കൊവിഡ് 19: കേരള- കര്‍ണ്ണാടക അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി

0
72

 

കൊവിഡ് 19 രോഗബാധയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. കേരള-കര്‍ണാടക സംസ്ഥാന അതിര്‍ത്തിയായ ജാല്‍സൂര്‍, ദക്ഷിണ കന്നഡകുടക് ജില്ലകളുടെ അതിര്‍ത്തിയായ സംപാജെ എന്നിവിടങ്ങളിലാണ് വാഹന പരിശോധന കര്‍ശനമാക്കിയത്. യാത്രക്കാരുടെ വിവരങ്ങളും ആരോഗ്യ വിവരങ്ങളും ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നത് സുള്ള്യ ആരോഗ്യ വകുപ്പ് അധികൃതരും, മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാണ്.

അതിര്‍ത്തിയിലൂടെ കടന്നു പോകുന്ന എല്ലാ വാഹനങ്ങളിലെയും യാത്രക്കാരെ സുള്ള്യ ആരോഗ്യ വകുപ്പ് അധികൃതരും, മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാണ് ക്യാംപ് ചെയ്ത് പരിശോധിക്കുന്നത്. യാത്രക്കാര്‍ക്ക് കൊവിഡ് 19 ബാധയെ കുറിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്ത് രോഗ ബാധ തടയുന്നതിന് ബോധവല്‍ക്കരണ പരിപാടിയും നടത്തുന്നു. പുത്തൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഡോ. യതീഷ് ഉള്ളാള്‍, സുള്ള്യ തഹസില്‍ദാര്‍ അനന്ത ശങ്കര്‍ തുടങ്ങിയവര്‍ അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. ഇപ്പോള്‍ സംസ്ഥാനാന്തര പാതയിലും അതിര്‍ത്തിയിലും സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കുന്നു.