കാര്യവട്ടം ടി 20 ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

0
453

 

തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ ഡിസംബര്‍ 8ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു. നടന്‍ മമ്മൂട്ടിയാണ് ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തത്. ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ്‌ജോര്‍ജ്ജും മലയാളി താരം സഞ്ജു സാംസണും ചടങ്ങില്‍ പങ്കെടുത്തു.

ശിഖര്‍ ധവാന് പകരമായാണ് സഞ്ജുവിനെ ടീമിലെടുത്തത്. ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചതിന്റെ സന്തോഷവും സഞ്ജു ചടങ്ങില്‍ പങ്കുവെച്ചു. സ്വന്തം നാട്ടില്‍ കളിക്കാനാവുന്നത് സ്വപ്നതുല്യമായ കാര്യമാണെന്ന് സഞ്ജു പറഞ്ഞു. കാര്യവട്ടത്ത് സഞ്ജു പാഡണിയുന്നതാവും മലയാളി ആരാധകര്‍ ആകാംഷാ പൂര്‍വ്വം കാത്തിരിക്കുന്നത്. സ്വന്തം നാട്ടില്‍ സഞ്ജു സാംസണ്‍ ഇറങ്ങിയാല്‍ ആരാധകര്‍ക്ക് അത് ഇരട്ടിമധുരമാകും.

കെ.സി.എ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. പേടിഎം ആപ്പ്, പെടിഎം ഇന്‍സൈഡര്‍, പേടിഎം വെബ്‌സൈറ്റ് എന്നിവ വഴി ആരാധകര്‍ക്ക് ടിക്കറ്റെടുക്കാവുന്നതാണ്. അപ്പര്‍ ടയര്‍ ടിക്കറ്റുകള്‍ക്ക് 1000 രൂപയാണ് ഇടാക്കുക. ലോവര്‍ടയര്‍ ടിക്കറ്റുകള്‍ക്ക് 2000 രൂപയും സ്പെഷ്യല്‍ ചെയര്‍ ടിക്കറ്റുകള്‍ക്ക് 3000 രൂപയും നല്‍കണം. എക്സിക്യൂട്ടീവ് പവലിയനിലിരുന്ന് കളികാണാന്‍ 5000 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ഈ ടിക്കറ്റിന് ഭക്ഷണം സൗജന്യമായി ലഭിക്കും. ഒരു വ്യക്തിക്ക് ഒരു ഇ മെയില്‍ ഐഡിവഴി ആറ് ടിക്കറ്റുകളാണ് ലഭിക്കുക. വിദ്യാര്‍ഥികള്‍ക്ക് കളികാണാന്‍ ഇളവു ലഭിക്കും. 500 രൂപയാണ് വിദ്യാര്‍ഥികളുടെ നിരക്ക്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും സ്റ്റേഡിയത്തിലേക്ക് കയറുമ്പോഴും സ്റ്റുഡന്റ് ഐ.ഡികാര്‍ഡ് നല്‍കണം. സാധാരണ ടിക്കറ്റെടുത്തവര്‍ക്കും കളികാണാന്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമാണ്. സ്റ്റേഡിയത്തില്‍ പ്രവേശിക്കുമ്പോള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും പരിശോധനയ്ക്ക് വിധേയമാക്കും.