തെറ്റ് തന്റെ ഭാഗത്താണെങ്കില്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറെന്ന് ഷെയ്ന്‍ നിഗം

0
539

 

തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയാന്‍ താന്‍ തയ്യാറാണെന്ന് നടന്‍ ഷെയ്ന്‍ നിഗം. ഷെയ്ന്‍ നിഗമും നിര്‍മ്മാതാക്കളുമായുള്ള വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം. റെഡ് എഫ്എമ്മിന്റെ അഭിമുഖപരിപാടിയായ റെഡ് കാര്‍പെറ്റിലായിരുന്നു ഷെയ്ന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണോ എന്ന അവതാരകന്റെ ചോദ്യത്തിന് ‘എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ ഉറപ്പായിട്ടും ഞാന്‍ മാപ്പ് പറയും. പരസ്യമായിട്ട് പറയും. മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമാണെങ്കില്‍ മാപ്പ് പറഞ്ഞേക്കാം’ എന്നായിരുന്നു ഷെയ്ന്‍ നിഗത്തിന്റെ മറുപടി. നേരത്തെ മുടങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന നിയമ നടപടികളിലേയ്ക്ക് കടന്നതോടെ ഖേദ പ്രകടനവുമായി ഷെയ്ന്‍ രംഗത്തെത്തിയിരുന്നു. പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും നിര്‍മ്മാതാക്കള്‍ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷെയ്ന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ ഷെയ്ന്‍ പരസ്യമായി മാപ്പ് പറയണമെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍.

അതേസമയം, വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണവും ഉല്ലാസത്തിന്റെ ഡബ്ബിംഗും പൂര്‍ത്തിയാക്കാതെ ഷെയ്‌ന്റെ പുതിയ സിനിമകളുമായി സഹകരിക്കില്ലെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട്. ഷെയ്ന്‍ നല്‍കുന്ന ഉറപ്പ് ഉള്‍ക്കൊള്ളാനാകില്ലെന്നും വിഷയത്തില്‍ താരസംഘടനയായ അമ്മ ഉറപ്പ് നല്‍കണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.