കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ കെ.പി. സുനിലിന്റെ ചികിത്സയില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ച് സഹോദരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

0
671

 

പരിയാരം: കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന്‍ കെ.പി സുനിലിന്റെ ചികിത്സയില്‍ ആശുപത്രിക്ക് വീഴചയുണ്ടായെന്ന് ആരോപിച്ച് സഹോദരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി, പട്ടിക ജാതി-വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

പരിയാരം മെഡിക്കല്‍ കോളജില്‍ ജൂണ്‍ 14 മുതല്‍ 16 വരെ സുനിലിന് ഒരു ചികിത്സയും നല്‍കിയില്ലെന്ന് പരാതിയില്‍ ആരോപിക്കുന്നു. തനിക്ക് ചികിത്സ കിട്ടുന്നില്ലെന്ന് മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് സുനില്‍ പറയുന്നതിന്റെ ഫോണ്‍ റെക്കോര്‍ഡ് കുടുംബം നേരത്തെ പുറത്തുവിട്ടിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അതീവ ജാഗ്രതയും കര്‍ശന നിയന്ത്രണങ്ങളും നിലവിലുള്ള കണ്ണൂരിലാണ് കൊവിഡ് രോഗിയുടെ പരിചരണത്തിനെതിരെയും പരാതി ഉയര്‍ന്നിരിക്കുന്നത്.

നേരത്തെ, മതിയായ ചികിത്സയും പരിചരണവും കിട്ടിയിട്ടില്ലെന്ന പരാതിയുമായി കൊവിഡ് സ്ഥിരീകരിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലൊണ് മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരിക്കുന്നത്. ചികിത്സ കിട്ടുന്നില്ലെന്ന് ആശുപത്രിയില്‍ നിന്ന് ബന്ധുക്കളോട് സുനില്‍ പറയുന്ന ഫോണ്‍ റെക്കോര്‍ഡ് ആണ് പുറത്ത് വന്നിരുന്നത്.

ആരോപണം പക്ഷെ പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ നിഷേധിച്ചിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ കടുത്ത ന്യുമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു എന്നാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വിശദീകരണം നല്‍കിയത്.