കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

0
155

 

കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. കൈ ഞെരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജയില്‍ വാര്‍ഡന്‍മാരാണ് കൈ ഞരമ്പ് മുറിച്ച നിലയില്‍ ജോളിയെ കണ്ടത്. തുടര്‍ന്ന് ജയില്‍ അധികൃതര്‍ തന്നെ ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഞരമ്പിന് മുറിവേറ്റതിനാല്‍ ജോളിയെ മൈനര്‍ ശസ്ത്രക്രിയക്ക് വിധേയമാക്കേണ്ടി വരും. ജയിലിനകത്ത് ഭിത്തിയുടെ മൂര്‍ച്ചയേറിയ ഭാഗത്ത് അമര്‍ത്തി ഉരച്ചും കടിച്ചുമാവാം മുറിവേല്‍പ്പിച്ചതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. അതല്ല, ചില്ല് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നും സൂചനയുണ്ട്.

ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച മൂര്‍ച്ചയുള്ള വസ്തു ജോളിയുടെ കൈവശമെത്തിയത് എങ്ങനെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിനുശേഷം സെല്ലില്‍ നടത്തിയ പരിശോധനയില്‍ ഞരമ്പ് മുറിക്കാനാവശ്യമായ ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, പല്ലുകൊണ്ട് കൈയിലെ ഞരമ്പ് കടിച്ച് മുറിച്ച് ടൈലില്‍ ഉരച്ച് വലുതാക്കിയെന്നാണ് ജോളി പൊലീസിന് നല്‍കിയ മൊഴി. കേസില്‍ അറസ്റ്റിലായ ശേഷവും ജോളി ആത്മഹത്യാ പ്രവണത കാണിച്ചിരുന്നു. ജോളിയുടെ സുരക്ഷയെ മുന്‍ നിറുത്തി മറ്റ് മൂന്ന് പേര്‍ക്ക് ഒപ്പമാണ് സെല്ലില്‍ പാര്‍പ്പിച്ചിരുന്നത്.

ഇപ്പോള്‍ മെഡിക്കല്‍ കോളജിലെ അടിയന്തിര പരിചരണ വിഭാഗത്തിലുള്ള ജോളിക്ക് മെഡിക്കല്‍ കോളജ് പൊലീസിന്റെ കാവലുണ്ട്. ആശുപത്രി സെല്ലില്‍ നിലവില്‍ ഒരു പ്രതി ഉണ്ട്. ഇയാളെ ഇവിടെ നിന്ന് ഒഴിവാക്കി. ജോളിയെ സെല്ലിലേക്ക് മാറ്റിയേക്കും. അഭിഭാഷകനായ ആളൂര്‍ കഴിഞ്ഞ ദിവസം ജോളിയെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.