കൂടത്തായി കൊലപപാതകം: ജോളി സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

0
213

 

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകത്തിലെ മുഖ്യ പ്രതി ജോളി സമര്‍പ്പിച്ച ജാമ്യാപേക്ഷ താമരശ്ശേരി കോടതി ഇന്ന് പരിഗണിക്കും.

സിലി വധക്കേസിലാണ് ജോളി ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. സിലിയുടെ മകളായ ആല്‍ഫൈനിനെ കൊന്നക്കേസില്‍ ഇന്നലെ പൊലീസ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

ഇന്ന് ജോളിയെ കസ്റ്റഡില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷ അന്വേഷണ സംഘം താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.

കൊലപാതകങ്ങളുടെ ചുരുളഴിയുന്ന ഈ സമയത്ത് ജോളിയ്ക്ക് ജാമ്യം കോടതി നല്‍കില്ല എന്നാണ് സൂചന.

കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് ഇന്ന് വൈകിട്ടോ നാളെയോ ജോളിയെ ഹാജരാക്കും. മാത്രമല്ല ആല്‍ഫൈന്‍ കേസിലെ കസ്റ്റഡി തീരുന്നതിന് മുമ്പ് മാത്യുവിന്റെ വധക്കേസില്‍ ജോളിയെ അറസ്റ്റു ചെയ്യാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്. ഇതോടെയാണ് മരണത്തിന്റെ ചുരുളഴിയുന്നത്.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ ആല്‍ഫൈന്‍ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്.

2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍.