്‍മ്മപുരി ലോകത്തിലെ ഏറ്റവും സമാധാനപ്രേമിയായ രാഷ്ട്രമായി തീര്‍ന്നു. അതിലടങ്ങിയ പരിഹാസവും നിന്ദയും ജുഗുപ്‌സയും എത്ര ശക്തമായി നമ്മുടെ ഹൃദയത്തില്‍ തറച്ചു കയറുന്നു. ധര്‍മ്മപുരിക്കാരുടെ ചോദ്യത്തിന് എനിക്ക് രാജ്യമില്ലെന്ന് സിദ്ധാര്‍ത്ഥന്‍ പ്രഖ്യാപിക്കുന്നു. അതു കൊണ്ടു തന്നെ ആണവ പടക്കവും ആവശ്യമായി വരുന്നില്ല. തുടര്‍ന്ന് സിദ്ധാര്‍ത്ഥന് മനോരോഗമാണെന്ന് അവര്‍ കണ്ടെത്തുന്നു. ചികിത്സയും വിധിക്കുന്നു. സുഖപ്പെടുത്തുമെന്ന് വാഗ്ദാനവും കൊടുക്കുന്നു. ഈ വാഗ്ദാനം തലമുറകളിലൂടെ നാളിതുവരെയുള്ള നൂറ്റാണ്ടുകളിലൂടെ നിറവേറാതെ കിടക്കുന്നു. യഥാര്‍ത്ഥത്തില്‍ ആരെയാണ് ചികിത്സിക്കേണ്ടത്, ആരെയാണ് സുഖപ്പെടുത്തേണ്ടത് എന്ന ചോദ്യം അവശേഷിക്കുന്നു. ലാവണ്യയേയും, ലാവണ്യയുടെ പനി പിടിച്ചു മരിക്കാറായ മകനെയും പ്രകൃതിയുടെ കാരുണ്യം കൊണ്ട് സിദ്ധാര്‍ത്ഥന്‍ സുഖപ്പെടുത്തുന്നു.
ഏത് ഭരണകൂടത്തിനും ഒരു ശത്രു വേണം. ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ തന്റെ മന്ത്രിസഭയിലെ തലമുതിര്‍ന്ന സചിവരില്‍ ഒരാള്‍ പ്രജാപതിയോടു പറയുന്നതു നോക്കുക ‘തമ്പുരാനെ ഇതു ധര്‍മ്മപുരിക്കെതിരായ ഗൂഢാലോചനയാണ്. നമുക്ക് പന്ത്രണ്ടിലേറെ ശത്രുക്കള്‍ ഉണ്ടായിട്ടും അവരാരും തന്നെ നമ്മെ ആക്രമിക്കുന്നില്ല. ഒരു യുദ്ധം അനിവാര്യമായ ഈ ആപത്ഘട്ടത്തില്‍ ഇതു ചതിയല്ലാതെ മറ്റെന്താണ്? അതിനു പ്രജാപതിയുടെ ഉത്തരം നോക്കുക. നമുക്ക് ഒരു ശത്രു ആവശ്യമാണ്. കാര്യങ്ങള്‍ മനസ്സിലാക്കി സഹകരിക്കുന്ന ഒരു ശത്രു’. ഏത് അധികാര കേന്ദ്രത്തിനും ഈ വലിയ സത്യം അധിക നാള്‍ സ്വര്‍ണ്ണപ്പാത്രം കൊണ്ട് മൂടിവയ്ക്കാന്‍ കഴിയില്ല എന്ന പ്രഖ്യാപനമാണ് ധര്‍മ്മപുരാണം നടത്തുന്നത്. ഇളങ്കോവന്റെ മക്കളും മറ്റു ഓഹരിക്കാരും എന്ന ശീര്‍ഷകത്തില്‍ വിജയന്‍ ഇങ്ങനെ എഴുതി ‘ജനാധിപത്യം അര്‍ത്ഥവത്താകണമെങ്കില്‍ കൂട്ടു കച്ചവടം ഉണ്ടായേ തീരു. യുദ്ധങ്ങളും കൂട്ടുകച്ചവടവും ചരിത്ര മാലിന്യങ്ങളായി സാമ്രാജ്യത്വത്തിനു മുകളില്‍ കാര്‍മേഘങ്ങളായി കിടക്കുന്നു.
സിദ്ധാര്‍ത്ഥനു ബോധോദയം സംഭവിക്കുന്നതു എത്ര മനോഹരമായാണ് വിജയന്‍ ചിത്രീകരിക്കുന്നത്. അങ്ങനെ പിന്തുടരപ്പെട്ടവനായി സിദ്ധാര്‍ത്ഥന്‍ ഒരുനാള്‍ ഏറെ നടന്നു. യാത്രാക്ലേശം കൈയും കാലും നോവിച്ചു. കൈയ്യിലും കാലിലും ആ ക്ലേശത്തിന്റെ മധുരമായ അധ്യയനം അയാള്‍ ഒരാല്‍ മരച്ചുവട്ടില്‍ എത്തി. സന്ധ്യ ഒന്നുകൂടി തണുക്കുകയും സന്ധ്യയുടെ ചെറു സസ്യങ്ങള്‍ ഇല കൂമ്പുകയും ചെയ്തപ്പോള്‍ സിദ്ധാര്‍ത്ഥന്‍ ധ്യാനിക്കാനിരുന്നു. ധ്യാനത്തിന്റെ മനസ്സില്‍ നിശ്ചലമായ തടാകത്തിലെ ചന്ദ്രനെപ്പോലെ പരിത്യക്തയായ രാജ്ഞി വീണ്ടും തെരഞ്ഞു. അവളുടെ സമൃദ്ധമായ വെണ്മയും പാര്‍വതഹിമംപോലെ ശുദ്ധമായ തുടകള്‍ക്കിടയിലെ വനപുഷ്പവും രാജാവ് ധ്യാനത്തില്‍ നിന്നുണര്‍ന്നു. ആല്‍മരത്തിന്റെ മേലാപ്പില്‍ കൂടുപറ്റുന്ന പക്ഷികള്‍ നൂറുകൂട്ടം മൃദുസ്വരങ്ങള്‍ പുറപ്പെടുവിച്ചു. പുല്‍ക്കൊടികള്‍ക്കിടയില്‍ എണ്ണമറ്റ ചെറുജീവികളുടെ സങ്കീര്‍ത്തനം പത്മാസനത്തിലിരുന്ന രാജാവിനു ചുറ്റും ആ സ്വരസാഗരം അലതല്ലിയുയര്‍ന്നു. പിന്നെ സൂക്ഷ്മ തരംഗങ്ങളായി കേള്‍വിക്കുമപ്പുറത്ത് വട്ടമിട്ടകന്നു. അതിരുകളില്ലാത്ത സാമ്രാജ്യത്തിന്റെ വിളി ഗാഢമായ സംതൃപ്തിയില്‍ സിദ്ധാര്‍ത്ഥന്‍ ചിരിച്ചു. അയാള്‍ എഴുന്നേറ്റു. സന്ദേഹിയും ദുഃഖിതനുമായ രാജാവിന്റെ അണ്ഡം ഉടയുകയായിരുന്നു. ഉടഞ്ഞ ചില്ലുകളില്‍ കൈയ്യൂന്നി എഴുന്നുകൊണ്ട് ജ്യോതിര്‍ദ്വിജനായ ബോധീസത്വന്‍ ആദിമജിജ്ഞാസയില്‍ ചുറ്റും നോക്കി. ബോധീസത്വന്റെ നിര്‍വ്വാണാസ്ഥ എത്ര സുന്ദരമായാണ് വിജയന്‍ വര്‍ണ്ണിച്ചിരിക്കുന്നത്.
ഞാന്‍ എന്റെ അമ്മയുടെ ഗര്‍ഭത്തില്‍ കിടന്നപ്പോള്‍ ആരും എനിക്ക് ജീവകങ്ങള്‍ തന്നില്ല. പകരം അവര്‍ അവരുടെ സൈന്യങ്ങളേയും യുദ്ധങ്ങളേയും ഊട്ടി അങ്ങനെ ഞാന്‍ കണ്ണില്ലാതെ പിറന്നുവീണു. കബന്ധങ്ങളുടെ ഇരുട്ടില്‍ ഞാന്‍ ഒറ്റക്ക് കഴിയുന്നു എന്നാണ് അന്ധയായ കാഞ്ചനമാല സിദ്ധാര്‍ത്ഥനോടു പറയുന്നത്. ധര്‍മ്മപുരിയിലെ സര്‍വ്വസൈന്യാധിപന്‍ കുട്ടികളുടെ നിഷ്‌കളങ്കതയിലേക്ക് പരിണമിക്കുന്നു. തന്റെ സര്‍വ്വസൈന്യാധിപ വേഷത്തില്‍ തുന്നിപ്പിടിപ്പച്ച ലോകമുദ്രകള്‍ അയാള്‍ ഒന്നൊന്നായി വലിച്ചെറിയുന്നു. അവസാനം നിലക്കണ്ണാടിയുടെ മുന്നില്‍ അയാള്‍ നഗ്നനായി നില്‍ക്കുന്നു. രാഷ്ട്രനീതിയെക്കുറിച്ച് സിദ്ധാര്‍ത്ഥനും ലാവണ്യയും സംസാരിക്കുന്നു. ‘ദേശസ്‌നേഹം അവളുടെ ചുണ്ടുകളില്‍ നീറി അവളുടെ മുലകളിലും നാഭിക്കൊടിയിലും അത് വേദനിപ്പിച്ചു’. ദേശസ്‌നേഹം അശ്ലീലമായി മാറുന്നത് വിജയന്‍ മനോഹരമായി പറയുന്നു. കുഞ്ഞുങ്ങളുടെ മരണവും, ശവഭോഗവും, രതിയുമെല്ലാം ചേര്‍ന്ന് ധര്‍മ്മപുരാണത്തെ വൈരൂപ്യങ്ങളുടെ ഒരു പ്രദര്‍ശനശാലയാക്കി മാറ്റുന്നു. പ്രത്യയ ശാസ്ത്രങ്ങളില്‍ നിന്നും ദര്‍ശനങ്ങളില്‍ നിന്നും പുരാണങ്ങളില്‍ നിന്നും ബുദ്ധമതത്തില്‍ നിന്നുമെല്ലാം മൂല്യങ്ങളെ സ്വാംശീകരിച്ചുകൊണ്ട് അശ്ലീലതയെയും അധികാരത്തേയും കാരുണ്യപൂര്‍വ്വം തിരുത്തുകയാണ് വിജയന്‍.
നോവലിന്റെ അവസാനം ഓരോ കഥാപാത്രവും മരണത്തിലൂടെ വിസ്മൃതിയിലേക്കും കാരുണ്യത്തിലേക്കും മോക്ഷത്തിലേക്കും പോകുന്നു. ലാവണ്യയും വാതസേനനും സുനന്ദനും ഗോസായി അമ്മാവനും ഒക്കെ കാരുണ്യത്തിന്റെ സ്പര്‍ശമുള്ള മരണത്തിലേക്ക് ലയിച്ചു ചേരുന്നു. ധര്‍മ്മപുരിയുടെ സര്‍വ്വസൈന്യാധിപന്‍ ബോധിവൃക്ഷച്ചുവട്ടില്‍ അഭയം പ്രാപിക്കുന്നു. ആ വടവൃക്ഷത്തിന് മുമ്പില്‍ അയാള്‍ മുട്ടുകുത്തുന്നു. പരാശരന്‍ തന്റെ അമ്മയെപ്പോലെ ആ മരത്തെ കെട്ടിപിടിച്ച് അലമുറയിട്ടു കൊണ്ട് ചോദിക്കുന്നു. സിദ്ധാര്‍ത്ഥാ രാജാവേ ഇത് അങ്ങാണോ ? ഓരോ ഇലയും കൊമ്പും വേരും പരാശരനോടു സംസാരിച്ചു. അതൊരു സ്വരപ്രളയമായി. അതിന്റെ അര്‍ഥം മനസ്സിലാകാതെ പടനായകന്‍ അതിന്റെ തിരകളില്‍ മുങ്ങിപ്പൊങ്ങി. പരാശരന്‍ പ്രലപിച്ചു. പറഞ്ഞുതരിക, എനിക്കു പറഞ്ഞുതരിക. വടവൃക്ഷം നിശബ്ദമായി അരികിലൂടെ സനാതനയായ ജാഹ്നവി ഒരുകിക്കടന്നു. ഒറ്റയ്ക്ക് പടനായകന്‍ ആ മഹാസസ്യത്തിന്റെ ചുവട്ടില്‍ ഇരുന്നു. മൃഗസൃഷ്ടിയുടെ തീരാദുഃഖത്തില്‍ പരാശരന്‍ പിന്നെയും പിന്നെയും കരഞ്ഞു. അയാളുടെ ചുമലില്‍ ഞാന്നു കിടന്ന ആയുധം ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങി.
അധികാരത്തിന്റെ അശ്ലീലതകളില്‍ രമിച്ച മനുഷ്യന്‍ ചരിത്രമാലിന്യങ്ങള്‍ക്കകത്ത് കിടന്നുപുളച്ച ഭരണാധികാരികള്‍, സര്‍വ്വസൈന്യാധിപന്മാര്‍, കൂട്ടിക്കൊടുപ്പുകാര്‍, വേശ്യകള്‍, സ്വവര്‍ഗ്ഗാനുരാഗികള്‍, അഴിമതിക്കാര്‍ എല്ലാം പ്രകൃതിയുടെ അപാരമായ കാരുണ്യത്തിലേക്ക് ലയിച്ചു ചേര്‍ന്ന് സ്വയം തിരുത്തുന്നതാണ് ധര്‍മ്മപുരാണത്തിലൂടെ വിജയന്‍ കാണിച്ചു തരുന്നത്.