തലസ്ഥാനത്ത് ക്രിസ്തീയ സഭയുടെ പേരില്‍ വന്‍ഭൂമി കുംഭകോണം

0
271

 

തിരുവനന്തപുരം: കൊച്ചിയിലേതിനു സമാനമായി തിരുവനന്തപുരത്തും, ക്രിസ്ത്യന്‍ ട്രസ്റ്റിന്റെ പേരില്‍ വന്‍ കുംഭകോണം. കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ നേതൃത്വത്തില്‍ ഫാദര്‍ കുര്യാക്കോസ് ഏലിയാസ് ട്രസ്റ്റിന്റെ പേരിലാണ് നഗരമദ്ധ്യത്തില്‍ ഏട്ടേകാല്‍ ഏക്കര്‍ഭൂമി തട്ടിയെടുത്തത്. തിരുവിതംകൂര്‍ മഹാരാജാസ് ആയില്യം തിരുനാള്‍ 1837-ല്‍ തമിഴ്‌നാട്ടിലെ ലാടകുടുംബത്തിന് നല്‍കിയ ഭൂമിയാണ് വ്യാജപ്രമാണങ്ങളിലൂടെ തട്ടിയെടുത്തത്. ഇതിനെതിരേ തമിഴ് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയുമുണ്ടായി. എന്നാല്‍ ഉന്നത സ്വാധീനത്തില്‍ വ്യാജപ്രമാണം ചമച്ച കേസ് മുക്കി. ഭൂമി മറിച്ചുവിറ്റ് 150 കോടി രൂപയിലധികം തട്ടിയെടുക്കാനാണ് സഭാബിനാമികളുടെ നീക്കം. ഗള്‍ഫില്‍ നിരവധി ട്രസ്റ്റുകളുടെ പേരില്‍ പണപ്പിരിവുനടത്തി തട്ടിപ്പുനടത്തിയ കെ.എ. എബ്രഹാമെന്ന ജോണിയാണ് ഇതിന്റെ സൂത്രധാരന്‍. 1837-ല്‍ രാമസ്വാമി താണ്ഡവര്‍ എന്നയാള്‍ക്കും കുടുംബത്തിനുമായി ആയില്യം തിരുനാള്‍ മഹാരാജാവ് പാപ്പനംകോട് ജംഗ്ഷനു സമീപം ഇപ്പോഴത്തെ ദേശീയ പാതയ്ക്കരികില്‍ ഏട്ടേകാല്‍ ഏക്കര്‍ സ്ഥലം കരം ഒഴിവാക്കി വിലയാധാരം നല്‍കി. കുതിരകള്‍ക്ക് ലാടം തറയ്ക്കുന്നതിനും മറ്റ് ആലപ്പണികള്‍ക്കുമായാണ് ഈ കുടുംബം ഇവിടെ താമസിച്ചത്.
രാമസ്വാമി താണ്ഡവരുടെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ ശങ്കരസുബ്ബു ആശാരിയുടെ ഉടമസ്ഥതയിലായി. ശങ്കരനു സുബ്ബു ആശാരിയുടെ മരണശേഷം കുടുംബം തമിഴ്‌നാട്ടിലേക്ക് മടങ്ങി. ഈ സമയത്ത് വെങ്കിട സുബ്രഹ്മണ്യ അയ്യര്‍ ഈ ഭൂമി കയ്യേറി. വെങ്കിട സുബ്രഹ്മണ്യ അയ്യരുടെ മക്കളായ വി. സുബ്രഹ്മണ്യന്‍, ബി. സുബ്ബലക്ഷ്മി, എസ്. സരോജം, വി. നാരായണന്‍, വി. കൃഷ്ണമൂര്‍ത്തി എന്നിവരും ചേര്‍ന്ന് വ്യാജപ്രമാണം നിര്‍മ്മിച്ച് ഈ ഭൂമി തട്ടിയെടുത്തു. ഈ സമയം കുര്യാക്കോസ് ഏലിയാവ് ട്രസ്റ്റിന്റെ പ്രസിഡന്റ് ഫാദര്‍ എബ്രഹാം സെബാസ്റ്റ്യന്‍ ഈ സ്ഥലത്തെ ഒരുകെട്ടികം വാടകയ്‌ക്കെടുത്തു. ഇതിനുശേഷം ആറ് ഏക്കര്‍ 73 സെന്റ് സ്ഥലവും ഇതോടുചേര്‍ന്ന 1.46 ഏക്കര്‍ പുറമ്പോക്കും ചേര്‍ത്ത് വിലയ്ക്കുവാങ്ങി. വ്യാജപ്രമാണം ചമച്ചശേഷം വില്ലേജ് രേഖകള്‍ നശിപ്പിച്ചതിനാല്‍ ക്രമപ്രകാരമല്ല വിലയാധാരം നടന്നത്.
ഈ ക്രമക്കേടുകള്‍ നിലനില്‍ക്കെ നേമം വില്ലേജ് ഓഫീസ് അധികൃതര്‍ കുര്യാക്കോസ് ഏലിയാസ് ട്രസ്റ്റിന്റെ പേരില്‍ പോക്കുവരവ് ചെയ്ത് കരം സ്വീകരിച്ചു. ഇതിനെതിരേ സ്ഥലവാസിയായ ബിനു നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടന്നു. വിജിലന്‍സ് അന്വേഷണത്തില്‍ നിരവധിക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തി. 2008 ജനുവരി 30-ന് സര്‍ക്കാരിന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആഫീസ് തഹസീല്‍ദാര്‍ ഗോവിന്ദനെയും തിരുവനന്തപുരം താലൂക്ക് ഓഫീസ് സൂപ്രണ്ട് രാധാകൃഷ്ണനെയും, വില്ലേജ് അസിസ്റ്റന്റ് സന്തോഷിനെയും സസ്‌പെന്‍ഡ് ചെയ്തു.
വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2008 നവംബര്‍ 14-ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി.ഹരന്‍ ഈ ഭൂമിയുടെ പോക്കുവരവ് റദ്ദാക്കി. നിരവധിതവണ ഹിയറിംഗിന് വിളിച്ചിട്ടും കുര്യാക്കോസ് ഏലിയാസ് ട്രസ്റ്റ് അധികൃതര്‍ രേഖകള്‍ ഹാജരാക്കാത്തതിനാലാണ് പോക്കുവരവ് റദ്ദാക്കിയത്.
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി.ഹരന്‍ ജി.ഒ. (എം.എസ്.) നമ്പര്‍ 385/2008/ ആര്‍ ഡി നമ്പരായി 2008 നവംബര്‍ 14-ന് ഇറക്കിയ ഉത്തരവില്‍ ഈ ഭൂമി കൈമാറ്റം സംബന്ധിച്ച നിയമവിരുദ്ധ നടപടികള്‍ അക്കമിട്ടു നിരത്തി. 1981-ന് മുമ്പുള്ള രേഖകളൊന്നും ഹാജരാക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും കുര്യാക്കോസ് ഏലിയാസ് ട്രസ്റ്റ് അധികൃതര്‍ തയ്യാറായില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഒറിജിനല്‍ പാര്‍ട്ടീഷന്‍ ഡീഡ്,പവര്‍ ഓഫ് അറ്റോര്‍ണി, ലീഗല്‍ ഹയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, വെങ്കിട സുബ്രഹ്മണ്യ അയ്യരുടെ മരണസര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാന്‍ സാധിച്ചില്ല.
വെങ്കിട സുബ്രഹ്മണ്യ അയ്യരും മക്കളും നടത്തിയ വ്യാജപ്രചാരണ നിര്‍മ്മാണം കണ്ടെത്താതിരിക്കാന്‍ റവന്യൂ രേഖകളടക്കം നശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ക്രിസ്തീയ സഭയുടെ പേരില്‍ ട്രസ്റ്റുണ്ടാക്കി മതിയായ മുന്‍പ്രമാണവും കൈവശ സര്‍ട്ടിഫിക്കറ്റുമില്ലാതെ ഭൂമി ട്രസ്റ്റിന്റെ പേരിലാക്കിയത്. തുച്ഛമായ വിലയ്ക്കാണ് ട്രസ്റ്റ് ഭൂമി നിയമവിരുദ്ധമായിനേടിയെടുത്തത്.വ്യാജപ്രമാണമാണെന്നറിഞ്ഞ് ട്രസ്റ്റ് ഈ നിയമവിരുദ്ധനടപടിക്ക് കൂട്ടുനിന്നു.
ചുളുവില്‍ സ്ഥലം തട്ടിയെടുത്തശേഷം ഇത് വന്‍വിലയ്ക്ക് മറിച്ചുവിറ്റു. ഇന്‍ഡ്രോയല്‍ ഫര്‍ണീച്ചര്‍ ഉടമ സുഗതനെയാണ് കബളിപ്പിച്ചചത്. റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മതിയായ രേഖകളില്ലാതെ രണ്ടുകോടി രൂപ കൈപ്പറ്റി മൂന്ന് ഏക്കര്‍ സ്ഥലം വിറ്റു. പോക്കുവരവ് ചെയ്യാനായി സുഗതന്‍ ശ്രമിച്ചപ്പോഴാണ് യഥാര്‍ത്ഥ പ്രമാണങ്ങളില്ലെന്നും ഉടമസ്ഥാവകാശം സംബന്ധിച്ച കേസുകളുണ്ടെന്നും അറിഞ്ഞത്. നിയമനടപടി സ്വീകരിക്കാനൊരുങ്ങിയ ഇന്‍ഡ്രോയല്‍ സുഗതന് നഷ്ടപരിഹാരം ഉള്‍പ്പെടെ പണം തിരികെ നല്‍കി. വസ്തു തിരികെ എഴുതിച്ചു.
ട്രസ്റ്റിന്റെ പേരിലായിരുന്നു സ്ഥലം. കെ.എ. എബ്രഹാം, മാത്യു കുഞ്ചെറിയ, മാത്യു കുഞ്ചെറിയരുടെ ഭാര്യ ഹാന്‍സമ്മ ലൂക്കോസ് എന്നിവരുടെ പേരിലേക്ക് മാറ്റി. ട്രസ്റ്റ് ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഇവിടെ പാലിച്ചില്ല.
യഥാര്‍ത്ഥ അവകാശികളായ തമിഴ്‌നാട്ടിലെ മധുരസ്വദേശി ജയമണിയും ബന്ധുക്കളും തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കി. എന്നാല്‍ കേസ് തീരും മുമ്പ് ഭൂമി മറിച്ചു വില്‍ക്കാനാണ് സഭാ അധികൃതര്‍ ശ്രമിക്കുന്നത്.
ഈ സംഭവങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തമിഴ് കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
സി.എം.ഐ. സഭയുടെ പേരിലാണ് ട്രസ്റ്റ് എന്നാണ് ഭാരവാഹികള്‍ അവകാശപ്പെട്ടതെങ്കിലും ഈ ട്രസ്റ്റുമായോ, ഭൂമി ഇടപാടുമായോ യാതൊരു ബന്ധവുമില്ലെന്ന് സി.എം.ഐ. സഭ അധികൃതര്‍ അറിയിച്ചു.