ശ്രീറാം വെങ്കിട്ടരാമന്റെ അംനേഷ്യ ഭേദപ്പെട്ടുകൊണ്ടിരിക്കുന്നു

0
141

 

തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമന്റെ അംനേഷ്യ ഭേദപ്പെട്ടുകൊണ്ടിരിക്കുന്നതാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ഷര്‍മ്മദ് പത്രം ഓണ്‍ലൈനിനോട് പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റിദ്ധാരണജനകമാണ്. ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിന് യാതൊരു താല്‍പര്യവുമില്ല. പത്രങ്ങളാണ് ഓരോന്ന് എഴുതികൂട്ടുന്നത്, സൂപ്രണ്ട് പറഞ്ഞു.
കഴിഞ്ഞദിവസം മെഡിക്കല്‍ ബോര്‍ഡ് കൂടിയപ്പോള്‍ ശ്രീറാം വെങ്കിട്ടരാമന് ഓക്കാനം, ഛര്‍ദ്ദി, തലവേദന, ഓര്‍മ്മക്കുറവ്, എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ചെയ്തു. ഇതാണ് മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ചത്. ഏതായാലും ഛര്‍ദ്ദിയും, ഓക്കാനവും, തലവേദനയും കുറഞ്ഞതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ രണ്ടാംഘട്ട ഐ.സി. യൂണിറ്റിലേക്ക് മാറ്റിയത്. ഇതിനെയാണ് പത്രങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചത്. ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിന് ഒരു താല്‍പര്യവുമില്ല. പ്രത്യേകിച്ച് സൂപ്രണ്ട് എന്ന നിലയില്‍ എനിക്ക് അദ്ദേഹവുമായി വ്യക്തിപരമായി യാതൊരുബന്ധവുമില്ല. അദ്ദേഹത്തെ ഐ.സി. യൂണിറ്റില്‍ പ്രവേശിപ്പിച്ചത് ചികിത്സിക്കുന്ന ഡോക്ടറുടെ ശുപാര്‍ശ പ്രകാരമാണ്. അല്ലാതെ ഞാനല്ല, അദ്ദേഹത്തെ ഐ.സി. യൂണിറ്റില്‍ കിടത്തണം എന്നുപറഞ്ഞത്. ഡ്യൂട്ടി ഡോക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് എനിക്ക് കൂടി ബോദ്ധ്യപ്പെട്ടിട്ടാണ് അദ്ദേഹത്തെ ഐ.സി. യൂണിറ്റില്‍ നിന്നുമാറ്റാത്തത്. ഒരുരോഗിയെ ഐ.സി.യൂണിറ്റില്‍ നിന്നു വാര്‍ഡില്‍ മാറ്റി കിടത്തി അയാള്‍ക്ക് ജെന്നി വന്നാല്‍ ഇതേ പത്രക്കാരുതന്നെ തിരിച്ചെഴുതില്ലേ. അതുകൊണ്ട് ഞാന്‍ മഞ്ഞപ്പത്രം വായിച്ചല്ല ഡോക്ടറായത്. ഞാന്‍ ആധികാരികമായ മെഡിക്കല്‍ ഗ്രന്ഥങ്ങള്‍ വായിച്ചു ഡോക്ടറായ ആളാണ്. നിങ്ങള്‍ പറയുന്ന എല്ലാകാര്യങ്ങള്‍ക്കും കൂട്ടുനില്‍ക്കാനൊന്നും എന്നെ കിട്ടില്ല. ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ഞങ്ങളാരും ശ്രമിച്ചിട്ടില്ല.
മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടുകള്‍ ഇന്ന് ഹൈക്കോടതിയില്‍ വരുന്നുണ്ട്. നിങ്ങള്‍ക്കും അതു പരിശോധിക്കാവുന്നതാണ്. ഞങ്ങള്‍ ആറും മന:പൂര്‍വ്വം ആരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ല. മജിസ്‌ട്രേറ്റ് ജയിലില്‍ അയക്കാന്‍ ഉത്തരവിട്ട രോഗിയെ ജയില്‍ മുന്നിലെ ആശുപത്രിയില്‍ വച്ചുതന്നെ പരിശോധിച്ച് മെഡിക്കല്‍ കോളേജിലാക്കിയതും, തുടര്‍ന്ന് കാര്യമല്ലാത്ത പരുക്കില്ലാത്ത പ്രതിയെ പ്രത്യേക ഐ.സി.യുവില്‍ ആക്കിയതും, ഡോക്ടര്‍ എന്ന പരിഗണനയും, പ്രതിയുടെ സ്വാധീനവും വച്ചല്ലേ എന്ന് ചോദിച്ചപ്പോള്‍, ഇതിന് സൂപ്രണ്ട് പറഞ്ഞ മറുപടി പത്രക്കാര്‍ പറയുന്നതിനൊന്നും മറുപടി പറയേണ്ട കാര്യമില്ലായെന്നാണ്. ഏതായാലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിക്കുകയും ഇപ്പോള്‍ ഉന്നത സ്ഥാനത്തിരിക്കുകയും ചെയ്യുന്ന ശ്രീരാമിനെ സഹായിക്കാനാണ് മെഡിക്കല്‍ ബോര്‍ഡ് ഓരോ കള്ളവും പറഞ്ഞുണ്ടാക്കുന്നതെന്ന് വ്യാപക ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതിനെക്കുറിച്ച് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതോടുകൂടിയാണ് സൂപ്രണ്ട് മലക്കം മറിഞ്ഞത്. ഇപ്പോള്‍ അംനേഷ്യ ഭേദപ്പെടുമെന്നാണ് സൂപ്രണ്ടിന്റെ അഭിപ്രായം. ശ്രീറാമനെ അന്യായമായി സഹായിക്കാന്‍ ശ്രീറാം തന്റെ കൊച്ചപ്പനല്ലെന്നും സൂപ്രണ്ട് പറഞ്ഞു.