രോഗികള്‍ക്കു ബോധവത്കരണവുമായി എസ് എ ടിയിലെ ദൃശ്യ-ശ്രാവ്യ സംവിധാനം മടങ്ങിവരുന്നു

0
721

 

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ രോഗികള്‍ക്ക് വിവിധ രോഗങ്ങളെക്കുറിച്ചും കുട്ടികള്‍ക്കു നല്‍കേണ്ട വിവിധ കുത്തിവയ്പുകളെക്കുറിച്ചുമെല്ലാം ബോധവത്കരണം നല്‍കുന്നതിനുവേണ്ടിയുള്ള ദൃശ്യ-ശ്രാവ്യ സംവിധാനം പുതിയരൂപത്തിലും ഭാവത്തിലും മടങ്ങിവരുന്നു. നേരത്തേ ഈ സംവിധാനം ആശുപത്രിയില്‍ ഉണ്ടായിരുന്നെങ്കിലും ഇത്ര വിപുലമായരീതിയിലായിരുന്നില്ല. മാത്രമല്ല, ഒരു പതിറ്റാണ്ടോളമായി ഇത് നിലച്ചുകിടക്കുകയായിരുന്നു.

ഇതിന്റെ ഭാഗമായി വിവിധ വാര്‍ഡുകളിലും ഒ.പിയിലും രോഗികളുടെ വിശ്രമമുറികളിലുമെല്ലാം ടിവികള്‍ സ്ഥാപിച്ചുകഴിഞ്ഞു. 35 ഓളം ടിവികളാണ് സ്ഥാപിച്ചത്. സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ ചികിത്സാ പദ്ധതികളെക്കുറിച്ചും കുട്ടികള്‍ക്ക് വിവിധ പ്രായത്തില്‍ നല്‍കേണ്ട കുത്തിവയ്പുകളെക്കുറിച്ചും ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും വേണ്ട പരിചരണങ്ങളെക്കുറിച്ചും വിവിധ പകര്‍ച്ചവ്യാധികളെക്കുറിച്ചും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ശരിയായ അവബോധം നല്‍കുകയാണ് ലക്ഷ്യം. 1993-ല്‍ ഈ സംവിധാനം നിലവില്‍ വന്നെങ്കിലും അതിന്റെ ലക്ഷ്യം പൂര്‍ണമായ തോതില്‍ നിറവേറ്റപ്പെട്ടില്ല. മാത്രമല്ല, കാലക്രമേണ ഉണ്ടായിരുന്ന ടിവികള്‍ കേടാവുകയും ചെയ്തു. ഇത്തരമൊരു സംവിധാനം ഫലപ്രദമായരീതിയില്‍ പ്രവര്‍ത്തിച്ചാലുണ്ടാകുന്ന ഗുണഫലങ്ങള്‍ രോഗികള്‍ക്ക് ഉപകാരപ്പെടുമെന്നതിനാലാണ് സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയോടെ തന്നെ പദ്ധതി വിപുലീകരിച്ച് നടപ്പിലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

എസ്.എ.ടി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ നടത്തിപ്പ്. ടിവികള്‍ക്കൊപ്പം പ്രത്യേകം റെക്കോര്‍ഡിംഗ് സ്റ്റുഡിയോയും ഉണ്ട്. ഡോക്ടര്‍മാര്‍ക്കും മറ്റും വിവിധ അസുഖങ്ങളെപ്പറ്റിയും ചികിത്സയെപ്പറ്റിയുമടക്കം രോഗികള്‍ക്ക് അറിവ് പകരാന്‍ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ ഉപയോഗപ്പെടുത്താനാകും.വിവിധ ബോധവത്കരണപരിപാടികള്‍ക്കുപുറമേ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിനോദപരിപാടികള്‍ ആസ്വദിക്കാനും അവസരമുണ്ട്. വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് കേട്ടറിവുപോലുമില്ലാത്ത നിരവധി രോഗികളാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. പദ്ധതികളുടെ പ്രയോജനം പാവപ്പെട്ട രോഗികള്‍ക്ക് ലഭിക്കുവാന്‍ ഈ സംവിധാനം അവസരമൊരുക്കുമെന്നതിനാല്‍ ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ചര്‍ ദൃശ്യ ശ്രാവ്യ സംവിധാനത്തിന് പിന്തുണ നല്‍കുകയായിരുന്നു.എസ് എ ടി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റി 20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സംവിധാനമേര്‍പ്പെടുത്തിയിരിക്കുന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു, എസ് എ ടി സൂപ്രണ്ട് ഡോ എ സന്തോഷ്‌കുമാര്‍, എസ് എ ടി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റി എക്‌സിക്യുട്ടീവംഗങ്ങളായ കെ വരദരാജന്‍, എസ് എസ് രാജലാല്‍ സൊസൈറ്റിയുടെ നിലവിലുള്ള ഭരണസമിതി എന്നിവര്‍ ഇക്കാര്യത്തിലെടുത്ത അനുഭാവപൂര്‍വമായ സമീപനമാണ് രോഗികള്‍ക്ക് സഹായകരമായി ഭവിച്ചിരിക്കുന്നത്.

ചിത്രം: എസ്.എ.ടി. യിലെ ദൃശ്യ-ശ്രാവ്യ സംവിധാനത്തിന്റെ ഭാഗമായി
തയ്യാറാക്കിയ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ