നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍

0
151

 

കൊച്ചി: യുവ നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍. ഫേസ് ബുക്ക് പോസ്റ്റ് വഴിയുള്ള ഖേദ പ്രകടനം സ്വീകാര്യമല്ലെന്നും മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും ഷെയ്ന്‍ മാറ്റാമെന്നും ചേംബര്‍ വിശദീകരിച്ചു. കൂടാതെ സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് നല്‍കിയ നല്‍കിയ കത്ത് പിന്‍വലിക്കേണ്ടെന്നും ഫിലിം ചേംബര്‍ തീരുമാനിച്ചു. മുടങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെയാണ് മാപ്പ് പറച്ചിലുമായി ഷെയ്ന്‍ നിഗം രംഗത്തെത്തിയത്.

നിര്‍മാതാക്കള്‍ക്ക് മനോരോഗമെന്ന പരാമര്‍ശത്തില്‍ ഷെയ്ന്‍ നിഗം മാപ്പ് ചോദിച്ചെങ്കിലും അത് പ്രശ്‌ന പരിഹാരത്തിന് വഴി തെളിയിക്കില്ലെന്നാണ് സിനിമാ സംഘടനകള്‍ പറയുന്നത്. ഫെയ്‌സ്ബുക്കിലൂടെ നടത്തിയ ക്ഷമാപണം അംഗീകരിക്കാനാവില്ലെന്ന് അമ്മ നേതൃത്വം പറഞ്ഞു. തെറ്റ് പറ്റിയെന്നോ ക്ഷമ ചോദിക്കുന്നുവെന്നോ ഷെയ്ന്‍, അമ്മ നേതൃത്വത്തെയോ നിര്‍മാതാക്കളെയോ അറിയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ മാപ്പ് അടിസ്ഥാനമാക്കി ചര്‍ച്ചക്ക് മുന്‍കൈ എടുക്കാനാവില്ല. 22ന് ചേരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലേ ഷെയ്ന്‍ വിഷയം ചര്‍ച്ചക്കെടുക്കൂ എന്നും അതുവരെ ചര്‍ച്ചകളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി.

പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും നിര്‍മ്മാതാക്കള്‍ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷെയ്ന്‍ ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. താരസംഘടനയായ അമ്മയുടെ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നതായും ഷെയ്ന്‍ അറിയിച്ചു. ഷെയ്ന്‍ മാപ്പു പറഞ്ഞതോടെ നിര്‍മ്മാതാക്കളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇനി എന്ത് തീരുമാനമെടുക്കുമെന്നാണ് അറിയേണ്ടത്.