സംവിധായകന്‍ ശ്രീകുമാറിനെതിരായ പരാതി: ഫെഫ്ക്കയുടെ പിന്തുണ തേടി മഞ്ജു വാര്യര്‍

0
19

 

തിരുവനന്തപുരം: സംവിധായകന്‍ ശ്രീകുമാര്‍ മേനോനില്‍ നിന്നും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നടി മഞ്ജു വാര്യര്‍ സിനിമയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്കക്ക് കത്ത് നല്‍കി. സംഘടനയുടെ അറിവിലേക്ക്എന്ന തരത്തിലാണ് ശ്രീകുമാര്‍ മേനോനില്‍ നിന്നും നേരിട്ട ഭീഷണികളും അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന സൂചനയും ചൂണ്ടിക്കാട്ടി മഞ്ജു വാര്യര്‍ കത്ത് നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ തനിക്ക് പിന്തുണ നല്‍കണമെന്നും മഞ്ജു ആവശ്യപ്പെട്ടു.

ഫെഫ്ക ഭാരവാഹികളോട് ഫോണില്‍ വിളിച്ചും ശ്രീകുമാര്‍ മേനോനില്‍ നിന്ന് നേരിട്ട ബുദ്ധിമുട്ടുകള്‍ മഞ്ജു അറിയിച്ചിട്ടുണ്ട്. മഞ്ജുവിന്റെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ഫെഫ്ക അറിയിച്ചു. പൊലീസ് അന്വേഷണത്തില്‍ ഇടപെടാതെ സംഭവം പരിശോധിക്കാനാണ് ഫെഫ്കയുടെ തീരുമാനം.താരസംഘടനയായ അമ്മക്കും മഞ്ചു വാര്യര്‍ കത്ത് നല്‍കിയതായാണ് സൂചന.

അതേസമയം, മഞ്ജുവാര്യര്‍ ഡി.ജി.പിക്ക് നല്‍കി പരാതിയില്‍ പ്രത്യേക സംഘം അന്വേഷിക്കും. നടിയുടെ പരാതി ഡി.ജി.പി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ ഡി.വൈ.എസ്.പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ സി.ഐ പ്രകാശാണ് ശ്രീകുമാറിനെതിരായ പരാതി അന്വേഷിക്കുന്നത്.

അന്വേഷണ സംഘം ശ്രീകുമാര്‍ മേനോന്റെ മൊഴി രേഖപ്പെടുത്തും. മഞ്ജുവിന്റെ പരാതിയില്‍ പരാമര്‍ശിക്കുന്ന ശ്രീകുമാര്‍ മേനോന്റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ മാത്യു സാമുവേലിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും ആരോപിച്ചാണ് മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ നേരില്‍ കണ്ട് പരാതി നല്‍കിയത്.