നടിയെ ആക്രമിച്ച കേസ്: വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി

0
43

 

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. കേസിന്റെ വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി.

ദൃശ്യങ്ങളുടെ ഫൊറന്‍സിക് പരിശോധന ഫലം വരുന്നതു വരെ വിചാരണ സ്റ്റേ ചെയ്യണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ ദൃശ്യങ്ങളുടെ വിദഗ്ധ പരിശോധനാഫലം വരുന്നതുവരെ ദിലീപിന്റെ ക്രോസ് വിസ്താരം പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.

മൂന്നാഴ്ചയ്ക്കകം ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. മറ്റ് പ്രതികളുടെ വിചാരണ തുടരാമെന്നും കോടതി അറിയിച്ചു.

കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ചണ്ഡീഗഡിലെ കേന്ദ്ര ഫൊറന്‍സിക് ലാബിലേക്ക് കഴിഞ്ഞ ദിവസമാണ് പരിശോധനയ്ക്ക് അയച്ചത്. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു നടപടി.

ദൃശ്യങ്ങള്‍ കഴിഞ്ഞ മാസം 19ന് കൊച്ചിയിലെ വിചാരണ കോടതിയിലെത്തി ദിലീപ് പരിശോധിച്ചിരുന്നു. ദിലീപ് കൊണ്ടുവന്ന സാങ്കേതിക വിദഗ്ധനും അഭിഭാഷകനുമൊപ്പമായിരുന്നു പരിശോധന.