മികവിന്റെ നെറുകയില്‍ അസീസിയ മെഡിക്കല്‍ കോളേജ്‌

0
1370

വ്യവസായ വാണിജ്യമേഖലകളില്‍ നൂറ്റാണ്ടുകളുടെ പ്രൗഡ പാരമ്പര്യമുള്ള ദേശംഗനാടെന്നറിയപ്പെട്ട കൊല്ലത്തിന്റെ ആതുരസേവന മേഖലയില്‍ ഉദിച്ചുയര്‍ന്ന തിളക്കമാര്‍ന്ന പ്രസ്ഥാനമാണ് അസീസിയ മെഡിക്കല്‍ കോളേജ്.
ലോകോത്തര നിലവാരമുള്ള മെഡിക്കല്‍ വിദ്യാഭ്യാസവും സാധാരണക്കാര്‍ക്ക് പ്രാപ്യമായ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയും പ്രദാനം ചെയ്യുന്ന സേവന കേന്ദ്രമാണ് അസീസിയ. അത്യന്താധുനിക ചികിത്സാസംവിധാനങ്ങള്‍, വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം, സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ചികിത്സാ സംവിധാനം എന്നിവ അസീസിയയുടെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ തെക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്രയമാവുകയാണ് ഈ ആതുര ശുശ്രൂഷാ സമുച്ചയം.
കൊല്ലം നഗരത്തില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ മീയ്യന്നൂരിലെ മനോഹരമായ പ്രകൃതിയുടെ മടിത്തട്ടിലാണ് കോളേജ് സ്ഥാപിച്ചിരിക്കുന്നത്.
അതിവിപുലമായ വിദ്യാഭ്യാസ-ആതുരസേവന സമുച്ചയമാണ് അസീസിയ പ്രദാനം ചെയ്യുന്നത്. അസീസിയ മെഡിക്കല്‍ കോളേജ്, അസീസിയ ഡെന്റല്‍ കോളേജ്, അസീസിയ നഴ്‌സിംഗ് കോളേജ്, അസീസിയ ഹോസ്പിറ്റല്‍ എന്നിവയാണിവിടെ നിലകൊള്ളുന്നത്.
മികച്ച വൈദ്യശാസ്ത്ര വിദ്യാഭ്യാസം, സാധാരണക്കാരന്റെ ആരോഗ്യക്ഷേമം ഉറപ്പുവരുത്തല്‍ എന്നിവ അസീസിയയുടെ പ്രമുഖ ലക്ഷ്യങ്ങളാണ്.
അസീസിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ എം. അബ്ദുള്‍ അസീസ് അദ്ദേഹത്തിന്റെ പിതാവ് ജനാബ് പൊടിക്കുഞ്ഞ് മുസലിയാരുടെ സ്മരണയ്ക്കായി 2001-ല്‍ സ്ഥാപിച്ചതാണ് ജനാബ് പൊടിക്കുഞ്ഞ് മുസലിയാര്‍ ചാരിറ്റബിള്‍ ആന്റ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ്. കൊല്ലം ജില്ലയിലെ മിയ്യന്നൂരില്‍ 2004-ല്‍ അസീസിയ കോളേജ് ഓഫ് ഡന്തല്‍ സയന്‍സസ് ആന്റ് റിസര്‍ച്ച് ആരംഭിച്ചു. 2006-ല്‍ ഇതോടനുബന്ധിച്ച് നേഴ്‌സിംഗ് കോളേജ് ആരംഭിച്ചു. 2008-ലാണ് അസീസിയ മെഡിക്കല്‍ കോളേജും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും സ്ഥാപിച്ചത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ കോളേജുകളിലൊന്നായി അസീസിയ മാറി. 540 കിടക്കകളും ആറു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ടുമെന്റുകളും 12 സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ടുമെന്റുകളുമുള്ള വന്‍ മെഡിക്കല്‍ സമുച്ചയമായി അസീസിയ വളര്‍ന്നു. കാര്‍ഡിയോതൊറാസിക്, ന്യൂറോളജി, നെഫ്രോളജി, പള്‍മനോളജി, ഗ്യാസ്‌ട്രോ എന്ററോളജി, ന്യൂറോസര്‍ജറി എന്നീ വിഭാഗങ്ങളില്‍ ലോകോത്തര സൗകര്യങ്ങളുള്ള സൂപ്പര്‍ സപെഷ്യാലിറ്റി ഡിപ്പാര്‍ട്ടുമെന്റുകളുണ്ട്. മെഡിസിന്‍, സര്‍ജറി, ഓബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി, ഡെര്‍മറ്റോളജി, സൈക്ക്യാട്രി, പീഡിയാട്രിക്‌സ്, ഓര്‍ത്തോ, ഓഫ്താല്‍മോളജി, ഇ.എന്‍.ടി. അനസ്‌തേഷ്യോളജി, റേഡിയോളജി ആന്റ് എമര്‍ജന്‍സി സര്‍വ്വീസസ്, ലാ പ്രോ സ്‌കോപിക് സര്‍ജറി എന്നിവയില്‍ സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ടുമെന്റുകളുമുണ്ട്.
സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുക എന്നതാണ് അസീസിയ ഗ്രൂപ്പിന്റെ അടിസ്ഥാനതത്വം. മാറുന്ന ലോക സാഹചര്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന രോഗങ്ങളെ പ്രതിരോധിക്കാനായി വിദഗ്ധ ഡോക്ടര്‍മാരുടെ വലിയനിരയെ സമൂഹത്തിനു സംഭാവന ചെയ്യുക എന്ന കാഴ്ചപ്പാടോടെയാണ് അസീസിയ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.
ആതുരസേവനരംഗത്തെ എല്ലാമേഖലകളിലും വിദഗ്ധരെ വാര്‍ത്തെടുക്കാന്‍ ശ്രദ്ധപുലര്‍ത്തുന്ന സ്ഥാപനമാണ് അസീസിയ. അതുകൊണ്ടുതന്നെ മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ മുന്‍നിര സ്ഥാപനമായി മാറാന്‍ അസീസിയയ്ക്കു കഴിഞ്ഞു.
മെഡിക്കല്‍-ദന്തല്‍-നഴ്‌സിംഗ് രംഗത്ത് കേരളത്തിലെ ഏറ്റവും മികച്ച സ്ഥാപനമായി അസീസിയ ഗ്രൂപ്പ് വളരുകയാണ്. ഓര്‍ത്തോ, ഫാര്‍മക്കോളജി എന്നീ വിഭാഗങ്ങളില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സുകള്‍ നടത്തുന്ന അസീസിയ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ആരോഗ്യ വിദ്യാഭ്യാസ സമുച്ചയമാണ്. ദേശാന്തരീയ നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും ഏറ്റവും മികച്ച ഫാക്കല്‍റ്റിയും ചിട്ടയായ അധ്യയന പദ്ധതിയുമാണ് അസീസിയ കൈവരിച്ച നേട്ടങ്ങളുടെ പ്രധാന കാരണം.
കൊല്ലം ജില്ലയിലെ ആദ്യ മെഡിക്കല്‍ കോളേജ് എന്ന ബഹുമതി അസീസിയ മെഡിക്കല്‍ കോളേജിനുണ്ട്. ഇന്ത്യയിലെ പ്രമുഖ വ്യവസായിയും സാമൂഹിക-വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ എം.അബ്ദുള്‍ അസീസാണ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍.അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി. എം. ഹഫ്‌സത്ത് അസീസ് ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിക്കുന്നു. ഈ ദമ്പതികളുടെ അഞ്ച് മക്കളും മെഡിക്കല്‍ ഡോക്ടര്‍മാരാണ്. ഡോ. അന്‍സര്‍ അസീസ്, ഡോ. ഹാഷിം അസീസ്, ഡോ. മിഥുന്‍രാജ് അസീസ്, ഡോ. അനസ് അസീസ്, ഡോ. ഹസന്‍ അസീസ് എന്നിവര്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്. പ്രൊഫഷണല്‍ മാനേജ്‌മെന്റും ഓരോ മേഖലയിലും സവിശേഷ ശ്രദ്ധ പതിപ്പിച്ചുകൊണ്ടുള്ള മേല്‍നോട്ടവുമാണ് അസീസിയയുടെ വിജയഗാഥയുടെ സുപ്രധാന ഘടകം.
ഈ ആതുരസേവനാലയം ഗ്രാമീണമേഖലയിലെ നിര്‍ദ്ധനരായ രോഗികള്‍ക്ക് സൗജന്യചികിത്സ നല്‍കുന്നതില്‍ ശ്രദ്ധപതിപ്പിക്കുന്നു. ഈ മേഖലയിലെ സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന മികച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അസീസിയയുടെ സവിശേഷതയാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി മേഖലകളിലെ വിദഗ്ധ ഡോക്ടര്‍മാരാണ് അസീസിയയില്‍ സേവനമനുഷ്ഠിക്കുന്നത്. അനുദിനം പുരോഗതിയിലേക്കു കുതിക്കുന്ന അസീസിയ 500 ബെഡുകളുള്ള ടെര്‍ഷ്യറി കെയര്‍ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ കൂടിയാണ്. രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും ഏറ്റവും നൂതനവും ആഗോള നിലവാരത്തിലുള്ളതുമായ സൗകര്യങ്ങള്‍ ഇവിടെയുണ്ട്.
കണ്‍സള്‍ട്ടന്റുകളുടേയും അക്കാഡമീഷ്യന്മാരുടേയും ഒരു വിദഗ്ധസംഘം ഇവിടെ ചികിത്സകരായുണ്ട്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ ചികിത്സ നല്‍കുന്നതില്‍ അസീസിയ പ്രതിജ്ഞാബദ്ധമാണ്. ക്യാമ്പസില്‍ അസീസിയ ആയുര്‍വേദ ആന്റ് പഞ്ചകര്‍മ്മ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.
അസീസിയ കോളേജ് ഓഫ് നേഴ്‌സിംഗ്
സേവന സന്നദ്ധരും പ്രഗത്ഭരുമായ നേഴ്‌സിംഗ് പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട കോളേജ്, ഈ രംഗത്ത് ഗവേഷണ കൗതുകം ജനിപ്പിക്കുന്ന വിധത്തിലുള്ള അധ്യയനമാണ് നല്‍കുന്നത്.

അസീസിയ കോളേജ് ഓഫ് ഡെന്റല്‍ സയന്‍സസ് ആന്റ് റിസര്‍ച്ച്
ഡെന്റല്‍ കോളേജില്‍ ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ബി.ഡി.എസ് കോഴ്‌സാണ് നടത്തുന്നത്. ലോകോത്തര നിലവാരമുള്ള ക്ലാസ് മുറികള്‍, ലബോറട്ടറികള്‍, ക്ലിനിക്കുകള്‍, ലൈബ്രറി, മള്‍ട്ടിപര്‍പ്പസ് ഹാള്‍, കോണ്‍ഫറന്‍സ്/ സെമിനാര്‍ ഹാള്‍ എന്നിങ്ങനെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ കോളേജില്‍ സജ്ജമാക്കിയിരിക്കുന്നു. ഉന്നത യോഗ്യതയുള്ള ഫാക്കല്‍റ്റി കൂടി ആകുമ്പോള്‍ അസീസിയ കേരളത്തിലെ ഡെന്റല്‍ കോളേജ് രംഗത്തെ ഏറ്റവും മികച്ച ഗവേഷണ കേന്ദ്രമാകുന്നു.
കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ മുന്‍നിരയിലേക്ക് അസീസിയയെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റിന്റെ കഠിനശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തി. അടുത്ത ഒരു പതിറ്റാണ്ടിനുള്ളില്‍ ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ മെഡിക്കല്‍ റിസര്‍ച്ച് സെന്ററെന്ന നിലയിലും അസീസിയ സ്ഥാനമുറപ്പിക്കും എന്നതില്‍ സംശയമില്ല.