മതവിഭാഗങ്ങളെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ പരാതി

0
181

 

ന്യൂഡല്‍ഹി: നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസായ ‘സേക്രഡ് ഗെയിംസില്‍ സിഖ് മതവിഭാഗങ്ങളെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ പരാതി. ബി.ജെ.പി ഡല്‍ഹി വക്താവ് തജീന്ദര്‍ പാല്‍ സിങ് ബാഗയാണ് അനുരാഗ് കശ്യപിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സിഖ് മതചിഹ്നങ്ങളെ അവഹേളിച്ചുവെന്ന് കാണിച്ച് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലാണ് ബാഗ പരാതി നല്‍കിയത്. സീരീസില്‍ സിഖുകാരനായി അഭിനയിക്കുന്ന സൈഫ് അലി ഖാന്‍ മതചിഹ്നമായ ഘട (കൈയ്യിലണിയുന്ന ആഭരണം) കടലില്‍ വലിച്ചെറിയുന്ന ദൃശ്യത്തിനെതിരെയാണ് പരാതി.

സീരീസില്‍ ഹിന്ദു -സിഖ് മതങ്ങളോട് അനാദരവ് കാണിച്ചെന്ന് ബി.ജെ.പി എം.എല്‍.എ മജീന്ദര്‍ സിങ് സിര്‍സയും ആരോപിച്ചിരുന്നു. സിഖുകാരുടെ അഭിമാനവും ഗുരു സാഹിബിന്റെ അനുഗ്രഹവുമായ ഘട കടലിലേക്ക് വലിച്ചെറിയുന്ന രംഗം മതത്തോടുള്ള അധിക്ഷേപമാണ്. സിഖ്കാരുടെ അഞ്ച് അടയാളങ്ങളിലൊന്നാണ് ഘട. അനുരാഗ് കശ്യപ് ഇത്തരം രംഗങ്ങള്‍ മനഃപൂര്‍വ്വമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ബോളിവുഡ് നിരന്തരം മതചിഹനങ്ങളെ അവഹേളിക്കുകയാണെന്നും മജീന്ദര്‍ സിങ് സിര്‍സ നേരത്തെ ആരോപിച്ചിരുന്നു.