കോഴിക്കോട് കൂടത്തായി കൊലപാതകം: ജോളിക്ക് വേണ്ടി അഡ്വ.ബി.എ. ആളൂര്‍ എത്തും

0
147

 

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ അറസ്റ്റിലായ ജോളി ജോസഫിനു വേണ്ടി അഡ്വ. ബി.എ ആളൂര്‍ എത്തും. ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്നും അന്വേഷണത്തിന്റെ ഒരു ഘട്ടം പൂര്‍ത്തിയായാല്‍ കേസില്‍ ഇടപെടുമെന്നും ബി.എ ആളൂര്‍ വ്യക്തമാക്കി.

ഇന്നലെയും ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നോട് സംസാരിച്ചിരുന്നു. ഇപ്പോള്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഗൗരവമായാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും അന്വേഷണ പുരോഗതി അറിഞ്ഞശേഷം മാത്രം മുന്നോട്ടുപോയാല്‍ മതിയെന്നും ബന്ധുക്കള്‍ അറിയിച്ചതായി ആളൂര്‍ പറഞ്ഞു.

ഇപ്പോള്‍ ജാമ്യാപേക്ഷ നല്‍കേണ്ടതില്ലെന്നാണ് ബന്ധുക്കളുടെ തീരുമാനം. ജോളിക്ക് കേസില്‍ അനുകൂലമായ ഘടകങ്ങള്‍ ഉണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ല. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ അറിഞ്ഞാല്‍ മാത്രമേ അതു അതു പറയാനാവൂ. കൃത്യം ചെയ്ത സമയത്തുള്ള ജോളിയുടെ മാനസികാവസ്ഥ എന്താണെന്ന് അറിയില്ലെന്നും കുട്ടിക്കാലം മുതലുള്ള ജോളിയുടെ അവസ്ഥകള്‍ അന്വേഷിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂയെന്നും ആളൂര്‍ പറഞ്ഞു. ബന്ധുക്കള്‍ തന്നെ വീണ്ടും സമീപിച്ചാല്‍ തീര്‍ച്ചയായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുപ്രസിദ്ധ കേസുകളില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായി പ്രസിദ്ധനായ ആളാണ് അഡ്വ. ബി.എ ആളൂര്‍. നേരത്തെ സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കു വേണ്ടിയും പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ പ്രതി അമിറുല്‍ ഇസ്ലാമിനു വേണ്ടി ഹാജരായതും അഡ്വ. ബി.എ ആളൂരായിരുന്നു.