കെ.എസ്.ആര്‍.ടി.സി.യില്‍ ഡ്രൈവര്‍മാരുടെ കുറവിനെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധി

0
21

 

തിരുവനന്തപുരം : ഡ്രൈവര്‍മാരുടെ കുറവിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. കടുത്ത പ്രതിസന്ധിയില്‍. കെ.എസ്.ആര്‍.ടി.സി.യില്‍ ഇന്ന് 637 സര്‍വീസുകളാണ് മുടങ്ങിയത്. തെക്കന്‍ മേഖലയില്‍ 339 ഉം മധ്യമേഖലയില്‍ 241 ഉം വടക്കന്‍ മേഖലയില്‍ 57 ഉം സര്‍വീസുകളാണ് മുടങ്ങിയത്. ഇന്ന് ഡ്യൂട്ടിക്കെത്തേണ്ടവരെ ഇന്നലെ നിര്‍ബന്ധിച്ച് ഡ്യൂട്ടിയെടുപ്പിച്ചിരുന്നു. രണ്ടുദിവസം തുടര്‍ച്ചയായി ഡബിള്‍ ഡ്യൂട്ടിയെടുത്തവര്‍ ഇന്ന് എത്തിയില്ല. ഇതോടെയാണ് സര്‍വീസുകള്‍ മുടങ്ങിയത്.

പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം വിളിച്ചുചേര്‍ത്തു. ഗതാഗത സെക്രട്ടറി, കെഎസ്ആര്‍ടിസി എംഡി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. കോടതി വിധി നടപ്പാക്കിയത് മൂലമാണ് ഇപ്പോള്‍ പ്രതിസന്ധിയുണ്ടായത്. എന്നാല്‍ പ്രതിസന്ധി അതിരൂക്ഷമല്ലെന്നും, തുടരുക മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഈ നില തുടര്‍ന്നുപോകാനാവില്ലെന്നും മന്ത്രി സൂചിപ്പിച്ചു. ദിവസവേതനത്തിന് ഡ്രൈവര്‍മാരെ നിയമിക്കാനും ഉന്നതതല യോഗത്തില്‍ ധാരണയായി. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2320 താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍സിയില്‍ പ്രതിസന്ധി രൂക്ഷമായത്.