ഭാര്യയുടെ മരണത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയ യുവാവിന് മര്‍ദ്ദനം

0
281

 

വൈത്തിരി: സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന് എതിരെ പരാതി നല്‍കിയ യുവാവിനെ മര്‍ദിച്ചതായി ആരോപണം. ഭാര്യയുടെ മരണത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കിയ ജോണാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. മര്‍ദനമേറ്റു എന്നു കാണിച്ച് ജോണ്‍ എസ്പിക്ക് പരാതി നല്‍കി.

ഗഗാറിന്റെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ മര്‍ദിച്ചു എന്നാണ് പരാതി. വാഹനം മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട് മനപ്പൂര്‍വം തര്‍ക്കമുണ്ടാക്കുകയായിരുന്നു. വൈത്തിരി പഞ്ചായത്ത് മെമ്പര്‍ എല്‍സിയും സംഘത്തിലുണ്ടായിരുന്നു എന്നാണ് ജോണ്‍ ആരോപിക്കുന്നത്.

കഴിഞ്ഞ മാസം 21 നാണ് ജോണിന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈത്തിരി പൂക്കോടുള്ള വീട്ടില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ജില്ലാ സെക്രട്ടറി അടക്കുമുള്ള അഞ്ചുപേരുടെ പങ്ക് അന്വേഷിക്കണമെന്നുമാണ് ജോണ്‍ പരാതി നല്‍കിയത്.

ഗഗാറിന്‍ ഭാര്യയെ നിരന്തരം വിളിച്ച് ശല്യം ചെയ്യാറുണ്ടായിരുന്നെന്നും മരണം സംഭവിച്ച സ്ഥലം പരിശോധിച്ചാല്‍ കൊലപാതകമാണെന്ന് സംശയം തോന്നുമെന്നും ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഗാഗാറിനും ഭാര്യയും ഒരുമിച്ച് തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പോയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.