ശബ്ദ മലിനീകരണം ചെറുക്കാനുള്ള കരട് രൂപരേഖയായി പ്രഥമ ഗ്ലോബല്‍ പാര്‍ലമെന്റ് സമാപിച്ചു

0
71

 

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടുമായി (എന്‍.ഐ.എസ്.എസ്.) സഹകരിച്ച് സുരക്ഷിത ശബ്ദവും ശബ്ദവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളേയുംകുറിച്ചുള്ള പ്രഥമ ഗ്ലോബല്‍ പാര്‍ലമെന്റ് കോവളം ഹോട്ടല്‍ സമുദ്രയില്‍ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി ഗ്ലോബല്‍ സേഫ് സൗണ്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളില്‍ ശബ്ദമലിനീകരണം ചെറക്കുന്നതിനുള്ള കരട് രൂപരേഖയായി. കര്‍ശന നിമയമത്തിലൂടെയും ശക്തമായ ബോധവത്ക്കരണത്തിലൂടെയും ശബ്ദമലിനീകരണം വലിയ അളവുവരെ ചെറുക്കാനാകുമെന്ന് ഗ്ലോബല്‍ സേഫ് സൗണ്ട് പാര്‍ലമെന്റ് കണ്ടെത്തി.

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉച്ചഭാഷിണി, ഉത്സവങ്ങള്‍, ട്രാഫിക്, നിര്‍മ്മാണങ്ങള്‍, വ്യാവസായിക കേന്ദ്രങ്ങള്‍, ഇലക്‌ട്രോണിക് എന്നിവ ഇന്ത്യയില്‍ ശബ്ദമലിനീകരണത്തിന് കാരണമായ പ്രത്യേക ശബ്ദ സ്രോതസുകളാണ്. സേഫ് സൗണ്ട് പാര്‍ലമെന്റ് ഈ വിഷയങ്ങള്‍ വിശമായി ചര്‍ച്ച ചെയ്യുകയും ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്തു.

പൊതുജനങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കുക, നിലവിലുള്ള നിയമങ്ങള്‍ പരിഷ്‌ക്കരിക്കുകയും കര്‍ശനമായി നടപ്പാക്കുകയും ചെയ്യുക എന്നത് പ്രധാനപ്പെട്ടതാണ്. ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും 2000ലെ മലിനീകരണ നിയന്ത്രണ നിയമത്തില്‍ കൊണ്ടുവരണം. ആവശ്യമെങ്കില്‍ കൂടുതല്‍ വ്യക്തത വരുത്തി പാര്‍ലമെന്റില്‍ പാസാക്കിയെടുക്കണം. നിയമ ലംഘനങ്ങള്‍ക്ക് തടവ് പോലുള്ള ശിക്ഷാനടപടി അനിവാര്യമാണ്. ശബ്ദരഹിതമായ സംസ്‌കാരം വളര്‍ത്തിയെടുക്കാനും അവബോധം നല്‍കാനും സര്‍ക്കാരില്‍ നിന്നുള്ള ശ്രമം ഉണ്ടാകണം.

ഓരോ നഗരത്തിലും പട്ടണത്തിലും ഒരു ശബ്ദ നിയന്ത്രണ കൗണ്‍സില്‍ രൂപീകരിക്കണം. പൊതു സ്ഥലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള എല്ലാ അഭ്യര്‍ത്ഥനകളും ബന്ധപ്പെട്ട കമ്മിറ്റി പരിശോധിച്ച് നടപടി സ്വീകരിക്കണം. ഒരു ലക്ഷവും അതില്‍ കൂടുതലുമുള്ള ജനസംഖ്യയുമുള്ള ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളും ശബ്ദ മലിനീകരണ മാപ്പിംഗ് തയ്യാറാക്കണം. മോട്ടോര്‍ വെഹിക്കിള്‍സ് ആക്റ്റ് പോലുള്ളവയില്‍ നിയമനിര്‍മ്മാണം നടത്തണം. ഹോണുകള്‍ കര്‍ശനമായി നിയന്ത്രിക്കണം. നഗരങ്ങളിലെ സെന്‍സിറ്റീവ് ഏരിയകളില്‍ അനാവശ്യമായ ഹോണടികള്‍ തടയണം. 75 ഡിബിയില്‍ കൂടുതല്‍ ശബ്ദമുള്ള ഹോണുകളുടെ ഉല്‍പാദനവും വില്‍പ്പനയും നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തു. അനാവശ്യ ഹോണടികള്‍ക്ക് പിഴ ഈടാക്കണം. ഉത്സവങ്ങള്‍, പൊതു പരിപാടികള്‍ എന്നിവയില്‍ ഉച്ചഭാഷിണിയും പടക്കം പൊട്ടിക്കുന്നതിനും കര്‍ശന നിയന്ത്രണം ആവശ്യമാണ്. 10 മണിക്ക് ശേഷവും രാവിലെ 6 മണിക്ക് മുമ്പും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിക്കണം. സ്വകാര്യ വാഹനങ്ങളിലെ ലൗഡ് സ്പീക്കര്‍ അടിയന്തര ഘട്ടങ്ങളില്‍ മാത്രം അനുവദിക്കണം. ഇതോടൊപ്പം സെല്‍ഫോണുകള്‍ ഉപയോഗിക്കുന്നതിനുള്ള കരട് നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തു. ഈ കരട് നിര്‍ദേശങ്ങള്‍ പ്രമുഖ ഇ.എന്‍.ടി. സര്‍ജനായ പത്മശ്രീ അവാര്‍ഡ് ജേതാവ് ഡോ. മോഹന്‍ കാമേശ്വരന്റെ നേതൃത്വത്തില്‍ ക്രോഡീകരിച്ച് ഇന്ത്യയ്ക്ക് സ്വാംശീകരിക്കാന്‍ പറ്റിയ ഒരു മാര്‍ഗരേഖ തയ്യാറാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

ശബ്ദ മലിനീകരണം ചെറുക്കാനുള്ള നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. നിയമപാലകരെ സുരക്ഷിത ശബ്ദത്തിന്റെ ആവശ്യകതയെപ്പറ്റി ബോധ്യപ്പെടുത്തും. വാഹനങ്ങളുടെ വേഗതയ്‌ക്കൊപ്പം അമിത ഹോണടിക്കുന്നത് കണ്ടുപിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഡി.ജി.പി. വ്യക്തമാക്കി. സുരക്ഷിത ശബ്ദം ഉറപ്പാക്കാനുള്ള പ്രതിജ്ഞ ഡി.ജി.പി. ചൊല്ലിക്കൊടുത്തു.

സുരക്ഷിത ശബ്ദം എങ്ങനെ സാധ്യമാക്കാമെന്ന് സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ഇസ്രേയലിലെ ഹൈഫ സര്‍വകലാശാലയിലെ ഓഡിയോളജി ആന്റ് ന്യൂറോ ഫിസിയോളജി വിഭാഗം പ്രൊഫസര്‍ ജോസഫ് അറ്റിയാസ്, ഡബ്ല്യു.എച്ച്.ഒ. എയര്‍ ക്വാളിറ്റി ആന്റ് നോയിസ് കമ്മിറ്റിയിലെ പ്രൊഫ. ഡെയ്റ്റര്‍ ശ്വേല, മുന്‍ ഐ.എം.എ. പ്രസിഡന്റ് ഡോ. രവി വാങ്കഡേക്കര്‍, ഐ.എം.എ. നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. ആര്‍.വി. അശോകന്‍, ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതന്‍, സെക്രട്ടറി ഡോ. എന്‍. സുല്‍ഫി, ഡോ. സി. ജോണ്‍പണിക്കര്‍, ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, ഡോ. ജി.എസ്. വിജയ കൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തി.