ബോളിവുഡിലെ പ്രശസ്ത നൃത്തസംവിധായക സരോജ് ഖാന്‍ അന്തരിച്ചു

    0
    378

     

    മുംബൈ: ബോളിവുഡിലെ പ്രശസ്ത നൃത്തസംവിധായക സരോജ് ഖാന്‍ (71) അന്തരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാന്ദ്രയിലെ ഗുരുനാനാക് ആശുപത്രിയില്‍ ഐസിയുവില്‍ ആയിരുന്നു. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 20നാണ് സരോജ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു.

    ബോളിവുഡിലെ നൃത്തരംഗത്ത് നാലു പതിറ്റാണ്ടോളം സാന്നിധ്യമായ സരോജ് ഖാന്‍ രണ്ടായിരത്തോളം ഗാനങ്ങള്‍ക്ക് നൃത്ത ചുവടുകള്‍ ഒരുക്കിയിട്ടുണ്ട്. മൂന്ന് തവണ മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. ദേവ്ദാസ്, ശൃംഗാരം, ജബ് വി മെറ്റ് എന്നീ ചിത്രങ്ങളിലെ നൃത്തചുവടുകള്‍ക്ക് ദേശീയ പുരസ്‌കാരം നേടി. ബോളിവുഡിലെ എന്നും ഹിറ്റായ എക് ദോ ദീന്‍, ജോളി കെ പീച്ചെ ക്യാഹെ.. എന്നീ ഗാനങ്ങള്‍ക്ക് നൃത്ത ചുവട് ഒരുക്കിയത് സരോജ് ആണ്. കലങ്ക് ആണ് അവസാന ചിത്രം. ഭര്‍ത്താവ്: സോഹന്‍ലാല്‍. മക്കള്‍: ഹമീദ് ഖാന്‍, ഹിന ഖാന്‍, സുകന്യ ഖാന്‍ സംസ്‌കാരം വെള്ളിയാഴ്ച മുംബൈയില്‍.