മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അജിത് പവാര്‍

0
177

 

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ വീണ്ടും വഴിത്തിരിവ്. വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാര്‍ രാജിവെച്ചു. ദേവേന്ദ്ര ഫഡ്നാവിസും മുഖ്യമന്ത്രി സ്ഥാനം രാജി വച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മഹാരാഷ്ട്രയില്‍ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ യാണ് അജിത് പവാര്‍ രാജി സമര്‍പ്പിച്ചത്. തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് അല്‍പസമയം മുമ്പ് കേന്ദ്രമന്ത്രിയും ബിജെപി സഖ്യകക്ഷിയായ ആര്‍പിഐയുടെ നേതാവുമായ രാംദാസ് അതുലെ വ്യക്തമാക്കി.

വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മാധ്യമങ്ങളെ കാണും എന്നറിയിച്ചിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പിന് മുമ്പായി ഫഡ്നാവിസ് രാജിവച്ചേക്കും എന്നാണ് അതുലെയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുന്നത്.

ഇന്ന് ഉച്ചയ്ക്കു 12 മണിയോടെ അജിത് പവാര്‍, ദേവേന്ദ്ര ഫഡ്നാവിസിനെ വസതിയില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. അജിത് പവാര്‍ അടക്കം മൂന്ന് എംഎല്‍എമാരാണ് എന്‍സിപിയില്‍നിന്ന് ബിജെപിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നില്ല. നിലവില്‍ 165 പേരുടെ പിന്തുണയുണ്ടെന്നാണ് എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യം അവകാശപ്പെടുന്നത്.