മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

0
175

 

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു. വാജ്‌പേയി, നരേന്ദ്രമോദി മന്ത്രിസഭകളില്‍ അംഗമായിരുന്നു. ധനം, പ്രതിരോധം, വാര്‍ത്താവിതരണം, നിയമം,വാണിജ്യവകുപ്പുകളുെട ചുമതല വഹിച്ചു. രാജ്യസഭാ നേതാവ്, പ്രതിപക്ഷ നേതാവ് പദവികള്‍ വഹിച്ചു. ബിജെപിയുടെ മുഖമായിരുന്നു അരുണ്‍ ജയ്റ്റ്ലി.

66-കാരനായ ജെയ്റ്റ് കഴിഞ്ഞ വര്‍ഷം വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതിനുശേഷം ധനകാര്യമന്ത്രി സ്ഥാനത്തുനിന്ന് ദീര്‍ഘ അവധിയെടുത്ത അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രമേഹ രോഗികൂടിയായ അദ്ദേഹം കഴിഞ്ഞ ഫെബ്രുവരിലെ ഇടക്കാല ബജറ്റ് സെഷനിലും പങ്കെടുത്തിരുന്നില്ല.ശസ്ത്രക്രിയക്കു ശേഷം പൂര്‍ണാരോഗ്യം വീണ്ടെടുത്തിട്ടില്ലാത്ത ജയ്റ്റ്‌ലി ഫെബ്രുവരിയില്‍ അമേരിക്കയില്‍ പോയി ചികിത്സ തേടിയിരുന്നു. മെയ് മാസത്തില്‍ എയിംസിലും ചികിത്സ തേടിയിരുന്നു.

1970 കളുടെ തുടക്കത്തില്‍ എ.ബി.വി.പി.യിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അരുണ്‍ ജെയ്റ്റ്ലി ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ധനമന്ത്രി എന്ന നിലയിലാണ് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. നോട്ടുനിരോധനവും ജിഎസ്ടി നടപ്പിലാക്കലും അടക്കമുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് നേതൃത്വം നല്‍കിയത് അരുണ്‍ ജെയ്റ്റ്ലിയായിരുന്നു. റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിച്ചതും ജെയ്റ്റ്ലിയുടെ മേല്‍നോട്ടത്തിലായിരുന്നു.

ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിയായിരിക്കെ എ.ബി.വി.പി.യിലൂടെയാണ് അരുണ്‍ ജെയ്റ്റ്ലി രാഷ്ട്രീയരംഗത്തേയ്ക്ക് പ്രവേശിച്ചത്. 1974ല്‍ ഡല്‍ഹി സര്‍വകലാശാല സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെയ്റ്റ്ലി അടിയന്തരാവസ്ഥയുടെ നാളുകളില്‍ 19 മാസം കരുതല്‍ തടങ്കലിലായിരുന്നു. പ്രമുഖ അഭിഭാഷകന്‍ കൂടിയായിരുന്ന ജെയ്റ്റ്ലി 1989- ല്‍ വി.പി.സിങ് മന്ത്രിസഭയുടെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിക്കപ്പെട്ടു.